ജെക്കോബി
ഉര്‍ദുവില്‍ ‘പ്രത്യാശ’ എന്ന് അര്‍ഥമുള്ള ‘ഉമ്മീദ്’ (UMEED) യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ് ട്രപതി ഒപ്പുവച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. മതസ്വാതന്ത്ര്യം, നിയമത്തിനു മുന്നില്‍ തുല്യത എന്നിങ്ങനെ ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള മൗലികാവകാശങ്ങള്‍ക്കെതിരാണ് ഉമ്മീദ് നിയമം എന്നതിനാല്‍ അതു നടപ്പാക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് രാജ്യത്തെ മുസ് ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും മറ്റും സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളില്‍ ഒന്‍പതെണ്ണം അടുത്തയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കു ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി മോദി മൂന്നാമൂഴത്തില്‍ രാജ്യത്തെ മുസ് ലിം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘ചരിത്രപ്രധാനമായ നിയമപരിഷ്കാരം’ വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനും സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും മാത്രമല്ല, നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വഴിതുറക്കുകയാണ്.
വഖഫ് ഭേദഗതി നിയമം പാസായാലുടന്‍ മുനമ്പത്തെ ഭൂമിപ്രശ്നത്തിനു ശാശ്വത പരിഹാരമാകും എന്ന പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്ത്തിയവരുടെ ആഘോഷത്തിമിര്‍പ്പിനിടെ, പ്രശ്നപരിഹാരത്തിനുള്ള പോംവഴികള്‍ കണ്ടിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ നിയമനിര്‍മാണം നടത്തുമെന്നും കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍, മുനമ്പത്ത് ‘നിയമാനുസൃതം താമസിക്കുന്നവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ആവശ്യമായ വസ്തുതാന്വേഷണം നടത്താന്‍’ കഴിഞ്ഞ നവംബറില്‍ നിയമിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവും, മുനമ്പം വഖഫ് കേസില്‍ കക്ഷിചേരാന്‍ മുനമ്പം നിവാസികള്‍ക്ക് അനുമതി നല്കിയ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവും, ഉമ്മീദ് നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ക്കുവേണ്ടി കാത്തിരിക്കാതെതന്നെ പൂര്വനിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന ജുഡീഷ്യറിയുടെ വിലയിരുത്തലിന്റെ പ്രതിഫലനമാണ്. കമ്മിഷന് നിയമനം അസാധുവാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഉമ്മീദ് നിയമം വന്നതിനാല്‍ കമ്മിഷനു പ്രസക്തിയില്ല എന്നൊന്നും കോടതി നിരീക്ഷിക്കുന്നില്ല.
ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്റെ കാലാവധി മേയ് 27 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിക്കുകയും മൊഴിയും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ മാധ്യമങ്ങളോടു പറഞ്ഞത്. കൊച്ചി താലൂക്കിലെ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ 18 സര്‍വേ നമ്പറുകളിലെ 404 ഏക്കര്‍ ഭൂമി കേരള വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി 2019-ല്‍ വഖഫിന്റെ ആസ്തിവിവരപട്ടികയില് ചേര്‍ക്കുകയും, അവിടത്തെ താമസക്കാരില്‍ നിന്ന് കരം വാങ്ങുകയോ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ക്രയവിക്രയം അനുവദിക്കുകയോ ചെയ്യരുതെന്ന് വഖഫ് ബോര്‍ഡ് സിഇഒ 2022 ജനുവരിയില്‍ കൊച്ചി തഹസില്‍ദാര്‍ക്ക് കത്തെഴുതുകയും ചെയ്തതിനെ തുടര്‍ന്ന്, മുനമ്പം കടപ്പുറത്ത് തലമുറകളായി താമസിച്ചുവന്ന മത്സ്യത്തൊഴിലാളി കുടിയാന്മാരുടെ അനന്തരാവകാശികളും, 1989 – 1993 കാലത്ത് കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റില്‍നിന്നു തീറാധാരപ്രകാരം സ്ഥലം വാങ്ങി സ്വന്തമാക്കി കൈവശം വച്ച് കരമടച്ചുവന്നവരും ക്രയവിക്രയത്തിലൂടെ വസ്തുവിന് അവകാശികളായവരും ഉള്‍പ്പെടെയുള്ള യഥാര്‍ഥ ഭൂവുടമകളുടെ റവന്യൂ അവകാശങ്ങള്‍ അന്യായമായി നിഷേധിക്കപ്പെട്ടതാണ് മുനമ്പം കടപ്പുറത്തെ വേളാങ്കണ്ണിമാതാ ഇടവകയിലെ 400 ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധി.
