കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണം 282 ആയി ആയി. മരണസംഖ്യ ഉയർന്നേക്കും എന്നാണ് സൂചന. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.
ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ 1,592 പേരെ രക്ഷപ്പെടുത്തി നിരവധി ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 8,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 1,167 രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി. 99 പേർ ചികിത്സയിലും മറ്റുള്ളവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും, 166 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്.
കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്ലി പാലം നിര്‍മ്മാണം തുടർന്നു.
ഇന്ന് ഉച്ചയ്ക്ക് മുമ്പായി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പാലം. പാലം പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.