ജെക്കോബി
ജനാധിപത്യലോകത്തെ ഏറ്റവും ബൃഹത്തായ തിരഞ്ഞെടുപ്പ് നടത്തുന്നതിനു കേളികേട്ട ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന് കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന് കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്നമൊന്നും കൂടാതെ ചുമതലയേറ്റു. അവരുടെ സ്ഥാനാരോഹണത്തിന്റെ ശുഭദിനത്തില്‍ യാതൊരു ഇടപെടലിനും മുതിരാതെ പരമോന്നത കോടതി ആ ഹര്‍ജികള്‍ ഹോളിയാഘോഷം കഴിഞ്ഞ് അടുത്ത മാസം ‘മുന്‍ഗണന’ നല്കി പരിഗണിക്കാനായി മാറ്റിവയ്ക്കുകയാണുണ്ടായത്. ഇതാണ് നിയമജ്ഞരില്‍ നിന്ന് നമ്മള് കേള്‍ക്കാറുള്ള ‘ഫെയ്റ്റ് അക്കംപ്ലി’ – സംഭവിച്ചതു സംഭവിച്ചു!
”സ്വാതന്ത്ര്യതീക്ഷ്ണതയോടെ, നിര്‍ഭയം, നിഷ്പക്ഷമായി” തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്, എക്സിക്യുട്ടീവിന്റെ ‘പെരുവിരലിന് കീഴിലാകരുത്’ എന്നാണ് ബാബാസാഹബ് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ 289-ാം ആര്‍ട്ടിക്കിളിന്റെ കരട് അവതരിപ്പിച്ചുകൊണ്ട് നിഷ്കര്‍ഷിച്ചത്. അതാണ് ഇന്ത്യന്‍ ഭരണഘടനയുടെ 324-ാം വകുപ്പായത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനുള്ള ജനാധിപത്യ റിപ്പബ്ലിക്കിന്റെ പരമപ്രധാന പ്രമാണസാരം. അംബേദ്കര്‍ നിര്‍ദേശിച്ചതുപ്രകാരം ഭരണകര്‍ത്താക്കളുടെ ഇടപെടലുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സംരക്ഷിക്കാനും കമ്മിഷന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും പാര്‍ലമെന്റ് പ്രത്യേക നിയമനിര്‍മാണം നടത്താത്ത സാഹചര്യത്തിലാണ് 2023 മാര്‍ച്ച് രണ്ടിന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, അനൂപ് ബറണ്വാള് കേസില്‍ ഏകകണ്ഠമായി, പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയുടെ ശുപാര്ശയിന്മേല് വേണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം രാഷ് ട്രപതി നടത്തേണ്ടത് എന്നു വിധിച്ചത്. എക്സിക്യുട്ടീവിന്റെ ‘കുത്തകയോ അമിതാധികാരമോ’ ഉപയോഗിച്ച് തീരുമാനിക്കേണ്ടതല്ല സിഇസിയുടെ നിയമനമെന്നും, ഇലക് ഷന് കമ്മിഷന്റെ ‘സ്വാതന്ത്ര്യതീക്ഷ്ണതയും നിഷ്പക്ഷതയും സത്യസന്ധതയും’ കാത്തുരക്ഷിക്കേണ്ടതുണ്ടെന്നുമാണ് അതില്‍ അസന്ദിഗ്ധമായി പറഞ്ഞത്.
