സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ഷെവലിയര്‍ കെ.ജെ. ബെര്‍ളിയുടെ പുത്രനാണ് കഴിഞ്ഞ ദിവസം അന്തരിച്ച തോമസ് ബെര്‍ളി എന്ന ബഹുമുഖപ്രതിഭയായ കലാകാരനും വ്യവസായിയും. ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ തറവാട്ടില്‍ ജനിച്ച, സിനിമയും സംഗീതവും ചിത്രരചനയും ഹൃദയത്തില്‍ തൊട്ട തോമസ് ബെര്‍ളി, ഹോളിവുഡിന്റെ മായാലോകത്ത് എത്തപ്പെട്ട അപൂര്‍വം മലയാളികളില്‍ ഒരാളാണ്. 1950കളില്‍ കാലിഫോര്‍ണിയയില്‍ സിനിമ പഠിക്കാന്‍ പോയി, ഹോളിവുഡില്‍ പ്രശസ്തരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. മെക്സിക്കന്റെ വേഷത്തില്‍ ഹോളിവുഡില്‍ നിരവധി കൗബോയ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുന്‍പ്, തോമസ് ബെര്‍ളി മലയാളത്തില്‍ വിമല്‍കുമാര്‍ സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തില്‍ നായകനായപ്പോള്‍ അതിലെ വില്ലന്‍ സത്യനായിരുന്നു.
ലൂയിജിയ ജിന ലോലോബ്രിജിഡ എന്ന ഹോളിവുഡ് സുന്ദരിയെക്കുറിച്ച് പുതുതലമുറ വേണ്ടത്ര കേട്ടിട്ടുണ്ടാകില്ല. 1950-60 കാലഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരുന്ന യൂറോപ്യന്‍ നടിയായിരുന്നു ജിന ലോലോബ്രിജിഡ; ഒരു കാലഘട്ടത്തിലെ അന്താരാഷ്ട്ര ലൈംഗിക ചിഹ്നമെന്നും ലോകത്തിലെ ഏറ്റവും സുന്ദരിയായ വനിതയെന്നും അവര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ‘നെവര്‍ സോ ഫ്യൂ’ എന്ന സിനിമയില്‍ അമേരിക്കന്‍ ഇതിഹാസ താരം ഫ്രാങ്ക് സിനാത്രയുടെ നായികയായി അവര്‍ അഭിനയിക്കുന്ന സമയം. അതൊരു കൗബോയ് സിനിമയായിരുന്നു. സെറ്റിലെ വില്ലന്മാരില് കൗമാരം പിന്നിടുന്ന ഒരാളോട് ജിന ലോലോബ്രിജിഡയ്ക്ക് ഒരു സൗഹൃദം തോന്നി. ”നിനക്ക് കൈ നോക്കാനറിയാമോ?” അവര്‍ ചോദിച്ചു. കൈനോട്ടത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും പയ്യന് മടിച്ചുമടിച്ച് ഉവ്വെന്നു പറഞ്ഞു. ലോകസുന്ദരി തന്റെ കൈത്തലം അവനു നേരെ നീട്ടി. അവന് അവരുടെ ഭാവി തോന്നിയതുപോലെ പ്രവചിച്ചു. പറഞ്ഞത് അച്ചട്ടായതുപോലെ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ജിന, അഭിനയ ജീവിതത്തിനു ശേഷം ഫോട്ടോജേര്‍ണലിസ്റ്റായും അവതാരകയായും സാമൂഹ്യപ്രവര്‍ത്തകയുമായി ജീവിതകാലം പുഷ്കലമാക്കി. 2023 ജനുവരി 16നാണ് 96-ാം വയസില്‍ ജിന ലോലോബ്രിജിഡ ഈ ലോകത്തോട് വിടവാങ്ങിയത്. 2024 ഡിസംബര്‍ 16ന് തന്റെ 92-ാം വയസ്സില്‍ ആ ‘കൈനേട്ടക്കാരനും’ വിടപറഞ്ഞു: ഫോര്ട്ടുകൊച്ചിയ കുരിശിങ്കല്‍ വീട്ടില്‍ തോമസ് ബെര്‍ളിയായിരുന്നു ഹോളിവുഡ് സുന്ദരിയുടെ കരംഗ്രഹിച്ച ഭാഗ്യവാന്.
