ജെക്കോബി
സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ, കര്‍ദിനാള്‍ ഇലക്തോര്മാരുടെ ശ്രദ്ധാകേന്ദ്രമായത് വോട്ടെടുപ്പിന്റെ തലേന്ന് അദ്ദേഹം പങ്കുവച്ച ഹ്രസ്വസന്ദേശത്തിലൂടെയാണെന്ന് ഹവാനയിലെ കര്‍ദിനാള്‍ ജെയ്മി ഒര്‍ത്തേഗാ അലമീനോ അനുസ്മരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാങ്മയത്തിലെ ഒരു പ്രതീകം ഫ്രാന്‍സിസിന്റെ പൊന്തിഫിക്കല്‍ വാഴ്ചയുടെ രൂപകങ്ങളിലൊന്നായി മാറി. ”വെളിപാടിന്റെ പുസ്തകത്തില്‍ യേശു പറയുന്നുണ്ട്, അവന് വാതില്ക്കല് വന്നു മുട്ടിവിളിക്കുന്നുവെന്ന്. വെളിയില്‍ നിന്ന് അകത്തുകടക്കാനായി മുട്ടുന്നുവെന്നാണ് തിരുവചനത്തില്‍ പറയുന്നത്. എന്നാല്‍, യേശു അകത്തുനിന്ന് മുട്ടിവിളിക്കുന്ന ചിത്രമാണ് എന്റെ മനസില്‍ തെളിയുന്നത്. നമ്മള് യേശുവിനെ പുറത്തുകടക്കാന്‍ അനുവദിക്കണം.” ബഹുതല ‘ചട്ടക്കൂട്ടില്‍ അടച്ചിട്ടിരുന്ന’ യേശുവിന് പുറത്തേക്കു കടക്കുന്നതിന് വാതില്‍ തുറന്നിടുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.
സാമീപ്യം, അനുകമ്പ, ആര്‍ദ്രത – ദൈവികസാന്നിധ്യത്തിന്റെ ഈ മൂര്ത്തഭാവങ്ങളും അടയാളങ്ങളും കൊണ്ട് ലോകത്തോട് സംവദിച്ച അദ്ദേഹം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ക്രൈസ്തവ കമ്യൂണിക്കേറ്ററായിരുന്നു.
ലോകമെമ്പാടുമുള്ള ആളുകളുടെ ഭാഷ സംസാരിക്കാനും പലരെയും അവരുടെ വിശ്വാസത്തിലേക്ക് വീണ്ടും ബന്ധിപ്പിക്കാനുമുള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്.
ബെനഡിക്റ്റ് പാപ്പായെ എണ്‍പത്തഞ്ചാം വയസില്‍ സ്ഥാനത്യാഗത്തിനു പ്രേരിപ്പിച്ച അനിയന്ത്രിതമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കത്തോലിക്കാ സഭയുടെ കേന്ദ്രഭരണസംവിധാനമായ റോമന്‍ കൂരിയ സമഗ്രമായി പുനഃസംഘടിപ്പിക്കുക, സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായ ലൈംഗികാതിക്രമങ്ങള്‍, അധികാരദുര്‍വിനിയോഗം, കുറ്റക്കാരെ സംരക്ഷിക്കല്‍ എന്നിവയുടെ പേരില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സഭ നേരിട്ട അസ്തിത്വപ്രതിസന്ധിക്ക് പരിഹാരം കാണുക എന്നീ പ്രധാന ദൗത്യങ്ങളാണ് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ വത്തിക്കാനില്‍ നിന്ന് 7,000 മൈല്‍ അകലെ അര്‍ജന്റീനയില്‍ നിന്നു വന്ന എഴുപത്താറുകാരനായ ജസ്യുറ്റ് പാപ്പായെ ഭരമേല്പിക്കാന് ശ്രമിച്ചത്.
ദരിദ്രരെയും ‘പ്രാന്തപ്രദേശങ്ങളിലെ’ തിരസ്കൃതരെയും ശുശ്രൂഷിക്കുക എന്ന സുവിശേഷദൗത്യത്തിനാണ് ഫ്രാന്‍സിസ് പാപ്പാ മുന്‍ഗണന നല്‍കിയത്. യുദ്ധഭൂമിയിലെ മനുഷ്യരെ ശുശ്രൂഷിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍ പോലെയാകണം സഭയെന്നും, മുറിവേറ്റ, തകര്‍ക്കപ്പെട്ട ലോകത്തിന് സദ് വാര്‍ത്തയാകണം സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ”കാരുണ്യം നമ്മള് ശ്വസിക്കുന്ന പ്രാണവായുവാണ്, അതില്ലാതെ ജീവിക്കാനാവില്ല,” ദരിദ്രരെ സുവിശേഷ ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. എല്ലാവരോടും കരുണ കാണിക്കുക, യുദ്ധങ്ങള്‍ക്ക് അറുതിവരുത്തുക, ദുരിതത്തിലാണ്ടവര്ക്കെല്ലാം ദൈവത്തിന്റെ സാമീപ്യം അനുഭവവേദ്യമാക്കുക, മാനവസാഹോദര്യത്തില് എല്ലാവരെയും ഒരുമിപ്പിക്കുക – ഇതായിരുന്നു പ്രബോധനങ്ങളുടെ കാതല്‍. അനീതിയും ആര്‍ത്തിയും സ്വാര്‍ഥതയും അഹങ്കാരവും മൂലമാണ് ലോകത്തില്‍ ദുരിതങ്ങള്‍ പെരുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുക എന്നതിന് അര്‍ഥം, ആഗോളതലത്തിലുള്ള അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക, ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്നതുമാണ്. ”ഇന്നത്തെ ലോകം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളില്‍, ‘യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു’ എന്ന ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പായ്ക്ക് ഉത്തരമുണ്ട്:” 2013-ല്‍ ‘ടൈം’ മാസിക ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി ഫ്രാന്‍സിസ് പാപ്പായെ തിരഞ്ഞെടുത്തതിനെക്കുറിച്ച് അതിന്റെ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്സ് കുറിച്ചു.
ഇഗ്നേഷ്യന്‍ ആധ്യാത്മികതയും ഫ്രാന്‍സിസ്കന്‍ ജീവിതശൈലിയും ഫ്രാന്‍സിസ് പാപ്പായുടെ ദര്‍ശനത്തിന്റെ അന്തര്‍ധാരകളാണ്. 1521-ല്‍ പാംപ്ലോനയിലെ യുദ്ധത്തില്‍ ഒരു പീരങ്കിയുണ്ട കൊണ്ട് കാലിന്റെ അസ്ഥികള്‍ തകര്‍ന്ന് സ്പെയ്ന്‍കാരനായ സൈനികന്, ലൊയോളയിലെ ഇഗ്നേഷ്യസ്, ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ വായിക്കാന്‍ റൊമാന്റിക് കഥകള്‍ കിട്ടാതെ ഒടുവില്‍, ലുഡോള്‍ഫ് ലുഡ് വിഗ് എന്ന കാര്‍ത്തൂസിയന്‍ സന്ന്യാസി രചിച്ച ‘ക്രിസ്തുവിന്റെ ജീവിതകഥ’യും ‘വിശുദ്ധ സൂനങ്ങള്‍’ എന്ന മറ്റൊരു സ്പാനിഷ് പുസ്തകവും വായിച്ചുതീര്‍ത്തപ്പോള്‍ പറഞ്ഞുവത്രെ: ”എനിക്ക് ഫ്രാന്‍സിസിനെ പോലുള്ള ഒരു വിശുദ്ധനാകണം.”
