പക്ഷം /ബിജോ സില്‍വേരി
കീഴടിയുടെ അടരുകളില്‍നിന്നു വെളിപ്പെട്ടുവരുന്ന സത്യങ്ങളെ ഭയക്കുന്നവര്‍ക്കു മുന്നില്‍ എന്തായാലും തമിഴ്നാട് സര്‍ക്കാര്‍ മുട്ടുമടക്കിയില്ല. അവര്‍ കോടതിയില്‍ പോയി ഗവേഷണം തുടരുന്നതിന് അനുമതി നേടുകയും കണ്ടെത്തലുകള്‍ ഒരു മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെമ്പാടു നിന്നും അനേകം ഗവേഷകരും സഞ്ചാരികളും ഇപ്പോള്‍ വൈഗാനദീതീരത്തെ ഈ സംസ്കാരത്തെ കാണാന്‍ കീഴടിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കീഴടി ഒരു മേലടിയായി മാറിക്കൊണ്ടിരിക്കുന്നു. അതൊരു ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടി രചിക്കുകയാണ്.
കീഴടിയെന്ന തമിഴ് ഗ്രാമം ഇന്ന് ആഗോളശ്രദ്ധാകേന്ദ്രമാണ്. തമിഴ്നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ്, കീളടിയെന്ന് തദ്ദേശീയര്‍ വിളിക്കുന്ന കീഴടി. മധുരയില്‍ നിന്നും ഏകദേശം 12 കിമി അകലെ വൈഗ നദിക്കരയിലാണു കേരളത്തിനോടും സാമിപ്യമുള്ള ഈ പ്രദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ പ്രമുഖ ഗവേഷകനായ ഡോ. അമര്‍നാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഒരു പുരാവസ്തു സര്‍വേ സംഘം 2013-ല്‍ തേനി ജില്ല മുതല്‍ രാമനാഥപുരം വരെ വൈഗ നദിയുടെ പരിസരങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍ അതിപുരാതനമായൊരു നാഗരികത ഈ മേഖലയിലുണ്ടായിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വൈഗ നദീതടത്തിലെ 293 സ്ഥലങ്ങളില്‍ പര്യവേക്ഷണം നടത്തി. കീഴടിയിലെ പള്ളിച്ചന്തൈ തിടലില്‍ രണ്ടാം ഘട്ട ഉത്ഖനനത്തില്‍ എഎസ്ഐ കണ്ടെത്തിയ പുരാവസ്തുക്കള്‍, വൈഗയുടെ തീരത്ത് തഴച്ചുവളര്‍ന്നിരുന്ന പുരാതന നാഗരികതയിലേക്ക് വളരെ വ്യക്തമായ വിരല്‍ ചൂണ്ടി. തമിഴ്-ബ്രാഹ്മി ലിഖിതങ്ങള്‍, ഇഷ്ടികനിര്‍മ്മിതികള്‍, തദ്ദേശീയവും വൈദേശീയവുമായ വാണിജ്യത്തിന്റെ തെളിവുകള്‍, ശവസംസ്കാരതെളിവുകള്, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, ആയുധങ്ങള്‍, ജലസേചനസംവിധാനങ്ങള്‍, ഓവുചാലുകള്‍, ആഭരണങ്ങള്‍, അലങ്കാരചിത്രണങ്ങള്, ചായം പൂശലുകള്‍, കിണര്‍ നിര്‍മ്മാണങ്ങള്‍, കളിക്കോപ്പുകള്‍, ആനക്കൊമ്പുവസ്തുക്കള്, സ്വര്‍ണ്ണമടക്കമുള്ള ലോഹങ്ങള്‍, മൃഗാവശിഷ്ടങ്ങള്‍ എന്നിങ്ങനെ അതിവിപുലമായ നിലയില്‍ സൂക്ഷ്മവും സ്ഥൂലവുമായ നിരവധി പുരാവസ്തുക്കള്‍ കീഴടിയില്‍നിന്നു ലഭിച്ചു.