ഹോളിവുഡില്‍ ഇന്ത്യന്‍ താരങ്ങള്‍ സജീവമായത് 1990കള്‍ക്കു ശേഷമാണ്. തോമസ് ബെര്ളിയാകട്ടെ 1950കളില്‍ തന്നെ ഹോളിവുഡിന്റെ ഭാഗമായി. അമേരിക്കക്കാരന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു സിനിമാ വിഭാഗമായി ഇപ്പോഴും തുടരുന്ന കൗബോയ് സിനിമകളുടെ വസന്തകാലമായിരുന്നു അത്. തോമസ് ബെര്ളിക്കു കിട്ടിയതും കൗബോയ് വേഷങ്ങളായിരുന്നു. തലയില്‍ ചുരുണ്ടുമടങ്ങിയിരിക്കുന്ന ലാറ്റിനമേരിക്കന്‍ തൊപ്പി, കാലില്‍ കനത്ത ഷൂസുകള്‍. അരയിലും മാറിലും വെടിയുണ്ടമാലകള്, വീതിയുള്ള ബെല്‍ട്ടിലെ നീളമുള്ള കൈത്തോക്ക്… ”എത്ര പ്രാവശ്യം ഞാന്‍ വെടികൊണ്ടു മരിച്ചുവെന്നോ!” ഒരു അഭിമുഖത്തില്‍ പിന്നീടദ്ദേഹം പറഞ്ഞു. ”സിനാത്ര ഒരു രസികനായിരുന്നു. ഞാന്‍ മെക്സിക്കന്‍ ആണെന്നു കരുതി അദ്ദേഹം ആദ്യം സ്പാനിഷ് ഭാഷയിലാണ് എന്നോട് സംസാരിച്ചത.്”
ഹോളിവുഡ് കാലത്ത് വിഖ്യാത നടന് മാര്‍ലന്‍ ബ്രാന്‍ഡോ നേരിട്ട് ഫോണ്‍ വിളിച്ച് തോമസിനെ വിരുന്നിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരസദൃശമായ വീട്ടില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം വിരുന്നുണ്ടത് അഭിമാന നിമിഷമെന്ന് തോമസ് ബെര്‍ളി പറഞ്ഞിട്ടുണ്ട്.
ക്യാമറ വില്ക്കാന് വന്ന പത്രപ്രവര്ത്തകന്
1959ലാണ് ‘നെവര്‍ സോ ഫ്യൂ’ പുറത്തിറങ്ങുന്നത്. അതിലെ വേഷം ചെയ്യുന്നതിനു മുമ്പേ തോമസ് ബെര്‍ളി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.
ഹോളിവുഡില്‍ എത്തുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലത്തെകുറിച്ച് തോമസ് ബെര്‍ളി ഓര്‍ക്കുന്നത് ഇങ്ങിനെയാണ്: ”അക്കാലത്ത്, എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു, ഒരു ക്യാമറ വില്ക്കാന് ശ്രമിച്ചു. പഴയ പെട്ടി ക്യാമറയായിരുന്നു അത്. അയാളുടെ പേര് രാമു കാര്യാട്ട് എന്നായിരുന്നു (മലയാളത്തിന് സിനിമാ ലോകത്ത് വിലാസമുണ്ടാക്കിക്കൊടുത്ത ‘ചെമ്മീന്‍’ വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനം ചെയ്ത ഇതിഹാസ സംവിധായകന്). അന്ന് അദ്ദേഹം പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു. എന്റെയടുത്ത് അദ്ദേഹത്തിന് ക്യാമറ വില്ക്കാന് കഴിഞ്ഞില്ല. വിമല്‍കുമാര്‍ എന്നൊരു സംവിധായകന് ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ടെസ്റ്റുണ്ട്, വരുന്നോ എന്നു ഞാന്‍ രാമു കാര്യാട്ടിനോടു ചേദിച്ചു. ഞങ്ങളങ്ങനെ ഒരു കരി ബസില്‍ (കല്‍ക്കരി ബസ്) തിരുവനന്തപുരത്തേക്കു പോയി. ഞാന്‍ മേക്കപ്പ് ടെസ്റ്റില്‍ വിജയിച്ചു. രാമു വിമല്‍കുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ‘തിരമാല’ എന്ന ആ സിനിമയില്‍ ഞാന്‍ നായകനായിരുന്നു. വില്ലനായത് സത്യന്.”
