ജെക്കോബി
കഴിഞ്ഞ ഒക് ടോബറില്‍ റിലീസായ ഹോളിവുഡ് ഫിലിം ‘കോണ്‍ക്ലേവ്’ ഇപ്പോള്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ വീണ്ടും കാണുകയാണ്. ‘ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്’ എന്ന ചിത്രത്തിന് മികച്ച രാജ്യാന്തര ഫീച്ചര്‍ ഓസ്കര് അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ജര്‍മന്‍കാരനായ സംവിധായകനും തിരക്കഥാരചയിതാവുമായ എഡ് വേര്‍ഡ് ബെര്‍ഗര്‍ സംവിധാനം ചെയ്ത ‘കോണ്‍ക്ലേവ്’ ബ്രിട്ടനിലെ നാല് ബാഫ്റ്റാ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും എട്ട് ഓസ്കര് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. റോബര്‍ട്ട് ഹാരിസിന്റെ 2016-ലെ ബെസ്റ്റ്സെല്ലര് നോവലിനെ അവലംബിച്ച് പീറ്റര്‍ സ്ട്രോണ്‍ രചിച്ച തിരക്കഥയ്ക്ക്, മികച്ച അഡാപ്റ്റഡ് സ്ക്രീന്‍പ്ലേയ്ക്കുള്ള ഓസ്കര് മാത്രമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ലോസ് ആഞ്ജലസില്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ ‘കോണ്‍ക്ലേവി’നു കിട്ടിയത്.
റെയ്ഫ് ഫൈന്‍സ് (കര്‍ദിനാള്‍ തോമസ് ലോറന്‍സ്), സ്റ്റാന്‍ലി തൂച്ചി (കര്‍ദിനാള്‍ ആള്‍ദോ ബെല്ലീനി), ജോണ്‍ ലിത്ഗോ (കര്‍ദിനാള്‍ ജോസഫ് ട്രെംബ്ലെ), ലൂസിയാന്‍ സമാറ്റി (കര്‍ദിനാള്‍ ജോഷ്വ അഡയേമി), സെര്‍ജിയോ കാസ്തെലീത്തോ (കര്‍ദിനാള്‍ ഗൊഫ്രേദോ തെദെസ്കോ), കാര്‍ലോസ് ദിയെസ് (കര്‍ദിനാള്‍ ബെനിറ്റെസ്), ബ്രയന്‍ ഒബേണ്‍ (മോണ്‍. റെയ്മണ്ട് ഒമാലി), മെറാബ് നീനിദ്സ് (കര്‍ദിനാള്‍ സബദ്ദീന്), ഇസബെല്ല റോസെല്ലീനി (സിസ്റ്റര്‍ ആഗ്നസ്) എന്നിവര്‍ അഭിനയിച്ച ചിത്രം, ഫ്രാന്‍സിസ് പാപ്പായുടെ ദേഹവിയോഗത്തിനുശേഷം വത്തിക്കാനില്‍ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്ക്ലേവിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോകമെമ്പാടും വീണ്ടും തരംഗമാവുകയാണ്. (സിനിമയില്‍ കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി വേഷമിടുന്ന നായകന് റെയ്ഫ് ഫൈന്സിന്റെ സ്വന്തം അമ്മാവന് നിക്കൊളാസ് ലാഷ് ഇംഗ്ലണ്ടിലെ വിഖ്യാത കത്തോലിക്കാ ദൈവശാസ്ത്രജ്ഞരില്‍ ഒരാളാണ് എന്നത് മറ്റൊരു അനുബന്ധകഥ.)
വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ചലച്ചിത്ര ചിത്രീകരണം അനുവദിച്ചില്ലെങ്കിലും തങ്ങള്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലും, വത്തിക്കാന്‍ ഗാര്‍ഡനിലും, കോണ്‍ക്ലേവ് വോട്ടെടുപ്പിന്റെ ഇടവേളകളില്‍ കര്‍ദിനാള്‍മാര്‍ താമസിക്കുന്ന വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലും മറ്റുമായി സ്വകാര്യ ടൂര്‍ അനുവദിച്ചിരുന്നതായി ‘കോണ്‍ക്ലേവ്’ തിരക്കഥ രചിച്ച പീറ്റര്‍ സ്ട്രോണ്‍, ഓസ്കര് നോമിനേഷന് കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. സിനിമയുടെ ഉള്ളടക്കത്തെയും ആഖ്യാനത്തിലെ മൗലികമായ സത്യസന്ധതയെയും പ്രത്യയശാസ്ത്രപരമായ സമീപനത്തെക്കുറിച്ചുമൊക്കെ എന്തെല്ലാം വിമര്ശനങ്ങളുണ്ടായാലും, വത്തിക്കാനിലെ ക്ലാസിക് വാസ്തുശില്പകലയുടെ അഭൗമലാവണ്യം (‘മീസെന്സെന്’ എന്ന് മൂവി പ്രൊഡക് ഷന് സെറ്റ് ദൃശ്യാവിഷ്കാരത്തെക്കുറിച്ച് പറയുന്നത്) പകര്ത്തിവയ്ക്കുന്നതില് പ്രെഡക് ഷന് ഡിസൈനര്‍ സൂസി ഡേവിസും ടീമും കാണിക്കുന്ന അദ്ഭുതകരമായ മികവ് ഒന്നുമാത്രംമതി ഈ ചിത്രം മറ്റൊരുതലത്തില്‍ ആസ്വാദ്യകരമാക്കാന്‍.
വത്തിക്കാന്‍ പാലസിലെ ഹാളുകളുടെയും മുറികളുടെയും കോവണിപ്പടികളുടെയും ഇടനാഴികളുടെയും മാതൃകയിലുള്ള ക്ലാസിക് വാസ്തുശില്പ മാതൃകകള്‍ ഷൂട്ടിങ്ങിനായി റോമില്‍ പലയിടത്തും കണ്ടെത്താമെങ്കിലും, മിക്കലാഞ്ജലോ സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍, ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിക്കുന്നതും മനുഷ്യന്റെ പതനവും ഉള്‍പ്പെടെയുള്ള ഉല്പത്തിദൃശ്യങ്ങളില് നിന്നു തുടങ്ങി അന്ത്യവിധി വരെയുള്ള ഒന്‍പത് പ്രധാന ആഖ്യാനങ്ങളുടെ ഫ്രെസ്കോ പെയിന്റിങ് മേല്‍ത്തട്ടിലും ചുമരുകളിലുമായി സാക്ഷാത്കരിച്ചിട്ടുള്ളത് എങ്ങനെ പുനരാവിഷ്കരിക്കാന്‍ കഴിയും? റോമിലെ ചിനേചിത്താ സ്റ്റുഡിയോസിലെ ഒരു സൗണ്ട് സ്റ്റേജിലാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ അകത്തളം അപ്പാടെ പുനഃസൃഷ്ടിച്ചത്. മിക്കലാഞ്ജലോയുടെ ഫ്രെസ്കോ പെയിന്റിങ്ങുളുടെ കംപ്യൂട്ടര്‍-ജനറേറ്റഡ് പകര്‍പ്പാണ് സിനിമയില്‍ നാം കാണുന്നത്! സ്റ്റിഫാന്‍ ഫൗണ്ടെന്നിന്റേതാണ് ഛായാഗ്രഹണം. ഇന്റീരിയര്‍ ഡെക്കറേഷന് അലങ്കാരങ്ങള്‍ പുനരാവിഷ്കരിച്ചത് സിന്തിയ സ്ലെയ്റ്ററും, വസ്ത്രാലങ്കാരത്തിന്റെ ചുമതല വഹിച്ചത് ലിസി ക്രിസ്റ്റലുമാണ്.