സുപ്രീം കോടതിയുടെ നിര്‍ദേശം മാനിച്ചുകൊണ്ടുള്ള നിയമനിര്‍മാണം എന്ന ആമുഖത്തോടെ കേന്ദ്ര നീതിന്യായമന്ത്രി അര്ജുന് രാം മേഘ് വാള് അക്കൊല്ലംതന്നെ ഡിസംബറില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച് ‘ഹ്രസ്വചര്‍ച്ചയ്ക്കുശേഷം’ പാസാക്കിയെടുത്ത 2023-ലെ ‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ (നിയമനം, സര്‍വീസ് വ്യവസ്ഥകള്‍, കാലാവധി) നിയമം,’ സിലക് ഷന് കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ എടുത്തുകളഞ്ഞു! ഒരു ജുഡീഷ്യല്‍ അംഗം ഉണ്ടെങ്കിലേ സിലക് ഷന് കമ്മിറ്റി നിഷ്പക്ഷമാകൂ എന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു നിയമമന്ത്രിയുടെ വ്യംഗോക്തി. പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിക്കുന്ന ഒരു കേന്ദ്രമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവും (അല്ലെങ്കില്‍ മുഖ്യപ്രതിപക്ഷകക്ഷിയുടെ നേതാവ്) ഉള്‍പ്പെടുന്ന സമിതിയാണ് ഈ നിയമപ്രകാരം ഇലക് ഷന് കമ്മിഷന് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. മോദിയും അമിത് ഷായും എന്തു തീരുമാനിക്കുന്നുവോ അതാകും ഈ 2:1 അനുപാതത്തിലെ ഭൂരിപക്ഷ തീരുമാനമെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം! പ്രതിപക്ഷ നേതാവിന്റെ എതിര്വോട്ടിന് ഒരു മൂല്യവുമില്ല. നീതിന്യായമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ രണ്ടു സെക്രട്ടറിമാര്‍ കൂടി ഉള്‍പ്പെടുന്ന സര്‍ച്ച് കമ്മിറ്റി അഞ്ചു പേരുകള്‍ നിര്‍ദേശിക്കും. അതില്‍ നിന്നോ, വേണമെങ്കില്‍ പുറത്തുനിന്നോ ആരെ വേണമെങ്കിലും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ മന്ത്രിക്കും തിരഞ്ഞെടുക്കാം. എക്സിക്യുട്ടീവിന്റെ ആധിപത്യത്തില്‍ നിന്ന് ഇതില്പരം മുക്തനായ സ്വതന്ത്ര സിഇസി ഉണ്ടാകാനുണ്ടോ!
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിന്റെ രൂപത്തിലും ഉള്ളടക്കത്തിലും നിന്നും തികച്ചും വ്യത്യസ്തമായ ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി നിയമിക്കപ്പെടുന്ന ചീഫ് ഇലക് ഷന് കമ്മിഷണറാണ് 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന, ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശി ഗ്യാനേഷ് കുമാര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സുഖ്ബീര്‍ സിങ് സന്ധുവിനോടൊപ്പം ഗ്യാനേഷ് കുമാര്‍ ആദ്യം നിയമിതനായതും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്സഭയില്‍ കോണ്‍ഗ്രസ് കക്ഷിനേതാവായിരുന്ന അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയുടെ നിര്‍ദേശപ്രകാരമാണ്. അന്ന് സിലക് ഷന് കമ്മിറ്റിക്കു സമര്‍പ്പിക്കപ്പെട്ട ആറുപേരുടെ ചുരുക്കപ്പട്ടിക തനിക്കു ലഭിച്ചത് യോഗം ചേരുന്നതിന് പത്തു മിനിറ്റു മുന്‍പാണ് എന്ന കാരണത്താല്‍ വിയോജനക്കുറിപ്പ് നല്കി വോട്ടു ചെയ്യാതെ ചൗധരി മടങ്ങിപ്പോവുകയായിരുന്നു. ഇക്കുറി രാഹുല്‍ ഗാന്ധി, സിലക് ഷന് കമ്മിറ്റി നടപടിക്രമത്തില്‍ തന്റെ പേരു ചേര്‍ക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചുകൊണ്ട് നല്കിയ വിയോജനക്കുറിപ്പില്‍, സുപ്രീം കോടതി സിഇസി നിയമനം സംബന്ധിച്ച കേസ് 48 മണിക്കൂറിനകം കേള്‍ക്കുമെന്നിരിക്കെ ഇത്ര തിടുക്കത്തില്‍ നിയമനം നടത്തുന്നത് തികഞ്ഞ മര്യാദകേടും അപമാനിക്കലുമാണെന്നും, ഇലക് ഷന് കമ്മിഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിവച്ച മാര്‍ഗരേഖയ്ക്ക് കടകവിരുദ്ധമാണിതെന്നും കുറിച്ചുകൊടുത്തിട്ടാണ് വെറുതെയിരുന്നത്. നാമനിര്‍ദേശത്തില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്കിയത്രെ.
തിരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങളുടെ നിയമനം സംബന്ധിച്ച പുതിയ നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനെടുക്കുന്നതിനു തൊട്ടുമുന്‍പാണ് ഗ്യാനേഷ് കുമാറിന്റെയും എസ്.എസ് സന്ധുവിന്റെയും നിയമനം മോദി സര്‍ക്കാര്‍ ഇതുപോലെ തിടുക്കത്തില്‍ നടത്തിയത്. 2024 മാര്‍ച്ചില്‍ സുപ്രീം കോടതി പുതിയ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മിച്ചു; ഗ്യാനേഷ് കുമാറിന്റെയും സന്ധുവിന്റെയും നിയമനം മരവിപ്പിക്കാനുള്ള അപേക്ഷ തള്ളുകയും ചെയ്തു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറി പദത്തില്‍ നിന്ന് 2022 നവംബറില്‍ വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിറ്റേന്ന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ട അരുണ്‍ ഗോയലിന്റെ നിയമനം നടക്കുമ്പോഴും കോടതിയില്‍ ഇതുപോലെ കേസ് വാദം നടക്കുന്നുണ്ടായിരുന്നു. കമ്മിഷനില്‍ മൂന്നുവര്‍ഷം കൂടി കാലാവധിയുള്ളപ്പോള്‍, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ഒരാഴ്ച മുന്‍പ് ദുരൂഹസാഹചര്യത്തില്‍ രാജിവച്ച ഗോയല്‍, ആറുമാസം കഴിഞ്ഞ് ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായതും തീര്‍ത്തും അദ്ഭുതകരമായിരുന്നു. അതിനു മുന്‍പ്, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ പ്രസിഡന്റായിരുന്ന അമിത് ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിട്ട് നല്കിയ സിഇസി സുനില്‍ അറോരയുടെ തീരുമാനത്തോട് വിയോജിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അശോക് ലവാസ രാജിവച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ‘വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട്’ ആദായനികുതി വകുപ്പ് നോട്ടീസും മറ്റു നടപടികളുമുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റായി പോയത്.
ലവാസയുടെ ഒഴിവിലേക്ക് അടിയന്തരമായി 2020 സെപ്റ്റംബറില്‍ കമ്മിഷനിലേക്ക് ബിഹാര്‍-ഝാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ നിയമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കൊവിഡ് മഹാമാരിക്കാലത്ത് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയത്. 2022 മേയില്‍ സിഇസി പദവി ഏറ്റെടുത്ത രാജീവ് കുമാര്‍ 31 അസംബ്ലി തിരഞ്ഞെടുപ്പുകളുടെയും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും രാഷ് ട്രപതിയുടെയും ഉപരാഷ് ട്രപതിയുടെയും തിരഞ്ഞെടുപ്പിന്റെയും മേല്‍നോട്ടം വഹിച്ച് സ്ഥാനമൊഴിയും മുന്‍പുതന്നെ സിഇസി, ഇസി നിയമനം സംബന്ധിച്ച 2023-ലെ നിയമത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാകുമെന്ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് സൂര്യ കാന്തിന്റെയും ജസ്റ്റിസ് എന്‍.കെ സിങ്ങിന്റെയും ബെഞ്ച്, അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായിരുന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും മറ്റ് ഹര്‍ജിക്കാര്‍ക്കും ഉറപ്പുനല്‍കിയിരുന്നതാണ്. പാര്‍ലമെന്റിലെ ഒരു നിയമനിര്‍മാണത്തിലൂടെ, ഭരണഘടനയുടെ 141-ാം ആര്‍ട്ടിക്കിള്‍ പ്രകാരം പരമോന്നത കോടതിക്കുള്ള അധികാരം മറികടക്കാനോ അതില്‍ വെള്ളംചേര്ക്കാനോ കഴിയുമോ – 2023ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സാധിക്കുമോ – എന്നതാണ് ഈ കേസിലെ മര്‍മ്മപ്രധാനമായ ചോദ്യമെന്ന് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിക്കുകയുണ്ടായി. ഒടുവില്‍, പുതിയ സിഇസി ചുമതലയേല്‍ക്കുന്ന ദിനത്തില്‍ സുപ്രീം കോടതി രജിസ്റ്ററില്‍ 41-ാം ഇനമായി കിടന്നിരുന്ന കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ തള്ളി, കേസിന്റെ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് മോദി സര്‍ക്കാരിന്റെ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും, കോടതി ഹ്രസ്വമായി ഹര്‍ജിക്കാരെ കേള്‍ക്കാന്‍ തയാറായി. പക്ഷേ, വിശദമായി വാദത്തിനായി മാര്‍ച്ച് 19ലേക്കു കേസ് മാറ്റി. ഇങ്ങനെ ‘ഫെയ്റ്റ് അക്കംപ്ലി’ പരമ്പര അനന്തമായി തുടരാം.
കൊച്ചി കോര്പറേഷന് കമ്മിഷണറും ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ചെയര്‍മാനും എറണാകുളം ജില്ലാ കലക്ടറും മറ്റുമായിരുന്ന ഗ്യാനേഷ് കുമാര്‍ ഏറ്റവുമൊടുവില്‍ അഞ്ചുവര്‍ഷം അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയത്തിലും സഹകരണമന്ത്രാലയത്തിലുമായി ചെലവഴിച്ചതിലൂടെ ബിജെപി ഭരണകൂടത്തിലെ ബ്യൂറോക്രാറ്റുകളില്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ എത്രത്തോളം വര്‍ധിച്ചു എന്നതിനു തെളിവാണ്, ആഭ്യന്തരമന്ത്രാലയത്തില്‍ കശ്മീര്‍ ഡിവിഷന് ജോയിന്റ് സെക്രട്ടിയായിരിക്കെ 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ആ സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാനുമുള്ള ബില്ല് തയാറാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും, തൊട്ടടുത്ത വര്‍ഷം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിന്റെയും രാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് രൂപീകരണത്തിന്റെയും രേഖകള്‍ അദ്ദേഹം കൈകാര്യം ചെയ്തതും. ഈ വര്‍ഷം ബിഹാറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അടുത്തവര്‍ഷം കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാണ് നിയന്ത്രിക്കുക. 20 അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്കു മേല്‍നോട്ടം വഹിച്ചും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പു നടത്തിയും 2029 ജനുവരി 26 വരെ സിഇസിയായി അദ്ദേഹത്തിനു തുടരാനാകും – നിയമനത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടുന്നില്ലെങ്കില്‍.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് മോദിക്കും അമിത് ഷായ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഉയര്‍ന്ന പരാതികള്‍ക്ക് വ്യത്യസ്ത അനുപാതത്തില്‍ അവരുടെ പാര്‍ട്ടി അധ്യക്ഷന്മാര്ക്ക് നോട്ടീസ് നല്കിയതു മുതല്‍, ഹരിയാണ, മഹാരാഷ് ട്ര, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇലക് ട്രോണിക് വോട്ടിങ് മെഷീന് തിരിമറി, പോളിങ് ഷെഡ്യൂള്‍ മാറ്റം, പോളിങ് ഡേറ്റയിലെ കൃത്രിമം, വോട്ടര്‍പട്ടികയില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലും വെട്ടിമാറ്റലും എന്നിങ്ങനെ കോടതിയില്‍ തെളിയിക്കാന്‍ പറ്റാത്ത പലവിധ ആരോപണങ്ങളില്‍ വരെ പലപ്പോഴും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് തികഞ്ഞ അവജ്ഞ കാട്ടുകയോ ശത്രുതാപരമായ രീതിയില്‍ അവരോട് ഏറ്റുമുട്ടുകയോ ചെയ്ത രാജീവ് കുമാറിന്റെ വാഴ്ച ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിഛായയും വിശ്വാസ്യതയും നിഷ്പക്ഷതയും പലവിധത്തില്‍ കളങ്കപ്പെട്ട ഒരു കാലഘട്ടമാണ്. രാജ്യത്തെ വോട്ടര്‍മാരുടെയും പ്രതിപക്ഷത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കലാകും അടുത്ത നാലുവര്‍ഷം സിഇസി എന്ന നിലയില്‍ ഗ്യാനേഷ് കുമാറിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഒരു മണ്ഡലത്തിലെ എല്ലാ ഇവിഎമ്മുകളിലെയും വോട്ടുകള്‍ ഒറ്റയടിക്ക് കൂട്ടിയെടുക്കുന്ന ടോട്ടലൈസര്‍ മെഷീന്, കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കുമായുള്ള റിമോട്ട് വോട്ടിങ്, എഐ അധിഷ്ഠിത ഇ-വോട്ടിങ് തുടങ്ങിയ പരിഷ്കാരങ്ങളെക്കാള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് നൂറു ശതമാനം വിവിപാറ്റ് സംവിധാനമോ പഴയ ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുപോക്കോ ആണെങ്കിലോ!