വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായതായി വിശ്വസിക്കപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ ബസിലിക്കയിലെ മരിയഭക്തി പാരമ്പര്യത്തിലെ അദ്ഭുദ ഫലദാനങ്ങള്‍ ദൈവകൃപയുടെ ദൃഷ്ടാന്തങ്ങളാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 18നാണ് ഡോ. സഗായരാജ് തംബുരാജിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.
സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. വേളാങ്കണ്ണി തീര്‍ഥാടനത്തിനുള്ള വത്തിക്കാന്റെ ‘നുള്ള ഓസ്ത’ അംഗീകാരപത്രമാണിത്.
”ദശലക്ഷകണക്കിന് തീര്‍ഥാടകരാണ് വിശ്വാസപൂര്‍വം ഇവിടെ വന്നണയുന്നത്. ഈ തീര്‍ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന അനേകം ആധ്യാത്മിക ഫലങ്ങള്‍ ഇവിടെ പരിശുദ്ധാത്മാവിന്റെ നിരന്തര പ്രവര്‍ത്തനം നടക്കുന്നുവെന്ന് അംഗീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു,” കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് തീര്‍ഥാടനത്തിനുള്ള വത്തിക്കാന്റെ ‘നുള്ള ഓസ്ത’ അംഗീകാരപത്രത്തില്‍ എഴുതി.
”സാന്ത്വനം തേടി വേളാങ്കണ്ണിയിലെത്തുന്ന അക്രൈസ്തവരായ അനേകം തീര്‍ഥാടകരും ഇതേ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അവരില്‍ പലര്‍ക്കും രോഗശാന്തി ലഭിക്കുന്നു, ഒട്ടേറെപേര്‍ സമാധാനവും പ്രത്യാശയും കണ്ടെത്തുന്നു. മാതാവിന്റെ മാധ്യസ്ഥ്യത്തിന്റെ ഫലമായി പരിശുദ്ധാത്മാവ് അവരിലും പ്രവര്‍ത്തനനിരതനാകുന്നു എന്നതില്‍ സംശയമില്ല.”
”ഇതിനെ ഒരുതരം മതസമന്വയമായല്ല കാണേണ്ടത്. ഏവരെയും സ്വാഗതം ചെയ്യുകയും കര്‍ത്താവിന്റെ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നവര്‍ക്കെല്ലാം അത് സാക്ഷാത്കരിക്കുകയും ചെയ്യുന്ന മറിയത്തിന്റെ സാമീപ്യം ഈ സങ്കേതത്തില്‍ പ്രത്യക്ഷമാണ്. കത്തോലിക്കാ സഭയുടെ കൂദാശകള്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും യേശുവിന്റെ അമ്മയുടെ സാന്ത്വനം നിഷേധിക്കപ്പെടുന്നില്ല.”
ഈ പുണ്യസങ്കേതത്തിലെ വിശ്വാസത്തിന്റെ ആധ്യാത്മിക സൗന്ദര്യം ഓഗസ്റ്റ് ഒന്നിന് തനിക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചതായി കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് എടുത്തുപറയുന്നു.
”വിശ്വാസപൂരിതരായ തീര്‍ഥാടകര്‍ക്കിടയില്‍ വ്യാപിച്ചിട്ടുള്ള ഭക്തിയുടെ കാര്യത്തില്‍ പരിശുദ്ധ പിതാവിന് ഏറെ താല്പര്യമുണ്ട്. യേശുവിനെ തന്റെ കരങ്ങളിലേന്തിയ മറിയത്തിന്, കര്‍ത്താവിന്റെ അമ്മയുടെ ഹൃദയത്തിന് തങ്ങളുടെ വേദനയും പ്രത്യാശയും സമര്‍പ്പിക്കുന്ന ചലനാത്മകമായ സഭയുടെ സൗന്ദര്യത്തെയാണ് അതു പ്രതിഫലിപ്പിക്കുന്നത് എന്നതാണു കാരണം. അതിനാല്‍തന്നെ വിശ്വാസത്തിന്റെ ഈ സങ്കേതത്തോട് തനിക്കുള്ള വലിയ മതിപ്പ് പാപ്പാ പ്രകടിപ്പിക്കുന്നു.”
