ബിജോ സില്‍വേരി
വേര്‍പാടിന്റെ അഗാധ ദുഃഖത്തിനുശേഷം, ഒരു പുതിയ തുടക്കത്തിന്റെ സന്തോഷം. മെയ് മാസ സൂര്യന് ആകാശത്ത് ജ്വലിച്ചു നിന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറിന് ചുറ്റുമുള്ള തെരുവുകളില്‍ പെട്ടെന്നാണ് ഒരു ഇരമ്പം പ്രതിധ്വനിച്ചത്-ജനക്കൂട്ടത്തിന്റെ ആരവം. ആളുകള്‍ പരസ്പരം നോക്കി, അവരുടെ ഫോണുകളിലേക്കും. പിന്നെ, വത്തിക്കാനിലേക്കുള്ള ഇടുങ്ങിയ ഇടവഴികളിലൂടെ അവര്‍ ഓടാന്‍ തുടങ്ങി. ‘വെളുത്ത പുക, അതാ വെളുത്ത പുക !’, അവര്‍ വിളിച്ചു പറഞ്ഞു. അവര്‍ ചത്വരത്തില്‍ എത്തിയപ്പോഴും, കത്തോലിക്കാ സഭയുടെ പുതിയ തലവനെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്ത് 133 കര്‍ദ്ദിനാള്‍മാര്‍ താമസിച്ചിരുന്ന അപ്പസ്തോലിക് കൊട്ടാരത്തിന്റെ ഇടതുവശത്ത് ഒരു വെളുത്തപടലം തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. സമാധാനത്തിന്റേയും സന്തോഷത്തിന്റേയും പ്രതീക്ഷയുടേയും പ്രതീകമായ വെള്ളപ്പുക.
അപ്രതീക്ഷിതമായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്തിന്റെ അത്യുന്നത പദവിയിലേക്കുള്ള വരവെന്ന് മാധ്യമങ്ങള്‍ വാദിക്കുമ്പോഴും ദീര്‍ഘമായ പ്രവര്‍ത്തനമേഖലകളിലൂടെ കടന്നുവരികയും മിഷണറിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതനാള്‍ വഴിയിലൂടെ കടന്നുപോകുമ്പോള്‍, ഏറ്റവും അനുയോജ്യനായ, പത്രോസിന്റെ പിന്‍ഗാമിയെ തന്നെയാണ് ദൈവം തിരഞ്ഞെടുത്തതെന്ന് ബോധ്യമാകും. പാവങ്ങളുടെ മെത്രാന് എന്ന് പെറുവിലെ തന്റെ മിഷണറി പ്രവര്‍ത്തനങ്ങളിലൂടെ പേരുകേള്‍പ്പിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്തിനു മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനവും പുതിയ പാപ്പയുടെ ശക്തിയാണ്. ഇടയവഴിയില്‍ ഒരു ഇടര്‍ച്ചയുമില്ലാതെ മുന്നേറാനും അത്യുന്നതപദവിയുടെ മഹത്വം തുടരാനും അദ്ദേഹത്തിനു കഴിയുമെന്ന് തീര്‍ച്ച.
