ഷാജി ജോർജ്
മുസിരിസിന്റെ ബൃഹദാഖ്യാനങ്ങളുടെ അപനിർമിതികളിൽ, എത്രയെത്ര മഹാക്ഷോഭങ്ങളുടെയും കൊടുംദുരന്തങ്ങളുടെയും നിഗൂഢ രഹസ്യങ്ങളും ഐതിഹ്യങ്ങളും സംഘ സ്മൃതികളും ചരിത്രവ്യാഖ്യാനങ്ങൾക്കൊപ്പം കണ്ടെടുക്കേണ്ടതുണ്ട്. കൊടുങ്ങല്ലൂർ അഴിയെ ആഗോള സമുദ്രയാത്രാപഥത്തിൽ നിന്നു തുടച്ചുമാറ്റിയ 1341-ലെ പ്രകൃതിക്ഷോഭം സുനാമിയോ അതോ മഹാപ്രളയം തന്നെയോ? ചീനകപ്പലുകൾ മുസിരിസിൽ നിന്ന് വിട്ടൊഴിഞ്ഞുപോകാൻ ഇടയാക്കിയത് എന്താണ്? പൂർവാധുനിക കാലത്തെ കുടിയേറ്റങ്ങളുടെയും പലായനങ്ങളുടെയും വ്യത്യസ്ത സംസ്കൃതികളുടെ സംക്രമണങ്ങളുടെയും തിരോധാനത്തിൻ്റെയും കഥകളുടെ പൊരുളെന്താണ്? മുസരീസിനെ കുറിച്ച് ജീവനാദം ചീഫ് എഡിറ്റർ ഉയർത്തുന്ന ചോദ്യംവളരെ പ്രസക്തമാണ്. കേരളത്തിൻ്റെ ചരിത്രത്തിൽ മുസരീസിൻ്റെ പ്രാധാന്യം അത്ര വലുതാണല്ലോ? ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസരീസ് തുറമുഖം നിലനിന്നിരുന്നത്. പുരാതന തുറമുഖ നഗരമായ മുസരീസിൻ്റെ ചരിത്രത്തിലേക്കും പുരാവസ്തു പൈതൃകത്തിലേക്കും അറിവുകൾ പകരുന്ന ‘മുസിരിസ്: സംസ്കൃതികളുടെ സംയാനം, സമാഗമ തീരം’ എന്ന പുസ്തകം രചിച്ചിട്ടുള്ളത് പത്രപ്രവർത്തകൻ ബിജോ സിൽവേരിയാണ്. പിതാവ് ഒ.വി. സിൽവേരിയുടെ മാതൃക പിന്തുടർന്നാണ് ചരിത്രരചനയിൽ ഈ പത്രപ്രവർത്തകൻ ഏർപ്പെട്ടിട്ടുള്ളത്. രണ്ടു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. ഐതിഹാസിക തുറമുഖനഗരം എന്ന ആദ്യഭാഗത്ത് അഞ്ച് അധ്യായങ്ങൾ ഉണ്ട്. പുരാതന വാണിജ്യ കേന്ദ്രം, പെരുമാൾ വാഴ്ച, കപ്പലേറി വന്ന കച്ചവടവും സംസ്കാരങ്ങളും, കുടിയേറ്റങ്ങൾ /മതങ്ങൾ, കലാ സാംസ്കാരിക മേഖല എന്നിവയാണ് അവ. കേരള സർക്കാരിൻ്റെ മുസരീസ് പദ്ധതി വിശദീകരിക്കുന്ന രണ്ടാം ഭാഗത്ത് മൂന്ന് അധ്യായങ്ങളുണ്ട്. മുസരീസ് ഹെറിറ്റേജ് പ്രൊജക്ട്, പട്ടണം ഗവേഷങ്ങൾ, മ്യൂസിയങ്ങൾ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു ആ അധ്യായങ്ങളെ. പ്രിൻ്റ് ഹൗസ് പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുസരീസ് ഒരു ഇതിഹാസമാണ് എന്ന നിലപാടുതറയിൽ നിന്നാണ് ഗ്രന്ഥകാരൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. അത് അദ്ദേഹം വിശദികരിക്കുന്നത് ഇങ്ങനെയാണ്: ആധുനിക ഇന്ത്യയിൽ, മുസിരിസ് ഒരു യഥാർത്ഥ നഗര ത്തേക്കാൾ ഒരു ഇതിഹാസമാണ് എന്നു കരുതണം. 1968 കാലഘട്ടത്തിൽ തന്നെ കേരളത്തിലും പ്രത്യേകിച്ച് കൊടുങ്ങല്ലൂരിലും പുരാവസ്തു ഗവേഷണങ്ങൾ (ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ) ആരംഭിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് കൊടുങ്ങല്ലൂരിനു സമീപത്തായി മുസിരിസിന്റെ അവശിഷ്ടങ്ങൾ ധാരാളം കണ്ടെടുത്തു. എന്നാൽ ശാസ്ത്രീയമായ കൂടുതൽ ഗവേഷണങ്ങൾ പിന്നീട് നടക്കുന്നത് 2004-ൽ പട്ടണത്തിലാണ്. പുരാതന കാവ്യങ്ങളിൽ, സഞ്ചാര കുറിപ്പുകളിൽ, ശിലാശാസനങ്ങളിൽ എല്ലാമായി ചരിത്രം അത്രയും കാലം ഉറങ്ങിക്കിടന്നു. ചരിത്രപരമായ ചില പരാമർശങ്ങളും ഒരു കാലത്തെ മഹത്തായ സാന്നിധ്യത്തിന്റെ ചില സൂചനകളും മാത്രം കൊടുങ്ങല്ലൂർ മേഖലയിൽ അവശേഷിപ്പിച്ചു. മുസിരിസിൻ്റെ ഈ അപ്രത്യക്ഷമാകൽ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ നിഗൂഢതകളിൽ ഒന്നാണ്.