വത്തിക്കാന്‍ ഡ്രാമ, പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നീ വിശേഷണളോടെ അവതരിപ്പിക്കപ്പെട്ട ഈ ഹോളിവുഡ് ചിത്രം പേപ്പല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെയും അന്തസ്സത്തയെയും ആധ്യാത്മിക ഗരിമയെയും ഇകഴ്ത്തിക്കാട്ടുന്നു, കര്‍ദിനാള്‍മാരെ പ്രത്യയശാസ്ത്രപരമായി ആഴത്തില്‍ വിഭജിക്കപ്പെട്ട സംഘമായും അധികാരമോഹികളായും ചിത്രീകരിക്കുന്നു, സിനിമയിലെ കര്‍ദിനാള്‍മാരുടെ സംഭാഷണങ്ങളില്‍ ദൈവശാസ്ത്രപരമോ തത്ത്വശാസ്ത്രപരമോ ആധ്യാത്മികമോ ആയ ഒരു കഴമ്പുമില്ല, അവര്‍ മുഷിപ്പിക്കുന്ന തരത്തില്‍ രാഷ് ട്രീയം സംസാരിക്കുന്ന കാരിക്കേച്ചറുകളായി മാറുന്നു, ഏറ്റവും ഉപരിയായി സഭയുടെ അടിസ്ഥാനപ്രമാണങ്ങള്ക്കു വിരുദ്ധമായി, ആസൂത്രിതമായി ചില രാഷ് ട്രീയ അജണ്ടകള്‍ മുന്നോട്ടുവയ്ക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദൈവനാമം കഥാപാത്രങ്ങള്‍ പലവട്ടം വൃഥാപ്രയോഗിക്കുന്നുണ്ടെങ്കിലും യേശുവിന്റെ നാമം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കഥാപാത്രങ്ങള്‍ കുരിശുവരയ്ക്കുമ്പോള്‍ ഉരുവിടുന്നതല്ലാതെ, കോണ്‍ക്ലേവിലെ ഏറ്റവും പ്രധാന ഘടകമായ പരിശുദ്ധാത്മാവിന്റെ കാര്യം സിനിമയില്‍ ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുന്നില്ല. ആധ്യാത്മികതയുടെ പരിവേഷമുള്ള ഒരേയൊരു കഥാപാത്രം കര്‍ദിനാള്‍ വിന്‍സെന്റ് ബെനിറ്റെസ് ആണ് – സിനിമയുടെ ക്ലൈമാക്സില്‍, ഈ കഥാപാത്രസൃഷ്ടി മറ്റൊരു നാടകീയ വേഷപ്പകര്‍ച്ചയിലൂടെ കഥയില്‍ വമ്പന്‍ ട്വിസ്റ്റ് ഒരുക്കുന്നു. കര്‍ദിനാള്‍മാരുടെ വ്യക്തിപ്രഭാവം, അവര്‍ക്കിടയിലെ പ്രത്യയശാസ്ത്രപരമായ സംഘര്‍ഷങ്ങള്‍, രാഷ് ട്രീയ ഭിന്നതകള്‍, നിഗൂഢതന്ത്രങ്ങള്‍ എന്നിവയിലൂടെ നാടകീയരംഗങ്ങളും വികാരവിക്ഷോഭവും സൃഷ്ടിക്കാനല്ലാതെ, പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ കാതലായ ആധ്യാത്മിക ചൈതന്യം അര്‍ഥവത്തായി ആവാഹിക്കാന്‍ ഈ ചിത്രത്തിലെ കെട്ടുകഥകള്‍ക്കു കഴിയുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നും വരുന്നവരാണെങ്കിലും കര്‍ദിനാള്‍മാരുടെ കൂട്ടായ്മയും അപ്പസ്തോലിക പാരമ്പര്യത്തിലെ സഖ്യവും ഐക്യവും അനിഷേധ്യമായ ഒരു ചരിത്രയാഥാര്‍ഥ്യമാണെന്ന് ഈ ഫിലിം അംഗീകരിക്കുന്നില്ല. ”ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡ് കത്തോലിക്കാ സഭയെക്കുറിച്ച് രചിക്കുന്ന ഒരു സിനിമയാണ് നിങ്ങള്‍ക്കു കാണേണ്ടതെങ്കില്, ആ ചിത്രം ഇതാണ്” എന്നാണ് യുഎസിലെ മിനസോഡയിലെ വിനോന-റോച്ചെസ്റ്റര്‍ രൂപതാ ബിഷപ്പും സമൂഹമാധ്യമ താരവുമായ ബിഷപ് റോബര്‍ട്ട് ബാരണ്‍ പറഞ്ഞത്.