ഏകദേശം 120 മണ്പാത്രശകലങ്ങളില് തമിഴ്-ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെത്തി. ചിലതില്‍ ആധന്‍, ഉധിരന്, കുവിരന് തുടങ്ങിയ പേരുകളുണ്ട്. ഇവ ബിസിഇ ആറാം നൂറ്റാണ്ടിലേതാണ്, ഇത് ബ്രാഹ്മി ലിപിയുടെ പഴക്കം മുന്‍പു കരുതിയതിനേക്കാള്‍ ഒരു നൂറ്റാണ്ടു പിന്നോട്ടു നീക്കി. 1,001 ശകലങ്ങളിലെ ഗ്രാഫിറ്റി അടയാളങ്ങള്‍ ഇരുമ്പുയുഗത്തിലെ ആദ്യകാല എഴുത്തുരൂപങ്ങളെ സൂചിപ്പിക്കുന്നു. അടുത്തുള്ള കൊന്തഗൈ എന്ന സ്ഥലം, ഒരു ശവസംസ്കാരകേന്ദ്രമാണ്. ഇവിടെ കുഴികളില്‍ അസ്ഥികൂടങ്ങള്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇരുമ്പുപകരണങ്ങള്‍, കാര്‍നെലിയന്‍ മുത്തുകള്‍, അരി എന്നിവയോടൊപ്പമാണ് ഈ അസ്ഥികൂടങ്ങളില്‍ ചിലതു കണ്ടെത്തിയിട്ടുള്ളത്. ഇത് ഗുജറാത്ത്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളുമായുള്ള വ്യാപാരബന്ധങ്ങളെ സൂചിപ്പിക്കുന്നവയാകാമെന്നാണ് നിഗമനം. എന്നാല്‍ ആററ്റൈന് വെയര്‍, കാര്‍നെലിയന്‍ മുത്തുകള്‍ എന്നിവ റോമന്‍ സാമ്രാജ്യവുമായുള്ള വ്യാപാരത്തെ സൂചിപ്പിക്കുന്നതാണ്. 23 വസ്തുക്കളുടെ ആക്സിലറേറ്റര്‍ മാസ് സ്പെക്ട്രോമെട്രി (എഎംഎസ്) ഡേറ്റിങ്, സ്ട്രാറ്റിഗ്രാഫിക് സീക്വന്‍സിങ്, സാംസ്കാരികനിക്ഷേപങ്ങള്‍, ഭൗതികസംസ്കാരം എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് പുരാവസ്തുനടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയാണ് എഎസ്ഐയ്ക്ക് ഡോ. അമര്‍നാഥ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മയാമിയിലെ ബീറ്റാ അനലിറ്റിക് ലാബ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പിസ യൂണിവേഴ്സിറ്റിയുടെ എര്‍ത്ത് സയന്‍സ് വിഭാഗം, പുനെ ഡെക്കാന്‍ കോളജ് എന്നീ പ്രമുഖ സ്ഥാപനങ്ങളിലാണ് കാലഗണന മനസിലാക്കാനും കളിമണ്‍പാത്ര വിശകലനം, മൃഗാവശിഷ്ടവിശകലനം, സാമഗ്രി വിശകലനം, നാനോ ടെക്നോളജി കണ്ടെത്തലുകള്‍ എന്നിവയ്ക്കുള്ള പരിശോധനകള്‍ നടന്നത്.
ചരിത്രമേഖലയില്‍ ശാസ്ത്രവിരുദ്ധമായ ഒരു സമീപനം ഇന്ത്യന്‍ അധികാരി വര്‍ഗം അടുത്തകാലത്തായി സ്വീകരിച്ചു പോരുന്നുണ്ട്. ഒരു തെളിവുമില്ലാതിരുന്നിട്ടും മിത്തുകളെ ചരിത്രമാക്കി വ്യാഖ്യാനിക്കുന്നത് തുടരുന്ന മറ്റൊരു ജനപഥവും ലോകത്തില്‍ ഉണ്ടാകാനിടയില്ല, അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ലോകത്തെമ്പാടും മുന്‍ധാരണകള്‍ തിരുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാരത്തിനു മുകളിലായി തന്നെ സമാന്തരമായൊരു ചരിത്രരേഖ രൂപപ്പെട്ടുവന്നത്. രാജാവിന്റേയും പുരോഹിതന്റേയും നന്മകള് പ്രകീര്‍ത്തിക്കുമ്പോള്‍ തന്നെ അവരുടെ ദുഷ്ചെയ്തികളും വെളിവാക്കപ്പെട്ടുവന്നു. ചോദ്യം ചെയ്യലിലൂടെയും പുതിയ തെളിവുകള്‍ നിരത്തിയും മിത്തുകളുടെ തായ് വേരറുത്തു.
ഇന്ത്യ ഇന്ന് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് നിലവിലെ ചരിത്രവസ്തുതകളെ തള്ളിക്കളയാനാണ്. അതിനാണ് അവര്‍ പാഠപുസ്തകങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുന്നത്. ഗ്രന്ഥശാലകള്‍ക്കും സര്‍വകലാശാലകള്‍ക്കും തീയിട്ട പഴയകാല ഭരണാധികാരികളുടേയും ചരിത്രസ്മാരകങ്ങള്‍ ബോംബിട്ട് നശിപ്പിക്കുന്ന പുതിയകാല ഭീകരവാദികളുടേയും പകര്‍പ്പുകളായി അവര്‍ മാറുന്നു. ചരിത്രകോണ്ഗ്രസുകള് സംഘടിപ്പിച്ച് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കഥകള്‍ ചരിത്രമായി വ്യഖ്യാനിക്കുന്നു. അവരുടെ പ്രചാരണങ്ങളില്‍ നിന്നാണ് പുഷ്പകവിമാനങ്ങള്‍ പുനര്‍ജ്ജനിക്കുന്നത്.
കീഴടിയിലെ കണ്ടെത്തലുകള്‍ അംഗീകരിച്ചാല്‍, ദക്ഷിണേന്ത്യയുടെ ചരിത്രകാലം നൂറ്റാണ്ടുകള്‍ക്ക് പിറകിലോട്ട് പോയാല്‍ ആര്‍ഷഭാരത സംസ്കാര കഥകള്‍ അപ്പാടെ അട്ടിമറിക്കപ്പെടുമെന്ന ഭയം, അതിന്റെ തിരിച്ചറിവ് എഎസ്ഐയ്ക്കു ലഭിച്ചതോടെ അവര്‍ ഗവേഷണത്തില്‍ നിന്നു പിന്മാറുകയും ഗവേഷണത്തിനു നേതൃത്വം നല്കിയ ഡോ. അമര്‍നാഥ് രാമകൃഷ്ണനോട് , കണ്ടെത്തലുകളടങ്ങുന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മാറ്റിയെഴുതി നല്കാന് ആവശ്യപ്പെടുകയും ചെയ്തിടത്താണ് നെറ്റികള്‍ ചുളിഞ്ഞത്. ഡോ. അമര്‍നാഥ് രാമകൃഷ്ണ റിപ്പോര്‍ട്ട് മാറ്റിയെഴുതാന്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തെ തുടര്‍ച്ചയായി സ്ഥലം മാറ്റി പീഡിപ്പിക്കാന്‍ തുടങ്ങി. മികച്ച ലാബുകളില്‍ അയച്ച് പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടുകള്‍ തനിക്കെങ്ങിനെ തിരുത്താനാകുമെന്നാണ് അമര്‍നാഥ് രാമകൃഷ്ണയുടെ ചോദ്യം.
സംഘകാലം മുതലോ അതിനു മുമ്പോ തമിഴ്നാട്ടില്‍ മികച്ചൊരു നാഗരികത നിലനിന്നിരുന്നുവെന്നായിരുന്നു ഈ ഖനനങ്ങള്‍ തെളിയിച്ചത്. അവിടെ നിന്നു ലഭിച്ച രണ്ടായിരത്തോളം വസ്തുക്കള്‍ ബിസി ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലേതാണെന്ന് ഗവേഷണഫലങ്ങള്‍ തെളിയിച്ചു. എന്നു പറഞ്ഞാല്‍ ഏകദേശം 2600 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളത്.
