സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളോട് നിരന്തരം പടവെട്ടി വിജയം വരിച്ച ഒരു വ്യാപാരിവ്യവസായി. ജീവിതത്തിന്റെ ഗതിവിഗതികളിലും വിധിവൈപര്യങ്ങളിലും തളരാതെ മുന്നേറിയ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു മനുഷ്യസ്നേഹി. അതായിരുന്നു ഈരശ്ശേരില്‍ ജോസ്. എ ടു ഇസഡ് ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജോസിനെ സംബന്ധിച്ച് ഈ വിശേഷണത്തിന്റെ മുഴുവന്‍ സത്തയും അലിഞ്ഞുചേര്‍ന്ന ജീവിതത്തിനുടമയായിരുന്നു. എ ടു സെഡ് ഗ്രൂപ്പ് ഓഫ് കണ്‍സേണ്‍സ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്മാന്, കെഎസ്ഐഡിസി ഡയറക്ടര്‍, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ മാനേജിങ് ട്രസ്റ്റി, വൈസ് പ്രസിഡന്റ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, കേരള ടൈംസ് പത്രത്തിന്റെ ചെയര്മാന്, കേരള സൈക്കിള്‍ പോളോ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2025 ജനുവരി 17ന് അന്തരിച്ചു. കൊച്ചി രൂപതയില്‍ ചെല്ലാനത്താണ് ജനനം. താമസം പിന്നീട് എറണാകുളത്തേക്കു മാറ്റി. വരാപ്പുഴ അതിരൂപത കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗമായിരുന്നു.
ഓര്‍മ്മകളില്‍ നിറയുന്ന A 2 Z എന്ന സ്നേഹ തണല്‍
ലൂയിസ് തണ്ണിക്കോട്ട്
ഈ ഭൂഗോള മുറിയുടെ വാതില്‍ തഴുതിട്ട് താക്കോല്‍ തിരിച്ചേല്‍പ്പിച്ച് ഇ.എസ് ജോസ് എന്ന A 2 Z ജോസേട്ടന് യാത്രയായി. നക്ഷത്രങ്ങള്‍ വെള്ളിവെളിച്ചം വിതറുന്ന നിത്യസമ്മാനത്തിന്റെ വിജയപീഠത്തിലേക്ക്. പ്രപഞ്ചനാഥന്റെ വലതുഭാഗത്തെ ഇരിപ്പിടത്തിലേക്ക്. മനസ്സില്‍ സംതൃപ്തി തരുന്ന പുഞ്ചിരിയായിരുന്നു ജോസേട്ടന്റെ മുഖമുദ്ര. ഒപ്പം പ്രോത്സാഹനം തരുന്ന പോസിറ്റീവ് എനര്‍ജിയും. അതിരുകളില്ലാത്ത സൗഹൃദത്തിന് ഉടമയായിരുന്ന ജോസേട്ടന് ലത്തീന്‍ സമുദായത്തിനും സഭയ്ക്കും എന്നും ഒരു തണല്‍ തന്നെയായിരുന്നു.
ചില അവസരങ്ങളില്‍ അദ്ദേഹത്തോട് ഒത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതിലൊന്നാണ് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) ന്റെ നേതൃത്വത്തില്‍ 1995 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലുവരെ ആറ് ദിവസങ്ങളിലായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയ യുവജന സമ്മേളനം. റീത്ത് വ്യത്യാസമില്ലാതെ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഏതാണ്ട് 1000 ഓളം യുവജനങ്ങള്‍ പങ്കെടുത്ത, സമാപന ദിനത്തില്‍ കേരളത്തിലെ ക്രൈസ്തവ യുവജനങ്ങളുടെ വിപുലമായ റാലിയോട് കൂടിയ ആ സമ്മേളനത്തിന്റെ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്നു ജോസേട്ടന്. ഏതു സമ്മേളനത്തിന്റെയും വിജയത്തിന്റെ അഭിവാജ്യഘടകം സാമ്പത്തികം ആണല്ലോ. യുവജന നേതാക്കളോടൊപ്പം നിന്ന് ആ സമ്മേളന വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കാരണക്കൊടം സെന്റ് ജൂഡ് ഹൈസ്കൂളിന്റെ ഇന്നത്തെ വളര്‍ച്ചയിലേക്ക്, നേതൃത്വം കൊടുത്തതും ജോസേട്ടന് ആ വിദ്യാലയത്തിലെ പിടിഎ പ്രസിഡണ്ട് ആയിരുന്ന നാളുകളില്‍ ആയിരുന്നു. കെഎസ്ആര്‍ടിസി ഗ്രൗണ്ടില്‍ എ.പി ഉദയഭാനു, സി.ഒ. ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ‘ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള ‘ സ്കൂള്‍ വികസനത്തിന്റെ സാമ്പത്തിക സ്രോതസ് ആയിരുന്നു. അന്നത്തെ വികസനത്തിന്റെ അടയാളമായി ഇന്നും ആ ഓര്‍മ്മകള്‍ അവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ഇന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ തലയെടുപ്പോടെ നില്ക്കുന്ന കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആസ്ഥാനമന്ദിരത്തിനായി ജോസേട്ടന്റെ വിയര്‍പ്പും അക്ഷീണ പരിശ്രമവും ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ടായി മൂന്ന് തവണ അദ്ദേഹം നിയോഗിക്കപ്പെട്ടത്. സ്വന്തം പരിശ്രമം കൊണ്ട് ആസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന ജോസേട്ടന് ശേഷം,എറണാകുളത്തെ ബിസിനസുകാരുടെ മുഖമുദ്രയായി ഒരു ലത്തീന്‍ സമുദായാംഗം ആ സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടില്ല എന്നതും ചിന്തനീയം.
