എറണാകുളം/ കോട്ടപ്പുറം: തീരദേശത്തിന്റെ ഹൃദയത്തിലെ മുറിവായി മാറിയ മുനമ്പത്തെ പാവപ്പെട്ട ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന് എംപി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി.
വഖഫ് അവകാശവാദത്തില്‍ കുടുങ്ങി ക്രയവിക്രയം ചെയ്യാന്‍ സാധിക്കാത്ത ഭൂമിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മുനമ്പം പ്രദേശത്തെ സാധാരണ മനുഷ്യര്‍ റവന്യൂ അവകാശങ്ങള്‍ക്കും നീതിക്കുമായി മൂന്നുമാസമായി തുടരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തിലാണ് ഇന്ന് വൈകീട്ട് നാലുമണിക്ക് ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ മനുഷ്യചങ്ങല തീര്‍ത്തത്.
വൈപ്പിന്‍ ദ്വീപില്‍ വരാപ്പുഴ അതിരൂപതയുടെ പരിധിയിലുള്ള 20 ഇടവകസമൂഹങ്ങളും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള നാല് ഇടവക കൂട്ടായ്മയും കൊച്ചി രൂപതയിലെ ഫോര്‍ട്ട് വൈപ്പിന്‍ ഇടവകയും എറണാകുളം-അങ്കമാലി സീറോ മലബാര്‍ അതിരൂപതയിലെ മൂന്ന് ഇടവകകളും സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ രണ്ട് ഇടവകകളും ചെറായി മേഖലയിലെ എസ്എന്‍ഡിപി യോഗവും മനുഷ്യച്ചങ്ങലയില്‍ പങ്കുചേർന്നു.
അരലക്ഷത്തില്‍ അധികം ജനങ്ങളാണ് ചങ്ങലയില്‍ കണ്ണികളായതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഓളിപറമ്പില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എബി ജോണ്സണ് തട്ടാരുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
വൈപ്പിന്കരയിലെ ഇടവകകളിലെ അടിസ്ഥാന ക്രൈസ്ത സമൂഹങ്ങളുടെ (ബിസിസി – കുടുംബ യൂണിറ്റുകള്‍) മനുഷ്യചങ്ങല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുനമ്പം തീരദേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്.
വൈപ്പിന്‍ ഇടവകദേവാലയങ്ങളിലെ വികാരിമാരും സഹവികാരിമാരും അല്മായ നേതാക്കളും നേതൃത്വം നല്കി. വൈദികര്‍ വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാരും വൈസ് ചെയര്മാന്മാരും, അല്മായ നേതാക്കള്‍ കണ്‍വീനര്‍മാരും ജോയിന്റ് കണ്വീനര്മാരുമായുന്നു.
ദുര്‍ബലരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഭരണകൂടത്തിന്റെ ശ്രമം ശരിയല്ലെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മുനമ്പം കമ്മീഷന് മുനമ്പത്ത് വന്ന് പറഞ്ഞ കാര്യങ്ങള്‍ പ്രത്യാശ പകരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സമുദായ നേതാവ് ഷാജി ജോര്‍ജ്, കൊച്ചി രൂപത വികാരി ജനറല്‍ റവ. ഡോ. ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു ഇലിഞ്ഞിമിറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, വിനോദ് എംഎല്‍എ, മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് എന്നിവരും ചങ്ങലയില്‍ കണ്ണിചേര്‍ന്നു.
മുനമ്പം ഭൂപ്രശ്നം പരിഹരിച്ച് ജനങ്ങള്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുന്നതുവരെ അവര്‍ക്കു വേണ്ടി പോരാടാനുണ്ടാകുമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രഖ്യാപിച്ചു. ആര്‍ക്കെങ്കിലും എതിരായോ, മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരാനോ മുനമ്പത്തെ പാവങ്ങള്‍ ശ്രമിക്കുന്നില്ല. തലമുറകളായി അവര്‍ നിയമാനുസൃതം ജീവിച്ചുവരുന്ന ഭൂമിയിലെ അവകാശങ്ങള്‍ കവരാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജാതി മത വ്യതാസമില്ലാതെ കേരള ജനതയുടെ മനഃസാക്ഷി അവര്‍ക്കൊപ്പമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതീക്ഷയും പ്രത്യാശയും നമ്മള് നഷ്ടപ്പെടുത്തരുത്. മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണ്. സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീര്പ്രവാഹമാണ് മനുഷ്യചങ്ങല . ഇത് മനുഷ്യസ്നേഹത്തിന്റെ ചങ്ങലയാണെന്നും കൂട്ടായ്മയുടെ ചങ്ങലയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ ജിജു അറക്കത്തറ,കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ..ആന്റണി സേവ്യര്‍ തറയില്‍,കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ റോക്കി റോബി കളത്തില്‍, ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കിഎന്നിവര് പ്രസംഗിച്ചു.
കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ.ഷാബു കുന്നത്തൂര്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ ജിജു അറക്കത്തറ,പാഷനിസ്റ്റ് സെന്റ് തോമസ് വൈസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ തോമസ് ഏനമറ്റത്തില്, ജനറല്‍ കൗണ്‍സിലര്‍ ഫാ. പോള്‍ ചെറുകോടത്ത്, സുല്‍ത്താന്‍പേട്ട് രൂപത പിആര്‍ഒ ഫാ. മെജോ നെടുംപറമ്പില്‍, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ..ആന്റണി സേവ്യര്‍ തറയില്‍, സഹവികാരി ആന്റണി തോമസ് പോളക്കാട്ട്, ഫാ.ജോസ് കുര്യാപ്പിള്ളി, ഫാ. ജോസഫ് മാളിയേക്കല്‍, പാഷനിസ്റ്റ് സഭ വൈദികര്‍, തുടങ്ങിയവര്‍ മുനമ്പത്ത് മനുഷ്യ ചങ്ങലയില്‍ ബിഷപ്പിനൊപ്പം കണ്ണിച്ചേര്ന്നു.