പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’ 2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’ എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഏറെ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നു വരുന്ന 134 കര്‍ദിനാള്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുമിച്ചുകൂടി രഹസ്യ വോട്ടെടുപ്പിലൂടെ ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമ്പോള്‍, യൂറോപ്പിലോ പാശ്ചാത്യലോകത്തോ കേന്ദ്രീകരിക്കാതെ, ആഫ്രിക്കയിലും ഏഷ്യയിലും ‘ലോകത്തിന്റെ അതിരുകളിലും’ കഴിയുന്ന ദരിദ്രരുടെ സഭയ്ക്കു പ്രാമുഖ്യം നല്കാന് ശ്രമിച്ച അദ്ദേഹത്തിന്റെ സിനഡാത്മക നവീകരണ നയങ്ങള്‍ പിന്തുടരുന്ന പുരോഗമനവാദികളോ, അതോ ഫ്രാന്‍സിസിനെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന യാഥാസ്ഥിതികപക്ഷമോ ആരാകും വിജയം ആഘോഷിക്കുക?
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ 1958-ല്‍ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നതിനു മുന്‍പുവരെ സഭയില്‍ പതിനാറാം നൂറ്റാണ്ടു മുതല്‍ കര്‍ദിനാള്‍മാരുടെ എണ്ണം 70 ആയി നിജപ്പെടുത്തിയിരുന്നു. പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് 80 വയസ് പ്രായപരിധി നിശ്ചയിച്ച പോള്‍ ആറാമന്‍ പാപ്പാ 1975-ല്‍, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ 120 ആയി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഫ്രാന്‍സിസ് പാപ്പായെയും ബെനഡിക്റ്റ് പാപ്പായെയും തിരഞ്ഞെടുത്ത കോണ്‍ക്ലേവുകളില്‍ വോട്ടുചെയ്തത് 115 കര്‍ദിനാള്‍മാരാണ്. ഇത്തവണ, കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എണ്പതുവയസില് താഴെയുള്ള 135 കര്‍ദിനാള്‍മാര്‍ പട്ടികയിലുണ്ടെങ്കിലും, സ്പെയ്നിലെ വലെന്‍സിയയിലെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ അന്റോണിയോ കനിസാരെസ് യൊവേര അനാരോഗ്യം മൂലം റോമിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഏഴു ഭൂഖണ്ഡങ്ങളിലെ 94 രാജ്യങ്ങളില്‍ നിന്നായി 252 കര്ദിനാള്മാരുണ്ടെങ്കിലും, പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പ്രായപരിധിയില്‍ 71 രാജ്യങ്ങളില്‍ നിന്നായി 135 കര്‍ദിനാള്‍ ഇലക്തോര്മാരാണുള്ളത്. ഇവരില്‍ 80 ശതമാനവും (പത്തില്‍ എട്ടുപേര്‍) കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചവരാണ് – 135 പേരില്‍ 108 പേര്. ഇത്രയും പേര് ആദ്യമായാണ് ഒരു പേപ്പല്‍ തിരഞ്ഞെടുപ്പില്‍ സംബന്ധിക്കുന്നത്. ഇതില്‍ 20 പേര് കഴിഞ്ഞ ഡിസംബറിലെ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാളിന്റെ സ്ഥാനചിഹ്നങ്ങള്‍ ലഭിച്ചവരാണ്. അവരില്‍ പലരും ആദ്യമായി കണ്ടുമുട്ടുന്നതുതന്നെ ആ കണ്‍സിസ്റ്ററിയില്‍ വച്ചായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കാന്‍ റോമിലെത്തി, പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുന്ന സേദെ വക്കാന്തെ ദിനങ്ങളില്‍ സഭാഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ വച്ചാണ് ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നെത്തിയ പല പുതുമുഖങ്ങളെയും കര്‍ദിനാള്‍ സംഘത്തില്‍ പലരും അടുത്തുകാണുന്നത്. ബെനഡിക്റ്റ് പാപ്പാ നിയമിച്ച 21 കര്‍ദിനാള്‍മാരും, ജോണ്‍ പോള്‍ പാപ്പാ നിയമിച്ച അഞ്ചുപേരും ഈ കോണ്‍ക്ലേവിലുണ്ട്. ഫ്രാന്‍സിസ് പാപ്പാ നിയമിച്ചവരില്‍ 29 കര്‍ദിനാള്‍മാര്‍ റോമന്‍ കൂരിയായിലും, 79 പേര് ലോകത്തിന്റെ പല കോണുകളിലായി അജപാലനശുശ്രൂഷ ചെയ്യുന്നവരുമാണ്. സന്ന്യാസസഭാംഗങ്ങളായ 33 ഇലക്തോര്മാരുണ്ട്: അഞ്ച് സലേഷ്യന്മാരും നാല് ജസ്യുറ്റുകളും നാല് ഫ്രാന്സിസ്കരും മൂന്ന് കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളും. കോണ്‍ക്ലേവിലെ രഹസ്യ ബാലറ്റില്‍ മൂന്നില്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷം – 90 വോട്ട് – നേടുന്നയാള്‍ പാപ്പായാകും.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഇറ്റാലിയന്‍ വംശജനായ ജസ്യുറ്റ് പാപ്പായെ തിരഞ്ഞെടുത്ത 2013-ലെ കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ ഇലക്തോര്മാരില് പകുതിയിലേറെയും യൂറോപ്പില്‍ നിന്നായിരുന്നു. ഇപ്പോള്‍ അവരുടെ തോത് 39 ശതമാനമായി കുറഞ്ഞിരിക്കുന്നു. യൂറോപ്പില്‍ നിന്ന് 114 കര്ദിനാള്മാരുള്ളതില് 53 പേരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇലക്തോര്‍മാര്‍. ഏഷ്യയില്‍ നിന്ന് 23 പേരും, ആഫ്രിക്കയില്‍ നിന്ന് 18 പേരും, തെക്കേ അമേരിക്കയില്‍ നിന്ന് 17 പേരും, വടക്കേ അമേരിക്കയില്‍ നിന്ന് 16 പേരും, സെന്‍ട്രല്‍ അമേരിക്കയില്‍ നിന്ന് നാലു പേരും, ഓഷ്യാനയില്‍ നിന്ന് നാലു പേരുമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അര്‍ഹരായുള്ളത്. ഇറ്റലിയില്‍ 51 കര്ദിനാള്മാരുള്ളതില് കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള പ്രായപരിധിയില്പെട്ടവര് 17 പേരാണ്. 2013-ല്‍ കര്‍ദിനാള്‍ ഇലക്തോര്മാരില് 12 ശതമാനം (28 പേര്) ഇറ്റലിക്കാരായിരുന്നു, 2025-ല്‍ അത് ഒന്‍പതു ശതമാനമായി (19 പേര്) കുറഞ്ഞിരിക്കുന്നു. ഇതുവരെ സഭയെ നയിച്ചിട്ടുള്ള 266 പാപ്പാമാരില്‍ 213 പേര് ഇറ്റലിക്കാരായിരുന്നു. 455 വര്‍ഷം തുടര്‍ച്ചയായി പത്രോസിന്റെ സിംഹാസനത്തില്‍ വാണ ഇറ്റലിക്കാരായ പാപ്പാമാരില്‍ അവസാനത്തെയാള്‍ 1978-ല്‍ 33 ദിവസം മാത്രം സഭാനൗകയെ നയിച്ച ജോണ്‍ പോള്‍ ഒന്നാമന് ആണ്. കഴിഞ്ഞ 47 വര്‍ഷമായി ഇറ്റലിയില്‍ നിന്ന് ഒരു പാപ്പാ ഉണ്ടായിട്ടില്ല.
യൂറോപ്പിലെ ചരിത്രപ്രധാനമായ ലിസ്ബണ്‍, വെനീസ് എന്നീ പാത്രിയാര്ക്കേറ്റുകളിലും മിലാന്, ഫ്ളോറന്‍സ്, പാരിസ് തുടങ്ങി പരമ്പരാഗതമായി കര്‍ദിനാള്‍ പദവി ലഭിച്ചുപോന്ന അതിമെത്രാസനങ്ങളിലും കര്‍ദിനാള്‍ നിയമനത്തിനു തിടുക്കമൊന്നും കാട്ടാതിരുന്ന ഫ്രാന്‍സിസ് പാപ്പാ, ഇറാന്, അല്‍ജീരിയ, മംഗോളിയ, പെറു, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ ‘സഭയുടെ രാജകുമാരന്മാരെ’ പ്രതിഷ്ഠിച്ചു. ഇരുപതോളം രാജ്യങ്ങളില്‍ ആദ്യമായി കര്ദിനാള്മാരുണ്ടായി.
പ്രായം കുറഞ്ഞവരെ കര്ദിനാള്മാരാക്കുന്നതിലും ഫ്രാന്‍സിസ് പാപ്പാ ഏറെ താല്പര്യം കാണിച്ചു. കഴിഞ്ഞ ഡിസംബറില്‍ നിയമിതരായവരില്‍ ഏഴുപേര്‍ അറുപതില്‍ താഴെ പ്രായമുള്ളവരായിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബേണിലെ യുക്രെയ്നിയന്‍ ഗ്രീക്ക് കത്തോലിക്കാ എപ്പാര്‍ക്കിയിലെ റിഡംപ്റ്ററിസ്റ്റ് കര്‍ദിനാള്‍ മിക്കോളാ ബിചോക്കിന്റെ പ്രായം 44 വയസ്! ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ് ബിചോക്. ഓസ്ട്രേലിയയില്‍ മിഷനറി വൈദികനായെത്തിയ യുക്രെയ്നിയന്‍ പൗരസ്ത്യ സഭാംഗമായ ബിചോക്കാണ് ഇപ്പോള്‍ ആ വന്‍കരയിലെ ഏക കര്‍ദിനാള്‍.
2013-ലെ കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാള്‍ അന്പത്തിമൂന്നുകാരനായിരുന്ന സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് ആയിരുന്നു. ഓസ്ട്രേലിയ, മംഗോളിയ, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാലുപേര്‍ക്കൊപ്പം, ഒരു റോമന്‍ ഡികാസ്റ്ററിയില്‍ ഫ്രീഫെക്ട് ആയ ആദ്യ മലയാളി, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടും സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അഞ്ചു കര്‍ദിനാള്‍മാരുടെ ഗ്രൂപ്പിലുണ്ട്. വത്തിക്കാന്‍ ഡിപ്ലോമാറ്റിക് സര്‍വീസില്‍ അംഗമായിരുന്ന സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മോണ്‍. കൂവക്കാട് (51) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറല്‍ അഫയേഴ്സ് വിഭാഗത്തില്‍ പാപ്പായുടെ വിദേശയാത്രകളുടെ ചുമതല വഹിച്ചുവരുമ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ വൈദികപദത്തില് നിന്ന് നേരിട്ട് കര്‍ദിനാളായി പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലെ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാളിന്റെ സ്ഥാനചിഹ്നങ്ങള്‍ പാപ്പാ നല്കിയപ്പോള് കല്‍ദായ രീതിയിലുള്ള കറുത്തകുപ്പായവും ചെമപ്പും കറുപ്പും നിറമുള്ള വട്ടത്തൊപ്പിയുമാണ് അദ്ദേഹം അണിഞ്ഞുകണ്ടത്. മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ടായി നിയമിക്കപ്പെട്ട അദ്ദേഹം റോമന്‍ കൂരിയായില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുന്ന മലയാളിയാണ്. ഡികാസ്റ്ററി പ്രീഫെക്ട് ആയിരക്കെത്തന്നെ പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയിലും അദ്ദേഹം തുടര്‍ന്നു.
