തിരുവനന്തപുരം :കാമുകനെ വിഷം നല്കി കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. കൊലപാതകം, വിഷം നല്കല്, തട്ടിക്കൊണ്ടുപോകല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്.
ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.