പ്രെവോസ്ത് തന്റെ ആദ്യകാല വൈദിക ജീവിതം ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്സഭയ്ക്ക് സമര്‍പ്പിച്ചു. പെറുവിലെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സേവനത്തില്‍ ഉള്‍പ്പെടുന്നു. 2001 മുതല്‍ 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന് പ്രിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ചിക്ലായോയിലെ ബിഷപ്പായി (2015- 2023) പെറുവിലേക്ക് മടങ്ങി. 2023-ല്‍, ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും നിയമിക്കുകയും അതേ വര്‍ഷം തന്നെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അമേരിക്കയില്‍ നിന്നും പെറുവില്‍ നിന്നുമുള്ള ആദ്യത്തെ പാപ്പയാണ് (ഇരട്ട പൗരത്വം വഴി) അദ്ദേഹം. അഗസ്റ്റീനിയന്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ പാപ്പയും.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1955 സെപ്റ്റംബര്‍ 14 ന്, ഇല്ലിനോയിസിലെ ചിക്കാഗോയിലെ ബ്രോണ്സ്വില്ലെയ്ക്കു സമീപം മേഴ്സി ആശുപത്രിയില്‍ ലൈബ്രേറിയനായ മില്‍ഡ്രഡ് (മാര്‍ട്ടിനെസ്) പ്രെവോസ്തിന്റെയും, രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കന്‍ നേവി വെറ്ററനും ഇല്ലിനോയിസിലെ ഗ്ലെന്വുഡിലുള്ള ബ്രൂക്ക്വുഡ് സ്കൂള്‍ ഡിസ്ട്രിക്റ്റ് 167 ന്റെ സൂപ്രണ്ടുമായ ലൂയിസ് മാരിയസ് പ്രെവോസ്തിന്റെയും മകനായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഇറ്റാലിയന്‍, ഫ്രഞ്ച് വംശജനായിരുന്നു. അമ്മയുടെ പൂര്‍വപിതാക്കള്‍ ആഫ്രിക്കന്‍, ഫ്രഞ്ച്, സ്പാനിഷ് വംശജരാണ്. പാപ്പായ്ക്ക് ലൂയിസ്, ജോണ്‍ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. അമ്മ മില്‍ഡ്രഡ് 1990 ജൂണ്‍ 18 നും പിതാവ് ലൂയിസ് 1997 നവംബര്‍ 8 നും മരിച്ചു.
ഷിക്കാഗോയ്ക്കടുത്തുള്ള ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ വളര്‍ന്ന പ്രെവോസ്ത് സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ പള്ളിയില്‍ ഒരു അള്‍ത്താര ബാലനായി സേവനമനുഷ്ഠിച്ചു. 1973ല്‍ മിഷിഗണിലെ ഹോളണ്ടിലെ ഫെല്റ്റ് മാന്‍ഷനിലെ മൈനര്‍ സെമിനാരിയായ സെന്റ് അഗസ്റ്റിന് സെമിനാരി ഹൈസ്കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മികച്ച അക്കാദമിക് റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. ഇയര്‍ബുക്ക് എഡിറ്റര്‍-ഇന്‍-ചീഫ്, സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി , നാഷണല്‍ ഓണര്‍ സൊസൈറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രസംഗങ്ങളിലും സംവാദങ്ങളിലും സജീവമായി പങ്കെടുത്തു.
1977ല്‍ വില്ലനോവ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി . 1982ല്‍ ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ബിരുദാനന്തര ബിരുദവും, റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദവും, കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (1987) നേടി. സെന്റ് അഗസ്റ്റിന് സഭയില്‍ ലോക്കല്‍ പ്രിയോറിന്റെ പങ്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ പ്രബന്ധം. 2014ല്‍ വില്ലനോവ സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടര്‍ ഓഫ് ഹ്യുമാനിറ്റീസ് ബിരുദം നല്കി ആദരിച്ചു.
പൗരോഹിത്യം
ചെറുപ്പം മുതലേ പൗരോഹിത്യത്തിനായുള്ള ആഗ്രഹം പാപ്പയ്ക്കുണ്ടായിരുന്നുവെന്ന് പ്രെവോസ്തിന്റെ സഹോദരന് ജോണ്‍ വ്യക്തമാക്കുന്നു. 1977 സെപ്റ്റംബറില്‍, മിസ്സോറിയിലെ സെന്റ് ലൂയിസിലെ കോംപ്റ്റണ് ഹൈറ്റ്സിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് പള്ളിയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിനില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ അദ്ദേഹം തന്റെ ആദ്യ വ്രതങ്ങള്‍ സ്വീകരിച്ചു, 1981 ഓഗസ്റ്റില്‍ വിശുദ്ധ വ്രതങ്ങള്‍ സ്വീകരിച്ചു.
1982 ജൂണ്‍ 19-ന് റോമില്‍ ആര്‍ച്ച്ബിഷപ് ജീന്‍ ജാഡോട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. കാത്തലിക് തിയോളജിക്കല്‍ യൂണിയനിലെ പഠനകാലത്ത് ചിക്കാഗോയിലെ സെന്റ് റീത്ത ഓഫ് കാസിയ ഹൈസ്കൂളില്‍ ഭൗതികശാസ്ത്ര, ഗണിത അധ്യാപകനായി സേവനമനുഷ്ഠിച്ചു.