റെയ്ഫ് ഫൈന്സിന്റെ നായക കഥാപാത്രമായ കര്‍ദിനാള്‍ ലോറന്‍സ് ഗുരുതരമായ വിശ്വാസ പ്രതിന്ധിയില്‍ സ്വന്തം വിളിയെയും സഭയുടെ അടിസ്ഥാന ദൗത്യത്തെയും ചോദ്യം ചെയ്യുന്നു. കോണ്‍ക്ലേവിലെ കര്‍ദിനാള്‍ ഡീന്‍ എന്ന നിലയ്ക്ക്, പല ചേരികളില്‍ നിന്ന് പരസ്പരം മത്സരിക്കുന്ന കര്‍ദിനാള്‍മാരെ നിയന്ത്രിക്കാന്‍ പണിപ്പെടുന്നതിനിടയില്‍ ലോറന്‍സ് ഞെട്ടിക്കുന്ന ചില രഹസ്യങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെയാണ് ‘ത്രില്ലര്‍’ ആവേശം ഉച്ചസ്ഥായിയിലെത്തുന്നത്. അതിനിടെ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിനു നേര ഭീകരാക്രമണം ഉണ്ടാകുന്നുണ്ട്. ജോണ്‍ ലിത്ഗോ അവതരിപ്പിക്കുന്ന കമെര്ലെംഗോയും സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ടും കാനഡയിലെ കുബേക് ആര്‍ച്ച്ബിഷപ് എമരിറ്റസുമായ കര്‍ദിനാള്‍ ജോസഫ് ട്രെംബ്ലെ എന്ന കഥാപാത്രം, സ്റ്റാന്‍ലി തൂച്ചി അവതരിപ്പിക്കുന്ന സഭാ നവീകരണത്തിനായി നിലകൊള്ളുന്ന പുരോഗമനവാദിയായ കര്‍ദിനാള്‍ ബെല്ലീനി, സെര്‍ജോ കാസ്തെലീത്തോ അവരിപ്പിക്കുന്ന ധിക്കാരിയും മര്യാദകെട്ടയാളും തികഞ്ഞ വര്‍ഗീയവാദിയും പാരമ്പര്യവാദിയുമായ കര്‍ദിനാള്‍ തെദെസ്കോ, ലൂസിയാന്‍ സമാറ്റി അവതരിപ്പിക്കുന്ന ധര്‍മനിഷ്ഠയില്‍ വിട്ടുവീഴ്ചയില്ലാത്ത നൈജീരിയന്‍ കര്‍ദിനാള്‍ ജോഷ്വ അഡയേമി (ഇദ്ദേഹത്തിന് ഒരു രഹസ്യസന്താനമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടാകുന്നുണ്ട്) – തീപ്പൊരി ചിതറുന്ന ഇവരുടെ ആശയസംഘര്ഷങ്ങള്ക്കിടയില്, ഹൃദയത്തില്‍ തൊടുന്ന ചില ഒറ്റപ്പെട്ട നിമിഷങ്ങളുണ്ട്: കര്‍ദിനാള്‍ ലോറന്‍സിനോട് ബെല്ലീനി ചോദിക്കുന്നു, ”’പാപ്പായാകുമ്പോള് എന്തു പേരാണ് സ്വീകരിക്കുക?” താന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് ലോറന്‍സിന്റെ പ്രതികരണം. പിന്നെ, മന്ത്രിക്കുന്നു: ”ജോണ്‍!”
