നന്മയുടെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ കാത്തിരുന്ന പൊന്നോണ ദിനം,ഇക്കുറി കേരളത്തിന്റെ അതിജീവനത്തിന്റെ കൂടി പൊന്നോണമാണ് . ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികൾ ഈ സുദിനത്തെ വരവേൽക്കുകയാണ് മലയാളി . സജീവമായ ഉത്രാടദിനം കഴിഞ്ഞ് ആഘോഷത്തിന്റെ തിരുവോണം.
കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമൻമാരായി കണ്ട മഹാബലിയുടെ സദ്ഭരണ കാലത്തിന്റെ ഓർമ്മപുതുക്കുകയാണ് മലയാളികൾ.അത് കേവലം മിത്തല്ല അതിനുമപ്പുറം കാർഷിക കേരളത്തിന്റെ ആനന്ദമാണ് . പൂക്കളം തീർത്തും സദ്യവട്ടങ്ങലൊരുക്കി അടുക്കളയും നാടൻകളികളുമായി നാട്ടിടങ്ങളും തിരുവോണ നാളിനായ് ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഈ സുദിനം കൃഷിയുടെയും കാർഷികസമൃദ്ധിയുടെയും കൂടി ആഘോഷമാണ്.
എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ആഘോഷിക്കാനുള്ള അവസരം കൂടിയാണ് ഈ സുദിനം നമുക്ക് നൽകുന്നത്. തിരുവോണനാളിൽ മഹാബലി തമ്പുരാൻ വീടുകളിലെത്തുമെന്ന സങ്കൽപം, സമത്വവും സന്തോഷവും ഈ നാട്ടിൽ എന്നു പുലരണമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിമതമോ എന്നിങ്ങനെ വേർതിരിവില്ലാതെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.പൂക്കളം ഇട്ടും ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും നാടും മറുനാടൻ മലയാളികളും ഓണാഘോഷ ലഹരിയിലാണ്.സങ്കടങ്ങളെ അതിജീവിക്കാം ,കരുത്തോടെ മുന്നേറാം .എല്ലാവായനക്കാർക്കും ജീവനാദത്തിന്റെ തിരുവോണാശംസകൾ