ജെയിംസ് അഗസ്റ്റിന്
‘ഞാനും എനിക്കുള്ളതെല്ലാം
നിന്റെ ദാനങ്ങളല്ലോ മഹേശാ
ദേഹീദേഹങ്ങളെന് ജീവനും
നിന്റെ സ്നേഹസമ്മാനങ്ങളല്ലോ’
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ 1986ല്‍ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ പാപ്പാ, ഗായകസംഘത്തെ നോക്കി കുറെ നേരം നിര്‍ത്താതെ കയ്യടിച്ചു. ഗായകനും സംഗീതപ്രേമിയുമായ പാപ്പായ്ക്ക് അത്രയേറെ അന്നത്തെ ആ ഗാനാലാപനം ഇഷ്ടപ്പെട്ടു.
ഈ പാട്ടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സംഗീതസംവിധായകനായ ബേണി പി.ജെ. ആദ്യം പറഞ്ഞത് പോപ്പിന്റെ കയ്യടിയും അള്‍ത്താരയില്‍ നിന്നും ഗായകസംഘത്തിനു നല്കിയ ബ്ലെസ്സിങ്ങും ഇപ്പോഴും ജീവനുള്ള ഓര്‍മയാണെന്നാണ്.
കളമശ്ശേരിയില്‍ പാപ്പായുടെ ദിവ്യബലിയ്ക്കായി ഗാനങ്ങള്‍ ഒരുക്കുന്നതിനു സിഎസി കേന്ദ്രീകരിച്ചു ലിറ്റര്‍ജി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഫാ. ജോസഫ് മനക്കില്, ഫാ. മൈക്കിള്‍ പനക്കല്‍ എന്നിവരൊക്കെയായിരുന്നു മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിലെ ക്രിസ്തീയ ഭക്തിഗാനശാഖയിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെയും സംഗീതസംവിധായകരുടെയും സേവനം ഈ കമ്മിറ്റി ഏകോപിപ്പിച്ചു.
രണ്ടു കാഴ്ചവയ്പുഗാനങ്ങളാണ് പുതുതായി എഴുതിയത്. ഫാ. ജോസഫ് മനക്കില് എഴുതിയ ‘ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ’ എന്ന ഗാനത്തിന് സംഗീതം നല്കാന് അന്നത്തെ യുവസംഗീതസംവിധായകരായ ബേണി -ഇഗ്നേഷ്യസ് സഹോദരന്മാരെയാണ് കമ്മിറ്റി ചുമതലപ്പെടുത്തിയത്.
ദീപ്തമായ ആ ഓര്‍മകള്‍ ഇഗ്നേഷ്യസ് പങ്കു വയ്ക്കുന്നു;
‘സിഎസിയില്‍ നിന്നും വന്നപ്പോള്‍ ബേണി രണ്ടു പാട്ടുകളുടെ വരികള്‍ കൊണ്ടു വന്നു. വായിച്ചുനോക്കിയപ്പോള്‍ തന്നെ ‘ഞാനും എനിക്കുള്ളതെല്ലാം’ എന്ന് തുടങ്ങുന്ന രചനയാണ് നല്ലതെന്നു തോന്നി. വരികള്‍ പകര്‍ത്തിയെഴുതി മടക്കി പോക്കറ്റിലിട്ടു. ഇടയ്ക്കിടെ എടുത്തു വായിക്കും. മൂളി നോക്കും. എല്ലാവര്ക്കും പാടാന്‍ കഴിയുന്ന വിധം ലളിതമായിരിക്കണം എന്നൊരു ചിന്ത എപ്പോഴുമുണ്ടായിരുന്നു. ഒരുദിവസം മൂത്തമകനെ കയ്യിലെടുത്തു വീട്ടിലെ പ്രാര്ഥനാമുറിയില് നില്ക്കുമ്പോള് മൂളിയ ഈണമാണ് ഈ വരികളിലേക്കു ചേര്‍ക്കപ്പെട്ടത്. ബേണി വന്നയുടനെ ഞങ്ങള്‍ ഒരുമിച്ചു എല്ലാ വരികളും പൂര്‍ത്തിയാക്കി. ഹമ്മിങ് വേണമെന്ന് പറഞ്ഞതും ചേര്‍ത്തതും ബേണിയായിരുന്നു. സിഎസിയില്‍ വച്ചു ഗായകസംഘത്തെ ഈ ഗാനം പഠിപ്പിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞ ഒരനുഭവം ഉണ്ടായി. എന്നെ ഹര്‍മോണിയവും ലത്തീന്‍ പാട്ടും പഠിപ്പിച്ചത് കപ്പൂച്ചിന്‍ വൈദികനായിരുന്ന ഫാ. മാനുവല്‍ മെന്‍ഡസ് ആയിരുന്നു. എന്റെ ഗുരുവായ അദ്ദേഹം നൂറംഗ ഗായകസംഘത്തില്‍ ഞാന്‍ സംഗീതം നല്കിയ പാട്ട് പഠിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി. സന്തോഷത്തോടെ അദ്ദേഹം അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു. മനോഹരമായ ഗാനം. ഈ ഗാനം എന്നും ആലപിക്കപ്പെടും. ഇപ്പോഴും ഈ ഗാനം നമ്മുടെ ദിവ്യബലികളില്‍ പാടിക്കേള്‍ക്കുമ്പോള്‍ നന്ദിയല്ലാതെ എന്ത് പറയാനാകും?