മംഗോളിയയിലെ ഉലാന്ബാത്തറിലെ അപ്പസ്തോലിക് പ്രീഫെക്ട് ഇറ്റലിക്കാരനായ കൊണ്‍സൊലാത്താ മിഷനറി ജോര്‍ജോ മരെംഗോയെ 2022-ല്‍ 48-ാം വയസിലാണ് കര്‍ദിനാള്‍ പദത്തിലേക്ക് പാപ്പാ ഉയര്‍ത്തിയത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 2023-ലെ ലോക യുവജനദിനത്തിന്റെ മുഖ്യസംഘാടകനായിരുന്ന സഹായമെത്രാന്‍ അമേരികോ മനുവേല്‍ അഗീയാര് ആല്‍വെസിനെ അക്കൊല്ലംതന്നെ പാപ്പാ കര്‍ദിനാളാക്കി. ഇപ്പോള്‍ അദ്ദേഹത്തിന് 51 വയസുണ്ട്. കാനഡയിലെ ടുറാന്റോ ആര്‍ച്ച്ബിഷപ് ഇറ്റാലിയന്‍ വംശജനായ കര്‍ദിനാള്‍ ഫ്രാന്‍സിസ് ലെയോയ്ക്ക് 53 വയസാണ്. കഴിഞ്ഞ ഡിസംബറിലെ കണ്‍സിസ്റ്ററിയിലാണ് അദ്ദേഹം കര്‍ദിനാള്‍ പദത്തിലെത്തിയത്. പതിനഞ്ച് ഇലക്തോര്‍മാര്‍ 60 വയസില്‍ താഴെയുള്ളവരാണ്. ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍ ഇലക്തോര്‍ സ്പെയ്നിലെ മഡ്രിഡ് ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ കാര്‍ളോസ് ഒസോറോ സിയെറയാണ്. 2016 നവംബറില്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട അദ്ദേഹത്തിന് 2025 മേയ് 16ന് 80 വയസാകും.
‘പാപ്പാബിലെ’ പട്ടികയില്‍ ഇരുപതിലേറെ പേരെ വത്തിക്കാന്‍ നിരീക്ഷകര്‍ അവതരിപ്പിക്കുന്നുണ്ട്. 2013-ല്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ‘പാപ്പാബിലെ’ പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്ന പേരല്ല എന്ന് ഓര്‍ക്കുക. അമേരിക്കയില്‍ ‘പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്താങ്ങുന്ന’ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്, ജര്‍മന്‍ കര്‍ദിനാള്‍ ഗെഹാര്‍ഡ് മുള്ളര്‍ എന്നിവര്‍ യാഥാസ്ഥിതിക പക്ഷക്കാരനാകണം അടുത്ത പാപ്പാ എന്നു വാദിക്കുന്നവരാണ്. ലക്സംബര്‍ഗിലെ കര്‍ദിനാള്‍ ഷോണ്‍ ക്ലോഡ് ഓളെറിച്, യുകെയിലെ കര്‍ദിനാള്‍ തിമത്തി റാഡ്ക്ലിഫ്, കാനഡയിലെ കര്‍ദിനാള്‍ മൈക്കള്‍ ചേര്‍ണി എന്നിവര്‍ പുരോഗമനവാദികള്‍ക്കൊപ്പമാണ്.
പാപ്പാബിലെ ചുരുക്കപ്പട്ടികയില്‍ പൊതുവെ മുന്നില്‍ കാണപ്പെടുന്ന രണ്ടു പേരുകള്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്, ഫിലിപ്പിനോ കര്‍ദിനാള്‍ ലുയീസ് അന്റോണിയോ ഗോക്കിം ടാഗ് ലെ എന്നിവരുടേതാണ്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഏറ്റവും മുതിര്‍ന്ന മെത്രാന് ശ്രേണിയിലുള്ള കര്‍ദിനാള്‍ എന്ന പദവിയില്‍ പിയെത്രോ പരോളിന് (70) ആകും തൊണ്ണൂറ്റൊന്നുകാരനായ കര്‍ദിനാള്‍ സംഘത്തിന്റെ ഡീനു പകരം കോണ്‍ക്ലേവില്‍ നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുക. ഫ്രാന്‍സിസ് പാപ്പാ 2013-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച പരോളിന്, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ദൗത്യങ്ങളുടെ മുഖ്യകാര്യദര്‍ശിയും പാപ്പായുടെ മുഖ്യ ഉപദേഷ്ടാവും സഭയുടെ കേന്ദ്ര ഭരണസംവിധാനമായ റോമന്‍ കൂരിയായുടെ മേധാവിയുമായി ശുശ്രൂഷ ചെയ്തു. ഫ്രാന്‍സിസ് പാപ്പായുടെ സമാധാനദൗത്യങ്ങളിലും, മെത്രാന് നിയമനത്തിന്റെ കാര്യത്തില്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും വിയറ്റ്നാം ഭരണകൂടവുമായി ധാരണയുണ്ടാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച, ലോകരാഷ് ട്രങ്ങളുടെ ആദരവ് സമ്പാദിച്ചിട്ടുള്ള ഉന്നത നയതന്ത്രജ്ഞനും മിതവാദിയുമാണ്.
