ഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനിക്ക് . സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന് വിസ്തരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവില്‍ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷനും എതിര്‍ത്തൊന്നും പറഞ്ഞില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. അപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും സുപ്രീംകോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നാള് നീണ്ട വിസ്താരത്തെ എതിര്‍ക്കാതിരുന്നതെന്ന് കോടതി ചോദിച്ചു.