ഡോ. ഗാസ്പര്‍ സന്യാസി
മുനമ്പം പ്രദേശത്തെ കുടുംബങ്ങളെ വഖഫ് പ്രദേശത്ത് താമസിക്കുന്നവര്‍ എന്ന നിയമക്കുരുക്കില്‍നിന്ന് പുറത്തെത്തിക്കാന്‍ ഇനിയെന്താണ് മാര്‍ഗം, ഇനിയെന്താണ് പരിഹാരം എന്നതാണ് ഉയരുന്ന ചോദ്യം: മുനമ്പം – ചെറായി പ്രദേശത്തെ അറുന്നൂറു ശിഷ്ടം കുടുംബങ്ങളുടെ ഭൂമി വഖഫ് സ്വത്തായി നിയമപരമായി പറയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. പറയപ്പെടുന്ന പ്രദേശം, വഖഫ് വക ഭൂമിയാണെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ കൗണ്ടര്‍ അഫിഡവിറ്റ് മൂലം ആ വിധിയില്‍ നിന്ന് പ്രശ്നത്തെ വെക്കേറ്റ് ചെയ്തിരുന്നു. എന്നാല്‍, വഖഫ് ഭൂസംരക്ഷണ സമിതി എന്ന സംഘടന ഹൈക്കോടതി ഡിവിഷന് ബെഞ്ചിനു മുന്‍പാകെ നല്കിയ ഹര്‍ജിയുടെ ഭാഗമായി, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വെക്കേറ്റ് ചെയ്ത നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതാണ് നിലവിലെ നിയമക്കുരുക്ക്. ഈ സ്റ്റേ വെക്കേറ്റ് ചെയ്യുക എന്നതാണ് നിയമക്കുരുക്ക് അഴിക്കാനുള്ള നിലവിലെ മാര്‍ഗം. ഒപ്പം, വഖഫ് ഭൂസംരക്ഷണ സമിതി കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാതിരിക്കുക എന്നതുകൂടി അനിവാര്യമാണ്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ ഉത്തരവ് വെക്കേറ്റ് ചെയ്ത് തങ്ങളുടെ ഭൂമിക്ക് കരമൊടുക്കാനുള്ള മുനമ്പംകാരുടെ റവന്യൂ അവകാശം വീണ്ടെടുക്കണമെങ്കില്‍ സര്‍ക്കാര്‍ കൗണ്ടര്‍ അഫിഡവിറ്റ് കോടതിയില്‍ കൊടുക്കണം. അതായത്, മുനമ്പം മുനമ്പംകാരുടെ സ്വകാര്യസ്വത്താണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറയണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം അറിവിന്റെ തലത്തില്‍ നില്ക്കുന്നവ മാത്രമാണ്. കാര്യങ്ങള്‍ വെടിപ്പായി നടപ്പാക്കുക എന്നതാണ് നമുക്കു വേണ്ടത്. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്നത് രാഷ്ട്രീയ ചോദ്യമാണ്. ഇതാണ് മുനമ്പംകാരോടൊപ്പം ഈ നാട്ടിലെ ഭരണഘടനാ ബോധ്യമുള്ള പൗരസമൂഹം ചോദിക്കുന്നത്.
കേന്ദ്രം നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍, വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകുന്നതിനെപ്പറ്റിയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുവന്ന ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും വഴിയായി സംസ്ഥാനം രൂപീകരിച്ച നിസ്സാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍, വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കയറിക്കൂടിയ വഖഫ് പ്രദേശങ്ങളില്‍ മുനമ്പം വന്നെത്തിയതും അത് ‘കൈയേറിയ’വരെ ഒഴിപ്പിക്കാന്‍, വഖഫ് സംരക്ഷണ സമിതിയുടെ ഉത്സാഹത്തില്‍ നടന്ന ഇടപെടലുകളും മുനമ്പംകാരുടെ റവന്യൂ അവകാശത്തില്‍ പ്രശ്നങ്ങളുണ്ടാക്കി. ഈ ചരിത്രമെല്ലാം ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമുള്ളതുതന്നെ. നിലവില്‍, തര്‍ക്കപ്രദേശം വഖഫാണെന്നതാണ് കോടതിയുടെയും നിയമവ്യവസ്ഥയുടെയും മുന്‍പാകെ വഖഫ് സംരക്ഷണ സമിതിയുടെയും വഖഫ് ബോര്‍ഡിന്റെയും വാദം. ചരിത്രവും നിയമപോരാട്ടവും ഇഴകീറി പരിശോധിച്ച്, ഇത് ഫറൂക്ക് കോളജിന് സമ്മാനമെന്ന നിലയില്‍ കിട്ടിയ ഭൂമിയാണെന്ന കോടതിവിധി വരെ നാട്ടുകാരുടെ മുന്പിലുണ്ട്. പാട്ടഭൂമി സമ്മാനമായി കൊടുത്തതിലെ വകതിരിവില്ലായ്മയും, അങ്ങനെ കിട്ടിയ സമ്മാനം മുന്‍പും പിന്‍പും നോക്കാതെ ആധാരം ചെയ്തുകൊടുത്ത ഫാറൂഖ് കോളജിന്റെ നിലപാടും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പാട്ടഭൂമിയും സമ്മാന ഭൂമിയുമൊക്കെ, സ്വാതന്ത്ര്യത്തിനുശേഷം ഭൂവിനിയോഗ ചട്ട നിര്മാണങ്ങള്ക്കുശേഷം ജനാധിപത്യ സര്‍ക്കാരിന്റേതാണെങ്കില്‍, ഫാറൂഖ് കോളജ്, പൈസയും ഭൂമിയും അവിടെയുണ്ടായിരുന്നവര്‍ക്ക് തിരികെക്കൊടുത്ത് കൈകഴുകേണ്ടിവരും. ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കേണ്ടിയും വരും. ഇതേ പ്രശ്നം ഈ ഭൂമി വഖഫാക്കിയവര്ക്കും ഉണ്ട്.
ആരുടെയോ പറമ്പ്, അതും പാട്ടഭൂമിയായ ഭൂമിയെടുത്ത് ദൈവത്തിനു കൊടുക്കാന്‍ ഞാനാരാണ്, ദൈവത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവോ? ആകാശവും ഭൂമിയും കടലുമൊക്കെ ദൈവവിചാരത്തില്‍ ദൈവത്തിന്റേതുതന്നെ. പക്ഷേ, നിലവില്‍ മനുഷ്യര്‍ അതിര്‍ത്തികള്‍ വരച്ച ഭൂമിയിലെ രാജ്യങ്ങളില്‍ പറമ്പിന്റെ ക്രയവിക്രയത്തിന് അതാത് രാജ്യത്തെ റവന്യൂ നിയമങ്ങള്‍തന്നെ അനുസരിക്കേണ്ടിവരും.
അതുകൊണ്ടാണ് ശ്രീരാമന്റെ പറമ്പ് സുപ്രീം കോടതി വിധിയിലൂടെ, നിയമപരമായി രാമഭക്തര്‍ എഴുതി വാങ്ങിയതും അമ്പലം കെട്ടിയതും. സ്വാതന്ത്ര്യത്തിനുശേഷം നിലവിലെ ആരാധനാലയങ്ങളും അവയുടെ സ്വത്തും അതേപടി നിലനില്ക്കും എന്ന നിയമത്തിനെതിരെ പ്രത്യേക കേസായി വന്ന അയോധ്യാ പ്രശ്നവും അതിലെ വിധിയും ഇനിയും കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്കായി തുറക്കാന്‍ ആരും തയാറായില്ലെങ്കില്‍, അത് ജനാധിപത്യത്തിന്റെയോ പൗരസമൂഹത്തിന്റെയോ കഴിവുകേടായി കണ്ട് മിണ്ടാതിരിക്കാനേ വകയുള്ളൂ. മഥുരയും കാശിയുമൊക്കെ അതുകൊണ്ടാണല്ലോ അടുത്ത നിയമയുദ്ധങ്ങള്ക്കായി തമ്പേറ് തുടങ്ങിയിരിക്കുന്നത്!
പറഞ്ഞുവന്നത്, ഏതു ദൈവത്തിനായാലും ഭൂമിയെഴുതിക്കൊടുക്കാന് ഇപ്പോള്‍ നിലവില്‍ റവന്യൂ നിയമങ്ങള്ക്കകത്തേ വകുപ്പുകളുള്ളൂ എന്നാണ്. വയലാറിന്റെ കവിതയിലെ മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കിട്ടെടുക്കണമെങ്കില് രജിസ്ട്രാറാഫീസില്‍ പോയി മതിയായ സ്റ്റാമ്പ് ഒട്ടിച്ച്, കരമൊടുക്കി രശീതെടുക്കണം.
അതേ നിവൃത്തിയുള്ളൂ. ഉപ്പാപ്പായ്ക്ക് ആനയൊക്കെ ഉണ്ടായിക്കോട്ടെ. പക്ഷേ, ഞാന്‍ കരമടച്ച എന്റെ പറമ്പില്‍ അതിനെ കെട്ടണമെങ്കില്‍, എന്റെ അനുവാദം തന്നെ വേണം.
കരമൊടുക്കുന്ന എന്റെ മണ്ണ് വഖഫ് ആയി കൊടുക്കാന്‍ എനിക്ക് അവകാശമുണ്ട്. ഏതെങ്കിലും നല്ല കാര്യങ്ങള്‍ക്കായി അത് ചെയ്യുന്നവര്‍ ചെയ്തോട്ടെ. ഈ നന്മകളൊക്കെ ജീവിക്കാന്‍ കൂടിയാണല്ലോ മതവും ആത്മീയതയുമെല്ലാം. അതിനര്‍ത്ഥം, കാണുന്നതും കൊതിച്ചതുമായ സകല പറമ്പും വഖഫാക്കിക്കളയാമെന്നല്ലല്ലോ. നിയമഭേദഗതികളിലൂടെ വികസിച്ച വഖഫ് ആക്ടിലെ ഏതേലും വകുപ്പുകളില്‍ ദൈവശാസ്ത്ര വിരുദ്ധമോ, രാജ്യത്തെ നിയമത്തിനു വിരുദ്ധമോ, സാമാന്യയുക്തിക്കു നിരക്കാത്തതോ ആയ വകുപ്പുകളുണ്ടെങ്കില്‍ അവ തിരുത്തിത്തന്നെ പോകണം. ഇപ്പോള്‍ എല്ലാവരും പറയുന്ന ക്ലോസ് – റീസണ്‍ ടു ബിലീവ് – എന്നതിന്റെ വ്യാഖ്യാനം, നിലവിലെ റവന്യൂ രേഖകള്‍ പരിശോധിച്ചും ബന്ധപ്പെട്ട സകല രേഖകള്‍ പഠിച്ചും സാമാന്യയുക്തിക്കും നിയമസംവിധാനങ്ങള്‍ക്കു വിധേയമായും തീരുമാനമെടുക്കുക എന്നുതന്നെയായിരിക്കണം. ഒരുകാലത്ത് ഈ പറമ്പ് ഞങ്ങളുടേതായിരുന്നെന്ന് ചുമ്മാതങ്ങ് പറഞ്ഞിട്ട് കിട്ടുന്ന നിയമസാധുതയെന്ന ഭൂമിയിന്മേലുള്ള അവകാശവാദം ഈ വ്യാഖ്യാനത്തിനകത്ത് ആരെങ്കിലും ഒളിച്ചുകടത്തിയിട്ടുണ്ടെങ്കില്, ആ സാധ്യത ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍, ആ നിയമം പൊളിച്ചെഴുതുകയും രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ അതിനെ നിയന്ത്രിച്ചുനിര്‍ത്തുകയും വേണം. ഇതിനര്‍ത്ഥം വഖഫ് എന്ന ആത്മീയ ആശയം ഇല്ലാതാക്കുന്നുവെന്നല്ലല്ലോ? രാജ്യത്തെ നിയമസംവിധാനങ്ങളെ മാനിക്കുന്നുവെന്നേ അതിനര്‍ത്ഥമുള്ളൂ.