മഹാരാജാസ് കോളേജിന്റെ സിന്തറ്റിക് ട്രാക്കിന്റെ ചരിത്രവും ഇഎസ്. ജോസ് എന്ന A 2 Z ജോസുമായി മാത്രമേ വരച്ചിടാന്‍ കഴിയൂ. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡണ്ടായിരുന്ന കാലത്താണ് ഏറെ പ്രതിസന്ധികള്‍ക്കിടയിലും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സിന്തറ്റിക്ക് ട്രാക്ക് യാഥാര്‍ത്ഥ്യമാക്കിയത്. പിന്നീട് അത് സൂക്ഷിക്കുന്നതില്‍ അധികാരികള്‍ അലംഭാവം വരുത്തി എന്നത് മറ്റൊരു നിമിത്തം. കേരളത്തിലെ പ്രമുഖ സംരംഭകനും കായികരംഗത്തെ സംഘാടകനുമായ ജോസേട്ടന് തന്നെയാണ് സൈക്കിള്‍ പോളോ മത്സരത്തിന് പുതിയ മുഖം നല്കിയതും സൈക്കിള്‍ പോളോ മത്സരങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാക്കിയതും.
എറണാകുളം അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കാനായി കൈവന്ന അവസരത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ ജോസേട്ടന് എന്നാല്‍, കൊച്ചിന് കോര്‍പ്പറേഷനിലെ ആദ്യത്തെ വനിതാ മേയറെ രൂപപ്പെടുത്തുന്നതിലും അത് ലത്തീന്‍ സമുദായത്തില്‍ നിന്ന് ആക്കി മാറ്റുന്നതിലും നിര്‍ണായകമായ പങ്കു വഹിച്ചു.
ലത്തിന് സമുദായത്തിന്റെ ജിഹ്വയായിരുന്ന കേരളടൈംസ് മുന്നോട്ടു പോകുന്നതില്‍ സാമ്പത്തികമായി ക്ലേശം അനുഭവിച്ച നാളുകളില്‍ കേരള ടൈംസിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷക്കാലത്തോളം നിശ്ചിത തീയതിക്ക് തന്നെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ജോസേട്ടന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. അപ്പോഴും കാലം കാത്തുവെച്ചത് ജോസേട്ടന് ചെയര്മാന് സ്ഥാനം വിട്ടു പോരേണ്ടി വന്നു എന്നതും ‘കേരള ടൈംസിന്റെ സമുദായ ചരിത്രം. ‘
എളിയ സാഹചര്യത്തില്‍ ബിസിനസ് രംഗത്തേക്ക് കടന്നുവന്ന ജോസേട്ടന് ബിസിനസ് രംഗത്തും തന്റേതായ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. കളമശ്ശേരി ‘ഒഗേല ഗ്ലാസ് ഫാക്ടറി ‘ കൈമാറ്റത്തിന് നിലവിലുള്ള സര്‍ക്കാരിന്റെ വിലകളിലെ മുദ്രപത്രം പോരാതെ വന്നപ്പോള്‍ പ്രത്യേക അനുമതിയോടെ അതിനായി മുദ്രപത്രം ഒരുക്കുകയായിരുന്നു എന്നത് വസ്തു കൈമാറ്റ ചരിത്രത്തില്‍ മറ്റൊരു ചരിത്രം.
വിവിധ രൂപതകളില്‍ ദേവാലയങ്ങളുള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ജോസേട്ടന്, വരാപ്പുഴ അതിരൂപതയില്‍ സ്വന്തം ഇടവകയായ കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവര്‍ പള്ളി നിര്‍മാണ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നുകൊണ്ടാണ് തന്റെ ഇടവക ദേവാലയം മനോഹരമായി നിര്‍മിക്കുന്നതിന് അന്നത്തെ വികാരി മോണ്‍. ജോസഫ് പടിയാരംപറമ്പിലുമായി ചേര്‍ന്ന് നേതൃത്വം കൊടുത്തത്.
വേദനിക്കുന്നവന്റെ നൊമ്പരം തിരിച്ചറിഞ്ഞിരുന്ന ജോസേട്ടന് ഇക്കാലയളവില്‍ 15 ഓളം വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുക മാത്രമല്ല വിദ്യാഭ്യാസത്തിനും മറ്റിതരാവശ്യങ്ങള്ക്കുമായി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു.
രാഷ്ട്രീയപരമായി ലത്തീന്‍ സമുദായവും ഇടതുപക്ഷവും തമ്മില്‍ ബലമുള്ള ഒരു കണ്ണിയായിരുന്നു ജോസേട്ടന്. ആ കണ്ണി അകന്നിരിക്കുന്നു എന്ന് മാത്രമല്ല, ജോസേട്ടന്റെ മരണം നമ്മോട് പറയുന്നത്, എറണാകുളം പട്ടണത്തില്‍ ബിസിനസ് മേഖല ഉള്‍പ്പെടെ വിവിധരംഗങ്ങളില്‍ ലത്തീന്‍ സമുദായത്തിന്റെ തലയെടുപ്പുള്ള സാന്നിധ്യം നഷ്ടമായിരിക്കുന്ന വേദനാജനകമായ ചിന്ത കൂടിയാണ്. പള്ളിയില്‍ മാത്രമല്ല പള്ളിക്ക് പുറത്തും അദ്ദേഹം സമുദായ അംഗമായിരുന്നു. സമുദായ നേതാക്കള്‍ക്ക് രാഷ്ട്രിയമായും, പൊതുവായും ശുപാര്‍ശ ചെയ്യാനും അവസരങ്ങള്‍ ഒരുക്കാനും അദ്ദേഹം സദാ സന്നദ്ധനും ആയിരുന്നു.
നിരവധി മറ്റിതര സംഘടനകളുമായി ജോസേട്ടന് സഹകരിച്ചിരുന്നു. പി.ജെ. ആന്റണി ഫൗണ്ടേഷന് അതിലൊന്നായിരുന്നു. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ട്രഷററായ അദ്ദേഹം, ദീര്‍ഘനാള്‍ കെഎല്‍സിഎ മാനേജിങ് കൗണ്‍സില്‍ അംഗവുമായിരുന്നു.
നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കെആര്‍എല്‍സിസി പുരസ്കാരം, കെഎല്‍സിഎ പ്രതിഭാ പുരസ്കാരം, കെസിവൈഎം അവാര്‍ഡ്, കാത്തലിക് ഫോറത്തിന്റെ ബിസിനസ് അവാര്‍ഡ്, തുടങ്ങിയവ അതില്‍ ചിലതുമാത്രം.
കുറിച്ചിടാന്‍ നിരവധി. നാലര പതിറ്റാണ്ട് മുന്‍പ് ചെല്ലാനത്ത് നിന്നും എറണാകുളത്ത് ചുവട് ഉറപ്പിച്ച ജോസേട്ടന്, എറണാകുളത്തിന്റെ പൊതുസമൂഹത്തില്‍ ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായി വളരുകയായിരുന്നു. ജോസേട്ടന്റെ ഈ ഉറപ്പിച്ചു നില്ക്കല് തത്വത്തില്‍ എറണാകുളത്തെ ലത്തീന്‍ സമുദായത്തിനും ഒരു തൂവല്‍ ആയിരുന്നു.
ആ തൂവല്‍ ഇപ്പോള്‍ കൊഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകളുടെ ആ തൂവല്‍ ഒരു മയില്‍പ്പീലി തണ്ടായി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജോസേട്ടന്റെ ഓര്‍മ്മകള്‍ക്കു മുന്പില് പ്രാര്‍ഥനയോടെ……
കാരുണ്യത്തിന്റെ കരുത്തുകൊണ്ട്
സ്വന്തം വഴി വെട്ടിത്തെളിച്ചയാള്
ജോയി ഗോതുരുത്ത്
ഫാദര്‍ മാനുവല്‍ കല്ലൂര്‍ റോഡിലെ, ഈരശ്ശേരി ഭവനത്തില്‍ ഇ.എസ്. ജോസ് എന്ന ബഹുമുഖ പ്രതിഭാശാലിയുടെ നിശ്ചലദേഹത്തിന് മുന്നില്‍ കൂപ്പുകൈകളോടെ നിര്‍ന്നിമേഷമായി നിന്നപ്പോള്‍ ഓര്‍മ്മകളുടെ തിരമാലകള്‍ കദനഭാരത്തിന്റെ പാറക്കെട്ടുകളില്‍ അടിച്ചു ചിതറി. മടങ്ങിപ്പോരുമ്പോള്‍ വരാപ്പുഴ അതിരൂപത കെഎല്‍സിഎ പ്രസിഡണ്ട് സി.ജെ. പോളിന്റെ നേതൃത്വത്തില്‍ ആദരാഞലികള് അര്‍പ്പിക്കാന്‍ നേതൃസംഘം എത്തിച്ചേരുന്നുണ്ടായിരുന്നു. ഒപ്പം ഒരു തണല്‍ പോലെ ആധ്യാത്മീകോപദേഷ്ടാവ് മാര്‍ട്ടിനച്ചനും ഉണ്ടായിരുന്നു.