വിമല്‍കുമാര്‍ സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തിലെ നായകനാകുമ്പോള്‍ അദ്ദേഹത്തിന് 20 വയസ്സ് തികഞ്ഞിരുന്നില്ല. തൊട്ടടുത്ത വര്‍ഷമാണ് ‘നീലക്കുയില്‍’ പുറത്തിറങ്ങിയത്. അതിലെ നായകവേഷം ലഭിച്ച സത്യന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒരു സാധാരണ പ്രണയകഥയായിരുന്നു ‘തിരമാല.’ അതിലെ 12 അതിമനോഹരമായ ഗാനങ്ങള്‍ കൊണ്ടു മാത്രമാണ് വിജയിച്ചതെന്ന് നായകന് തോമസ് ബെര്‍ളി തുറന്നുപറയുന്നു. ‘തിരമാല’യില്‍ അരങ്ങേറ്റം കുറിച്ച പ്രമുഖര്‍ വേറെയുമുണ്ട്. ഗാനരചയിതാവ് പി. ഭാസ്കരന്, അഭിനേതാവ് ടി.എസ്. മുത്തയ്യ, ഖവാലി-ഗസല്‍ പാട്ടുകാരന് കോഴിക്കോട് അബ്ദുള്‍ ഖാദര്‍, സംഗീതസംവിധായകന് എം.എസ് ബാബുരാജ്, ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ച പി.ആര്.എസ് പിള്ള തുടങ്ങിയവര്‍.
തമിഴിലെ പ്രമുഖതാരം ബി.എസ് സരോജയ്ക്കൊപ്പം ‘ഇന്‍ബ വിളക്ക്’ എന്ന തമിഴ് സിനിമയില്‍ പിന്നീട് തോമസ് ബെര്‍ളി പ്രവര്‍ത്തിച്ചു, എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തോമസ് ബര്‍ളിയെ സിനിമയില്‍ തുടരാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പഠനം തുടരണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ”പഠിക്കാം, പക്ഷെ സിനിമയാണ് പഠിക്കുക” എന്ന തീരുമാനത്തില്‍ ബര്‍ളി ഉറച്ചുനിന്നു. ”തിരമാലയ്ക്കു ശേഷം ഞാന്‍ സിനിമകള്‍ പഠിക്കാന്‍ തീരുമാനിച്ചു. ഹോളിവുഡിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ക്ക് ഒരു കത്തെഴുതി. സിനിമ പഠിപ്പിക്കുന്ന സ്ഥാപനമല്ല ഇതെന്നും അവാര്‍ഡുകള്‍ നല്കുന്ന അക്കാദമിയാണ് എന്നും അവര്‍ മറുപടി നല്കി.” (അമേരിക്കക്കാരുടെ നല്ല കാര്യം, അവര്‍ എപ്പോഴും മറുപടി നല്കുന്നു എന്നതാണ്). പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സിനിമ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് അവിടേക്ക് അപേക്ഷിച്ചു. ‘തിരമാല’യിലെ ചില ക്ലിപ്പുകള്‍ ചേര്‍ത്താണ് അപേക്ഷിച്ചത്. ബെര്‍ളിയെ അമ്പരപ്പിച്ചുകൊണ്ട്, അവിടെ പ്രവേശനം ലഭിച്ചു. ”ശ്രീമതി റീഗന് (അഭിനേത്രിയും പിന്നീട് അമേരിക്കയിലെ പ്രഥമ വനിതയുമായ നാന്‍സി റീഗന്) ആണ് ഞങ്ങളെ അഭിനയം പഠിപ്പിച്ചത്.”