ഭീകരാക്രമണത്തിനെ തുടര്‍ന്നുള്ള അനിശ്ചിതത്വത്തിനിടയില്‍, ക്ഷമയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൂതനായി രംഗത്തുവരുന്ന
കര്‍ദിനാള്‍ ബെനിറ്റെസ് കഥാഗതിയാകെ മാറ്റിമറിക്കുന്നു. കാലംചെയ്ത പാപ്പാ തന്നെ രഹസ്യമായി (ഇന്‍ പെക്തൊരെ) കാബൂളിലെ മെത്രാപ്പോലീത്തയായി വാഴിച്ചുവെന്നാണ് മെക്സിക്കോക്കാരനായ ഈ കര്‍ദിനാളിന്റെ അവകാശവാദം. ഹോളിവുഡിന് അത്രകണ്ട് പരിചിതനല്ലാത്ത മെക്സിക്കന്‍ നടന് കാര്‍ലോസ് ദിയെസാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും അബദ്ധജടിലമായ ആഖ്യാനവൈകല്യങ്ങളിലൊന്നാണ് ഈ ഇന്പെക്തൊരെ പ്ലോട്ട്. ആ രഹസ്യ നിയമനത്തിന് അദ്ദേഹം ഒരു രേഖയും ഹാജരാക്കുന്നില്ല, എന്നിട്ടും മറ്റു കര്‍ദിനാള്‍മാര്‍ അദ്ദേഹത്തെ ആശ്ലേഷിച്ചു സ്വീകരിക്കുന്നു. സോവിയറ്റ് യൂണിയനിലും ചൈനയിലും മറ്റും സഭ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചുവന്ന കാലത്ത് ‘രക്തസാക്ഷികളെപോലെ’ തടങ്കലില്‍ കഴിഞ്ഞിരുന്ന മെത്രാപ്പോലീത്തമാരെ അവരുടെ പേരു വെളിപ്പെടുത്താതെ പാപ്പാമാര്‍ തങ്ങളുടെ ‘ഹൃദയത്തില്‍’ കര്ദിനാള്പദത്തിലേക്ക് ഉയര്‍ത്തിയിരുന്നു എന്നത് ചരിത്രസത്യമാണ്. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് പരിശുദ്ധ പിതാവ് അവരുടെ പേര് പരസ്യമായി വെളിപ്പെടുത്താതെ അവര്‍ക്ക് ആര്‍ക്കുംതന്നെ കര്‍ദിനാള്‍പദവി വഹിക്കാനോ കോണ്‍ക്ലേവില്‍ സംബന്ധിക്കാനോ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.
ക്ലൈമാക്സ് ട്വിസ്റ്റില്‍, പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന മെക്സിക്കന്‍ കര്‍ദിനാള്‍, ഇനസെന്റ് എന്ന പേരു സ്വീകരിച്ച്, ‘കണ്ണുനീരിന്റെ മുറിയിലെ’ ചെമന്ന ചായം തേച്ച ഒരു മൂലയില്‍ വച്ച് കര്‍ദിനാള്‍ ഡീന്‍ ലോറന്‍സിനോട് ഞെട്ടിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തുന്നു: ജൈവശാസ്ത്രപരമായി താന്‍ ഒരു സ്ത്രീയാണ്! ആണും പെണ്ണുമെന്ന ലിംഗഭേദം കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ആണായി വളര്‍ത്തിയതാണ്. ഗര്ഭപാത്രമുണ്ടെങ്കിലും ബാഹ്യമായ പുരുഷലക്ഷണമുള്ള കഥാപാത്രം, ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
സ്ത്രീകളുടെ പൗരോഹിത്യം, ഭിന്നലിംഗക്കാര്‍ക്ക് കൗദാശിക ജീവിതത്തിനും സഭാശുശ്രൂഷയ്ക്കുമുള്ള അവകാശം തുടങ്ങിയ സംവാദങ്ങള്‍ക്കു പിന്നിലെ രാഷ് ട്രീയ അജന്‍ഡകള്‍ കുറച്ചുകാലമായി പാശ്ചാത്യലോകത്തെ സാംസ്കാരിക സംഘര്‍ഷങ്ങളുടെ ഇന്ധനമാണ്.
സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും ചരിത്രപാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ കഥാതന്തു വികസിപ്പിച്ച് ഇത്തരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചമയ്ക്കുന്നത് കാലാനുസൃതമായ സഭാനവീകരണത്തിനായുള്ള ആഹ്വാനമാണെന്ന വ്യാഖ്യാനം ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?