ജോസേട്ടനെന്നും ജോസ് സാറെന്നും അറിയപ്പെടുന്ന ഇ.എസ്. ജോസിന്റെ അനന്യവും അനിതര സാധാരണവുമായ സവിശേഷത എന്തായിരുന്നു? ”’ആവശ്യങ്ങളില്‍ ഞെരുങ്ങുന്നവരോട് കാരുണ്യം കാണിക്കാനും കയ്യയച്ചു സഹായിക്കാനും അദ്ദേഹം എന്നും സന്നദ്ധനായിരുന്നു. വ്യക്തികള്‍ സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നീ എല്ലായിടങ്ങളിലേക്കും അദ്ദേഹത്തിന്റെ ദയാഹസ്തങ്ങള് നീളുമായിരുന്നു. ”ദാ ദത്താ, ദാ ദയാത്വം, ദാ ദാമ്യത” എന്ന ബൃഹദാരണ്യകത്തിലെ വാക്യത്തിന്റെ മൂര്‍ത്തിമത്ഭാവമായിരുന്നു അദ്ദേഹം. ”നല്‍കുമ്പോഴാണ് ലഭിക്കുന്നത്” എന്ന അസീസിയന്‍ പ്രാര്‍ഥന അദ്ദേഹം സ്വജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചു.
1991 ഫെബ്രുവരി മാസത്തിലാണ് ജോസേട്ടനെ പരിചയപ്പെടുന്നത്. അന്ന് ഈ ലേഖകന്‍ കെസിവൈഎം സംസ്ഥാന പ്രസിഡണ്ടായിരുന്നു. കാരണക്കോടം സെന്റ് ജൂഡ്സ് സ്കൂളിന്റെ വാര്‍ഷിക ‘ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി.
കെസിവൈഎമ്മിന്റെ ‘ഗുരുഭൂതന്മാരില് ഒരാളായ ബഹു ജെ. തച്ചിലച്ചനായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമായിരുന്നു പങ്കെടുക്കാന്‍ സാധിച്ചത്. പി.ടി.എ. പ്രസിഡണ്ടായിരുന്ന സഫാരി സ്യൂട്ട് ധരിച്ച ഇ.എസിനെ പരിചയപ്പെടുത്തിയത് തച്ചിലച്ചനായിരുന്നു. അന്നാരംഭിച്ച സൗഹൃദം വളര്‍ന്നു പുഷ്കലമായി. 1991-ല്‍ എല്‍.പി. സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന ആ സ്ഥാപനം ഇപ്പോള്‍ എച്ച്.എസ്.എസ്. ആയി മാറിയതിന് പിന്നില്‍ ഇ.എസ്. ജോസ് വഹിച്ച പങ്ക് വലുതാണ്. ഇ.എസുമായി ബന്ധപ്പെട്ട് നിരവധി സജീവഓര്മ്മകള് ഉണ്ടെങ്കിലും ചിലത് മാത്രം കുറിക്കുന്നു.
കലാ-കായിക- സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.എസ്. ജോസ് സഭാ – സമുദായ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കാനുള്ള നിമിത്തമായി മാറിയത് 1995-ല്‍ എറണാകുളത്ത് നടന്ന ദേശീയ യുവജന കണ്വെന്ഷനായിരുന്നെന്നു പറയാം. ഐസിവൈഎം. ദേശീയതലത്തില്‍ രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു യുവജന കണ്വെന്ഷന് നടത്തപ്പെട്ടത്. മൂന്നാമത്തെ ദേശീയ കണ്‍വെന്‍ഷനായിരുന്നു അത്. കെസിവൈഎം. ആയിരുന്നു ആതിഥേയര്‍. ഈ ലേഖകനെയായിരുന്നു ജനറല്‍ കണ്‍വീനറുടെ ചുമതല ഏല്പിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും പത്ത് മുതല്‍ പതിനഞ്ച് യുവജന പ്രതിനിധികളെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രൂപതാ ഡയറക്ടര്‍മാരും ആനിമേറ്റര്‍മാരും വേറെ. സംഘാടകരുള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറ് പേരാണ് പങ്കെടുക്കുന്നത്. ഇവരുടെ ഭക്ഷണം, താമസം എന്നിവക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയായിരുന്നു മുന്നില്‍. ഫിനാന്‍സ് കമ്മറ്റി ചെയര്‍മാനായി ഇ.എസ്. ജോസിന്റെ പേരായിരുന്നു യോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പാണ്ടിപ്പിള്ളിയും ജനറല്‍ കണ്‍വീനറായിരുന്ന ഈ ലേഖകനും കൂടി അദ്ദേഹത്തെ സമീപിച്ച് ചുമതലയേല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. യാതൊരു തടസ്സവും പറയാതെ സുസ്മേരവദനനായി അദ്ദേഹം സമ്മതിച്ചു. കണ്വെന്ഷന് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ഒത്താശ അദ്ദേഹം ചെയ്തു. മാത്രമല്ല, പ്രതിനിധികള്‍ക്ക് നല്‍കാനുള്ള മുവ്വായിരത്തോളം ബാഗുകള്‍ എ റ്റു ഇസഡ് കമ്പനിയാണ് സംഭാവന ചെയ്തത്.
1998 ലായിരുന്നു ഗോതുരുത്ത് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നടന്നത്. സുവനീറിന്റെ കവര്‍ പേജിന്റെ പരസ്യം തരാമെന്നു പറഞ്ഞ ഏജന്‍സി പെട്ടെന്നു പിന്മാറി. ഐ.എസ്. പ്രസില്‍ അച്ചടി തുടങ്ങിയിരുന്നു. പ്രകാശനത്തിനുള്ള തിയതിയും നിശ്ചയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അസാധ്യ കാര്യങ്ങളുടെ സഹായിയായിരുന്ന ഇ.എസിനെ തന്നെ സമീപിച്ചു. ഫോണിലൂടെയായിരുന്നു ബന്ധപ്പെട്ടത്. ഒരു തടസ്സവും പറഞ്ഞില്ല. ”ജോയി ഓഫീസില്‍ ചെന്നു ഫിലിം എടുത്തു കൊണ്ടു പോയി പ്രസ്സില്‍ കൊടുക്കുക” എന്നു പറഞ്ഞു. ഔദാര്യത്തിന്റെ മുന്നില്‍ ഇന്നും ശിരസ്സ് നമിക്കുന്നു.
ഒരു കാര്യം കൂടി ഓര്‍ത്തുകൊണ്ട് ഈ കുറിപ്പിന് വിരാമമിടുന്നു. അതിരുപതയുടെ നേതൃത്വത്തില്‍ എറണാകുളത്തെ പ്രമുഖരുടെ ഒരു ചര്‍ച്ചായോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. സമുദായത്തിന്റെ വളര്‍ച്ചയെ കുറിച്ചുള്ള ആശയങ്ങള്‍ രൂപീകരിക്കുന്നതിനു വേണ്ടിയായിരുന്നു. ഈ ലേഖകനോടും ഒരു വിഷയം അവതരിപ്പിക്കാന്‍ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് പ്രബന്ധവതാരകരും സ്ഥാപനങ്ങള്‍ മികവുറ്റതാക്കുന്നതിന് ഊന്നല്‍ നല്ലിയായിരുന്നു വിഷയാവതരണം നടത്തിയത്. ഈ ലേഖകന്‍ ജനങ്ങളെ കേന്ദീകരിച്ചു കൊണ്ടുള്ള വികസനനയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്ഥിതിവിവരക്കണക്കുകളില്‍ ഊന്നിയുള്ള വിമര്‍ശനപരമായ അവലോകനത്തെ അത്യധികമായ ആവേശത്തോടെയാണ് ഇ.എസ്. പിന്തുണച്ചത്. പിന്നീടൊരിക്കല്‍ ഗോതുരുത്തിലെ ചവിട്ടുനാടക ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മേല്‍ പ്രഭാഷണത്തെ പറ്റി സംസാരിച്ചത് ഓര്‍ക്കുന്നു.
കെഎല്‍എം സംസ്ഥാന ഓഫീസ് പാലാരിവട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അവിടെ ആവശ്യമായ ടൈലുകളും പ്ലംബ്ബിങ് ഉപകരണങ്ങളും ഔദാര്യപൂര്‍വ്വം ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കിയത് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
സ്പോര്‍ട്സ് കൗണ്‍സില്‍ മുതല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുതല്‍ പി.ജെ. ആന്റണി ഫൗണ്ടേഷന് വരെ പരന്നു കിടക്കുന്ന പ്രവര്‍ത്തന മേഖലയില്‍ വിരാജിക്കുമ്പോഴും, ബിസിനസിന്റെ ഉത്തുംഗ ശൃംഖങ്ങള്‍ കീഴടക്കുമ്പോഴും അദ്ദേഹം കടന്നു പോന്ന വഴികള്‍ ഒരിക്കലും മറന്നില്ലായെന്നു മാത്രമല്ല, എന്നും ഓര്‍ക്കാനും ശ്രമിച്ചു എന്നതാണ് ഇ.എസ്. എന്ന മഹാവ്യക്തിയുടെ തനിമയും അനന്യതയും. പി.ടി.ഉഷ റോഡിലെ ഓഫീസ് മുറിക്കുള്ളില്‍ വച്ച് ഇ.എസ്. പറഞ്ഞത് ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുന്നു. ”എത്രയോ കഠിനമായ പാതകള്‍ താണ്ടിയാണ് ഇവിടെ എത്തിയതെന്നറിയാമോ? പല സുഖങ്ങളും വേണ്ടെന്നു വച്ചു. പോഷ് ക്ലബുകളും സംഗമങ്ങളും വേണ്ടെന്നു വച്ചു. ഞാന്‍ എന്നും എന്റെ ജനതയെ ഓര്‍ക്കുന്നു. അവര്‍ക്കായി എന്നാലാകുന്നത് ഞാന്‍ ചെയ്യുന്നു”. തലതൊട്ടപ്പന്മാര് ആരും ഇല്ലാതെ ഒറ്റയ്ക്ക് വഴി വെട്ടിയ ആള്, അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞിരിക്കുന്നു. ആദരാഞ്ജലികള്‍.
ഗിരിശൃംഗത്തില്നിന്നുറവയെടുത്ത കാട്ടാറ്
ജോസ് ക്ലെമന്റ്
ഒരു സാധാരണ പ്ലംബര്‍ ജീവനക്കാരന്റെ നിലയില്‍നിന്നും കൊച്ചി മെട്രോനഗരത്തിലെ വ്യവസായ മുഖ്യനായി ഇ.എസ് ജോസ് ഉയര്‍ന്നത് ഒരു പിടിച്ചടക്കലിന്റെ മായക്കഥകളിലൂടെ അല്ലായിരുന്നു. അധ്വാനത്തിന്റെ വിയര്‍പ്പുകണങ്ങള്‍ പൊട്ടാതെ ചേര്‍ത്തുവച്ച് പണിതുയര്‍ത്തിയ വ്യാപാരശൃംഖലയായിരുന്നു എ ടു ഇസഡ് വ്യാപാര വ്യവസായ സംരംഭം. തൊഴിലിന്റെ മഹത്ത്വം കൃത്യമായി അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം. മരണാനന്തരം ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുകയെന്ന പതിവുശൈലിക്കപ്പുറമായി ജോസ് എന്ന മനുഷ്യസ്നേഹിയുടെ ജീവിത പന്ഥാവിനെ അടരടരുകളായി വിടര്ത്തിനോക്കിയാല് അദ്ദേഹത്തിലെ മാനവികതയുടെ മങ്ങാത്ത ചിത്രം തെളിഞ്ഞുവരും.
വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനായിരിക്കുമ്പോഴും അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയവും അതിലും വ്യക്തമായ സമുദായ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകളുടെ ബഹിര്‍സ്ഫുരണമാണ് താന്‍ ഉള്‍പ്പെട്ട ഒരു പിന്നാക്കസമുദായത്തിന്റെ ഉദ്ധാരണമെന്ന സ്വപ്നം. ആ സ്വപ്നം ജീവവായുവായി കൊണ്ടുനടന്നതുകൊണ്ടാണ് കേരള ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ കേരളടൈംസ് ഒരു പ്രതിസന്ധിഘട്ടത്തില്‍ എത്തിനില്ക്കുന്നുവെന്നറിഞ്ഞപ്പോള്, സമുദായ സ്നേഹികളും പ്രബല നേതാക്കളും സമ്പന്ന വ്യാപാര വ്യവസായികളുമൊക്കെ ഈ സമുദായത്തില്‍ നിലനില്‍ക്കേ ആ ജിഹ്വ ഊര്‍ധശ്വാസം വലിക്കാതിരിക്കാന്‍ ഒരധികഭാരമെന്നവിധം ഇ.എസ് ജോസ് സ്വയമേവ തന്റെ ചുമലിലേക്ക് കേരളടൈംസിനെ എടുത്തുവച്ചത് ഇദൃശ്യ പ്രവൃത്തിയില്‍ ബന്ധുക്കളും വ്യവസായ പ്രമുഖരും തന്റെ തന്നെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും ജീവനക്കാരുമൊക്കെ നെറ്റി ചുളിച്ചപ്പോഴും ഈ സമുദായസ്നേഹി വരുംവരായ്കകളെ സൂക്ഷ്മദര്‍ശിനിവച്ച് അളന്നുനോക്കാതെ കേരളടൈംസ് പത്രത്തിന്റെ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു. കാലം അതിന് സമ്മാനിച്ച ഭവിഷ്യത്തുകള്‍ പലതായിരുന്നെങ്കിലും താന്‍ ഏറ്റെടുത്ത ദൗത്യത്തില്‍ 100 ശതമാനം ആത്മാര്‍ഥത നല്കി അദ്ദേഹം പരിപോഷിപ്പിക്കാന്‍ ശ്രമിച്ചു. ഋജുവും സ്പഷ്ടവും സുദൃഡവുമായിരുന്നു ഇ.എസിന്റെ ഓരോ ചുവടുവയ്പ്പുകളും അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടും പരന്ന ജീവിതാനുഭവങ്ങളും ആഴമേറിയ മനനവുമാണ് അദ്ദേഹത്തെ ബിസിനസ് രംഗത്തെ ആചാര്യനാക്കിത്തീര്ത്തത്.
