കോഴിക്കോട്: കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ് പാപ്പാ അനുസ്മരണയോഗം നടത്തി .സിറ്റി സെന്റ് ജോസഫ് പള്ളിയിൽ വെച്ച് മെയ് ആറാം തീയതി വൈകിട്ട് നാലുമണിക്ക് നടന്ന ചടങ്ങ് ഫ്രാൻസിസ് പാപ്പായുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ചു. അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജൻസൻ പുത്തൻവീട്ടിൽ സ്വാഗതം അർപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തൻറെ അനുസ്മരണ പ്രഭാഷണം നടത്തി . ഫ്രാൻസിസ് പാപ്പാ ലോകത്തെ ദൈവദൃഷ്ടിയിലൂടെ വീക്ഷിക്കാൻ ശ്രമിച്ച വ്യക്തിത്വത്തിന് ഉടമ ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. യുദ്ധ ഭൂമിയിൽ നിന്ന് പലായനം നടത്തിയ പാവപ്പെട്ടവർക്ക് വേണ്ടി കണ്ണീരോടെ സംസാരിച്ച വ്യക്തിയായിരുന്നു പാപ്പാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവവിളിക്ക് അനുസൃതമായി അനന്തമായ ക്ഷമയുടെ വക്താവായി സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം നൽകികൊണ്ട് ഫ്രാൻസിസ് പാപ്പ കടന്നു പോയി എന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് തൻ്റെ അനുസ്മരണ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ അനുസ്മരണ പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പ വലിയൊരു മനുഷ്യസ്നേഹി ആണെന്നും എല്ലാവരെയും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിവുള്ള മഹത് വ്യക്തിയാണെന്നും അനുസ്മരിച്ചു. യുദ്ധം ഭ്രാന്ത് ആണെന്നും അസംബന്ധമാണെന്നും പറഞ്ഞ ഫ്രാൻസിസ് പാപ്പാ തന്റെ ജീവിത അവസാനം വരെ യുധത്തിനെതിരായി നിലകൊണ്ടു എന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ഹുസൈൻ മടവൂർ, മിഷ് സംഘടനയുടെ പ്രതിനിധിയായ മാതൃഭൂമി എം ഡി. ചന്ദ്രൻ, ഡോ. മൊയ്തു, കേരള ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ ഇ പി മാത്യു , എൻ എസ് യു പ്രസിഡന്റ് അഭിജിത്ത്, ഫാ. ജെയിംസ് എന്നിവർ പങ്കെടുക്കുകയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. KLCA രൂപത പ്രസിഡൻ്റ് ബിനു എഡ്വേർഡ് ൻ്റെ നന്ദി പ്രകാശനത്തോടെ ചടങ്ങ് അവസാനിച്ചു.