കവര്‍ സ്റ്റോറി / ജെക്കോബി
എക്സിം ഗേറ്റ് വേ ഇനിയും തുറന്നിട്ടില്ല, ഒരു കണ്ടെയ്നര്‍ ട്രക്കും റോഡില്‍ ഇറങ്ങിയിട്ടില്ല
രാജ്യത്തെ പ്രഥമ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ചരക്കുകപ്പലുകള്‍ അടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു, എന്നാല്‍ ഇന്നേവരെ ഒരു കണ്ടെയ്നര്‍ ചരക്കു പോലും റോഡിലൂടെയോ റെയില്‍ വഴിയോ വിഴിഞ്ഞത്ത് എത്തുകയോ അവിടെനിന്ന് പുറത്തുകടക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് കമ്പനിയുമായുള്ള പങ്കാളിത്ത ഉടമ്പടിപ്രകാരം പത്തുവര്‍ഷം കൊണ്ട് വിഴിഞ്ഞത്ത് ഗ്രീന്‍ഫീല്‍ഡ് സെമി ഓട്ടോമേറ്റഡ് തുറമുഖം വികസിപ്പിച്ചെടുത്ത്, ട്രയല്‍ റണ്‍ തുടങ്ങി ഒരു കൊല്ലത്തിനകം ലോകത്തിലെ ഏറ്റവും വലുപ്പമുള്ള 23 ‘അള്‍ട്രാ ലാര്‍ജ്’ യാനങ്ങള്‍ ഉള്‍പ്പെടെ 410 കണ്ടെയ്നര്‍ കപ്പലുകള്‍ ഇവിടെ എത്തിച്ച് 8.5 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി ട്രാന്‍സ്ഷിപ്മെന്റ് വിപണിയില്‍ റെക്കോര്‍ഡ് വിജയം കൈവരിച്ചിരിക്കുന്നു. പക്ഷേ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യക്ഷത്തില്‍ ഇതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ല.

മദര്‍ഷിപ്പുകള്‍ വന്നടുക്കുകയും അവയില്‍ നിന്നിറക്കുന്ന കണ്ടെയ്നറുകള്‍ ചെറിയ ഫീഡര്‍ കപ്പലുകള്‍ വഴി രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്ക് എത്തിക്കുകയും ഷട്ടില്‍ സര്‍വീസിന്റെ ഭാഗമായി അവിടെ നിന്നുള്ള ചരക്ക് വിഴിഞ്ഞത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നത് ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയോട് ചേര്‍ന്നുകിടക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് ഹബ് എന്ന നിലയില്‍ ‘ഐഎന്‍ ടിആര്‍വി 01’ എന്ന രാജ്യാന്തര ലൊക്കേഷന്‍ കോഡുള്ള തുറമുഖത്തിന്റെ പ്രാമുഖ്യം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും, കരമാര്‍ഗമുള്ള ഇറക്കുമതി-കയറ്റുമതി ചരക്കുനീക്കത്തിനുള്ള ഗെയ്റ്റ് വേ കാര്‍ഗോ (എക്സിം) ഓപ്പറേഷന്‍സ് ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പത്തുവര്‍ഷത്തെ തുടര്‍ഭരണത്തിലും പിണറായി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 2025 ജൂലൈയില്‍ ഗെയ്റ്റ് വേ തുറക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിനുള്ള അടിസ്ഥാന റോഡ് സൗകര്യം പോലും വിഴിഞ്ഞത്ത് ഒരുക്കാന്‍ കേരള സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിഴിഞ്ഞത്തുനിന്ന് 100 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയിലെ തിരുനല്‍വേലിയില്‍ തുറമുഖാധിഷ്ഠിത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി നാല് ഇന്‍ഡസ് ട്രിയല്‍ പാര്‍ക്കുകള്‍ ത്വരിതഗതിയില്‍ വികസിപ്പിക്കുകയാണ് ഡിഎംകെ ഗവണ്മെന്റ്.
വിഴിഞ്ഞത്തെ മുംബൈ-കന്യാകുമാരി ദേശീയപാതയുമായി (66) ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റര്‍ വരുന്ന താത്കാലിക റോഡിന്റെ പണി പൂര്‍ത്തിയാക്കും മുന്‍പാണ് പ്രധാനമന്ത്രി മോദി, രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റായ അദാനിയുടെ വന്‍കിട പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖത്തെ കഴിഞ്ഞ മേയില്‍ രാജ്യത്തിനു സമര്‍പ്പിച്ചത്. ഒരു പാലത്തില്‍ നിന്ന് ദേശീയപാതയിലേക്ക് എത്താനുള്ള 150 മീറ്റര്‍ വരുന്ന ഭാഗത്തെ റീട്ടെയ്നിങ് മതിലിന്റെ പണിയും രണ്ടുഭാഗത്തെയും സര്‍വീസ് റോഡ് വീതികൂട്ടലും ഇനിയും ബാക്കിയുണ്ട്. വലിയ കണ്ടെയ്നര്‍ ട്രക്കുകള്‍ക്ക് സുഗമമായി ദേശീയപാതയിലേക്കു കയറാനും ഇറങ്ങാനുമായി എന്‍എച്ച് 66 ജങ്ഷനില്‍ ക്ലോവര്‍ലീഫ് ഇന്റര്‍ചെയ്ഞ്ച് നിര്‍മാണത്തിന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ‘പ്രതിദിനം രണ്ടായിരം ട്രക്കുകള്‍ക്കു കടന്നുപോകാനായി’ 360 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ ഇന്റര്‍ചെയ്ഞ്ചിന് 30 ഏക്കര്‍ സ്ഥലം വേണ്ടിവരും. വിഴിഞ്ഞത്തേക്കുള്ള റോഡ് കണക്റ്റിവിറ്റിയില്‍ ഒരു പങ്ക് വഹിക്കേണ്ടത് അദാനി ഗ്രൂപ്പാണ്.

തുറമുഖാധിഷ്ഠിത വ്യാവസായിക, വാണിജ്യ വികസനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനം കരമാര്‍ഗമുള്ള ചരക്കുനീക്കമാണ്. ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, പ്രോസസിങ് ഹബ്ബുകള്‍, വെയര്‍ഹൗസിങ് സമുച്ചയങ്ങള്‍, റീഫര്‍ കാര്‍ഗോ, ബള്‍ക്ക് സ്റ്റോറേജ് സ്പെയ്സ്, ചെറുകിട ബിസിനസ് ക്ലസ്റ്ററുകള്‍ എന്നിവയുടെ ശൃംഖലകളും റോഡ്-റെയില്‍ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്. കണ്ടെയ്നര്‍ സ്റ്റഫിങ്, ഡിസ്റ്റഫിങ് ജോലികള്‍ തുടങ്ങി തുറമുഖവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകളെക്കുറിച്ച് – പതിനായിരം തൊഴില്‍ തുറമുഖത്തും മൂന്നു ലക്ഷത്തോളം തൊഴില്‍ അനുബന്ധമായും – വാതോരാതെ സംസാരിക്കുമ്പോഴും, ചരക്കു പരിശോധനയ്ക്കായി കസ്റ്റംസിന്റെ ഒരു സ്കാനര്‍ പോര്‍ട്ട് യൂസേഴ്സ് ബില്‍ഡിങ്ങില്‍ വച്ചിട്ടുള്ളതില്‍ ഇതുവരെ ഒരു ട്രക്കും കടന്നുപോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇതുവരെ തുറമുഖത്ത് 774 പേര്‍ക്കാണ് ജോലി കിട്ടിയിട്ടുള്ളതെന്നും ഇതില്‍ 69 ശതമാനം (534 പേര്) കേരളത്തില്നിന്നുള്ളവരാണെന്നും അവരില്‍ 453 പേര് തിരുവനന്തപുരം ജില്ലക്കാരാണെന്നും വകുപ്പുമന്ത്രി പറയുന്നുണ്ട്.
ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ഇറക്കുമതി ചെയ്ത 32 ഓട്ടോമേറ്റഡ് കാന്റിലിവര്‍ ക്രെയിനുകള്‍ (എട്ട് റെയില്‍ മൗണ്ടഡ് കീ ഷിപ്-ടു-ഷോര്‍ ക്രെയിനുകളും 24 ഗാന്‍ട്രി ക്രെയിനുകളും) ഓപ്പറേറ്റ് ചെയ്യാന്‍ തദ്ദേശീയരായ ഒന്‍പത് വനിതകളുടെ ടീമിനെ പരിശീലിപ്പിച്ചതിന്റെ ക്രെഡിറ്റ് അദാനി സ്കില്‍ ഡെവലപ്മെന്റ് സെന്ററിനു നല്‍കണം. ഇന്ത്യയില്‍ മറ്റൊരു തുറമുഖത്തും ഇത്തരം ജോലിക്ക് വനിതകളെ നിയോഗിക്കുന്നില്ല. ഇന്റേണല്‍ ട്രാന്‍സ്ഫര്‍ വെഹിക്കിള്‍ ഡ്രൈവര്‍, ലാഷര്‍, ഹൗസ്കീപ്പിങ് തുടങ്ങിയ തൊഴില്‍പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തെ തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്നതിന് ബാലരാമപുരത്തേക്കുള്ള 10.7 കിലോമീറ്റര്‍ റെയില്ലിങ്ക് നിര്‍മാണത്തിനുള്ള 1,482.92 കോടി രൂപയുടെ ഡിപിആര്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് തുറമുഖത്തിന്റെ ഔദ്യോഗിക കമ്മിഷനിങ് കഴിഞ്ഞാണ്. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ഏറ്റെടുത്തിട്ടുള്ള ഈ പദ്ധതിയില്‍, 9.43 കിലോമീറ്റര്‍ ഭാഗം ഭൂഗര്ഭതുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പണി 2028-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപനം. ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ ഗ്രാമങ്ങളിലായി 4.6 ഹെക്ടര്‍ ഭൂമി ഇതിനായി അക്വയര്‍ ചെയ്യുന്നുണ്ട്. ബാലരാമപുരത്തുനിന്ന് മുക്കോല വരെയെത്തുന്ന ടണലില്‍ നിന്ന് റെയില്‍ തുടര്‍ന്ന് എലിവേറ്റഡ് പാതയായി ഉയര്‍ന്ന് കോട്ടപ്പുറം ഭാഗത്ത് ഉപരിതലത്തിലൂടെയാണ് തുറമുഖത്തെ കണ്ടെയ്നര്‍ യാര്‍ഡില്‍ എത്തിച്ചേരുന്നത്.