അന്ന് സെന്റ്. ആല്‍ബര്‍ട്സ് കോളജില്‍ അധ്യാപകനാണ് ബേണി. സിഎസിയുടെ സമീപത്തായതു കൊണ്ട് ഇടയ്ക്കിടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്താന്‍ അദ്ദേഹത്തിനു സമയം കിട്ടും. അന്നത്തെ സംഭവങ്ങള്‍ ബേണിയുടെ ഓര്‍മകളിലൂടെ.
‘പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്യണമെന്ന് ലിറ്റര്‍ജി കമ്മിറ്റി തീരുമാനിച്ചു. പരിശീലനം തുടങ്ങുന്നതിനു മുന്‍പ് റെക്കോര്‍ഡിങ് ആരംഭിച്ചു. എം.ഇ. മാനുവല്‍ ആയിരുന്നു റെക്കോര്‍ഡിങിന്റെ ഏകോപനം നടത്തിയത്. ഞാനും അദ്ദേഹത്തെ സഹായിച്ചു. ഒരു ദിവസം കുറച്ചു സമയം വിശ്രമത്തിനായി കിട്ടിയപ്പോള്‍ തബല വായിക്കുന്ന മുറിയില്‍ ഒന്ന് മയങ്ങിയ എന്നെ വിളിച്ചുണര്‍ത്തി മാനുവല്‍ പറഞ്ഞു. നാളെ റെക്കോര്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ചിരുന്ന ‘ഞാനും എനിക്കുള്ളതെല്ലാം’എന്ന പാട്ട് ഇപ്പോള്‍ തന്നെ എടുക്കാം. വേഗം റെഡി ആകൂ. ഇഗ്നേഷ്യസ് ചേട്ടന് സ്ഥലത്തില്ല. ഓര്ക്കസ്ട്രേഷന് ചെയ്തിട്ടില്ല. ഇന്ന് രാത്രി ഓര്ക്കസ്ട്രേഷന് ചെയ്യാമെന്ന ധാരണയിലായിരുന്നു ഞങ്ങള്‍. പക്ഷെ സമയക്കുറവു മൂലം നാളത്തേക്ക് മാറ്റി വക്കാന്‍ പറ്റില്ല എന്നറിഞ്ഞപ്പോള്‍ അവിടെത്തന്നെയിരുന്നു തയ്യാറാക്കിയതാണ് ഈ പാട്ടിന്റെ ഓര്ക്കസ്ട്രേഷന്. ഗായകസംഘത്തെ ഞങ്ങള്‍ പാട്ടുകളൊക്കെ പഠിപ്പിച്ചു. അവസാന ദിവസങ്ങളില്‍ ജെറി അമല്‍ദേവ് ആ ചുമതല ഏറ്റെടുത്തു. ദിവ്യബലിയില്‍ ഗായകസംഘം പാടിയത് ജെറി മാസ്റ്ററുടെ കൈകളുടെ ചലനം നോക്കിയായിരുന്നു. അദ്ദേഹമായിരുന്നു ക്വയറിന്റെ ‘കണ്ടക്റ്റര്‍’. അന്നു കളമശ്ശേരിയിലെ വിശുദ്ധവേദിയില്‍ ഈ ഗാനം പാടിയപ്പോള്‍ ഗിറ്റാര്‍ വായിക്കാനും എനിക്കു ഭാഗ്യമുണ്ടായി.
ഈ ഗാനം എഴുതിയ മനക്കിലച്ചനും കീബോര്‍ഡ് വായിച്ച മാനുവേലും ലിപ്സണും ഇപ്പോള്‍ കൂടെയില്ല എന്നതു സങ്കടകരമാണ്. നാല്‍പ്പതു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഈ ഗാനം പാടിക്കേള്‍ക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു പോകും. ‘എല്ലാം നിന് ദാനങ്ങളല്ലോ’.
കേരളസഭയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഒരു ദിനമായിരുന്നു 1986 ഫെബ്രുവരി 7. ഗായകസംഘം തങ്ങളുടെ മികവ് കൊണ്ടും പരിശീലനം കൊണ്ടും പാപ്പായെപ്പോലും ഇഷ്ടക്കാരാക്കിയൊരു ദിനം. നമുക്ക് മനസ്സുകൊണ്ട് നമിക്കാം, നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാരെ.