കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി(കിഡ്സ്)യുടെ നേതൃത്വത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങൾക്കായി സ്നേഹസ്പർശം എന്ന പേരിൽ സായംപ്രഭ സംഗമം 2024 സംഘടിപ്പിച്ചു.
കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമീകത്വത്തിൽ വി.ദിവ്യബലിയോടെ സായം പ്രഭ സംഗമം ആരംഭിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നാടകരംഗത്തും മലയാള ചലച്ചിത്രരംഗത്തും തൻറെ അഭിനയ മികവ് തെളിയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനി ആർട്ടിസ്റ്റ് പൗളി വത്സൻ പ്രസ്തുത ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.
മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന മലയാളടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തി നേടിയ സിനി ആർട്ടിസ്റ്റും തിരക്കഥാകൃത്തുമായ സലിം ഹസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു കെ സി ബി സി , ജെ പി ഡി കമ്മീഷൻ്റെയും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കോട്ടപ്പുറം രൂപത വികാർ ജനറൽ വെരി റവ. മോൺ. റോക്കി റോബിൻ കളത്തിൽ, കിഡ്സ് അസി. ഡയറക്ടർ റവ. ഫാ. എബനേസർ ആൻറണി , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രസ്തുത ചടങ്ങിന് കിഡ്സ് അസി. ഡയറക്ടർ ഫാ. ബിയോൺ തോമസ് കോണത്ത് കൃതജ്ഞതയർപ്പിച്ചു. സായംപ്രഭ അംഗങ്ങൾ വിവിധ ഇനത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു..
എറണാകുളം തൃശൂർ ജില്ലകളിലായി ജാതിമതഭേദമന്യേ നാല്പതോളം സായം പ്രഭാ കൂട്ടായ്മകൾ കിഡ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. പ്രായമായവരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിയിലൂടെ സമൂഹത്തിൽ വൃദ്ധജനങ്ങൾ ഒരു പ്രധാന കണ്ണിയാണെന്ന് തന്നെതന്നെയും സമൂഹത്തെയും ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ മാനസിക ശാരീരിക ഉല്ലാസം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്ന സംഘടനയാണ് സായംപ്രഭ.