മുപ്പത്താറാം വയസില്‍ അര്‍ജന്റീന-ഉറുഗ്വായ് ജസ്യുറ്റ് പ്രോവിന്സിന്റെ സുപ്പീരിയറായി നിയമിക്കപ്പെട്ട ചരിത്രമുള്ള ബെര്‍ഗോളിയോ 2013-ല്‍ റോമിലെ പരിശുദ്ധ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, 800 വര്‍ഷം മുന്‍പ് തന്റെ കുടുംബസ്വത്തും വസ്ത്രങ്ങളും പാവങ്ങള്‍ക്കു വിതരണം ചെയ്ത്, പ്രകൃതിയില്‍ ലയിച്ച്, ദാരിദ്ര്യത്തില്‍ ദരിദ്രര്‍ക്കൊപ്പം ജീവിക്കുകയും വിശുദ്ധനാട്ടിലെ യുദ്ധഭൂമിയില്‍ സമാധാനദൂതുമായി പോവുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേര് സ്വീകരിച്ചതിലൂടെ തന്റെ പൊന്തിഫിക്കേറ്റിന്റെ സവിശേഷ നിയോഗം വെളിപ്പെടുത്തുകയായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ രണ്ട് ചാക്രികലേഖനങ്ങള്‍ ആരംഭിക്കുന്നത് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകളില്‍ നിന്നാണ്: ലൗദാത്തോ സി, ഫ്രത്തേല്ലി തൂത്തി എന്നിവ. ഫ്രാന്‍സിസ് അസീസിയുടെ ഒരു സ്തുതിഗീതത്തില്‍ നിന്നാരംഭിക്കുന്ന ‘ലൗദാത്തോ സി’ നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ‘ഫ്രത്തേല്ലി തൂത്തി’ സാമൂഹികക്രമത്തിന്റെ പൊതുനന്മയ്ക്കായി സഭയിലെ അംഗങ്ങളെല്ലാവരും മതാന്തര സംവാദവും സമാധാനവും വളര്‍ത്തുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.
പേപ്പല്വാഴ്ചയിലെ പരമ്പരാഗതമായ ആഡംബരപൊലിമകള് ഉപേക്ഷിച്ച് എളിമയും ലാളിത്യവും പുല്‍കിയാണ് ഫ്രാന്‍സിസ് പാപ്പാ ജീവിച്ചത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ വിശാലമായ പേപ്പല്‍ അപ്പാര്‍ട്ടുമെന്റില്‍ കയറാതെ, കാസാ സാന്താ മാര്‍ത്താ എന്ന വത്തിക്കാന്‍ ഗെസ്റ്റ്ഹൗസിലെ രണ്ടാം നിലയിലെ ഇരട്ടമുറി സ്വീറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചത് ‘മനഃശാസ്ത്രപരമായ’ കാരണങ്ങള്‍ കൊണ്ടാണെന്ന് പാപ്പാ വിശദീകരിച്ചിരുന്നു – മനുഷ്യരുമായി അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യമാകണം പ്രഥമ കാരണം. ബൂനോസ് ഐറിസിലെ മെത്രാപ്പോലീത്തയും കര്‍ദിനാളുമായിരുന്ന കാലത്ത് ആര്‍ച്ച്ബിഷപ്പിന്റെ അരമനയില്‍ താമസിക്കാതെ, കത്തീഡ്രലിനടുത്തായി അതിരൂപതാ കൂരിയാ കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ സ്വയം പാചകംചെയ്ത് കഴിഞ്ഞയാളാണ് അദ്ദേഹം. അരമനയിലെ കാറും ഷോഫറും പരിവാരങ്ങളുമൊന്നുമില്ലാതെ നഗരപ്രാന്തത്തിലെ ‘ബിഷാ മിസെരിയ’ ചേരികളിലൂടെ നടന്നും, പൊതുട്രാന്‍സ്പോര്‍ട്ട് ബസിലും അണ്ടര്‍ഗ്രൗണ്ട് മെട്രോയിലും സഞ്ചരിച്ചും പാവപ്പെട്ടവര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത അജപാലകന്. അവിടെ പെസഹായ്ക്ക് എയ്ഡ്സ് രോഗികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും മറ്റും പാദങ്ങള്‍ അദ്ദേഹം കഴുകി. ആഗോള ദാരിദ്ര്യത്തിനും അസമത്വത്തിനും അനീതിക്കുമെതിരെ ബെര്‍ഗോളിയോ നഗരത്തിലെ പ്ലാസാ ദെ ലാ കോണ്സ്റ്റിറ്റിയൂസിയോന് മൈതാനത്ത് വര്‍ഷംതോറും ദിവ്യബലിയര്‍പ്പിച്ചുകൊണ്ട്, ‘തകര്‍ന്ന, മുറിവേറ്റ മനുഷ്യരെക്കുറിച്ച്’ സംസാരിച്ചിരുന്നു.