മിഷനറി പ്രവര്‍ത്തനം
1985-ല്‍ അദ്ദേഹം പെറുവിലെ അഗസ്തീനിയന്‍ മിഷനില്‍ ചേര്‍ന്നു. ചുലുക്കാനാസ് ടെറിട്ടോറിയല്‍ പ്രെലേച്ചറിന്റെ (1985-1986) ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1988ല്‍ ഒരു ദശാബ്ദക്കാലം ട്രൂജില്ലോയിലെ അഗസ്തീനിയന്‍ സെമിനാരിയുടെ തലവനായും, രൂപതാ സെമിനാരിയില്‍ കാനോന്‍ നിയമം പഠിപ്പിച്ചും, പഠനങ്ങളുടെ പ്രിഫെക്റ്റായും, പ്രാദേശിക സഭാ കോടതിയില്‍ ജഡ്ജിയായും, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സഭയെ നയിച്ചും പ്രവര്‍ത്തിച്ചു.
198-ല്‍ പ്രെവോസ്റ്റ് ചിക്കാഗോ ആസ്ഥാനമായുള്ള ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍സ് പ്രൊവിന്‍സ് ഓഫ് ഔര്‍ മദര്‍ ഓഫ് ഗുഡ് കൗണ്‍സിലിന്റെ പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മാര്‍ച്ച് 8-ന് ആ ചുമതല ഏറ്റെടുത്തു.
സെന്റ് അഗസ്റ്റിന് ഓര്‍ഡര്‍ ഓഫ് പ്രിയര്‍ ജനറല്‍
2001-ല്‍ സെന്റ് അഗസ്റ്റിന് ഓര്‍ഡറിന്റെ പ്രിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട പ്രെവോസ്ത്, 2013 വരെ സേവനമനുഷ്ഠിച്ചു. 2013 മുതല്‍ 2014 വരെ, പ്രെവോസ്ത് ചിക്കാഗോയിലെ സെന്റ് അഗസ്റ്റിന് കോണ്‍വെന്റില്‍ രൂപീകരണ ഡയറക്ടറായും ഔര്‍ മദര്‍ ഓഫ് ഗുഡ് കൗണ്‍സില്‍ പ്രവിശ്യയുടെ ആദ്യ കൗണ്‍സിലറായും പ്രവിശ്യാ വികാരിയായും സേവനമനുഷ്ഠിച്ചു.
ചിക്ലയോ ബിഷപ്പ്
2014 നവംബര്‍ 3-ന് ഫ്രാന്‍സിസ് പാപ്പ പ്രെവോസ്തിനെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സുഫാറിന്റെ നാമകരണ ബിഷപ്പായും നിയമിച്ചു. 2014 ഡിസംബര്‍ 12-ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് അദ്ദേഹം സ്ഥാനാരോഹണം ചെയ്തു. 2015 സെപ്റ്റംബര്‍ 26-ന് അദ്ദേഹത്തെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു. ഒരു നയതന്ത്ര ഉടമ്പടി പ്രകാരം, ബിഷപ്പാകുന്നതിന് മുമ്പ് പ്രെവോസ്ത് പെറുവിയന്‍ പൗരത്വം നേടി.
2019 ജൂലൈ 13-ന് പ്രെവോസ്തിനെ വൈദികര്‍ക്കായുള്ള സഭയിലെ അംഗമായി നിയമിച്ചു. 2020 ഏപ്രില്‍ 15-ന് അദ്ദേഹം കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി. 2020 നവംബര്‍ 21-ന് അദ്ദേഹം ബിഷപ്പുമാര്‍ക്കായുള്ള സഭയില്‍ ചേര്‍ന്നു. പെറുവിലെ എപ്പിസ്കോപ്പല്‍ സമ്മേളനത്തിനുള്ളില്‍ അദ്ദേഹം സ്ഥിരം കൗണ്‍സിലില്‍ (2018 – 2020) സേവനമനുഷ്ഠിക്കുകയും 2019-ല്‍ അതിന്റെ വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബിഷപ്പുമാര്‍ക്കുള്ള ഡികാസ്ട്രിയും
കര്‍ദ്ദിനാള്‍ സ്ഥാനക്കയറ്റവും
2023 ജനുവരി 30-ന് ചിക്ലായോയിലെ ആര്‍ച്ച്ബിഷപ്-ബിഷപ്പ് എമെറിറ്റസ് എന്ന പദവിയോടെ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീവോസ്റ്റ് പ്രീഫെക്റ്റായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2023 സെപ്റ്റംബര്‍ 30-ന്, റോമിലെ സാന്താ മോണിക്ക ഡെഗ്ലി അഗോസ്റ്റിനിയാനിയുടെ കര്‍ദ്ദിനാള്‍-ഡീക്കനായി നിയമനം. പ്രീഫെക്റ്റ് എന്ന നിലയില്‍, ലോകമെമ്പാടുമുള്ള എപ്പിസ്കോപ്പല്‍ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്നതിലും ശുപാര്‍ശ ചെയ്യുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
2025 ഫെബ്രുവരി 6-ന് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍-ബിഷപ്പായി സ്ഥാനക്കയറ്റം നല്കി, അല്‍ബാനോയിലെ സബര്ബിക്കേറിയന് രൂപതയുടെ നാമകരണ ബിഷപ്പായി നിയമിച്ചു.
വലിയ ഇടയന്
2025 മെയ് 8 ന് 2025 ലെ പാപ്പല്‍ കോണ്‍ക്ലേവില്‍ ഫ്രാന്‍സിസ് പാപ്പയുടെപിന്ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. നാലാം റൗണ്ട് വോട്ടെടുപ്പില്‍ നടന്ന അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ച ശേഷം, സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ പ്രെവോസ്ത് സഹകര്ദ്ദിനാള്മാരെ ആലിംഗനം ചെയ്തു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് പ്രോട്ടോഡീക്കനായ കര്‍ദ്ദിനാള്‍ ഡൊമിനിക് മാംബര്‍ട്ടി പുതിയ പാപ്പായെ പ്രഖ്യാപിച്ചു. പരമ്പരാഗത പേപ്പല്‍ വസ്ത്രങ്ങളിലാണ് പ്രെവോസ്ത് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ തന്റെ ആദ്യ പ്രസംഗം നടത്തി. ലാറ്റിനില്‍ ഉര്‍ബി എറ്റ് ഓര്‍ബി അനുഗ്രഹം നല്കി. വത്തിക്കാന്‍ അദ്ദേഹത്തെ സെന്റ് അഗസ്റ്റിന് ക്രമത്തില്‍ നിന്നുള്ള ആദ്യത്തെ പാപ്പയെന്നും അമേരിക്കന്‍ ഭൂഖണ്ഢത്തില്‍ നിന്നുള്ള രണ്ടാമത്തെ പോപ്പെന്നും (ഫ്രാന്‍സിസ് പാപ്പയ്ക്കു ശേഷം) വിശേഷിപ്പിച്ചു. പ്രെവോസ്ത് അമേരിക്കയില്‍ ജനിച്ച ആദ്യത്തെ പാപ്പ കൂടിയാണ്. പെറുവിലെയും അമേരിക്കയിലെയും പൗരനുമാണ് (ഇരട്ട പൗരത്വം വഴി). പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഡ്രിയന്‍ നാലാമനുശേഷം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള ആദ്യത്തെ പാപ്പ, ലിയോ പതിമൂന്നാമന്‍ (ഭരണകാലം 1878- 1903) മുതല്‍ ലിയോ എന്ന് നാമകരണം ചെയ്ത ആദ്യത്തെ പാപ്പ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജനിച്ച ആദ്യ പാപ്പ എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്.
കാഴ്ചപ്പാട്
ഭരണത്തേക്കാള്‍ വിശ്വാസത്തിന് മുന്‍ഗണന നല്‍കണമെന്ന അഭിപ്രായക്കാരനാണ് പുതിയ പാപ്പ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ സഭാ നടപടിക്കായി അദ്ദേഹം വാദിച്ചു. 2024 നവംബറില്‍ നടന്ന ഒരു സെമിനാറില്‍ ‘പ്രകൃതിയുടെ മേലുള്ള ആധിപത്യം’ ‘സ്വേച്ഛാധിപത്യപരമാകരുത്’ എന്ന് പ്രസ്താവിച്ചു.
പുതിയ പാപ്പ ഒരു മിതവാദി അല്ലെങ്കില്‍ മധ്യസ്ഥന്‍ ആയിരിക്കുമെന്ന് പലരും പ്രവചിക്കുന്നു. 2025 ഏപ്രിലില്‍, ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്ക, പ്രെവോസ്ത് ഒരു ‘ കോസ്മോപൊളിറ്റന്‍ ‘ വ്യക്തിയാണെന്നും സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരും പുരോഗമനവാദികളും അദ്ദേഹത്തെ ‘അഭിനന്ദിച്ചു’ എന്നും പ്രസ്താവിച്ചിരുന്നു. ദയാവധം, ഗര്‍ഭഛിദ്രം, വധശിക്ഷ എന്നിവയെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. ചിക്ലായോയില്‍ ആയിരുന്ന കാലത്ത് അദ്ദേഹം പെറുവിലെ വെനിസ്വേലന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍, അദ്ദേഹം ജോര്‍ജ്ജ് ഫ്ളോയിഡിനോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും കീഴിലുള്ള യുഎസ് കുടിയേറ്റ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. വോട്ടര്‍ രജിസ്ട്രേഷന് രേഖകള്‍ പ്രകാരം, ഒബാമ ഭരണകാലത്ത് 2008 ലും 2010 ലും ഡെമോക്രാറ്റിക് പ്രൈമറികളിലും, 2012, 2014, 2016 വര്‍ഷങ്ങളില്‍ ഇല്ലിനോയിസിന്റെ റിപ്പബ്ലിക്കന്‍ പ്രൈമറികളിലും പ്രെവോസ്ത് വോട്ട് ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഒരിക്കലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ചിക്ലായോയിലെ ബിഷപ്പ് എന്ന നിലയില്‍, പെറുവിയന്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ‘ലിംഗ പ്രത്യയശാസ്ത്രത്തെ’ അദ്ദേഹം എതിര്‍ത്തു, അത് ‘നിലവിലില്ലാത്ത ലിംഗഭേദങ്ങളെ’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞു. 2012ല്‍, ‘ സ്വവര്‍ഗാനുരാഗ ജീവിതശൈലി ‘യോടും സ്വവര്‍ഗ കുടുംബങ്ങളോടുമുള്ള ജനകീയ സംസ്കാരത്തിന്റെ സഹതാപത്തെ അദ്ദേഹം വിമര്‍ശിച്ചു. ‘സുവിശേഷത്തിന് വിരുദ്ധമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും സഹതാപം’ പ്രകടിപ്പിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചു. സ്വവര്‍ഗ ബന്ധത്തില്‍ ആളുകള്‍ക്ക് അനുഗ്രഹങ്ങള്‍ നല്കുന്ന ഒരു സിദ്ധാന്ത പ്രഖ്യാപനമായ ഫിഡൂസിയ സപ്ലിക്കന്സിനെ പൂര്‍ണ്ണമായും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല.
ടെന്നീസ്, വായന, സംഗീതം
പുതിയ പാപ്പ ഒരു അമേച്വര്‍ ടെന്നീസ് കളിക്കാരനാണ്, വായനയും സംഗീതവും തനിക്ക് ഇഷ്ടമാണെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പെറുവിലായിരിക്കുമ്പോള് ഫുട്ബോളിനോട് അഭിനിവേശമുണ്ടായിരുന്നു. പെറുവിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ അലിയാന്‍സ ലിമയുടെ ആരാധകനുമായിരുന്നു.
കേരളത്തിലെത്തിയ പാപ്പ

പാപ്പ പദവിയിലെത്തുന്നതിനു വളരെ മുമ്പേ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് ലിയോ പതിനാലാമന്‍ പാപ്പ. അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തിന്റെ (ഒഎസ്എ) സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിലെത്തിയത്. എറണാകുളം കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയർ പള്ളിയിൽ 2004 ഏപ്രില്‍ 22ന് അദ്ദേഹം എത്തിയിരുന്നു.അഗസ്തീനിയന്‍ സന്ന്യാസ സഭയിലെ നവവൈദികരുടെ പൗരോഹിത്യസ്വീകരണ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്.
കൊച്ചിയിലെ അഗസ്തീനിയന്‍ സന്ന്യാസസമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്. അഗസ്റ്റിന് സഭയുടെ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും അന്ന് അദ്ദേഹം വിശുദ്ധബലിയും അര്‍പ്പിച്ചു.