മതാത്മകമായ സദുദ്ദേശ്യങ്ങളെയും ആത്മീയ വിചാരങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്ത്, വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തീവ്രനിലപാടുകാരുടെയും കള്ളക്കച്ചവടക്കാരുടെയും താല്പര്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ജനാധിപത്യബോധമുള്ള പൗരസമൂഹം നിലപാടുകള്‍ സ്വീകരിക്കണം. മതിയായ ഭൂരിപക്ഷമുണ്ടായിട്ടും പെട്ടെന്ന് പൊട്ടിമുളച്ച പ്രതിപക്ഷ ബഹുമാനത്തിന്റെ പേരില്‍ ജെ.പി.സി.ക്ക് നിയമഭേദഗതി ബില്‍ അയച്ച്, ചില ലക്ഷ്യങ്ങള്‍ക്കായി നിലമൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈകിപ്പിക്കല്‍ തന്ത്രത്തിന്റെ അതേ ലോജിക്കും യുക്തിയും തന്നെയാണ് കേരളത്തിലെ ഭരണപ്പാര്‍ട്ടിയും പ്രതിപക്ഷവുമൊക്കെ ഇപ്പോള്‍ പയറ്റിനോക്കുന്നത്. ജനാധിപത്യ സമൂഹത്തില്‍ നമുക്ക് നിയമത്തിന്റെ പരിരക്ഷ മതിയാകും; രക്ഷകന്റെ സമകാല ആള്‍രൂപങ്ങള്‍ ഭാവിയിലേക്കുള്ള ചതിക്കുഴികള്തന്നെയെന്ന് തിരിച്ചറിയുന്നതും നന്ന്.
കരമൊടുക്കാന്‍ ചെന്ന മുനമ്പംകാര്‍ക്ക് ഇരുട്ടടി കിട്ടിയതുപോലെ, ദാ ഇപ്പോള്‍ ചെല്ലാനംകാരും കുരുക്കിലാകുമോ എന്ന ആശങ്ക സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആരെങ്കിലും ഉന്നയിക്കുന്ന വഖഫ് അവകാശത്തിന്റെ മറ പിടിച്ച്, ആരെങ്കിലും പുറപ്പെടുവിക്കുന്ന വാറോല ഏറ്റുവാങ്ങി, ഏതെങ്കിലും തഹസീല്‍ദാറോ വില്ലേജാഫീസറോ ചെല്ലാനം ദേശത്തെ ആധാരങ്ങളില്‍ വഖഫ് സ്വത്ത് എന്നെഴുതിവച്ചാല്‍, അവിടെ മുനമ്പം ആവര്‍ത്തിക്കപ്പെടുമെന്നാണ് പുതിയ ആശങ്ക. നിലവിലെ സാഹചര്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ടുതാനും!
പിന്കുറിപ്പ്:
വിരമിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, രണ്ടാഴ്ച മുന്‍പ്, ഒരു സ്വകാര്യചടങ്ങില്‍ അയോധ്യാ വിധിയെപ്പറ്റി പറഞ്ഞ കാര്യം വലിയ വിവാദമായിരുന്നല്ലോ. വിവാദവിഷയത്തില്‍ കൃത്യമായി വിധിക്കാന്‍ ദൈവവെളിച്ചത്തിനായി ധ്യാനിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവവെളിച്ചത്തില്‍ നിന്നുകൊണ്ട് ഏതെങ്കിലും പറമ്പിലിറങ്ങിനിന്ന്, ഈ മണ്ണ് ദൈവത്തിനായി ഞാന്‍ നല്‍കുന്നുവെന്ന് ചിന്തിക്കുകയോ പറയുകയോ ചെയ്യും മുന്‍പ്, നാട്ടിലെ, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമാന്യബോധത്തിന്റെ വെളിച്ചത്തിനായി ഒരാള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. അതങ്ങനെതന്നെയാകണമല്ലോ.