സെപ്റ്റംബറിലെ തിരുനാളിനോടനുബന്ധിച്ച് വേളാങ്കണ്ണിയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും പരിശുദ്ധ പിതാവ് തന്റെ പിതൃവാത്സല്യത്തിന്റെ ആശീര്‍വാദം നല്‍കുന്നതായി കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് തന്റെ സന്ദേശത്തില്‍ പറയുന്നു.
പതിനാറാം നൂറ്റാണ്ടില്‍ വേളാങ്കണ്ണിയില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം സംബന്ധിച്ച് മൂന്ന് വായ്മൊഴി ആഖ്യാനപാരമ്പര്യങ്ങളുണ്ട്. അവയില്‍ ആദ്യത്തേത് പാല്‍ക്കാരനായ ബാലന്റേതാണ്. അതിസുന്ദരിയായ സ്ത്രീ തന്റെ കൈകളിലേന്തിയിരുന്ന കുഞ്ഞിനായി അവന്റെ പാത്രത്തിലുണ്ടായിരുന്ന പാല് ആവശ്യപ്പെട്ടപ്പോള്‍ അവന് ഉടന്‍ അതിനു സന്നദ്ധനായി. എന്നാല്‍ തന്റെ പാത്രത്തിലുണ്ടായിരുന്ന പാലിന് ഒരു കുറവും സംഭവിച്ചില്ല എന്ന് പിന്നീട് അദ്ഭുതത്തോടെ അവന് തിരിച്ചറിഞ്ഞു.
”തങ്ങളുടെ ദാരിദ്ര്യത്തിലും തങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരുടെ ഉദാരതയുടെ ദൃഷ്ടാന്തമാണിത്,” കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് ആ അദ്ഭുതസംഭത്തെക്കുറിച്ച് പറയുന്നു. ”ഉദാരമതികളാകാന്‍ നിങ്ങളുടെ പക്കല്‍ അധികമൊന്നും വേണമെന്നില്ല. പങ്കുവയ്ക്കാനും സഹായിക്കാനും ആവശ്യനേരത്ത് ഒപ്പമുണ്ടാകാനുമുള്ള ഈ വിളി എന്നും വേളാങ്കണ്ണിയില്‍ മുഴങ്ങുന്നുണ്ട്.”
”പാവപ്പെട്ടവരും രോഗികളുമായ കുട്ടികള്‍ക്ക് കന്യകമാതാവ് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ട വേളാങ്കണ്ണിയിലെ മനോഹരമായ പാരമ്പര്യങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. ഏവരുടെയും അമ്മയായി യേശു നമുക്കു സമ്മാനിച്ച മറിയത്തിന്റെ സ്നേഹാര്‍ദ്രതയും സാമീപ്യവുമാണ് അവിടെ പ്രത്യക്ഷമായത്. അവളുടെ മധ്യസ്ഥതയിലൂടെ യേശുക്രിസ്തു രോഗികള്‍ക്ക് ആരോഗ്യവും തന്റെ ശക്തിയും ചൊരിഞ്ഞുനല്കുന്നു.
ശാരീരിക ആരോഗ്യം മാത്രമല്ല, ആത്മാവിനെയും അതു സ്പര്‍ശിക്കുന്നു. മറിയത്തിന്റെ തിരുസ്വരൂപത്തെ ധ്യാനിക്കുമ്പോള്‍, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഒരു ക്ഷണനേരത്തിലായാല് പോലും അവള് തന്റെ മാതൃകടാക്ഷത്താല് നമ്മെ സൗഖ്യമാക്കുന്നു, നമ്മുടെ സങ്കടവും വേവലാതിയും ഭയപ്പാടും സൗഖ്യമാക്കുന്ന യേശു ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മള് അപ്പോള്‍ അനുഭവിക്കുന്നത്,” കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് കുറിച്ചു.
