ന്യൂയോർക്ക് :കമല ഹാരിസ് ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷ അസ്തമിച്ചുവെങ്കിലും . ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരാള്‍ ട്രംപിനൊപ്പവും ഉണ്ട്. അമേരിക്കയിലെ രണ്ടാം വനിതയായ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്.
നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഭാര്യയാണ് ഉഷ ചിലുകുരി വാന്‍സ്. ഉഷ ചിലുകുരിയുടെ തായ്വേരുകള് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ വഡ്ലുരുവിലേക്ക് നീളുന്നതാണ്. ഇന്ത്യയില്‍ നിന്നുളള കുടിയേറ്റക്കാരാണ് ഉഷയുടെ മാതാപിതാക്കള്‍. കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഉഷ ജനിക്കുന്നത്.യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി.
യേൽ ലോ സ്കൂളിൽ വച്ചാണ് ഉഷയും ജെ ഡി വാൻസും കാണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി.
ജെ ഡി വാൻസിന്റെ വിജയത്തിലും ഉഷ ചിലുകുരിയുടെ നേട്ടത്തിലും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദനം അറിയിച്ചു . തെലുങ്ക് പൈതൃകമുളള ഉഷ വാൻസ് അമേരിക്കയിലെ രണ്ടാം വനിതയായി മാറിയത് ലോകമെമ്പാടുമുളള തെലുങ്ക് സമൂഹത്തിന് അഭിമാനകരമാണ്. അതുകൊണ്ടു തന്നെ ജെ ഡി വാൻസിന്റെ വിജയം ഒരു ചരിത്ര നിമിഷമാണെന്നും നായിഡു പറഞ്ഞു. വാൻസിനെയും ഉഷയെയും ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നായിഡു എക്സിൽ കുറിച്ചു.