യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കി നിയമിച്ചു. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ സെലെൻസ്കി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത് . നിലവിലെ പ്രധാനമന്ത്രിയായ ഡെനിസ് ഷ്മിഹാൽ പ്രതിരോധമന്ത്രിയാകും.
2021 മുതൽ യുക്രൈനിന്റെ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിൽ യൂലിയയുടെ പങ്ക് ശ്രദ്ദേയമായിരുന്നു. സൈന്യത്തിന് കൂടുതൽ കരുത്തും ആയുധവും നൽകുകയാകും പ്രഥമദൗത്യമെന്ന് പ്രധാനമന്ത്രിയായി നിയമിതയായതിന് ശേഷം യൂലിയ സ്വെറിഡെങ്കോ പ്രതികരിച്ചു.
നിലവിലെ സാഹചര്യത്തിൽ നിർണായകമായ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ഏറ്റവും യോഗ്യൻ ഡെനിസ് ഷ്മിഹാലാണെന്ന് സെലെൻസ്കി വ്യക്തമാക്കി. ‘‘ യുക്രൈയ്നിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും, യുക്രെയ്ൻ ജനങ്ങൾക്കുള്ള സഹായ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും, രാജ്യത്തിന്റെ ആഭ്യന്തര ആയുധ നിർമാണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്ര നടപടികൾ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർതലത്തിലും മാറ്റം വരുത്തുകയാണ്.’’ – വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.