മക്കാവോയില്‍ നിന്ന് കൊളംബോയിലേക്കുള്ള യാത്രക്കിടയില്‍ കടല്‍ക്ഷോഭത്തില്‍ മുങ്ങിയ പോര്‍ച്ചുഗീസ് വാണിജ്യക്കപ്പലിലെ നാവികര്‍ പരിശുദ്ധ മാതാവിനെ വിളിച്ചപേക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയും അവര്‍ മാതാവിന്റെ പിറവിതിരുനാളില്‍, 1650 സെപ്റ്റംബര്‍ എട്ടിന്, സുരക്ഷിതരായി വേളാങ്കണ്ണി തീരത്ത് എത്തുകയും ചെയ്തത് വത്തിക്കാന്‍ ഡികാസ്റ്ററി അനുസ്മരിക്കുന്നു. തങ്ങളുടെ ജീവന് രക്ഷിച്ചതിനു നന്ദിസൂചകമായി ആരോഗ്യമാതാവിന്റെ നാമധേയത്തില്‍ പുതിയൊരു ദേവാലയം നിര്‍മിക്കാന്‍ പോര്‍ച്ചുഗീസ് നാവികര്‍ സന്നദ്ധരായി.
വേളാങ്കണ്ണിയില്‍ ആദ്യദേവാലയം നിര്‍മിക്കപ്പെട്ട് 300 വര്‍ഷം പിന്നിട്ടപ്പോള്‍, 1962 നവംബര്‍ 13ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഈ മരിയന്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി. 500 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള വേളാങ്കണ്ണിയിലെ വിശ്വാസിസമൂഹത്തിനും തീര്‍ഥാടകര്‍ക്കുമായി ആധ്യാത്മിക ശുശ്രൂഷ നടത്തിയിരുന്നത് ഫ്രാന്‍സിസ്കന്‍ മിഷനറിമാരായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ ബസിലിക്കയെ ‘കിഴക്കിന്റെ ലൂര്‍ദ്’ എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് വിശേഷിപ്പിച്ചത്. ഫ്രാന്‍സിലെ ലൂര്‍ദ്, പോര്‍ച്ചുഗലിലെ ഫാത്തിമ, മെക്സിക്കോയിലെ ഗ്വാദലൂപെ എന്നീ ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ് വര്‍ഷത്തില്‍ ഒരു കോടിയിലേറെ വിശ്വാസികള്‍ അനുഗ്രഹം തേടിയെത്തുന്ന വേളാങ്കണ്ണി.
2002 ഫെബ്രുവരി 11ന് രോഗബാധിതരുടെ പത്താം ലോകദിനാചരണത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ തിരഞ്ഞെടുത്തത് വേളാങ്കണ്ണി ബസിലിക്കയെയാണ്. അന്നാണ് കിഴക്കിന്റെ ലൂര്‍ദ് എന്ന് വേളാങ്കണ്ണിയെ പാപ്പാ വിശേഷിപ്പിച്ചത്. ”ദശലക്ഷകണക്കിന് ആളുകള്‍ വര്‍ഷം മുഴുവന്‍ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ മാധ്യസ്ഥ്യം തേടിയെത്തുന്നുണ്ട്” എന്ന് 1988 ജൂലൈ 31ന് മറ്റൊരു സന്ദേശത്തില്‍ ജോണ്‍ പോള്‍ പാപ്പാ അനുസ്മരിക്കുകയുണ്ടായി.
ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ 11 ദിവസത്തെ തിരുനാള്‍ ദിനങ്ങളില്‍ 30 ലക്ഷം തീര്‍ഥാടകര്‍ വേളാങ്കണ്ണിയില്‍ വന്നണയുന്നുവെന്നാണ് തഞ്ചാവൂര്‍ ടൂറിസം വെബ്സൈറ്റില്‍ പറയുന്നത്.
വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ രണ്ടു കോടിയോളം വിശ്വാസികളും തീര്‍ഥാടകരുമാണ് ഒരുവര്‍ഷം വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ സന്നിധിയില്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വാസികള്‍ക്കു പുറമെ കേരളത്തില്‍ നിന്നും കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും നിത്യവും വേളാങ്കണ്ണിയിലെത്തുന്നു. ശനിയാഴ്ചതോറും വൈകുന്നേരം ജപമാല പ്രദക്ഷിണത്തിന് ‘ആവേ മരിയ’ കീര്‍ത്തനം മുഴങ്ങുമ്പോള്‍ ധാരാളം രോഗികള്‍ – പലരും വീല്‍ചെയറിലാകും – രോഗശാന്തി യാചിച്ച് അതില്‍ പങ്കുചേരുന്നു. വിശ്വാസികളില്‍ പലരും ജപമാലയേന്തി മുട്ടിന്മേല് ഇഴഞ്ഞുകൊണ്ടും ആ പ്രദക്ഷിണത്തിന്റെ ഭാഗമാകും. കൃതജ്ഞതാസൂചകമായി തല മുണ്ഡനം ചെയ്യുന്ന ഒരു പാരമ്പര്യവും വേളാങ്കണ്ണിയിലുണ്ട്.