സൈന്ദവനാഗരികതയുടെ തുടര്‍ച്ചയാണ് ആര്ഷഭാരതഹൈന്ദവ സംസ്കാരമെന്നാണ് ഇതുവരെ പ്രചരിപ്പിച്ചു പോന്നത്. ഇന്ത്യയെ രൂപപ്പെടുത്തിയതു തന്നെ ഹൈന്ദവരാണെന്നു സാരം. അതാണ് കീഴടി തിരുത്താന്‍ പോകുന്നത്..എങ്ങനെ അനുവദിക്കും?

കീഴടിയുടെ അടരുകളില്‍നിന്നു വെളിപ്പെട്ടുവരുന്ന സത്യങ്ങളെ ഭയക്കുന്നവര്‍ക്കു മുന്നില്‍ എന്തായാലും തമിഴ്നാട് സര്‍ക്കാര്‍ മുട്ടുമടക്കിയില്ല. അവര്‍ കോടതിയില്‍ പോയി ഗവേഷണം തുടരുന്നതിന് അനുമതി നേടുകയും കണ്ടെത്തലുകള്‍ ഒരു മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെമ്പാടു നിന്നും അനേകം ഗവേഷകരും സഞ്ചാരികളും ഇപ്പോള്‍ വൈഗാനദീതീരത്തെ ഈ സംസ്കാരത്തെ കാണാന്‍ കീഴടിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കീഴടി ഒരു മേലടിയായി മാറിക്കൊണ്ടിരിക്കുന്നു. അതൊരു ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടി രചിക്കുകയാണ്.
കേരളത്തിലെ പല സ്ഥലങ്ങളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്ഖനനങ്ങള്‍ ആരംഭിക്കുകയും ഇടയ്ക്കു വച്ച് നിര്‍ത്തിപ്പോകുകയും ചെയ്തത് കീഴടിയുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ട വിഷയമാണ്. തങ്ങള്‍ക്കു താല്പര്യമില്ലാത്ത പൊരുളുകളാണ് മണ്ണടരുകളില്‍ നിന്ന് ഉയിര്ത്തുവരുന്നതെങ്കില് ഒരു മുന്നറിയിപ്പും കൂടാതെ, ചരിത്രത്തിന്റെ വാതായനങ്ങള്‍ പുതിയ തലമുറയ്ക്കു മുന്നില്‍ കൊട്ടിയടക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. ഗവേഷണഫലങ്ങളെ നിസാരവത്കരിക്കുക മാത്രമല്ല, വീണ്ടുമവിടെ ഏതെങ്കിലുമൊരു ഏജന്‍സിയ്ക്ക് ഗവേഷണം നടത്താനുള്ള സാധ്യതകള്‍ കൂടി ഇല്ലാതാക്കിയിട്ടേ അവര്‍ മടങ്ങുകയുള്ളൂ. തമിഴ്നാട്ടില്‍ ഇച്ഛാശക്തിയുള്ളൊരു സര്ക്കാരുണ്ടായിരുന്നതു കൊണ്ടു മാത്രമാണ് കീഴടിയുടെ ചരിത്രം ലോകമറിഞ്ഞത്.
” ഒരു ചരിത്രഗവേഷകന് എന്ന നിലയില്‍ എനിക്കു തിരുത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഒരു കണ്ടെത്തല്‍, അതിനു പിന്നില്‍ എത്ര വലിയ പരിശ്രമം ഉണ്ടെങ്കിലും, ശാസ്ത്രീയമായി തെറ്റ് എന്നു വന്നാല്‍ അതുവരെയുള്ള കണ്ടെത്തലുകള്‍ പൂര്‍ണമായി നിരസിക്കുകയും വീണ്ടും ഗവേഷണം നടക്കുകയും വേണം എന്ന അക്കാദമിക് നിലപാട് എനിക്കുണ്ട്. പക്ഷേ കീഴടിയിലെ ഗവേഷണഫലങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ ഒരു ശാസ്ത്രീയതെളിവും അതിനെതിരായി നല്‍കുന്നില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ഞാന്‍ ഒന്നും തിരുത്താന്‍ തയ്യാറല്ല” എന്ന ഡോ. അമര്‍നാഥിന്റെ ഉറച്ചനിലപാടിന് ഗവേഷകലോകത്തു നിന്നും പിന്തുണ ഏറിക്കൊണ്ടിരിക്കുകയാണ്.