ന്യൂഡൽഹി : നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വൻതോതിൽ തകർന്നുവെന്ന് ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കും മോദി സർക്കാർ മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തിലാണ് ഐ പി ഐ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഭരണഘടനയോടുള്ള യഥാർഥ വിശ്വാസത്തോടെയും കർത്തവ്യത്തോടെയും ഭരിക്കുന്നതിന് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം.
സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യ പ്രവർത്തനത്തിന് അനിവാര്യമാണ്. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ സുസ്ഥിര നടപടികൾ സ്വീകരിക്കണം. മാധ്യമങ്ങളെ സെൻസർ ചെയ്യാൻ യു എ പി എ, ഐ ടി നിയമം പോലുള്ളവ ദുരുപയോഗം ചെയ്യുന്നുണ്ട്. ബി ജെ പിയെ വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ പി ഐ അഭിപ്രായപ്പെട്ടു.