2013-ലെ പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്, റോമിലെ സാന്താ മരിയാ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ ‘സാലുസ് പോപ്പുലി റൊമാനി’ എന്നു വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ സവിധത്തില്‍ പ്രാര്‍ഥിക്കാന്‍ പോയ ഫ്രാന്‍സിസ് പാപ്പാ, അവിടെ ഈശോസഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള പ്രഥമ കുര്‍ബാനയര്‍പ്പിച്ച അള്‍ത്താരയ്ക്കു മുമ്പിലും, വിശുദ്ധ പീയൂസ് അഞ്ചാമന് എന്ന ഡോമിനിക്കന്‍ പാപ്പായുടെ കബറിടത്തിലും ധ്യാനത്തില്‍ മുഴുകിനിന്നു. റോമന്‍ കൂരിയയുടെ പരിഷ്കര്‍ത്താവ് എന്ന് അറിയപ്പെട്ട പാപ്പായാണ് പീയൂസ് അഞ്ചാമന്. പൊന്തിഫിക്കല്‍ സ്ഥാനാരോഹണത്തിനു പതിവുള്ള ആര്‍ഭാടങ്ങളെല്ലാം വെടിഞ്ഞ് അതിന്റെ പണമെല്ലാം പാവപ്പെട്ടവര്‍ക്കു നല്കാന് അദ്ദേഹം കല്പിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ മാര്‍ബിള്‍ നിലത്ത് നഗ്നപാദനായി നടക്കുകയും റോമിലെ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ പ്രത്യേക താല്പര്യം കാണിക്കുകയും ചെയ്ത പാപ്പായാണ് പീയൂസ്. അദ്ദേഹം ദരിദ്രരുടെ പാദങ്ങള്‍ കഴുകി, രോഗികളെ പരിചരിച്ചു. ആ ചരിത്രത്തില്‍ കണ്ണിചേരുകയായിരുന്നു ഫ്രാന്‍സിസ് പാപ്പായും.
സ്ഥാനാരോഹണം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക യാത്ര ഇറ്റലിയുടെ തെക്കേ അറ്റത്ത് മെഡിറ്ററേനിയന്‍ കടലിലെ ലാംപെദൂസ ദ്വീപിലേക്കായിരുന്നു. യൂറോപ്പ് എന്ന സ്വപ്നഭൂമിയിലെത്തിച്ചേരാനുള്ള സാഹസികയാത്രയില്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളും കുടിയേറ്റക്കാരും എന്നും ദുരന്തങ്ങള്‍ക്ക് ഇരകളാകുന്ന തീരം. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളില്‍ വ്യാപകമായ രാഷ് ട്രീയ ചേരിതിരിവിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയ അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തിന്റെ വിഷമസന്ധിയില്‍, മതവും വര്‍ണവും നോക്കാതെ മനുഷ്യത്വത്തെപ്രതി കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ യൂറോപ്യന്‍ യൂണിയന് സന്നദ്ധമാകണമെന്നാണ്, ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ക്കിടയില്‍ ഇറ്റലിയിലെ പീഡ്മോണ്ടില് നിന്ന് അര്‍ജന്റീനയിലേക്കു കുടിയേറിയ തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അപ്പന്റെയും അനുഭവകഥകള്‍ വിവരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തത്. ഇസ് ലാമിനെതിരായ യൂറോപ്യന്‍ സ്വത്വബോധത്തിന്റെ ഗാരന്റര്‍ ആയി കത്തോലിക്കാ സഭയെ പുനരാഖ്യാനം ചെയ്യുന്ന ഒരു രാഷ് ട്രീയ രീതിശാസ്ത്രം ഉരുത്തിരിയുന്നുണ്ടായിരുന്നു. സഭയിലെ വലതുപക്ഷ രാഷ് ട്രീയക്കാരുടെയും ദൈവശാസ്ത്രപരമായ യാഥാസ്ഥിതികരുടെയും ഒരു സഖ്യം രൂപംകൊണ്ടിരുന്നു.
