കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നല്കി നാട്. കോഴിക്കോട് കണ്ണാടിക്കലെ അർജുന്റെ വസതിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. വിദൂര ദേശങ്ങളിൽ നിന്നുപോലും നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ കണ്ണാടിക്കലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ജൂലൈ 16നായിരുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്. സെപ്റ്റംബർ 25നാണ് അർജുന്റെ മൃതദേഹ ഭാഗം ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് കർണാടകയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ണാടിക്കലേക്ക് എത്തിച്ചത്.
കെ ആർ എൽ സി സി പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അർജുന് അന്ത്യാഭിവാദ്യമേകാൻ എത്തിയപ്പോൾ
‘അർജുനെ കണ്ടെത്താനായി, എന്റെ കടമ നിർവഹിച്ചു. തുടക്കം മുതൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കേരളം വലിയ ഇടപെടൽ നടത്തിയിരുന്നു. കെ സി വേണുഗോപാൽ, എ കെ എം അഷ്റഫ് എംഎംഎ അടക്കമുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. കെ സി വേണുഗോപാൽ നിരവധി തവണ വിളിച്ചു. അഞ്ജുവിന് ഷിരൂരിലെത്തിയപ്പോൾ തിരച്ചിലിൽ എടുത്ത നടപടികൾ ബോധ്യപ്പെട്ടു.
അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്തു. മാധ്യമങ്ങളെ സല്യൂട്ട് ചെയ്യുന്നു. അർജുനെ കണ്ടെത്തുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു. ഈശ്വർ മാൽപ്പെയും കഴിയുന്നത് പോലെ പരിശ്രമിച്ചു. ഡിഎൻഎ പരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ ഇടപെട്ടു’, കാർവാർ എംഎൽഎ സതീഷ് സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരച്ചിലിൽ നിന്നും മാറ്റിനിർത്തപ്പെട്ട സമയത്ത് ബംഗളൂരുവിൽ കാണാൻ കഴിയുന്നത്ര ഉദ്യോഗസ്ഥരെയൊക്കെ ഈശ്വർ മാൽപ്പെ കണ്ടിരുന്നു. ഇതിന് പിന്നിൽ ആർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. കേരളം മുഴുവൻ കൂടെ നിന്നതിന് നന്ദി. സർക്കാരും പ്രതിപക്ഷ നേതാക്കളുമെല്ലാം കൂടെ നിന്നു’- ട്രക്ക് ഉടമ മനാഫ് വികാരാധീനനായി .
ഒരു ലോറി ഡ്രൈവർക്ക് വേണ്ടി മന്ത്രിമാരും മാധ്യമങ്ങളും വരുന്നതിനെ കുറിച്ചായിരുന്നു കർണാടകയിലുള്ളവരുടെയൊക്കെ ചോദ്യം. അതാണ് ഞങ്ങളുടെ കേരളം, അതാണ് ഞങ്ങളുടെ ഒരുമ എന്ന സന്ദേശം ഇതിലൂടെ നൽകാൻ കഴിഞ്ഞു’- എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.