ജോസി മാത്യു
പുതിയ കാര്യസ്ഥനേയും കൂട്ടി ഒളിസേവയ്ക്കു പോയ യജമാനന് തിരിച്ച് വീട്ടിലെത്തി വീട്ടുജോലി ചെയ്ത് വിയര്‍ത്തുകുളിച്ചു നില്ക്കുന്ന ഭാര്യയോട് സാരോപദേശമോതിയാല് എങ്ങിനെയിരിക്കും? ഭര്‍ത്താവിന്റെ സ്വഭാവമഹിമകള്‍ നന്നായറിയാവുന്ന ഭാര്യയുടെ മരവിപ്പ് പോകട്ടെ, പുതുതായി ജോലിക്കെത്തി, യജമാനന്റെ ചെയ്തികള്‍ക്ക് സാക്ഷിയാകേണ്ടി വന്ന കാര്യസ്ഥന്റെ അമ്പരപ്പ് പറഞ്ഞറിയിക്കാന്‍ പറ്റുമോ? നിക്കണോ പോകണോ എന്നായിരിക്കും പാവത്തിന്റെ ചിന്ത.
ബിജെപി സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ഊഴത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് നടത്തിയ ആമുഖ പ്രസംഗം കേട്ടപ്പോള്‍ കാര്യസ്ഥന്റെ സ്ഥാനത്താണല്ലോ എന്‍ഡിഎ ഘടകകക്ഷികളെന്നു ചിന്തിച്ചു പോയി. നിക്കണോ പോകണോ എന്നായിരിക്കും പാവത്തുങ്ങളുടെ വിചാരവികാരങ്ങള്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണയോഗങ്ങളില്‍ വെറുപ്പും വിദ്വേഷവും നിറച്ച് ഉറഞ്ഞാടിയ മോദിജിയാണോ ഈ പറയുന്നതെന്ന് ആരും വിശ്വസിക്കില്ല.
മോദിജി ഉവാച: ‘രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ പ്രതിപക്ഷമാണ് ആവശ്യം. ജനങ്ങള്‍ക്ക് വേണ്ടത് മുദ്രാവാക്യമല്ല, ക്രിയാത്മകമായ പ്രതികരണമാണ്. രാജ്യത്തെ ജനങ്ങള്‍ പ്രതിപക്ഷത്തില്‍ നിന്ന് നല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രതിപക്ഷം ഉയരണം. ജനങ്ങള്‍ക്ക് നാടകവും കലഹവുമല്ല വേണ്ടത്. ഇങ്ങനെ പോയി മോദിയുടെ പ്രതിപക്ഷ ചിന്തകള്‍.
കുറ്റം പറയരുതല്ലോ, ഒരു വാക്കിനോട് പോലും ആര്‍ക്കും വിയോജിക്കാന്‍ കഴിയില്ല. പറഞ്ഞതെല്ലാം അത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ. ഭാര്യയുടെ മരവിപ്പ് പോലെയോ, അതോ കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ ഭരണപക്ഷം തയ്യാറാകാത്ത അരിശം നില്ക്കുന്നതുകൊണ്ടോ, എന്തോ പ്രതിപക്ഷത്തു നിന്നാരും പ്രധാനമന്ത്രിയുടെ സാരോപദേശത്തിന് മറുപടിയൊന്നും പറഞ്ഞതായി കണ്ടില്ല.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന് കൊടിക്കുന്നില്‍ സുരേഷ് പത്രിക സമര്‍പ്പിച്ചെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഓം ബിര്‍ളയെ ശബ്ദവോട്ടോടെ സ്പീക്കറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇപ്പോള്‍ മലമറിക്കുമെന്ന മട്ടില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുക്കം കൂട്ടിയ പ്രതിപക്ഷം ഭരണകക്ഷിക്ക് വാക്കോവര്‍ നല്കി. വെറുതേ ബഹളമുണ്ടാക്കി തുടക്കത്തിലേ തന്നെ സസ്പെന്ഷന് ഏറ്റുവാങ്ങേണ്ട എന്നു കരുതിയാണോ ‘തന്ത്രപരമായ’ ഈ പിന്മാറ്റമെന്ന് അറിയില്ല. ഇതിലും ചെറിയ പ്രതികരണങ്ങള്‍ക്ക്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരന്തരം പുറത്താകല്‍ നേരിടേണ്ടി വന്നവരാണ് പ്രതിപക്ഷം. അകത്ത് മോദിയുടെ വക തട്ട്, പുറത്തെത്തിയാല്‍ ഡല്‍ഹി പൊലീസിന്റെ വക മുട്ട് എന്നതായിരുന്നു സ്ഥിതി. കുറച്ചു സീറ്റുകള്‍ കൂടുതല്‍ കിട്ടിയതു കൊണ്ടൊന്നും സര്‍ക്കാരിന്റെ തട്ടിനും മുട്ടിനും കുറവുണ്ടാകാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കു നന്നായറിയാം. സഭയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ ഇന്ത്യാസഖ്യത്തിന്റെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ തീര്ച്ചക്കുറവുണ്ടായോ എന്നും സംശയം.
