തിരുവനന്തപുരം: ലോക പ്രശസ്ത കാർഡിയാക് സർജൻ ഡോ. എം.എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറായിരുന്നു അദ്ദേഹം.
മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്ന ഡോ. എം എസ് വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ എംബിബിഎസ് ബാച്ചുകാരനാണ്. തുടർന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ൽ ഹൃദയ ശസ്ത്രക്രിയയിൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സർജന്റെയും ഫെലോഷിപ്പും ലഭിച്ചു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം കേരളവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. ശ്രീചിത്തിരയുടെ വികസനത്തിനും വളർച്ചയ്ക്കും അദ്ദേഹം ഏറെ സംഭാവനകൾ നൽകി. അദ്ദേഹം ആശുപത്രിയെ ലോക നിലവാരത്തിലേക്ക് വളർത്തി. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ വല്യത്താൻ മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്ക്ക് അദ്ദേഹം ഏറെ ഊന്നൽ നൽകിയിരുന്നു.
ഇടയ്ക്കാലത്ത് അദ്ദേഹം ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കും കടന്നു. ആയുർവേദ ഡോക്ടർമാരും അലോപ്പതി ഡോക്ടർമാരും തമ്മിൽ ഉണ്ടാകാറുള്ള അഭിപ്രായഭിന്നതകളിൽ അദ്ദേഹം പലപ്പോഴും പരസ്പരം സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു.