മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തിൽ നടക്കുന്ന മുനമ്പം – കടപ്പുറം നിവാസികളുടെ നിരാഹാര സമരം മൂന്നുനാൾ പിന്നിട്ടു.
ഇന്നലെ ഫിലിപ്പ് ജോസഫ് തയ്യിലും ഭാര്യ സന്ധ്യ ഫിലിപ്പും ഉപവാസമനുഷ്ഠിച്ചു . കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ ഉപവാസ സമരമനുഷ്ഠിച്ചവരെ ഷാൾ അണിയിച്ച് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപതിന് ആരംഭിച്ച സമരം വൈകീട്ട് അഞ്ചിന് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ സമരഭടൻമാർക്ക് നാരങ്ങാനീര് നൽകിയതോടെ അവസാനിച്ചു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോട്ടപ്പുറം രൂപത ബിഷ്പ്സ് ഹൗസിൽ നിന്നും സാമൂഹ്യ സേവന വിഭാഗമായ കിഡ്സിൽ നിന്നും വൈദീകരും ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻ്റെ എറണാകുളം ജില്ല – താലൂക്ക് ഭാരവാഹികളും എത്തിയിരുന്നു.റവന്യൂ അവകാശങ്ങൾ തിരിച്ചു കിട്ടും വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അറിയിച്ചു.