കൊച്ചി : ജില്ലാ കളക്ടർ സമര സ്ഥലത്ത് എത്തി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കണ്ണമാലിയിൽ ജനകീയ സമിതി നടത്തിയ റോഡ് ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു .
രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് 60% തുക കിട്ടുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അത് ഉടൻ ലഭ്യമാകുമെന്നും പണി ഉടൻ ആരംഭിക്കുമെന്നും കളക്ടർ ഉറപ്പു നൽകി.ചെല്ലാനം പഞ്ചായത്തും
കൊച്ചിൻ കോർപ്പറേഷൻ പ്രദേശങ്ങളും ഉൾപ്പടെയുള്ള പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് ജനകീയ വേദി ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
കൊച്ചിൻ പോർട്ടിൻ്റെ ആഴം നില നിർത്താൻ ചെയ്യുന്ന ഡ്രഡ്ജിങ്ങിൽ ലഭിക്കുന്ന എക്കൽ ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള തീര കടലിൽ നിക്ഷേപിച്ച് ആഴം കുറച്ച് തീരം പുനർ നിർമ്മിക്കുന്നതിന് പോർട്ട്, ഇറിഗേഷൻ വകപ്പ്, ഉദ്യോഗസ്ഥരും ജനകീയ വേദി പ്രവർത്തകരുമായി ചൊവ്വാഴ്ച കളക്ടർ ചേമ്പറിൽ വിളിച്ചു ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷം അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
നിലവിൽ തുടർന്നു കൊണ്ടിരിക്കുന്ന സമര പന്തലുകളിലെ സമരം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.