വത്തിക്കാൻ: വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന പ്രാർത്ഥനാച്ചടങ്ങോടെ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടും. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും.
വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചതനുസരിച്ച്, ചടങ്ങുകളിൽ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ, കർദ്ദിനാൾമാരായ റോജർ മൈക്കിൾ മഹോണി, ഡൊമിനിക് മമ്പേർത്തി, പത്രോസിന്റെ ബസലിക്കയുടെ അർച്ച്പ്രീസ്റ് മൗറോ ഗമ്പെത്തി, എന്നിവർ പങ്കെടുക്കും.
ഇവരെക്കൂടാതെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, റോം രൂപതയുടെ വികാർ ജനറൽ ആയ കർദ്ദിനാൾ ബാൾദസാരെ റെയ്ന, കാരുണ്യപ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ഡിക്കസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി, സബ്സ്റ്റിട്യൂട് ആർച്ച്ബിഷപ് പെഞ്ഞ പാറ, അസിസ്റ്റന്റ് കാമറലെങ്കോ ആർച്ച്ബിഷപ് ഇൽസൺ ദേ ഹെസൂസ് മോന്തേനാരി, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ് ആർച്ച്ബിഷപ് ലെയൊനാർദോ സപിയെൻസ, വത്തിക്കാൻ ചാപ്റ്ററിന്റെ കാനോനിക്കോകൾ, പരിശുദ്ധ പിതാവിന്റെ സെക്രെട്ടറിമാരായിരുന്ന വൈദികർ തുടങ്ങിയവരും, മാസ്റ്റർ ഓഫ് സെറിമണി ആർച്ച്ബിഷപ് ദിയേഗോ റവേല്ലി അനുവദിക്കുന്നവരും സന്നിഹിതരായിരിക്കും.