വെള്ളയമ്പലം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും എതിരെ മുനമ്പം ചെറായി മേഖലയിലെയും തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും ജനങ്ങളുടെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി. തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ജന്മഭൂമി അന്യാധീനപ്പെടുത്തി മുനമ്പം ചെറായി മേഖലയിലെ ഭൂപ്രദേശങ്ങൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാൽ യാതന നേരിടുന്നവരോട് യോഗംഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമരപരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികൾക്ക് തങ്ങൾ അധിവസിക്കുന്ന ഭൂമിയുടെ മേലുള്ള സമ്പൂർണ്ണ അവകാശം ലഭിക്കുവാൻ ആവശ്യമായ നിയമഭേദഗതികൾ അടിയന്തരമായി വരുത്തി പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്യോഗം ആവശ്യപ്പെട്ടു.
തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും കോട്ടർ രൂപതയിലെ തീരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യൻ റെയർഎർത്ത്സ് ലിമിറ്റഡ് ആരംഭിക്കുവാൻ പോകുന്നു. കരിമണൽ ഖനനം വൻ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവിതത്തിനും ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കും. 40 വർഷക്കാലത്തേക്ക് തീരം പൂർണമായി തീരദേശവാസികൾക്ക് നഷ്ടപ്പെടും. പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ജന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ധാതുമണൽ ഖനന പരിപാടിയിൽ നിന്ന് കേന്ദ്രസർക്കാരും തമിഴ്നാട് സർക്കാരും ഉടൻ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
സിനഡാത്മക സഭാ സമൂഹം കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേക്ഷിത പ്രവർത്തനത്തിലും ഒന്നിച്ച് മുന്നേറണമെന്ന് അജപാലന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ്പ് തോമസ് നെറ്റൊ പ്രസ്താവിച്ചു. ഈ സിനഡാത്മക യാത്രയിൽ ആദ്യം ദൈവവചനത്തെയും പരിശുദ്ധാരൂപിയേയും ശ്രവിക്കണം. പരസ്പരം ശ്രവിച്ചുകൊണ്ട് തുടർന്നുള്ള ദിനങ്ങളിൽ ജപമാല ഭക്തിയിലൂടെയും മിഷൻ പ്രവർത്തനങ്ങളിയിലൂടെയും സഭയുടെ പ്രേഷിത യജ്ഞത്തിൽ പങ്കുകാരാകാൻ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ്, ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് കോൺസ്റ്റന്റൈൻ ഡോക്ടർ സീന ഫെലിക്സ് എന്നിവർ സംസാരിച്ചു. ഇടവക ഫൊറോന അതിരൂപത സമിതികൾ ധനകാര്യ ഓഡിറ്റ് സമിതികളുടെ ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങളുടെ അവതരണത്തിനും ചർച്ചകൾക്കും വികാരി ജനറൽ മോൺ യൂജിൻപെരേര, ശുശ്രൂഷ സമിതികളുടെ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ബി സിസി ഡയറക്ടർ ഫാ. ഡാനിയൽ രാജാമണി എന്നിവർ നേതൃത്വം നൽകി