കണ്ണൂർ: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി സമൂഹം വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂർ രൂപത ബിഷ്പ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തോടൊപ്പം സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിർക്കാനും മനുഷ്യത്വം നിറഞ്ഞ നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും വിദ്യാർഥികൾ മുൻകൈയെടുക്കണമെന്നും ബിഷപ് പറഞ്ഞു.
കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്എസ്എൽസി, പ്ലസ് ടു , ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാർഥികൾക്ക് കെ.എൽ.സി.എ നൽകുന്ന വിദ്യാഭ്യാസ അവാർഡും ‘മികവ് 2024’, മുൻ ജനറൽ സെക്രട്ടറി പരേതനായ ഫ്രാൻസിസ് കുരിയാപ്പിള്ളി മെമ്മോറിയൽ എൻഡോവ്മെന്റിന്റെ വിതരണവും നടന്നു. മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും വ്യക്തികളെയും ആദരിച്ചു.
കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാൻ ആയി നിയമിതനായ മോൺ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കെഎൽസിഎ സ്വീകരണം നൽകി. കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി പൊന്നാടയണിയിച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു. ഓരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്ന നിയോഗത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയെന്നതാണു മനുഷ്യ ജിവിതത്തിന്റെ അർഥവും ലക്ഷ്യവും. ഇപ്പോൾ ലഭിച്ചിട്ടുള്ള പദവി ദൈവനിയോഗമാണെന്ന തിരിച്ചറിവിൽ പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ നിയുക്ത സഹായ മെത്രാൻ പറഞ്ഞു.
മെത്രാഭിഷേകത്തിന്റെ പത്തു വർഷം പൂർത്തിയാക്കിയ ബിഷപ് ഡോ. അലക്സ് വടക്കുംതലയെ കെ.എൽ.സി.എ. മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അനുമോദന സന്ദേശം നൽകി. പ്രോവിൻഷ്യൽ സൂപ്പീരിയർ സിസ്റ്റർ . വീണ പാണാംക്കാട്ട്, കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ്. ഷേർളി സ്റ്റാൻലി , ജോൺ ബാബു , കെ.എൽ. സി. എ ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് , കെ.എച്ച് ജോൺ , ക്രിസ്റ്റഫർ കല്ലറക്കൽ ,റിനേഷ് ആൻ്റണി , ജോയ്സി മെനേസസ് , റീജ സ്റ്റീഫൻ , എലിസബത്ത് കുന്നോത്ത്, ഫ്രാൻസിസ് അലക്സ് ,റിക്സൺ ജോസഫ്, പ്രീത സ്റ്റാൻലി, സന്ദീപ് പീറ്റർ , സ്റ്റെഫാൻ ബെഞ്ചമിൻ ,
എന്നിവർ സംസാരിച്ചു.