‘ഏഷ്യന്‍ ഫ്രാന്‍സിസ്’ എന്ന് അറിയപ്പെടുന്ന ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ഗോക്കിം ടാഗ്ളെ (67) സുവിശേഷവത്കരണത്തിനായുള്ള റോമന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ടായി സേവനം ചെയ്തുവരികയായിരുന്നു. റോമന്‍ കൂരിയാ കാര്യാലയത്തിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ഫിലിപ്പീനോ കര്‍ദിനാളാണ് അദ്ദേഹം. പുരോഹിതന്മാര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ഹൊസെ സാഞ്ചെസ് ആയിരുന്ന ആദ്യത്തെത്തെയാള്. സാര്‍വത്രിക സഭയുടെ സാമൂഹികസേവന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ഏജന്‍സിയായ കാരിത്താസ് ഇന്തര്നാസിയൊണാലിസിന്റെ പ്രസിഡന്റായി 2015 മുതല്‍ 2022 വരെ സേവനം ചെയ്ത കര്‍ദിനാള്‍ ടാഗ്ളെ ഉള്‍പ്പെടെ കാരിത്താസിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നവരെ ഒറ്റയടിക്ക് ഫ്രാന്‍സിസ് പാപ്പാ 2022 നവംബറില്‍ മാറ്റി പുനഃസംഘടന നടത്തുകയുണ്ടായി. കാരിത്താസിന്റെ ദൈനംദിന ഭരണനിര്‍വഹണചുമതല വഹിച്ചുവന്നത് അല്മായനായ സെക്രട്ടറി ജനറലാണ്. 2020-ല്‍ ഫ്രാന്‍സിസ് പാപ്പാ ടാഗ്ളെയെ ഏറ്റവും ഉയര്‍ന്ന മെത്രാന് ശ്രേണിയിലുള്ള കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. ദരിദ്രര്‍ക്ക് മുന്‍ഗണന നല്കുന്ന അജപാലന ശുശ്രൂഷയിലും കാരുണ്യത്തില്‍ അധിഷ്ഠിതമായ സഭാപ്രബോധന വ്യാഖ്യാനത്തിലും സാമൂഹിക വിഷയങ്ങളിലും കുടിയേറ്റക്കാരോടും പാര്‍ശ്വവത്കൃതരോടുമുള്ള ആഭിമുഖ്യത്തിലും ഫ്രാന്‍സിസിന്റെ പിന്തുടര്ച്ചക്കാരനായാണ് കര്‍ദിനാള്‍ ടാഗ്ളെ വിശേഷിപ്പിക്കപ്പെടുന്നത്. ഫിലിപ്പീന്‍സില്‍ നിന്ന് മൂന്ന് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ കോണ്‍ക്ലേവിലുണ്ട്.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ 2003-ല്‍ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തിയ ആദ്യ ഗാനക്കാരന്‍ പീറ്റര്‍ കൊഡ് വൊ ആപ്പിയാ ടര്‍ക്സണ്‍ (76), 1500 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പായാകുമെന്ന് പ്രവചിക്കുന്നവരുണ്ട്. ആഫ്രിക്കയിലെ ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിലെ കിന്‍ഷാസായില്‍ ഏഴുവര്‍ഷമായി ആര്‍ച്ച്ബിഷപ്പായി ശുശ്രൂഷ ചെയ്യുന്ന ഫ്രിഡോളിന്‍ അംബോംഗോ ബെസുംഗു (65), ആഫ്രിക്കയിലെ ഗിനിയിലെ കര്‍ദിനാള്‍ റോബര്‍ട്ട് സെറാ (79) എന്നിവരും കത്തോലിക്കാ സഭ ഉജ്വലമായ രീതിയില്‍ വളരുകയും ഇന്ന് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാവുകയും ചെയ്യുന്ന ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്നുള്ള ‘പാപ്പാബിലെ’ പട്ടികയിലെ ശ്രദ്ധേയരായ താരങ്ങളാണ്.