മോദിജിയുടെ പ്രതിപക്ഷ കരുതല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന്റെ മനസ്സിലെ പ്രതിപക്ഷ ചിന്തയുടെ ആഴം വ്യക്തമായി മനസ്സിലാക്കാം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം വിളിയാണ് അദ്ദേഹം 2014 ല്‍ അധികാരത്തിലേയ്ക്ക് വന്നതിന് ശേഷം ഏറ്റവും വീറോടെ ഈ രാജ്യത്തെ ജനങ്ങള്‍ പലകുറി കേട്ടത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മകള്‍ ആണ് ദശാബ്ദങ്ങള്‍ ബിജെപി തുടര്‍ന്ന് ഭരിക്കുന്ന ഗുജറാത്തിലും, ഒരു ചെറിയ കാലയളവ് ഒഴിവാക്കിയാല്‍ മധ്യപ്രദേശിലും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളകള്‍ ഉള്‍പ്പെടെ അവസരം കിട്ടുമ്പോഴെല്ലാം പറഞ്ഞത്.
പ്രതിപക്ഷ പാര്‍ട്ടികളിലെ കുടുംബ വാഴ്ച, പ്രതിപക്ഷത്തെ അഴിമതിക്കാര്‍, പ്രതിപക്ഷത്തിന്റെ ദേശസ്നേഹമില്ലായ്മ, മുസ്ലീം പ്രീണനം എന്നിങ്ങനെ തുടരുന്ന ഡസന്‍ കണക്കിന് ആരോപണങ്ങള്‍ കേട്ടാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഭരിച്ചത് പ്രതിപക്ഷമാണോ എന്ന് സംശയം തോന്നിയാലും അതിശയിക്കേണ്ട.
ഇത്ര മാത്രം ദ്രോഹം പ്രതിപക്ഷം കഴിഞ്ഞ രണ്ട് മോദി സര്‍ക്കാരിന്റെ കാലത്തും ജനങ്ങളോടു ചെയ്തോ? പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യക്തവും, സ്പഷ്ടവുമായ ഭൂരിപക്ഷം ബിജെപിക്ക് മാത്രം നല്കി 10 വര്‍ഷങ്ങള്‍ മോദിയുടെ ഇച്ഛയ്ക്കനുസരിച്ച് ഭരിക്കാന്‍ നല്‍കിയിട്ടും, പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമില്ലായ്മ കാരണം മോദിക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിച്ചിരുന്നില്ലേ? അപ്രതീക്ഷിതമായി നോട്ട് നിരോധനം നടത്തിയതും, കൊറോണക്കാലത്ത് മണിക്കൂറുകളുടെ മുന്നറിയിപ്പ് മാത്രം നല്കി രാജ്യം മുഴുവന്‍ മാസങ്ങള്‍ ലോക്ഡൗണ്‍ അടച്ചുപൂട്ടല്‍ നടത്തിയപ്പോഴും പ്രതിപക്ഷം ആയിരുന്നോ പ്രധാന പ്രതി ?
ബിജെപിയുടെ ഇപ്പോള്‍ കഴിഞ്ഞ രണ്ടാമൂഴത്തില്‍ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് അര്‍ഹനാകാനുള്ള അത്രയും അംഗബലം ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നോ? മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ട് പോലും പ്രതിപക്ഷ കക്ഷികളേയും, നേതാക്കളേയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ ദാക്ഷിണ്യം ഉണ്ടായിരുന്നോ? ഇ.ഡിയും സിബിഐയും നിരങ്ങാത്ത പ്രതിപക്ഷ വസതികള്‍ കുറവല്ലേ? മുഖ്യമന്ത്രിമാരെയടക്കം ജയിലിലടച്ചില്ലേ? 17-ാം ലോകസഭയുടെ അവസാന മാസങ്ങളില്‍ നിയമനിര്‍മ്മാണ സഭകളില്‍ നിന്നും കൂട്ട സസ്പെന്ഷന് നല്കി പുറത്ത് നിറുത്തിയിരുന്നത് ആരെയായിരുന്നു? ഡല്‍ഹി പൊലീസ് നെറുകംതലക്കടിച്ച്, ഉടുതുണിയുരിഞ്ഞ് നാണം കെടുത്തിയത് പ്രതിപക്ഷ നേതാക്കളെയല്ലേ?
ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടുന്നതില്‍ ലോകോത്തര നൈപുണ്യമുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കുക മാത്രമാണ് മോദിജിയുടെ പ്രതിപക്ഷ ചിന്തകള്‍ വ്യക്തമാക്കുന്നത്.