സ്നേഹത്തിന്റെ രണ്ട് മുഖങ്ങളാണ് ദൈവസ്നേഹവും പരസ്നേഹവും. ദൈവത്തിലുള്ള വിശ്വാസം മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുവേണം മനസാ വാചാ കര്‍മണാ പരസ്നേഹം പ്രകടമാക്കാന്‍. ജോസിന്റെ രീതി ഇതുതന്നെയായിരുന്നു. ഒരു സമുദായത്തിന്റെ ശബ്ദത്തെ ഇടറാതെ കാത്തുപാലിക്കുന്നതോടൊപ്പം നിരവധി തൊഴിലാളികളെയും അവരുള്‍പ്പെട്ട കുടുംബങ്ങളെയും തന്റെ പരസ്നേഹ ചങ്ങലകൊണ്ട് ബന്ധിതമാക്കുകയായിരുന്നു. കൈയ് മെയ് മറന്ന് അതിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നത് കാലം സാക്ഷി.
സുഖിക്കാനും സുഖപ്രദമായ ജീവിതം നയിക്കാനുമാണ് ഓരോ മനുഷ്യരുടെയും ജന്മസിദ്ധമായ ആഗ്രഹം. എന്നാല്‍, ആ സ്വപ്നജീവിതത്തിന്റെ മുകളില്‍ ഒരു വാള്‍മുന കാണാം. ഡെമോക്ലസിന്റെ ഖഡ്ഗംപോലെ വായ്പിളര്‍ന്ന് അത് നില്ക്കുന്നുണ്ടാകും. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട് ഒരു സമുദായത്തിന്റെ ഉദ്ധാരണത്തിനും അതിന്റെ ശബ്ദമായ മാധ്യമത്തിന്റെ ശക്തീകരണത്തിനുമായി നിലകൊണ്ട ഇ.എസ് ജോസ് ഗിരിശൃംഗങ്ങളില്നിന്നുറവയെടുത്ത ഒരു കാട്ടാറുതന്നെയായിരുന്നു. അത് ചാലുകീറിയൊഴുകി നനച്ച് സമുദായ സ്വരത്തെ താരും തളിരുമണിയിച്ചു. കേരളടൈംസ് കാലിടറിവീണു എന്നത് മറ്റൊരു യാഥാര്‍ഥ്യം. അതിന് കാരണങ്ങള്‍ പലതാണ്. പക്ഷേ, ഒരു പ്രതിസന്ധിഘട്ടത്തില്‍ നട്ടുനനയ്ക്കാന്‍ ഈ കാട്ടാറെത്തി എന്നുള്ളത് വിസ്മരിക്കാനാവില്ല. വിശുദ്ധിയുടെ പരിവേഷം ചാര്ത്തുന്നവര്ക്കേ സ്നേഹത്തിന്റെ പുല്ലാംകുഴലൂതി മരണത്തെ മാടിവിളിക്കാന്‍ സാധിക്കുകയുള്ളൂ. ‘മരിക്കുമ്പോഴാണ് നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്’ എന്ന സെറാഫിക് വിശുദ്ധന്റെ സ്നിഗ്ധ സുന്ദരമായ വാക്കുകള്‍ ഇ.എസ് ജോസിന്റെ അകാല വേര്‍പാടിന്റെ കവചത്തെ തട്ടിത്തെറിപ്പിച്ച് സ്വര്‍ഗീയ അനുഭൂതിയില്‍ ലയിപ്പിക്കുമാറാകട്ടെ.
കായിക പ്രേമിയായിരുന്ന ജോസേട്ടന്
ബിജോ സില്‍വേരി
ഞാന്‍ തൃശൂരില്‍ കേരള കൗമുദി പത്രത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഇ.എസ്. ജോസ് എന്ന ജോസേട്ടന്റെ വിളി വന്നത്. ഒരു സഹായം വേണമെന്ന് പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. ജോസേട്ടന് അപ്പോള്‍ മറ്റു നിരവധി ചുമതലകളോടൊപ്പം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായിരുന്നു. അദ്ദേഹത്തെ പോലെ ബിസിനസിലും സാമൂഹ്യസേവന രംഗത്തും സജീവമായി നില്ക്കുന്ന വ്യക്തിക്ക് എന്നെക്കൊണ്ട് എന്തു സഹായമായിരിക്കും ചെയ്യാന്‍ കഴിയുക എന്നായിരുന്നു ആദ്യത്തെ ചിന്ത. സ്പോര്ട്സ്് കൗണ്‍സില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. കായികവേദി എന്നായിരുന്നു പേര്. ഇടയ്ക്കു വച്ച് അതിന്റെ പ്രസിദ്ധീകരണം നിലച്ചു. അതു പുനരാംഭിക്കാനുള്ള ശ്രമത്തിനാണ് എന്റെ സഹായം ചോദിച്ചത്. മാറ്ററുകളെല്ലാം സംഘടിപ്പിക്കുകയും ലേ ഔട്ട് ചെയ്യിക്കുകയും വേണമായിരുന്നു. പ്രിന്റിംഗിനു മുമ്പായി രണ്ടു ദിവസമെങ്കിലും തിരുവനന്തപുരത്തും പോകണമായിരുന്നു. ജോലിക്കിടയില്‍ ഇതു നിര്‍വഹിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. ഒരു തവണ ശ്രമിച്ചുനോക്കൂ, പിന്നീട് നമുക്കിത് വേറെ ആരെയെങ്കിലും ഏല്‍പ്പിക്കാം എന്നായി അദ്ദേഹം. ‘അതൊരു പ്രസിറ്റീജ് പ്രശ്നമാണ്. പലരും ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല.’
