ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല്‍ വിജയകരം. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കെല്‍പ്പുളളതാണ് ഇന്ത്യയുടെ മിസൈല്‍.
ഹൈദരാബാദിലെ ഡോ.എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും മറ്റ് ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഡിആർഡിഒയിലെയും സായുധ സേനയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഉയർന്ന കൃത്യതയയും ആഘാതവും മിസൈല്‍ കാഴ്ചവെച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈപ്പർസോണിക് ദൗത്യത്തിന്റെ ഫ്ലൈറ്റ് ട്രയൽ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഡിആർഡിഒയെയും സായുധ സേനയെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഇത് ചരിത്ര നേട്ടമാണെന്ന് രാജ്നാഥ് സിങ് വിശേഷിപ്പിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം. ഡിആർഡിഒയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി, ഡിആർഡിഒ ചെയർമാന് എന്നിവരും ടീമിനെ അഭിനന്ദിച്ചു.