ഹംഗറിയിലെ ബൂഡാപെസ്റ്റ് ആര്‍ച്ച്ബിഷപ് എഴുപത്തൊന്നുകാരനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ ‘ജോണ്‍ പോള്‍ രണ്ടാമനോട് സദൃശനായ’ അജപാലകനായാണ് അറിയപ്പെടുന്നത്. സോവിയറ്റ് കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന് കീഴില്‍ ഹംഗറിയില്‍ കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം യാഥാസ്ഥിതികര്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ സിനഡാലിറ്റിയെ പിന്തുണയ്ക്കുന്നവര്‍ക്കും ആഫ്രിക്കന്‍ മെത്രാന്മാര്ക്കും സ്വീകാര്യനാണ്. ലാറ്റിന്‍ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന് പ്രസിഡന്റായി സേവനം ചെയ്ത, പെറുവില്‍ മിഷനറിയും മെത്രാനുമായിരുന്ന, മെത്രാന്മാരുടെ ഡികാസ്റ്ററി പ്രീഫെക്ടായി രണ്ടുവര്‍ഷം മുന്‍പ് നിയമിതനായ അമേരിക്കക്കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ (69) ‘വ്യത്യസ്ത ലോകങ്ങളെ’ തമ്മില്‍ ബന്ധിപ്പിക്കാന്‍ പറ്റിയ പേപ്പല്‍ സ്ഥാനാര്‍ഥിയായി കാണുന്നവരുണ്ട്.
യുക്രെയ്നില്‍ സമാധാന ദൗത്യത്തിനായി ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച പ്രതിനിധി എന്ന നിലയില്‍ റഷ്യയും ചൈനയും യുഎസും യുക്രെയ്നും സന്ദര്‍ശിച്ച, ഇറ്റാലിയന്‍ മെത്രാന്മാരുടെ കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ മത്തെയോ സുപ്പി (69), പോര്‍ച്ചുഗലില്‍ നിന്നുള്ള ജൊസെ ടൊലെന്റീനോ കലാസ ദെ മെന്‍ഡോന്‍സ (59), മാള്‍ട്ടയിലെ കര്‍ദിനാള്‍ മാരിയോ ഗ്രെക്ക് (68), ജറൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെര്ബത്തിസ്ത പിത്സബല്ല (60) എന്നിങ്ങനെ പല പ്രമുഖ കര്‍ദിനാള്‍മാരുടെയും പേരുകള്‍ ‘പാപ്പാബിലെ’ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് നാല് ഇലക്തോര്‍മാര്‍ കോണ്‍ക്ലേവില്‍ പ്രവേശിക്കുന്നുണ്ട്: മലയാളികളായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസും (64), കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടും (51), സിസിബിഐ പ്രസിഡന്റും ഗോവ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഫിലിപെ നേരി ഫെറാവോയും (72), ഹൈദരാബാദ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ആന്റണി പൂലയും (63).
കോണ്‍ക്ലേവിലെ പാപ്പാബിലെ സാധ്യതാപട്ടികയെ സംബന്ധിച്ച സംവാദങ്ങളില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒരു ഇറ്റാലിയന്‍ ചൊല്ലുണ്ട്: പാപ്പായായി കോണ്‍ക്ലേവില്‍ പ്രവേശിക്കുന്നയാള്‍ കര്‍ദിനാളായി മടങ്ങും!