കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്. രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും.
ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായര്‍ പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.
പരീക്ഷണപ്പറക്കൽ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 11 മണി വരെ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ പോർട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം. ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.