തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് .
ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട് . ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമായേക്കും .
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കനക്കും.