കായികവേദി അങ്ങനെ പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് പോകേണ്ട ദിവസം ഞാന്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ്, തൃശൂരില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ രാവിലെ എത്തും. ഒളിമ്പ്യന്‍ സുരേഷ്ബാബുവൊക്കെ അന്ന് അവിടെ ജോലിയിലുണ്ടായിരുന്ന സമയമാണ്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പല മാറ്ററുകളും ഇന്റര്‍വ്യൂകളും തയ്യാറാക്കുന്നത്. എല്ലാ മാറ്ററുകളും സുരേഷ്ബാബുവും ജോസേട്ടനും വായിച്ചുനോക്കും. ഒരു ലക്കത്തിനായി എത്തിയ ഞാന്‍ പിന്നീട് എല്ലാ ലക്കവും പ്രസിദ്ധീകരിക്കാന്‍ സഹായിയായി നിന്നത് ജോസേട്ടന്റെ സ്നേഹവായ്പാര്ന്ന സമീപനം കൊണ്ടായിരുന്നു.
മാസിക പ്രിന്റിംഗിന് അയച്ചുകഴിഞ്ഞാല്‍ ജോസേട്ടന്റെ കാറില്‍ ഞങ്ങള്‍ മടങ്ങും. തിരുവനന്തപുരം-കൊല്ലം ഹൈവേ വീതികൂട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. റോഡില്‍ വലിയ ഗതാഗതക്കുരുക്കായിരുന്നു. എറണാകുളത്ത് എത്താന്‍ എട്ടു മണിക്കൂറെങ്കിലും എടുക്കും. മിക്കപ്പോഴും പാതിരാത്രി ആയിട്ടുണ്ടാകും എറണാകുളത്തെത്തുമ്പോള്‍. എന്നെ വീട്ടില്‍ കൊണ്ടുപോയി ആക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കിയിട്ടാണ് ജോസേട്ടന് എറണാകുളത്ത് ഇറങ്ങുക.
ആ മന്ത്രിസഭയുടെ കാലാവധി തീരുന്നതുവരെ കായികവേദി പ്രസിദ്ധീകരണം തുടര്‍ന്നു. എ.കെ. ആന്റണി അടുത്ത മുഖ്യമന്ത്രിയായപ്പോള്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ തുടരാന്‍ ജോസേട്ടനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിനയപൂര്‍വം അതു നിരസിക്കുകയായിരുന്നു. ആന്റണി മന്ത്രിസഭ അധികാരമേറ്റ ദിവസം മുഖ്യമന്ത്രിക്ക് ഒരു പൂച്ചെണ്ട് നല്കി, സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള ബന്ധം ജോസേട്ടന് അവസാനിപ്പിച്ചു. കായിക വേദിയും അതോടെ നിലച്ചുപോയി. പക്ഷേ ജോസേട്ടന് പണവും സമയവും ചെലവഴിച്ച് ഉണ്ടാക്കിയെടുത്ത സൈക്കിള്‍ പോളോ ടീമും അസോസിയേഷനും ഇന്നും നിലനില്ക്കുന്നു. ധാരാളം ടൂര്‍ണമെന്റുകള്‍ക്കും ജോസേട്ടന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. ഗ്രൗണ്ടില്‍ സ്കൂള്‍ കായികമേളയൊക്കെ നടക്കുമ്പോള്‍ അദ്ദേഹമവിടെ എത്തും, കുട്ടികളെ പ്രോത്സാഹിപ്പിക്കും.
കായികവേദിയുടെ ഓരോ ലക്കത്തിനും എനിക്കു തന്നിരുന്ന പ്രതിഫലത്തില്‍ പകുതിയിലധികവും ജോസേട്ടന്റെ പോക്കറ്റില്‍ നിന്നായിരുന്നുവെന്ന് ഞാനറിഞ്ഞത് കായികവേദിയുടെ പ്രസിദ്ധീകരണത്തിന്റെ അവസാന നാളുകളിലാണ്.