കൊച്ചി ; രാസ മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി- ഹണ്ട് മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1962 പേരെ പരിശോധിച്ചു,
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 84 കേസുകൾ രജിസ്റ്റർ ചെയ്തു. 91 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.8 ഗ്രാം), കഞ്ചാവ് (11.7145 കി.ഗ്രാം), കഞ്ചാവ് ബീഡി (75 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) ലേക്ക് വിളിക്കാം .
ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.