1274-ല്‍ അംഗീകരിക്കപ്പെട്ടതാണ് പേപ്പല്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ക്ലേവിന്റെ പ്രാഥമിക ചട്ടങ്ങള്‍. ആധുനിക കാലത്ത്, ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ പ്രസിദ്ധീകരിച്ച ‘ഊനിവേര്സി ദോമിനിച്ചി ഗ്രേജിസ്’ എന്ന അപ്പസ്തോലിക ഭരണഘടനയുടെയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായും ഫ്രാന്‍സിസ് പാപ്പായും അതില്‍ വരുത്തിയ ഭേദഗതികളുടെയും അടിസ്ഥാനത്തിലാണ് 2025-ലെ കോണ്‍ക്ലേവ് പ്രക്രിയകള്‍ നടക്കുന്നത്. അതില്‍ കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷനു പോലും പുതുമകളൊന്നും കൊണ്ടുവരാനാവില്ല. പാപ്പായായി ഒരു അല്മായനെ തിരഞ്ഞെടുക്കാന്‍ സഭാനിയമത്തില്‍ വകുപ്പുണ്ട്. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെടുകയാണെങ്കില്‍ അയാള്‍ ഡീക്കന്‍ പട്ടവും പൗരോഹിത്യപട്ടവും സ്വീകരിച്ച് മെത്രാനായി അഭിഷേചിക്കപ്പെടണം. നിലവിലുള്ള സഭാനിയമത്തില്‍ എന്തായാലും ഒരു സ്ത്രീക്ക് തിരുപ്പട്ടത്തിന്റെ കൂദാശ സ്വീകരിക്കാനാവില്ല.
പാപ്പാ ദിവംഗതനാകുമ്പോള്‍ വത്തിക്കാനില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മിക്കവയും യാഥാര്‍ഥ്യബോധത്തോടെയാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിട്ടുള്ളത്. പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ (സേദെ വക്കാന്തെ) വത്തിക്കാനിലെ നടപടിക്രമങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന കമെര്‍ലെംഗോ, വെള്ളിചുറ്റിക കൊണ്ട് പാപ്പാ അണിഞ്ഞിരുന്ന സ്ഥാനികമോതിരം (മീന്‍പിടുത്തക്കാരനായ വിശുദ്ധ പത്രോസിന്റെ മോതിരം – അനൂലുസ് പിസ്കത്തോരിസ്, പരിശുദ്ധ സിംഹാസനത്തിന്റെ കല്പനകളിലെ ഔദ്യോഗിക മുദ്രയാണ്) അടിച്ചു പിളര്‍ത്തുന്നത് കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍ കമെര്ലോംഗോ മൂന്നുവട്ടം പാപ്പായുടെ ജ്ഞാനസ്നാനപ്പേര് ഉറക്കെ വിളിച്ച്, പ്രതികരണമൊന്നുമില്ലെങ്കില്‍ മരണം സാക്ഷ്യപ്പെടുത്തുന്ന രംഗം ചിത്രത്തിലില്ല. പുതിയ പേപ്പല്‍ ചട്ടങ്ങള്‍ പ്രകാരം പാപ്പായുടെ കിടപ്പറയില്‍ വച്ചല്ല, സ്വകാര്യ ചാപ്പലിലാണ് ഈ പ്രക്രിയ നടക്കേണ്ടത്.
കോണ്‍ക്ലേവ് ക്രമീകരിക്കുന്നതില്‍ കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍ വഹിക്കുന്ന ചുമതലകളും കമെര്ലെംഗോയുടെ ചുമതലകളും തമ്മില്‍ സിനിമയില്‍ പലതും കൂട്ടിക്കുഴയ്ക്കുന്നുണ്ട്.