തന്റെ അവസാനത്തെ ഈസ്റ്റര്‍ സന്ദേശത്തിലും, ഗാസയിലും യുക്രെയ്നിലും മറ്റു സംഘര്‍ഷമേഖലകളിലും കൊടിയ യാതനകള്‍ അനുഭവിക്കുന്ന മനുഷ്യരെ തന്റെ ആത്മീയ സാമീപ്യം അറിയിച്ചുകൊണ്ട്, വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കുമായി ആഹ്വാനം ചെയ്യുന്നുണ്ട് ഫ്രാന്‍സിസ് പാപ്പാ. 2015-ല്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ് ലിം സെലെക വിമതരും ‘ബലാകാ-വിരുദ്ധ’ ക്രൈസ്തവ സായുധസംഘങ്ങളും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ സുരക്ഷാഭീഷണികളെ അവഗണിച്ച് തലസ്ഥാന നഗരമായ ബാംഗ്വയില് ക്രൈസ്തവ സായുധ സംഘങ്ങള്‍ ഉപരോധം തീര്‍ത്തിരുന്ന മുസ് ലിം മേഖലയായ കൗദോകൗ മുസ് ലിം മോസ്ക്കിലേക്കു കടന്നുചെന്ന് ഇമാമിനോടും കൂട്ടരോടും സംസാരിക്കുകയും, തുടര്‍ന്ന് ഇമാമിനെ ബാംഗ്വയി ആര്ച്ച്ബിഷപ്പിനോടൊപ്പം പോപ്മൊബീലില്‍ കയറ്റി നഗരവീഥിയിലൂടെ ആനയിച്ചതും വത്തിക്കാന്‍ നയതന്ത്ര ചരിത്രത്തിലെ പുതുമ നിറഞ്ഞ അധ്യായമാണ്.
ഇസ് ലാമിക ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ അപ്പസ്തോലിക യാത്രകളില്‍ ഫ്രാന്‍സിസ് പാപ്പാ മുന്‍ഗണന നല്കി. 2019-ല്‍ അറേബ്യന്‍ ഉപദ്വീപ് ആദ്യമായി ഒരു പാപ്പായെ ദര്‍ശിച്ചു. അബുദാബിയില്‍ വച്ച് ഈജിപ്തിലെ അല്‍ അസ്ഹറിലെ വലിയ ഇമാം ഷെയ്ഖ് അഹമ്മദ് എല്‍ തയ്യെബും ഫ്രാന്‍സിസ് പാപ്പായും മാനവസാഹോദര്യത്തിന്റെ ഉടമ്പടിയില്‍ ഒപ്പുവച്ചു. യഹൂദരും ക്രൈസ്തവരും മുസ് ലിംകളും ഗോത്രപിതാവായി അംഗീകരിക്കുന്ന അബ്രഹാമിന്റെ നാമധേയത്തില്‍ അബുദാബിയില്‍ ഒരു ക്രൈസ്തവ ദേവാലയവും ഒരു സിനഗോഗും ഒരു മുസ് ലിം പള്ളിയും ഉള്‍ക്കൊള്ളുന്ന അബ്രഹാമിക് ഫാമിലി ഹൗസ് സമുച്ചയം രൂപംകൊള്ളുന്നത് ആ അപ്പസ്തോലിക യാത്രയില്‍ നിന്നാണ്. 2021 മാര്‍ച്ചിലെ ഇറാഖ് സന്ദര്‍ശനത്തില്‍, നജാഫില്‍ ഇറാഖിലെ ഷിയാ മുസ് ലിംകളുടെ ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 2024-ല്‍ ജക്കാര്‍ത്തയിലെ ഇശ്തിഖ്ലാല് മോസ്ക്കില്‍ പാപ്പായും ഇമാം നസ്രുദ്ദീന്‍ ഉമറും മാനവരാശിക്കായുള്ള മതസൗഹാര്‍ദ ഉടമ്പടി ഒപ്പുവച്ചു.