കോഴിക്കോട് റൗളത്തുല്‍ ഉലൂം അറബിക് കോളജിനു സമാന്തരമായി സെക്യുലര്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഫാറൂഖ് കോളജിന് മട്ടാഞ്ചേരിയിലെ മുഹമ്മദ് സിദ്ദിഖ് സേഠ് 1950 നവംബര്‍ ഒന്നിന്, ചില ഉപാധികളോടെ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റായിരുന്ന ഖാന് ബഹാദൂര്‍ പി.കെ ഉണ്ണികമ്മു സാഹബിന് ‘ഇഷ്ടദാനമായി’ നല്‍കിയതാണ് അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പറവൂര്‍ താലൂക്ക് വടക്കേക്കര വില്ലേജില്‍പെട്ട മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി. വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി എം.എ. നിസാര്‍ കമ്മിറ്റിയാണ് മുനമ്പം ഭൂമി വഖഫാണെന്ന്, ബന്ധപ്പെട്ടവരില്‍ നിന്നു മൊഴിയെടുക്കുകയോ വസ്തു സര്‍വേ നടത്തുകയോ ഒന്നും ചെയ്യാതെ ഏകപക്ഷീയമായി 2009 ഒക് ടോബറില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. 2010 മേയില്‍ മന്ത്രിസഭ ആ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവിറക്കി. അതിനെ ആധാരമാക്കിയാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചത്. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച ജി.ഒ റദ്ദാക്കുന്നതിന് മറ്റൊരു അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വേണമെന്നാകും പിണറായി സര്‍ക്കാരിനു കിട്ടിയ നിയമോപദേശം. മുനമ്പത്ത് 25 സെന്റ് മുതല്‍ 1.75 ഏക്കര്‍ വരെ വസ്തുവുള്ള 212 കൈവശക്കാരുണ്ടെന്നാണ് ഒരു കോടതിരേഖയില്‍ കാണുന്നത്. യഥാര്‍ഥ ഭൂവുടമകളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ രേഖകളില്ലാത്ത ‘കൈയേറ്റക്കാര്‍’ ഉണ്ടെങ്കില്‍ അവരുടെ കാര്യവും നോക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍തന്നെയാണ്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് മാനേജ്മെന്റ് സമര്‍പ്പിച്ചിട്ടുള്ള കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ചെയര്മാന് ജില്ലാ ജഡ്ജി രാജന് തട്ടിലിന്റെ നേതൃത്വത്തില്‍ വാദം കേള്‍ക്കല്‍ തുടരുന്നു. വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിനെതിരെ കേസില്‍ കക്ഷിചേര്‍ന്ന മുനമ്പം നിവാസികളുടെ വാദം ട്രൈബ്യൂണല്‍ ആദ്യമായി കേള്‍ക്കുകയാണ്. ഇതിനിടെ, ഫാറൂഖ് കോളജിന് ഭൂമി നല്കിയ ‘വാഖിഫ്’ സിദ്ദീഖ് സേഠിന്റെ മകള്‍ സുബൈദയുടെ രണ്ടു മക്കള്‍ ട്രൈബ്യൂണലിനു മുന്‍പാകെ, മുനമ്പത്തെ ഭൂമി വഖഫല്ല എന്ന നിലപാടിലേക്കു മാറിയത് കേസിലെ നിര്‍ണായകമായ ഒരു വഴിത്തിരിവാണ്. പുതിയ ഉമ്മീദ് നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാകും രണ്ടു മാസത്തിനകം കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയെന്നും കേള്‍ക്കുന്നു.
മുനമ്പത്തെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉറപ്പിക്കുന്നതിന് ആധാരമായ 1995-ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകള്‍ എടുത്തുകാട്ടി, പൗരരുടെ സ്വത്തവകാശത്തിന്മേല്‍ കൈകടത്താനായി അത്തരം വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയണമെന്നും മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകാനും വേണ്ട നിയമവ്യവസ്ഥ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി അധ്യക്ഷന്‍ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, സിബിസിഐ അധ്യക്ഷന്‍ സീറോ മലബാര്‍ സഭയുടെ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍, വഖഫ് ഭേദഗതി ബില്ല് പുനഃപരിശോധിക്കാന്‍ ചുമതലപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) അയച്ച നിവേദനങ്ങള്‍ ആദ്യം ദേശീയശ്രദ്ധയിലേക്കു കൊണ്ടുവന്ന കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, ജെപിസിയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും കെസിബിസിയും സിബിസിഐയും ഈ വിഷയത്തില്‍ ഇറക്കിയ പ്രസ്താവനകള്‍ അനുസ്മരിച്ചുകൊണ്ട്, മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്നം’ ഹൈലൈറ്റ് ചെയ്യുകയുണ്ടായി.
655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. മുന്‍കാല പ്രാബല്യമില്ലാത്തതാണ് 2025-ലെ വഖഫ് ഭേദഗതി നിയമം എന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രി റിജിജുവും ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് മുനമ്പം പ്രദേശം ഉള്‍പ്പെടുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് ചര്‍ച്ചയ്ക്കിടെ എടുത്തുചോദിക്കുന്നുണ്ട്. അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതായിരുന്നു.
‘നിയമാനുസരണം രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റുകള്‍ക്കോ (അത് എന്തു പേരിലായാലും) ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി ബോഡിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ധര്മ്മസ്ഥാപനങ്ങള്ക്കോ ഒരു മുസ്ലിം നടത്തുന്ന സമര്‍പ്പണത്തിന് – അത് വഖഫിനു സമാനമായിരുന്നാല്‍ പോലും – വഖഫ് നിയമം അതിനു ബാധകമായിരിക്കുന്നതല്ല’ എന്ന് ബില്ലില്‍ ജെപിസി കൂട്ടിച്ചേര്‍ത്ത ‘സെക് ഷന് 2എ’ ആണ് മുനമ്പത്തിനു ബാധകമായ പ്രതിവിധിയെന്ന് പല വ്യാഖ്യാതാക്കളും പറയുന്നുണ്ട്. വഖഫ് നിയമത്തില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇസ്മായിലി ശിയാ ഉപവിഭാഗത്തില്‍പെട്ട ദാവൂദി ബോഹ്റാ സമുദായം (അഞ്ജുമന് എ ശിയാത്തെ അല്‍ ബോഹ്റാ) ജെപിസിക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ സമുദായത്തിന്റെ വസ്തുവകകളുടെയെല്ലാം ഏക ട്രസ്റ്റി, അല്‍ ദായി അല്‍ മുതലക് എന്ന ഇമാമിന്റെ പ്രതിനിധി സൈയദ്നാ മുഫ്ദ്ദല് സൈഫുദ്ദീന് ആണെന്നും തങ്ങളുടെ വസ്തുവകകളുടെ മുന്തസിമീനെ (മാനേജര്‍) വഖഫ് നിയമത്തിന്റെ കീഴിലാക്കുന്നത് തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് അവര്‍ ബോധിപ്പിച്ചത്. ബോഹ്റകളുടെ ട്രസ്റ്റുകളെ വഖഫ് നിയമപരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് സെക് ഷന് 2എ കൊണ്ടുവന്നിരിക്കുന്നത് എന്ന ഒരു ആഖ്യാനമുണ്ട്. അതേസമയം, ദാവൂദി ബോഹ്റകള്ക്കും ആഗാഖാനി വിഭാഗക്കാര്‍ക്കുമായി പ്രത്യേക വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും ഉമ്മീദ് നിയമത്തില്‍ പറയുന്നുണ്ട്. ഖ്വാജാ മുഈനുദ്ദീന് ചിശ്തി എന്ന സൂഫിവര്യന്റെ കബറിടം സ്ഥിതിചെയ്യുന്ന അജ്മീര്‍ ശരീഫ് ദര്‍ഗ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്റ്റാറ്റിയൂട്ടറി സംഘടനയായ അഞ്ജുമന് ഖാദിംസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ധര്മ്മസ്ഥാപനങ്ങള്ക്കാണ് സെക് ഷന് 2എ ബാധകമാകുക എന്നും വ്യാഖ്യാനമുണ്ട്. ഫാറൂഖ് കോളജിന് ഇത് എങ്ങനെ ബാധകമാകുമെന്നു കണ്ടെത്താന്‍ ഉമ്മീദ് റൂള്‍സിന്റെ വിജ്ഞാപനം വരണം. 2019-ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ അഞ്ചുവര്‍ഷമെടുത്തു എന്നോര്‍ക്കുക!