കോഴ്സ് ഫീസായി 650 യുഎസ് ഡോളര്‍ നല്‍കണമായിരുന്നു. വിദ്യാര്ഥികളെക്കൊണ്ട് തിരക്കഥ എഴുതിക്കുന്ന രീതിയുണ്ടായിരുന്നു അവിടെ. ആ തിരക്കഥകള്‍ യൂണിവേഴ്സിറ്റി വിവിധ സ്റ്റുഡിയോകള്‍ക്ക് അയച്ചുകൊടുക്കും. അവര്‍ക്ക് തിരക്കഥ ഇഷ്ടപ്പെട്ടാല്‍ പ്രതിഫലം ലഭിക്കും. അവര്‍ അത് സിനിമയാക്കുകയും ചെയ്യും. ബെര്‍ളി നിരന്തരം കഥകളെഴുതി. ചില സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. ഒരു തിരക്കഥ കണ്ട് കിങ് ബ്രദേഴ്സ് എന്ന സിനിമാക്കമ്പനിക്കാര്‍ അദ്ദേഹത്തെ വിളിച്ചു. തിരക്കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. ‘മായ’ എന്ന പേരില്‍ അത് സിനിമയാക്കി. തുടര്‍ന്ന് 15 വര്‍ഷത്തോളം ബെര്‍ളി പല സിനിമ-ടെലിവിഷന്‍ സ്ഥാപനങ്ങളിലും ജോലിചെയ്തു. അക്കാലത്ത് പല ഹോളിവുഡ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. പിന്നീടാണ് 1959ല്‍ ഇറങ്ങിയ ‘നെവര്‍ സോ ഫ്യൂ’വില്‍ അവസരം ലഭിക്കുന്നതും ഫ്രാങ്ക് സിനാത്രയ്ക്കും ജിന ലോലോബ്രിജിഡയ്ക്കുമൊപ്പം അഭിനയിക്കുന്നതും സൗഹൃദം പങ്കിടുന്നതും.
‘വാണ്ടഡ് ഡെഡ് ഓര് എലൈവ്’, ‘ഹാവ് ഗണ്‍’, ‘വില്‍ ട്രാവല്‍’, ‘ഗണ്‍ സ്മോക്ക്’ തുടങ്ങിയ കൗബോയ് ചിത്രങ്ങളിലും അഭിനയിച്ചു. കാണാന്‍ ഒരു മെക്സികന്‍ ലുക് ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചിത്രങ്ങളിലും മെക്സികന്‍ ആയിട്ടായിരുന്നു അഭിനയിച്ചത്. ഇതിനിടയില്‍ ഹെമിങ്ങ്വേയുടെ പ്രസിദ്ധ നോവലിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ’ എന്ന വമ്പന്‍ ചിത്രത്തിനു സെറ്റ് നിര്‍മ്മിക്കുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സ്റ്റുഡിയോയുടെ മുറ്റത്ത് തയ്യാറാക്കിയ വലിയൊരു കുളത്തിലായിരുന്നു സിനിമയിലെ മിക്കവാറും കടല്‍ രംഗങ്ങളും തനിമയോടെ ചിത്രീകരിച്ചത്.
ബോളിവുഡ് നടന് ദിലിപ് കുമാറിന്റെ സഹോദരനും കാലിഫോര്‍ണിയയില്‍ തോമസിന്റെ സഹമുറിയനുമായിരുന്ന അസ്ലം ഖാനൊപ്പം ചെറിയ ബിസിനസ് ചെയ്യാനായി 1969ല്‍ മുംബൈയിലേക്കു പോന്നു. ഇക്കാലത്ത് മാഗസിനുകള്‍ക്കായി കാര്‍ട്ടൂണ്‍ പാനലുകള്‍ വരയ്ക്കാന്‍ തുടങ്ങി. ഇലസ്ട്രേറ്റഡ് വീക്ക്ലി, ശങ്കേഴ്സ് വീക്ക്ലി, കറണ്ട് എന്നിവയില്‍ ഇദ്ദേഹത്തിന്റെ വരകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
പത്തുവര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാളസിനിമയിലെത്തി. 1973ല്‍ ഉമ്മറിനെ നായകനാക്കി ‘ഇത് മനുഷ്യനോ’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിട്ട് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് പാഠങ്ങളില്‍നിന്ന് പഠിച്ച സാങ്കേതികത ആ ചിത്രത്തില്‍ അദ്ദേഹം പരീക്ഷിച്ചു. പിന്നെയും 12 വര്‍ഷങ്ങള്‍ക്കുശേഷം 1985ല്‍, പ്രേംനസീറിനെ നായകനാക്കി ‘വെള്ളരിക്കാപ്പട്ടണം’ എന്നൊരു ഹാസ്യപ്രധാനമായ സിനിമ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ആ സിനിമയും ശ്രദ്ധേയമായി. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം ഇവയെല്ലാം തോമസ് ബെര്‍ളി തന്നെ ചെയ്തു. കൂടാതെ ഈ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചതും ബെര്‍ളി തന്നെയായിരുന്നു. പാട്ടുകള്‍ ഹിറ്റായി. പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രമായിരുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഒരു വന്‍ വിജയമാവുകയും ചെയ്തു. ‘വെള്ളരിക്കപ്പട്ടണം’ ഷൂട്ടിംഗ് സമയത്ത് പ്രേംനസീര്‍ താമസിച്ചിരുന്നത് ഫോര്‍ട്ട്കൊച്ചിയിലെ തോമസിന്റെ വീട്ടിലാണ്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ‘ഡബിള്‍ ബാരല്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അദ്ദേഹം തിരിച്ചെത്തിയത്. 2015ലാണ് അത് പുറത്തിറങ്ങിയത്. അതിനായി ലിജോ ജോസ് അദ്ദേഹത്തെ കാണാന്‍ ചെന്നതും ഫോര്‍ട്ടുകൊച്ചിയിലെ വീട്ടിലാണ്. തന്റെ ഹോളിവുഡ് കാലത്തെ ഓര്‍മിപ്പിക്കുന്ന വിധം ഒരു കഥാപാത്രത്തെയാണ് ബെര്‍ളി ഡബിള്‍ ബാരലില്‍ അവതരിപ്പിച്ചത്.
‘ഹോളിവുഡ് ഒരു മരീചിക’ എന്ന പേരില്‍ തന്റെ സിനിമാജീവിതം പുസ്തകമായി തോമസ് ബെര്‍ളി പുറത്തിറക്കിയിട്ടുണ്ട്. ‘ബിയോന്‍ഡ് ദ് ഹാര്‍ട്ട്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും തന്റെ പിതാവിന്റെ സ്മരണക്കായി ‘ഫ്രാഗ്രന്റ് പെറ്റല്‍സ്’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ‘ഓ കേരള’ എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ ബുക്കും പുറത്തിറക്കി. പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യയെ പശ്ചാത്തലമാക്കി, ‘രാത്രിയുടെ നിഴല്‍’ എന്ന പേരില്‍ ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. ‘മൈ നെയിം ഈസ് മരിയ’, ‘ദുപ്പട്ട,’ ‘മലാക്ക’ എന്ന കൊവിഡ്-19 കഥ തുടങ്ങിയവ സിനിമയാക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. സംഗീതത്തിലും താല്പര്യമുണ്ടായിരുന്ന തോമസ് ബെര്‍ളി നന്നായി വയലിന് വായിക്കുമായിരുന്നു.
ഹോളിവുഡ് കാലത്തിനിടയില്‍ സമുദ്രോത്പന്ന ബിസിനിസിലേക്കു ശ്രദ്ധ തിരിഞ്ഞതാണ് മലയാളത്തിന് ഒരുപക്ഷേ മികച്ച ഒരു ഹോളിവുഡ് താരത്തെ നഷ്ടമാക്കിയത്. പക്ഷേ ബിസിനസില്‍ വലിയ വിജയം അദ്ദേഹം കരസ്ഥമാക്കിയിരുന്നു.