ഈജിപ്തിലെ ചുണ്ണാമ്പുകല്ലിന്റെ ഭീമാകാരമായ സ്ഫിങ്ക്സ് പ്രതിമ, പല്ലുകുത്തികൊണ്ട് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് റോമന്‍ കൂരിയാ പരിഷ്കരണമെന്ന് പാപ്പാ തമാശയായി പറഞ്ഞിരുന്നുവെങ്കിലും, ‘പ്രെദിക്കാത്തെ എവാങ്ഗേലിയും’ എന്ന അപ്പസ്തോലിക ഭരണഘടനയിലൂടെ പരിശുദ്ധ സിംഹാസനത്തിലെ കേന്ദ്രഭരണസംവിധാനത്തില് അല്മായര്ക്കും വനിതകള്‍ക്കും അധികാരപങ്കാളിത്തത്തിന് വഴിതുറന്നു. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ – സന്ന്യാസ സമൂഹങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ – പ്രീഫെക്ടായി ആദ്യമായി ഒരു വനിതയെ നിയമിച്ചു: സിസ്റ്റര്‍ സിമോണെ ബ്രാംബീല്ലയെ. ആ സിസ്റ്ററുടെ ഡപ്യൂട്ടി ഒരു കര്‍ദിനാളാണ്! വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറായി ആദ്യമായി ഒരു വനിതയെ നിയമിച്ചു – സിസ്റ്റര്‍ റഫായെല്ല പെത്രീനിയെ. ഇന്നത്തെ സഭയ്ക്ക് വേണ്ടത് എന്താണെന്ന് ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള കത്തോലിക്കരോടെല്ലാം ചോദിച്ചറിയാനും സഭാജീവിതത്തിന്റെ സമസ്ത തലങ്ങളും നവീകരിക്കാനുള്ള സംവാദങ്ങള്‍ക്കുമായി മൂന്നു വര്‍ഷം നീണ്ട സിനഡല്‍ പ്രക്രിയ ആരംഭിക്കുകയും 2023, 2024 വര്‍ഷങ്ങളിലായി വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്റെ ജനറല്‍ അസംബ്ലി നടത്തുകയും ചെയ്തത് സഭാചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ആശയസംവാദമാണ്.
ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ചേരുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 135 കര്‍ദിനാള്‍ ഇലക്തോര്മാരില് 108 പേര് (80 ശതമാനം) ഫ്രാന്‍സിസ് പാപ്പാ നിയമിച്ചവരാണ്.
2013-ലെ കോണ്‍ക്ലേവില്‍ വോട്ടുചെയ്ത കര്‍ദിനാള്‍മാരില്‍ പകുതിയിലേറെപ്പേര്‍ യൂറോപ്പില്‍ നിന്നായിരുന്നു. വരുന്ന കോണ്‍ക്ലേവില്‍ യൂറോപ്യന്‍ കര്‍ദിനാള്‍മാര്‍ 30.3 ശതമാനമായി കുറയും – ഇറ്റലിയില്‍ നിന്നുള്ള 17 പേര് ഉള്‍പ്പെടെ 53 പേര്. ഏഷ്യയില്‍ നിന്ന് 23 പേരും ആഫ്രിക്കയില്‍ നിന്ന് 18 പേരും ലാറ്റിനമേരിക്കയില്‍ നിന്ന് 20 പേരും വടക്കേ അമേരിക്കയില്‍ നിന്ന് 20 പേരുമാണ് ഇപ്പോഴത്തെ കര്‍ദിനാള്‍ ഇലക് തോര്മാര്. ഫ്രാന്‍സിസ് പാപ്പാ തുടങ്ങിവച്ച സഭാ നവീകരണ പ്രക്രിയ തുടരേണ്ടതുണ്ട്. അതിന് ധന്യമായ ആ ഓര്‍മകള്‍ അനുഗ്രഹമാകട്ടെ.