കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓർമ്മത്തിരി തെളിയിച്ചു പ്രാർഥനാഞ്ജലി നടത്തി. കണ്ണൂർ കാൽടെക്സ് ജംക്ഷനിലെ ഗാന്ധി സർക്കിളിൽ നടന്ന അനുസ്മരണ പ്രാർഥനകൾക്ക് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല നേതൃത്വം നൽകി.
കാരുണ്യത്തിന്റെ ഒരു പുതിയ അദ്ധ്യായം ലോകത്തിന് മുൻപിൽ തുറന്ന് തന്ന പാപ്പ, പാവപ്പെട്ടവരെയും, രോഗികളേയും, കുടിയേറ്റക്കാരേയും സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്ന എല്ലാവരിലും യേശു ദർശനം ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ഈ കാലഘട്ടത്തിലെ ജീവിച്ചിരുന്ന മറ്റൊരു ക്രീസ്തുവായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ബിഷപ് അനുസ്മരിച്ചു.
മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുൻപിൽ മെഴുക് തിരി കത്തിച്ച് കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥനാഞ്ജലിയിൽ പങ്കെടുത്തത്.
കൂടാതെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹൽഗാമിൽ ഭീകരവാദികൾ വധിച്ച 26 വിനോദസഞ്ചാരികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ. എൽ.സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, ഡയറക്ടർ ഫാ മാർട്ടിൻ രായപ്പൻ , ഉർസുലൈൻ പ്രോവിൻഷ്യൽ സൂപ്പരിയർ സിസ്റ്റർ വിനയ യു .എം ഐ , കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലി , ജോൺ ബാബു, ബോബി ചാലിൽ , ജോയ്സി മേനേസസ് , കെ.എച്ച് ജോൺ, റിനേഷ് ആൻ്റണി, ലെസ്ലി ഫെർണാണ്ടസ്, എലിസബത്ത് കുന്നേത്ത്, ജെറി പൗലോസ് , റീജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.