അറബ്-മുസ്ലിം സംസ്ക്കാരവും ജൂത, ക്രൈസ്തവ സംസ്കാരവും ആഴത്തിൽ വേരോടിയ ഈ പ്രദേശം പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് സംസ്കാരങ്ങളുടെയും നിവാസസ്ഥാനമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്നു. തദ്ദേശീയ ജനത മേൽപ്പറഞ്ഞ സംസ്കാരങ്ങളുടെയെല്ലാം സവിശേഷതകളെ ആഴത്തിൽ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രകല, മരത്തിലും കല്ലിലുമുള്ള കൊത്തുപണികൾ, ആഭരണനിർമാണം തുടങ്ങിയവയിലെല്ലാം മുസിരിസ് കാലം കേരളത്തെ സ്വാധീനിച്ചിരിക്കാനുള്ള സാധ്യതയാണ് വിവിധ മേഖലകളിലെ ഉത്ഖനനങ്ങളിൽ നിന്നു ലഭിച്ച സാധനസാമഗ്രികൾ നല്കുന്ന സൂചന. പോർച്ചുഗീസ് ബന്ധത്തിന്റെ ഭാഗമായി കരഗതമായ ചവിട്ടുനാടകം കേരളീയകലാരൂപമായി തന്നെ മാറിക്കഴിഞ്ഞു. കേരളത്തിലേയും തമിഴ്നാട്ടിലേയും ആധുനിക നൃത്തരൂപങ്ങളുടെ പൂർവരൂപമായിരുന്നു കൊടുങ്ങല്ലൂർ മേഖലയിലെ ദേവദാസീ സമ്പ്രദായത്തിൽ അവതരി പ്പിച്ചിരുന്ന നൃത്തങ്ങൾ. സന്ദേശകാവ്യങ്ങളിൽ ഈ നൃത്തത്തെകുറിച്ചും നർത്തകരെകുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കലാ സാംസകാരിക രംഗത്ത് ഭൗതികമായും ശൈലി പരമായും അവബോധപരമായും നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ മുസരിസിനു കഴിഞ്ഞിട്ടുണ്ട്.
മുസരി തുറമുഖം അപ്രത്യക്ഷമായ ശേഷം കൊല്ലം പ്രധാന തുറമുഖനഗരമായി ഉയർന്നുവന്നു. കുറച്ചുകാലം കൊല്ലം തുറമുഖം പ്രതാപത്തോടെ വാണെങ്കിലും അപ്പോഴേക്കും കൊച്ചി തുറമുഖം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കൊല്ലത്തെ പ്രധാന ഇടപാടുകാരായ ചൈനക്കാർ കൊച്ചിയിലേക്ക് ചുവട് മാറ്റി. ചൈനീസ് ചക്രവർത്തി യോംഗലിന്റെ അംബാസഡർ, ചെങ് ഹോയുടെ സംഘത്തിലംഗമായ മഹുവൻ 1400-ൽ തന്നെ കൊച്ചിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇക്കാ ലയളവിൽ ഇറ്റാലിയൻ സഞ്ചാരിയായ നിക്കോളോ കോണ്ടിയും കൊച്ചിയിലെത്തി. ഏകദേശം ഒരു നൂറ്റാണ്ടിനുള്ളിൽ -പോർച്ചുഗീസുകാരുടെ വരവോടെ – കൊച്ചി ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ പ്രാധാന്യം നേടി.
അത്യധികം രസകരവും അതേസമയം വിജ്ഞാനപ്രദവുമായ ഈ പുസ്തക രചയിതാവിന് അവതാരികയിൽ പത്രാധിപർ ജെക്കോബി നൽകുന്ന അഭിനന്ദനങ്ങൾ പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കട്ടെ.
ദേശചരിത ഗവേഷണത്തിൻ്റെയും സാംസ്കാരിക പഠന ങ്ങളുടെയും പാരമ്പര്യം ബിജോ സിൽവേരിയുടെ ഓലപ്പുറത്ത് കുടുംബ പാരമ്പര്യത്തിലുള്ളതാണ്. മലയാള മാധ്യമ പ്രവർത്തനത്തിലെ ചില സവിശേഷ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ബിജോ സിൽവേരി മതിലകം, കൊടുങ്ങല്ലൂർ, ചേന്ദമംഗലം ദേശങ്ങളുടെ സാംസ്കാരിക ചരിത്ര പൈതൃകത്തിൻ്റെ ഹിസ്റ്റോറിയോഗ്രഫിയിൽ പതിപ്പിക്കുന്ന ഉജ്ജ്വലത്തായ അടയാളമുദ്രയാണ് ഈ ഗ്രന്ഥം. ലോകവീക്ഷണത്തിലും താരതമ്യ ചരിത്രാഖ്യാന സാഹിത്യശാഖയിലും കേസരി ബാലകൃഷ്ണപിള്ള, സഹോദരൻ അയ്യപ്പൻ, പി.സി. വർക്കി, പി.എം ജുസ്സെ, സേതു തുടങ്ങി ഈ പ്രദേശത്തിൻ്റെ കീർത്തിധാവള്യം ഉയർത്തിയ എഴു ത്തുകാരുടെ ഉൽകൃഷ്ട ശ്രേണിയെ അനുസ്മരിപ്പിക്കുന്ന താണ് ബിജോ സിൽവേരിയുടെ രചനാസമ്പ്രദായവും ആഭിമുഖ്യങ്ങളും.