പ്രാരംഭ ഉപഗ്രഹ സര്‍വേ ഡാറ്റ പ്രകാരം, കടക്കുളം-മുക്കോല റൂട്ടില്‍ ഒന്നേകാല്‍ കിലോമീറ്ററോളം തുറന്ന വയല്പ്രദേശത്തുകൂടെയുള്ള അലൈന്മെന്റ് ആണ് ആദ്യം നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന അലൈന്മെന്റ് വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിനോടു ചേര്‍ന്നുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പാര്‍പ്പിടങ്ങള്‍ക്കും തൊഴിലിടത്തിനും മാത്രമല്ല, സിന്ധുയാത്ര മാതാ (ഔവര്‍ ലേഡി ഓഫ് ഗുഡ് വോയേജ്) ഇടവക ദേവാലയം, സെന്റ് മേരീസ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള തെന്നൂര്‍ക്കോണം ക്രിസ്തുരാജ പള്ളി, രണ്ടു കുരിശടികള്‍ എന്നിവയ്ക്കും ഭീഷണിയാണ്. കോട്ടപ്പുറം ഭാഗത്ത് ജനസാന്ദ്രതയേറിയ മേഖലയില്‍ ഉപരിതലത്തിലൂടെയാണ് റെയില്‍പാത കടന്നുപോകുന്നത്. സെന്റ് മേരീസ് സ്കൂളുകള്‍ റെയില്‍ ട്രാക്കിന്റെ ഇരുഭാഗത്തുമായി വിഭജിക്കപ്പെടും. റെയില്‍പാതയ്ക്ക് ഇരുവശത്തുമായി 30 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മിതികളൊന്നും പാടില്ല.

അഞ്ഞൂറോളം കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ അലൈന്മെന്റ് എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്തെ ലത്തീന്‍ കത്തോലിക്കാ ഇടവകസമൂഹത്തെ ഛിന്നഭിന്നമാക്കാനും തങ്ങളുടെ പൈതൃകഭൂമിയില്‍ നിന്നു പിഴുതെറിയാനുമുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമായാണ് അവര്‍ ഇതിനെ കാണുന്നത്. വിഴിഞ്ഞം തുറമുഖത്ത് പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കും എന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് പ്രദേശത്തെ ട്രേഡ് യൂണിയന് നേതാക്കള്‍ പറയുന്നു. ‘വിഴിഞ്ഞം ഭാഗത്ത് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍’ മറ്റിടങ്ങളിലായി ടണല്‍ പണി തുടങ്ങുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ക്രൂ ചെയ്ഞ്ചിനും കാര്‍ഗോ ഓപ്പറേഷനും ആവശ്യമായ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് (ഐസിപി), പോര്‍ട്ട് ഹെല്‍ത്ത് ഓഫിസ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. കേവലം 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ മൂന്നു കപ്പലുകള്‍ വരെ അടുപ്പിച്ചാണ് അദാനി പോര്‍ട്ട് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയെ പ്രധാന ആങ്കറേജ് പാര്‍ട്ണറാക്കി ട്രാന്‍സ്ഷിപ്മെന്റ് റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തിനകം രണ്ടു കിലോമീറ്റര്‍ ബെര്‍ത്ത് ഒരുക്കി 48.7 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യുമെന്നാണ് പ്രഖ്യാപനം.
ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് തുടങ്ങി തുറമുഖാധിഷ്ഠിത വ്യാവസായിക ഇടനാഴികള്‍ക്കായി വിഴിഞ്ഞം സ്പെഷല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയന് പദ്ധതി, വിഴിഞ്ഞത്തു നിന്ന് 10 കിലോമീറ്റര്‍ മാറി പൂവാറില്‍ ഷിപ് ബില്‍ഡിങ്, ഷിപ് റിപ്പെയര്‍, ബങ്കറിങ് ഹബ്, 63 കിലോമീറ്റര്‍ വരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ ഗ്രോത്ത് കോറിഡോറിന് സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ തുടങ്ങി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വേള്‍ഡ് ഇക്കണോമിക് ഫോറം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്, വിഴിഞ്ഞം കോണ്‍ക്ലേവ് എന്നിവയില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പദ്ധതികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകള്‍ സംസ്ഥാനം മുന്നോട്ടുവയ്ക്കുകയും ചെയ്തു.
എന്നാല്‍ വിഴിഞ്ഞത്തിന് അടുത്തായി 100 ഏക്കര്‍ സ്ഥലം വ്യാവസായിക ഇടനാഴിക്കായി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വക കിന്‍ഫ്രയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പാലക്കാട് കഞ്ചിക്കോട്ടും എറണാകുളത്തെ പെരുമ്പാവൂരിലുമുള്ള വ്യാവസായിക ഇടനാഴികളാണ് വിഴിഞ്ഞം വികസനത്തിനായി സംസ്ഥാന വ്യവസായ വകുപ്പ് നിര്‍ദേശിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഓപ്പറേറ്റ് ചെയ്യുന്ന അദാനി ഗ്രൂപ്പാകട്ടെ, എറണാകുളത്തെ കളമശേരിയിലാണ് 70 ഏക്കറില്‍ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അദാനി ലോജിസ്റ്റിക്സ് പാര്ക്കിന് ഈയാഴ്ച തറക്കല്ലിടുന്നത്.
വിഴിഞ്ഞത്തു നിന്ന് 40 കിലോമീറ്റര്‍ അകലെ കൊളച്ചലില്‍ ഒരു ട്രാന്‍സ്ഷിപ്മെന്റ് ഹബിനു പദ്ധതി തയാറാക്കിയിരുന്ന തമിഴ്നാട്, ഇപ്പോള്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കേരളത്തിനു മുന്‍പേ അതിവേഗം നീങ്ങുകയാണ്. വിഴിഞ്ഞത്തുനിന്ന് 100 കിലോമീറ്റര്‍ അകലെയായി തമിഴ്നാട് അതിര്‍ത്തിയിലെ തിരുനല്‍വേലിയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന് കോര്പറേഷന് ഓഫ് തമിഴ്നാട് (സിപ്കോട്ട്) നാല് വ്യവസായ പാര്‍ക്കുകള്‍ ത്വരിതഗതിയില്‍ വികസിപ്പിക്കുകയാണ്. നാങ്കുനേരിയില്‍ രണ്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കായി 2,260 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂലകരൈപട്ടിയില് മൂന്നാമത്തെ വ്യവസായ പാര്‍ക്കിനും, ഗംഗൈകോണ്ടനില് രണ്ടാംഘട്ട വികസനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ലോജിസ്റ്റിക്സ്, കോള്‍ഡ് ചെയിന്‍ സര്‍വീസസ്, ചെറുകിട ബിസിനസ് ക്ലസ്റ്ററുകള്‍ എന്നിങ്ങനെ കയറ്റുമതി-ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കേരള അതിര്‍ത്തിക്കടുത്തായി ആവശ്യമായ ലാന്‍ഡ്ബാങ്ക് വികസിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൂട്ടി പദ്ധതികള്‍ തയാറാക്കി. കേരളത്തില്‍ ഭൂമിയുടെ ലഭ്യതക്കുറവും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍, തമിഴ്നാട് 70 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ മുടക്കാന്‍ തയാറുള്ള വ്യവസായ സംരംഭകര്‍ക്ക് 99 വര്‍ഷത്തേക്ക് ലീസിന് വേണ്ടത്ര ഭൂമി വിട്ടുകൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്.
മികച്ച നിലവാരമുള്ള ആറുവരി റോഡും അതിവേഗ റെയില്‍ഗതാഗത സൗകര്യവും മറ്റും ഒരുക്കി തമിഴ്നാട് വിഴിഞ്ഞം ഗെയ്റ്റ് വേ കാര്‍ഗോ നീക്കത്തിനായി കാത്തിരിക്കയാണ്. അദാനി ഗൂപ്പും അവരുടെ പ്രധാന പങ്കാളികളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും തമിഴ്നാട്ടിലെ വ്യാവസായിക ഇടനാഴികളിലേക്കുള്ള ഫാസ്റ്റ് ട്രാക്കിലൂടെ പായുമെന്നുറപ്പാണ്.