വഖഫ് ബോര്‍ഡുകള്‍ മതപരമായ കാര്യങ്ങള്ക്കായുള്ളതല്ല, ആസ്തികളുടെ ലാഭകരമായ വിനിയോഗം ഉറപ്പുവരുത്തേണ്ട സ്റ്റാറ്റിയൂട്ടറി സംവിധാനമാകയാല്‍ അവയില്‍ അമുസ് ലിംകളുടെ സാന്നിധ്യമുണ്ടാകുന്നത് കൂടുതല്‍ സുതാര്യതയ്ക്കു സഹായകമാകുമെന്നാണ് മന്ത്രി റിജിജു വാദിക്കുന്നത്. സിദ്ധാര്‍ഥ ഗൗതമനു ബോധോദയം ഉണ്ടായ ബോധിവൃക്ഷമുള്ള ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി മഹാവിഹാരം ലോകത്തിലെ ബുദ്ധമതക്കാരുടെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ്. അവിടെ ഒന്‍പതംഗ ഭരണസമിതിയില്‍ അഞ്ചുപേര്‍ ബ്രാഹ്മണരാണ്. ബുദ്ധമതവിശ്വാസത്തിനു വിരുദ്ധമായി മഹാവിഹാരത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വ്യാഖ്യാനിച്ച് ഹൈന്ദവ പൂജ നടത്തുകയും ചെയ്യുന്നവരെ പുറത്താക്കി സമുച്ചയത്തിന്റെ മേല്‍നോട്ടച്ചുമതല ബുദ്ധമതക്കാര്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച മഹാബോധി മുക്തി ആന്ദോളന് സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്. ബുദ്ധമതക്കാരനായ മന്ത്രി റിജിജുവിന് സ്വന്തം ന്യൂനപക്ഷ സമുദായത്തിന്റെ കാര്യത്തിലല്ല വേവലാതി – രാജ്യത്തെ പാവപ്പെട്ട മുസ് ലിം സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട പസ്മന്ത വിഭാഗക്കാരുടെയും താല്പര്യം സംരക്ഷിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഒരു മുസ് ലിം മന്ത്രി പോയിട്ട്, ആ വിഭാഗത്തിലെ ഒരു എംപി പോലുമില്ലാത്ത ചരിത്രസംയോഗത്തിലാണല്ലോ രാജ്യമിപ്പോള്‍.
ഉമ്മീദിന്റെ ശരിയായ നിയ്യത്ത് പിടികിട്ടാതെ ആശയകുഴപ്പത്തിലായവര് പലയിടത്തുമുണ്ട്. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കണമെന്ന് ഒഡീഷയില്‍ നിന്നുള്ള ഏഴ് ബിജു ജനതാദള്‍ എംപിമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ വോട്ടെടുപ്പിന്റെ രാവില്‍ പാര്‍ട്ടി വിപ്പിനു പകരം മനസ്സാക്ഷി വോട്ട് എന്ന സന്ദേശം എവിടെയോ നിന്നോ വന്നു. ബിജെഡി സഭാകക്ഷി നേതാവും പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ കന്ധമാലില്‍ നിന്നുള്ള ക്രൈസ്തവ എംപി സസ്മിത് പാത്രാ ഉമ്മീദിന് അനുകൂലമായി വോട്ടു ചെയ്തു. സിബിസിഐയുടെ ആഹ്വാനം ചെവിക്കൊണ്ടാണ് താന്‍ ബില്ലിനെ പിന്താങ്ങിയതെന്ന് അദ്ദേഹം ഏറ്റുപറയുന്നുണ്ട്!
മുനമ്പം നിവാസികളെ കുടിയിറക്കരുതെന്നും, അവരുടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയെയും പിന്താങ്ങുമെന്നും മുസ് ലിം ലീഗ് സുപ്രീം കോടതിയില്‍ ഉമ്മീദ് നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ എടുത്തുപറയുന്നുണ്ട്. മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ് ലിം സാമുദായിക സംഘര്‍ഷ വിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് അതില്‍ നിന്ന് രാഷ് ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ്. കേരളത്തിന്റെ മലയോര കുടിയേറ്റ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായതുപോലെ തീരപ്രദേശത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന ഉമ്മീദില്‍ ഊറ്റംകൊള്ളുന്നവര്‍ പുതുമഴയിലെ ഈയാമ്പാറ്റകളെപോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാന്‍ എത്രകാലം വേണം!