അത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങി എന്നതിന്റെ തെളിവാണ്, ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത ഒരു മൂന്നാമൂഴത്തിന് മോദിജി തുടക്കം കുറിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്. പ്രതിപക്ഷം തീര്‍ച്ചയായും പ്രധാനമന്ത്രിയുടെ ഉപദേശം മുഖവിലയ്ക്കെടുക്കുകയും വേണം. മോദിജിയുടെ പ്രസംഗത്തില്‍ ‘പ്രതിപക്ഷം ‘ എന്ന് ഉപയോഗിച്ചിടത്തെല്ലാം ‘മോദി സര്‍ക്കാര്‍ ‘ എന്ന് ജനങ്ങള്‍ വായിച്ചെടുക്കേണ്ടതാണ്.
രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ ഭരണപക്ഷമാണ് ആവശ്യം. ജനങ്ങള്‍ക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല, ക്രിയാത്മകമായ പ്രതികരണമാണ്. രാജ്യത്തെ ജനങ്ങള്‍ ഭരണപക്ഷത്തില്‍ നിന്ന് നല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് ഭരണപക്ഷം ഉയരണം. ജനങ്ങള്‍ക്ക് നാടകവും കലഹവുമല്ല വേണ്ടത്. ഇത്രയും കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ടോ എന്ന് നോക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു തവണയിലും പ്രതിപക്ഷം തങ്ങളുടെ ആ കടമ വിജയകരമായി നിര്വഹിച്ചിരുന്നില്ലെന്നു തന്നെ കാണണം. മൂപ്പിളമ തര്‍ക്കത്തിനൊടുവില്‍ തട്ടിക്കൂട്ടിയ ഇന്ത്യാ മുന്നണിയില്‍, ഇപ്പോള്‍ എന്‍ഡിഎ ഘടകകക്ഷികളായിരിക്കുന്ന പലരും എത്തേണ്ടതായിരുന്നു. ഇന്ത്യാ ഗേറ്റിനപ്പുറത്തേക്ക് അവരെ കടത്തിവിടാന്‍ കഴിയാതിരുന്നത് തിരുമണ്ടകള്ക്കകത്ത് ആള്ത്താമസമില്ലാഞ്ഞതു കൊണ്ടു തന്നെയാണ്. അതാണ് പ്രതിപക്ഷത്തിന്റെ പരാജയം. ആ പരാജയമാണ് മോദിജിയെ സരോപദേശ പ്രസംഗങ്ങള്‍ നടത്താന്‍ പ്രാപ്തനാക്കിയത്.
തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയാണ് വിജയിച്ചതെന്ന ദിവാസ്വപ്നത്തില്‍ നിന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ പല ഘടകകക്ഷികളും ഇപ്പോഴും മോചിതരായിട്ടില്ല എന്നു കരുതേണ്ടിയിരിക്കുന്നു. സ്വപ്്നം കണ്ടുണരുമ്പോഴേക്കും ഇന്ത്യാ മുന്നണിയില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പരസ്പരമുള്ള കലഹങ്ങള്‍ പരിഹരിക്കാതെ പ്രതിപക്ഷത്തിന് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും വിജയിക്കാനോ, അഥവാ ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെ അത് നിലനിര്‍ത്താനോ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല.
ഭരണത്തിന്റെ പിടിപ്പുകേടുകള്‍, സ്വജനപക്ഷപാതം, എല്ലാ സീമകളേയും ലംഘിക്കുന്ന വര്‍ഗീയത ഇതെല്ലാം ജനങ്ങള്‍ക്കു മുന്നില്‍ ഒറ്റക്കെട്ടായി നിന്ന് തുറന്നുകാട്ടാന്‍ കഴിയണം. അതില്‍ പ്രതിപക്ഷം വിജയിച്ചാല്‍, അവര്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷവും അധികം താമസിയാതെ ഭരണപക്ഷവുമായി മാറും.
വാല്‍ക്കഷണം: ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പങ്കെടുത്ത, കേരളത്തിലെ പുതിയ മന്ത്രി ഒ.ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ സുരേഷ് ഗോപി എംപി മൈതാനത്ത് കുട്ടികളോടൊത്ത് ഓടിച്ചാടി കളിക്കുകയായിരുന്നു. ഇതിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സുരേഷ് ഗോപിക്ക് ജനാധിപത്യമര്യാദയോ ദേശീയഗാനത്തോട് ബഹുമാനമോ ഇല്ലെന്നാണ് വിമര്‍ശനങ്ങളുടെ കാതല്‍. അഭിനേതാവായ സുരേഷ് ഗോപിക്കല്ല, തൃശൂര്‍ക്കാര്‍ക്കാണ് സാമാന്യ മര്യാദയില്ലാത്തതെന്നാണ് എന്റെ പക്ഷം.