തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല് സ്ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികള്‍ പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്ക്കാരത്തിനെത്തിയത്.
സംസ്ഥാനത്ത് തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ഇന്നലെ മാസപ്പിറവി കണ്ടു. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവര്‍ ഇന്നലെ അറിയിച്ചിരുന്നു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്ര് ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫിലെങ്ങും നടന്നത്.