വേളാങ്കണ്ണിയില്‍ ആരോഗ്യമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ധാരാളം അദ്ഭുതങ്ങള്‍ നടക്കുന്നതായി സാക്ഷ്യങ്ങളുണ്ടെന്ന് ഏഷ്യയിലെ 1630-1635 കാലഘട്ടത്തിലെ ക്രൈസ്തവ സഭയിലെ സംഭവവികാസങ്ങളെക്കുറിച്ച് എഴുതിയ ചരിത്രകാരന് പൗളോ ദാ ത്രിനിദാദെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തഞ്ചാവൂര്‍ രൂപതയിലെ ചാന്‍സലര്‍ ഫാ. ജോണ്‍ സക്കറിയാസ് ‘വേളാങ്കണ്ണി: ഇന്നലെയും ഇന്നും’ എന്ന പുസ്തകത്തില്‍ പറയുന്നു.
നൂറ് ഏക്കര്‍ വരുന്ന സമുച്ചയത്തിലെ ഇപ്പോഴത്തെ ബസിലിക്കാ ദേവാലയം 1928-ല്‍ പുതുക്കിപ്പണിതതാണ്. പലഘട്ടങ്ങളിലായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. 1970കളില്‍ വിവിധ ഭാഷകളില്‍ തിരുകര്‍മങ്ങള്‍ നടത്തുന്നതിനായി ദേവാലയത്തിന്റെ പിന്‍ഭാഗവും വികസിപ്പിച്ചു. കുമ്പസാരത്തിനും ആരാധനയ്ക്കുമായി പ്രത്യേക സൗകര്യങ്ങളോടെ നിര്‍മിച്ച മോണിങ് സ്റ്റാര്‍ കത്തീഡ്രല്‍ സമുച്ചയം 2013-ലാണ് ആശീര്‍വദിച്ചത്.
കുരിശിന്റെ വഴിയും ജപമാലയുടെ പ്രദക്ഷിണവഴിയും ഉള്‍പ്പെടെ പ്രാര്‍ഥനയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന ബസിലിക്കയ്ക്ക് സമീപം തിരുഹൃദയത്തിന്റെ 60 അടി ഉയരമുള്ള തിരുസ്വരൂപമുണ്ട്.
രോഗശാന്തി, കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം, സ്വന്തമായി വീട്, ജോലി, നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചുകിട്ടിയത് എന്നിങ്ങനെ പതിനായിരകണക്കിന് അദ്ഭുതകാര്യങ്ങളുമായി ബന്ധപ്പെട്ട ഉപകാരസ്മരണകള്‍ വേളാങ്കണ്ണി തീര്‍ഥാടനകേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം ഉള്‍പ്പെടെ അലൗകിക പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളുടെയും അദ്ഭുതസംഭവങ്ങളുടെയും ഭക്തിപാരമ്പര്യങ്ങളുടെയും ആധികാരികത സംബന്ധിച്ച് തീര്പ്പുകല്പിക്കുന്നതിനുള്ള നിബന്ധനകള്‍ പുതുക്കിക്കൊണ്ട് വിശ്വാസകാര്യ ഡികാസ്റ്ററി ഇക്കഴിഞ്ഞ മേയില്‍ പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇറ്റലിയിലെ മൂന്നു തീര്‍ഥാടനകേന്ദ്രങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് പ്രദേശത്തെ മെത്രാന്മാര്ക്ക് കഴിഞ്ഞ മാസം കത്തുകള്‍ എഴുതിയിരുന്നു. ഏഷ്യയിലെ ഒരു മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിന് ഇത്തരത്തില്‍ ആദ്യമായി വത്തിക്കാന്‍ അംഗീകാരപത്രം ലഭിക്കുന്നത് വേളാങ്കണ്ണി ബസിലിക്കയ്ക്കാണ്.