സിസ്റ്റൈന്‍ ചാപ്പലില്‍, മിക്കലാഞ്ജലോയുടെ ‘അന്ത്യവിധി’ ഫ്രെസ്കോ പെയിന്റിങ്ങിനു താഴെയായുള്ള അള്‍ത്താരയ്ക്കു മുന്പില് വന്നുനിന്ന് ഓരോ കര്‍ദിനാള്‍ ഇലക്തോറും ലത്തീന്‍ പ്രാര്‍ഥന ഉരുവിട്ടുകൊണ്ട് ‘വോത്തും’ എന്ന പാത്രത്തിലേക്ക്, പേപ്പല്‍ സ്ഥാനത്തേക്ക് താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരെഴുതിയ വോട്ടര്‍സ്ലിപ് നിക്ഷേപിക്കുന്നതും, കര്‍ദിനാള്‍ ഇലക്തോര്മാരില് നിന്ന് പ്രത്യേകം നിയോഗിക്കപ്പെടുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ ഓരോ സ്ലിപ്പിലെയും പേര് ഉറക്കെ വിളിച്ചുപറഞ്ഞ് വോട്ടെണ്ണി രേഖപ്പെടുത്തുന്നതും, മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലെങ്കില്‍ ബാലറ്റ് സ്ലിപ്പുകള്‍ നൂലില്‍ കോര്‍ത്ത് രാസവസ്തുക്കള്‍ ചേര്‍ത്ത് കത്തിക്കുമ്പോള്‍ സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് കറുത്ത പുക ഉയരുന്നതും, ഒടുവില്‍ നിശ്ചിത ഭൂരിപക്ഷമാകുമ്പോള്‍ ചിമ്മനിയില്‍ നിന്ന് വെള്ളപ്പുക (ഫുമാത്താ ബിയാങ്ക) ഉയരുന്നതു കണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ജനങ്ങള്‍ തുള്ളിച്ചാടുന്നതും, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ (ലോജ്ജാ ദെല്ലെ ബെനെദീസിയോനെ) അപ്പസ്തോലിക സിഞ്ഞത്തൂരയുടെ പ്രീഫെക്ട് പ്രത്യക്ഷപ്പെട്ട് ‘ഹബേമൂസ് പാപ്പാം’ (നമുക്കിതാ പാപ്പായെ ലഭിച്ചിരിക്കുന്നു) എന്നു വിളംബരം ചെയ്യുന്നതും, പുതിയ പാപ്പാ ആ ബാല്‍ക്കണിയില്‍ ആനീതനായി ആദ്യത്തെ പൊതുദര്‍ശനം നല്കി നഗരത്തെയും ലോകത്തെയും (ഊര്‍ബി എത് ഓര്‍ബി) ആശീര്‍വദിക്കുന്നതും നൂറ്റാണ്ടുകളായി തുടരുന്ന കോണ്‍ക്ലേവ് നടപടിക്രമങ്ങളാണ്. അതില്‍, സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന വോട്ടിങ് നടപടിക്രമമെല്ലാം പൊന്തിഫിക്കല്‍ രഹസ്യമാണ്. നേരിട്ടോ ഏതെങ്കിലും കമ്യൂണിക്കേഷന്‍ മാധ്യമം വഴിയോ ആരുമായും പങ്കുവയ്ക്കാന്‍ പാടില്ലാത്ത ദിവ്യരഹസ്യം. ബസിലിക്കായുടെ ബാല്‍ക്കണിയില്‍ ഏറ്റവും അവസാനം അരങ്ങേറുന്നത്, ഹോളിവുഡ് തിരക്കഥാകൃത്തുക്കളുടെ ത്രില്ലിങ് വെടിക്കെട്ടിന്റെ പുകമറയില്ലാതെതന്നെ, ലോകമെങ്ങുമുള്ള മനുഷ്യര്‍ ഹൃദയത്തുടിപ്പോടെ, പ്രാര്‍ഥനയോടെ കാണുന്ന, അവിസ്മരണീയമായ യുഗസംക്രമത്തിന്റെ ദിവ്യദീപ്തി!
”പുതിയ പാപ്പാ പ്രാര്‍ഥനയുടെ മനുഷ്യനും സത്യത്തിന്റെ സേവകനും സൗമ്യനും ധീരനും കരുണാമയനും കര്‍ത്താവിന്റെ സ്നേഹത്തില്‍ വേരൂന്നിയവനുമാകുന്നതിന് പാപ്പായെ തിരഞ്ഞെടുക്കുന്ന കര്ദിനാള്മാരുടെമേല് ജ്ഞാനത്തിന്റെ ആത്മാവിനെ അയയ്ക്കേണമേ, തിരുസഭയ്ക്ക് നജീവനും പുതുചൈതന്യവും ലോകത്തിനു നവമായ പ്രത്യാശയും നല്കുന്നതാകട്ടെ പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പ്” എന്നാണ് വിശ്വാസികള്‍ ഈ ദിനങ്ങളില്‍ പ്രാര്‍ഥിക്കുന്നത്.