ജോസഫ് ജൂഡ്
ലോകസഭയും രാജ്യസഭയും അംഗീകരിച്ച വഖഫ് നിയമ ഭേദഗതികൾ രാഷ്ട്രപതി ഒപ്പുചാർത്തുന്നതോടെ രാജ്യത്തെ നിയമമാകും.
പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാലും അവയ്ക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരത്തിന് സഹായകമാവില്ല എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ സംയുക്ത പാർലമെന്ററി സമിതിയാണ് ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്.
മുസ്ലിം സമുദായത്തിലെ വളരെ ചെറിയ വിഭാഗമായ ദാവൂദി ബോറ സമൂഹം അജ്മീറിലെ കജ്വ സാഹബിന്റെ ദർഹയ്ക്കു നൽകിയിട്ടുള്ളതു പോലെ അവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച സംയുക്ത പാർലമെന്റ് സമിതി നിയമത്തിൽ രണ്ടാം വകുപ്പിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട നിർദ്ദേശം കൂട്ടി ചേർക്കുന്നതിന് നിർദ്ദേശിച്ചത്.
വഖഫിന് സമാനമായ ഉദ്ദേശങ്ങൾക്കായി പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലൊ, പൊതു കരുണയുമായി (public charities) ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായോ ഒരു മുസ്ലിം ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ ബാധകമാകാതെ തന്നെ ഈ നിയമം രൂപപ്പെടുന്നതിനു മുൻപോ ശേഷമോ രൂപം നല്കുന്ന ട്രസ്റ്റുകൾക്ക് ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാവുന്നതല്ല എന്നതാണ് ഈ കൂട്ടി ചേർക്കൽ.
ഈ കുട്ടിചേർക്കൽ (insertion) നിയമത്തിലെ രണ്ടാം വകുപ്പിലാണ്. അതായത് ഈ നിയമത്തിന്റെ പ്രയോഗ സാധ്യത വ്യക്തമാക്കുന്ന ഭാഗത്താണ്. അജ്മീറിലെ ദർഹയ്ക്ക് ഈ നിയമം ഒഴിവാക്കപ്പെടുന്നു എന്നത് പോലെ വഖഫ് സ്വീകരിക്കുന്ന നിയമാനുസൃത ട്രസ്റ്റുകളും സൊസൈറ്റികളും . ഇവിടെ മുൻ കാല പ്രാബല്യം പ്രസക്തമല്ല. കാരണം ഈ നിയമത്തിന്റെ പ്രയോഗ സാധ്യതയിൽ നിന്നു തന്നെ വഖഫ് സ്വീകരിക്കുന്ന ട്രസ്റ്റുകൾ ഒഴിവാക്കപ്പെടുന്നു.
അതായത് 1948ൽ രൂപം നല്കിയ ഫറൂഖ് കോളെജിന്റെ ഉടമസ്ഥതയുള്ള ട്രസ്റ്റിന് വഖഫ് നിയമത്തിൽ നിന്നും ഒഴിവാക്കപ്പെടും. അതുവഴി ഫറൂഖ് കോളെജിന് ലഭ്യമായ സ്വത്തുവകകളും വഖഫ് നിയമ പരിധിയിൽ നിന്നും ഒഴിവാക്കപ്പെടും.
എന്നാൽ സ്വഭാവികമായി മുനമ്പം നിവാസികൾക്ക് തങ്ങളുടെ അവകാശം തിരികെ ലഭിക്കുമോ എന്ന് അറിയേണ്ടിയിരിക്കുന്നു.
ഫറൂഖ് കോളെജും മുനമ്പം നിവാസികളും കോടതി നടപടികൾ ഇതിനായി സ്വീകരിക്കേണ്ടിവരും. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരെ ഫറൂഖ് കോളെജ് വഖഫ് ട്രീബ്യൂണലിൽ നല്കിയിട്ടുള്ള അപ്പിൽ പരിഗണിച്ചു വരികയാണ്. ട്രീബ്യൂണലിൽ ഈ പുതിയ സാഹചര്യം അവതരിപ്പിച്ചു പരിഹാരം കണ്ടെത്താനും കേസ് അവസാനിപ്പിക്കാനും കഴിയും.