ന്യൂഡൽഹി: യുക്രെയ്നിലെ വിവിധ സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നുള്ള 2100 വിദ്യാർഥികൾ ഇപ്പോഴും പഠിക്കുന്നുണ്ടെന്നും അവരിൽ 1000ത്തോളം പേർ നിലവിൽ യുക്രെയ്നിലുണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഈ വിദ്യാർഥികളുമായും യുക്രെയ്ൻ അധികൃതരുമായും ഇന്ത്യൻ എംബസി നിരന്തര ബന്ധത്തിലാണെന്നും യുക്രെയ്നിൽ പഠനം തുടരാൻ കഴിയാതിരുന്ന ഇന്ത്യൻ വിദ്യർഥികളുടെ യോഗ്യതാ പരീക്ഷ പുറം രാജ്യങ്ങളിൽ വെച്ച് നടത്താൻ യുക്രെയ്ൻ അധികൃതർ സൗകര്യമൊരുക്കിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു.
നിലവിൽ യുദ്ധം തുടരുകയാണിവിടെ .പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോളണ്ട്-യുക്രെയ്ൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മോദിയുടെ റഷ്യ സന്ദർശനത്തെ തുടർന്ന് പടിഞ്ഞാറിനുണ്ടായ പരാതി പരിഹരിക്കാനാണ് യുക്രെയ്ൻ സന്ദർശനമെന്ന ആരോപണം തള്ളിക്കളഞ്ഞ സെക്രട്ടറി റഷ്യയുമായും യുക്രെയ്നുമായും ഒരേ സമയം ഉഭയകക്ഷി ബന്ധം തുടരുമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കി.
21, 22 തീയതികളിൽ പോളണ്ട് സന്ദർശിച്ചശേഷമാണ് മോദി യുക്രെയ്നിലെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.