ജെക്കോബി
ദൈവഹിതം സ്വീകരിക്കാനുള്ള സന്നദ്ധതയെ ഏറ്റവും ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന കനേഡിയൻ ഗായകൻ ലെയൊനാർഡ് കോഹന്റെ യു വാണ്ട് ഇറ്റ് ഡാർകർ എന്ന ഗാനത്തിൽ, ഹീബ്രു ബൈബിളിൽ അബ്രഹാമും മോസസും സാമുവലും ദൈവഹിതത്തിനു വഴങ്ങുമ്പോൾ വിളിച്ചുപറയുന്ന ഒരു ഹീബ്രു പല്ലവിയുണ്ട്:
ഹിനേനി!
ഇതാ ഞാൻ, കർത്താവേ!
മലയാളക്കരയിലെ ഏറ്റവും വലിയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടത്തെ കാരുണ്യമാതാവിന്റെ ബസിലിക്കയുടെ അഞ്ഞൂറാം വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കെയാണ് ബസിലിക്കയുടെ റെക്ടറും ഇടവക വികാരിയുമായ മോൺ. വാലുങ്കലിനെ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്തയുടെ സഹായമെത്രാനായി അപ്പസ്തോലിക പാരമ്പര്യത്തിൽ പൗരോഹിത്യത്തിന്റെ പൂർണതയിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. പതിനാലുവർഷത്തെ ഇടവേളയ്ക്കു ശേഷം വരാപ്പുഴ അതിരൂപതയ്ക്ക് ഒരു കൊച്ചുപിതാവിനെ ലഭിക്കുകയാണ്.
വിമോചനത്തിന്റെ യോഗാത്മകദർശനം
നമ്മുടെ സാധാരണ ജീവിതത്തിൽ തീവ്രമായി ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്ന മിസ്റ്റിക്കൽ അനുഭൂതിയെ കുറിച്ച് വൈദികവിദ്യാർഥികളെ പഠിപ്പിച്ച ആധ്യാത്മിക ദൈവശാസ്ത്ര ആചാര്യനാണ് ഡോ. ആന്റണി വാലുങ്കൽ. ഇരുപതാം നൂറ്റാണ്ടിലെ ജസ്യുറ്റ് ദൈവശാസ്ത്രജ്ഞൻ കാൾ റാഹ്നർ അവതരിപ്പിച്ച ‘എവരിഡേ മിസ്റ്റിസിസം’ എന്ന അനുദിന യോഗാത്മകവിദ്യയുടെ കാതൽ സാധാരണ ജീവിതത്തിൽ ‘ദൈവികമായ എന്തോ അനുഭവിക്കുന്ന’ അസാധാരണ മനുഷ്യരാവുക എന്നതാണ്. ആവിലായിലെ അമ്മത്രേസ്യയുടെയും കുരിശിന്റെ യോഹന്നാന്റെയും ‘ക്ലാസിക്കൽ’ മിസ്റ്റിക്കൽ അനുഭവമല്ല, ലിസ്യുവിലെ കൊച്ചുത്രേസ്യയുടെ ദൈവാനുഭവത്തിന്റെ ലളിതപാഠങ്ങളാണ് ഇതിന് ആധാരം. അതീന്ദ്രിയാനുഭൂതി, അദ്ഭുത ദർശനം, അലൗകികമായ പരമാനന്ദ സായുജ്യം, പഞ്ചക്ഷതങ്ങളുടെ ആഴത്തിലുള്ള പീഡ – ഇതൊന്നും ‘ഓർഡിനറി’ മിസ്റ്റിസിസത്തിലില്ല. ദൈവം നമ്മുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽ സ്പർശിക്കുന്നു. നമുക്ക് സാധ്യമല്ലാത്തത് ദൈവം നിർവഹിക്കുന്നു. ദൈവം നമ്മിൽ നിറയുന്നു, നമുക്ക് ഗ്രഹിക്കാനാകാത്തവണ്ണം നാം രൂപാന്തരപ്പെടുന്നു. നമ്മുടെ മുഴുവൻ വികാരങ്ങളോടെയും ശരീരത്തോടെയും മനസ്സോടെയും ആത്മാവോടെയും ദൈവത്തെ അറിയാനും സ്നേഹിക്കാനും നമുക്കാകുന്നു. എല്ലാത്തിലും ദൈവത്തെ കാണാനാകുന്ന ഇഗ്നേഷ്യൻ ആധ്യാത്മിക സങ്കല്പമാണിത്. കാൾ റാഹ്നർ പറഞ്ഞു, ”വരുംനാളുകളിൽ നിങ്ങൾ ഒരു മിസ്റ്റിക് ആകും, ഇല്ലെങ്കിൽ ഒന്നുമാകില്ല.” ഫ്രാൻസിസ് പാപ്പായെ ഒരു ‘മിസ്റ്റിക്’ ആയാണ് ഡോ. ആന്റണി വാലുങ്കൽ കാണുന്നത്.
എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:
- വല്ലാർപാടത്തെ പരിശുദ്ധ കാരുണ്യമാതാവിന്റെ തിരുപ്രതിഷ്ഠയുടെ ഒരു പ്രതിമാനം ‘ശുശ്രൂഷ, മോചനദ്രവ്യം’ എന്നീ ദീപ്ത സൂക്തത്തിനൊപ്പം അങ്ങയുടെ അജപാലനശുശ്രൂഷയുടെ സ്ഥാനികമുദ്രയിലുണ്ട്. വല്ലാർപാടത്തമ്മയുടെ മഹാദ്ഭുതം എന്നാണ് മെത്രാൻപദത്തിലേക്കുള്ള അപ്രതീക്ഷിത നിയോഗത്തെ അങ്ങു വിശേഷിപ്പിച്ചത്. ‘മാതാവിന്റെ നീല അങ്കി പിടിച്ചുനടന്നവൻ’ എന്ന ഒരു ചൊല്ലുതന്നെയുണ്ടല്ലോ…
വരാപ്പുഴ അതിരൂപതയുടെ ആധ്യാത്മിക പാരമ്പര്യത്തിൽ മരിയഭക്തിക്ക് ഏറെ പ്രാമുഖ്യമുണ്ട്. വിഖ്യാതമായ രണ്ടു മരിയൻ തീർഥാടനകേന്ദ്രങ്ങൾ നമുക്കുണ്ട് – വല്ലാർപാടം ബസിലിക്കയും നിത്യസഹായമാതാവിന്റെ സന്നിധാനമായ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലും. വരാപ്പുഴയിലെ കർമലമാതാവിന്റെ ബസിലിക്കയും മഞ്ഞുമ്മൽ അമലോത്ഭവ മാതാവിന്റെ ആശ്രമദേവാലയവും കർമലീത്താ മാതൃഭക്തിയുടെ പ്രതീകങ്ങളാണ്. ഡീക്കൻ പട്ടം സ്വീകരിച്ചു കഴിഞ്ഞ് ഞാൻ തിരുപ്പട്ടത്തിന് ഒരുങ്ങുമ്പോഴാണ് എന്റെ അമ്മ മരിച്ചത്. മരിയഭക്തനായ ആർച്ച്ബിഷപ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് എന്നെ ആശ്വസിപ്പിക്കാനായി മാതാവിന്റെ ഒരു കാശുരൂപം – മിരാകുലസ് മെഡൽ ഓഫ് ഔവർ ലേഡി ഓഫ് ഗ്രെയ്സസ് – സമ്മാനിച്ചുകൊണ്ട് എന്നോടു പറഞ്ഞു: ”മകനേ, ഭൂമിയിലെ അമ്മ നിന്നെവിട്ടുപോയി. പരിശുദ്ധ മാതാവിന് നിന്നെ ഞാൻ ഭരമേല്പിക്കുന്നു. സ്വർഗീയ അമ്മ എന്നും നിന്നോടുകൂടെയുണ്ടാകും.” ആ വാക്കുകൾ എന്നെ ആഴത്തിൽ സ്പർശിച്ചു. പരിശുദ്ധ അമ്മയുടെ വലിയ കൃപ എന്നും എന്നോടൊപ്പമുണ്ടായിരുന്നു. എന്നും കൂടെ ചരിക്കുകയും വഴിനടത്തുകയും ചെയ്യുന്ന അമ്മയുടെ ജീവിക്കുന്ന ആ ചൈതന്യം എന്നും ഞാൻ അനുഭവിച്ചിരുന്നു. ഒടുവിൽ വല്ലാർപാടത്തമ്മയുടെ സവിധത്തിലെത്തിയതോടെ, മാതാവിന്റെ ഇടപെടലുകൾക്ക് നിരന്തരം സാക്ഷിയുമായി. അദ്ഭുതകരമായ എത്രയെത്ര അനുഭവ സാക്ഷ്യങ്ങളാണ് വല്ലാർപാടം പള്ളിയിലെ വികാരിയച്ചൻ എന്ന നിലയിൽ കൃതജ്ഞതയർപ്പിക്കാനെത്തുന്നവരിൽ നിന്ന് നിത്യവും കേൾക്കുന്നത്.
- വല്ലാർപാടം ബസിലിക്കയുടെയും മനോഗുണമാതാവിന്റെ തിരുപ്രതിഷ്ഠയുടെയും അഞ്ഞൂറാം വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് അങ്ങ് 2021-ൽ വല്ലാർപാടം ബസിലിക്കാ റെക്ടറായി ചുമതലയേറ്റതിനു ശേഷമാണല്ലോ. ജൂബിലി വർഷത്തിൽ വല്ലാർപാടത്തമ്മയുടെ തിരുസന്നിധിയിൽ പൗരോഹിത്യത്തിന്റെ പൂർണതയിലേക്ക് അഭിഷിക്തനാകുമ്പോൾ, ജൂബിലി കാലത്ത് ചെയ്യാൻ സാധിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങൾ ഏതൊക്കെയാണ്?
വല്ലാർപാടത്ത് പോർച്ചുഗീസ് മിഷനറിമാർ 1524-ൽ പുതിയ പള്ളി സ്ഥാപിക്കുകയും പോർച്ചുഗലിൽ നിന്നു കൊണ്ടുവന്ന പരിശുദ്ധ കാരുണ്യമാതാവിന്റെ തിരുചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 2024-ൽ അഞ്ഞൂറാം മഹാജൂബിലി വർഷമാണെന്ന വസ്തുത ഓർമപ്പെടുത്താൻ പരിശുദ്ധ അമ്മയുടെ ഇടപെടലുണ്ടായെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ദിവസം ബസിലിക്കയിലെ സഹവികാരിയുമായുള്ള സംസാരത്തിനിടയിലാണ് വരാനിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള ജൂബിലിവർഷത്തിന്റെ കാര്യം പെട്ടെന്നു തെളിഞ്ഞുവന്നത്. ജൂബിലിക്ക് ഒരുക്കമായി ഇടവകതലത്തിൽ വലിയൊരു ഉണർവുണ്ടായി. വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യാനും മുൻഗണനാക്രമത്തിൽ ചില പദ്ധതികൾ പൂർത്തിയാക്കാനും ഇടവകജനം ഒരുമയോടെ ഒത്തുചേർന്നു.
വല്ലാർപാടം ബസിലിക്കയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെ അദ്ഭുതചിത്രം ആർട്ട് കൺസർവേഷന്റെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് കാലപ്പഴക്കത്തിന്റെ കേടുപാടുകൾ തീർത്ത് അത്യന്തം തേജസ്സുറ്റവണ്ണം പൂർവ ഔജ്ജ്വല്യം വീണ്ടെടുത്ത് പുനഃപ്രതിഷ്ഠിച്ചതാണ് ഏറ്റവും കൃപാധന്യമായി ഞാൻ കരുതുന്നത്. വൈപ്പിനിലെ പ്രത്യാശാമാതാവിന്റെ പള്ളി, സൗദിയിലെ ആരോഗ്യമാതാവിന്റെ പള്ളി, മട്ടാഞ്ചേരിയിലെ ജീവമാതാവിന്റെ പള്ളി, പള്ളിപ്പുറം മഞ്ഞുമാതാവിന്റെ ബസിലിക്ക എന്നിങ്ങനെ യൂറോപ്യൻ മിഷനറിമാർ ഈ മേഖലയിൽ പരിശുദ്ധമാതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ച ദേവാലയങ്ങളിൽ നിന്ന് വല്ലാർപാടം ബസിലിക്കയെ വേറിട്ടതാക്കുന്നത് ആ അദ്ഭുത തിരുചിത്രപ്രതിഷ്ഠയാണ്.
റോമിലെ സാന്ത മരിയ മജ്ജോരെ പേപ്പൽ ബസിലിക്കയിലെ ദൈവമാതാവിന്റെ ഗ്രീക്ക് ഐക്കോണിന്റെ കോപ്പി ഈശോസഭക്കാർ സ്പെയിനിലെ ബാർസലോണയിലെത്തിച്ചതായാണ് കരുതപ്പെടുന്നത്. അവിടെനിന്നാണ് അത് കൊച്ചിയിലേക്കു കൊണ്ടുവരുന്നത്. ഒറ്റത്തടി പലകയിൽ ഓർഗാനിക് എണ്ണച്ചായകൂട്ടുകൾ ഉപയോഗിച്ച് എഴുതിയ അതിവിശിഷ്ട ചിത്രം. വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥ്യത്താൽ നടന്ന ഏറ്റവും കേൾവിപ്പെട്ട അദ്ഭുതം – കൊച്ചി കായലിൽ വഞ്ചിമറിഞ്ഞ് മൂന്നുനാൾ വെള്ളത്തിനടിയിൽ കഴിഞ്ഞ പള്ളിയിൽവീട്ടിൽ മീനാക്ഷിയമ്മയും ആൺകുഞ്ഞും രക്ഷിക്കപ്പെട്ടത് – എന്നന്നേക്കുമായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ആ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം തിരുചിത്രത്തിൽ കൂട്ടിച്ചേർക്കുകയുണ്ടായി. പിന്നീട് പലപ്പോഴായി കെമിക്കൽ പിഗ്മെന്റുകൾ വച്ച് ചില മിനുക്കുപണികൾ നടത്തിയതിന്റെയും, അന്തരീക്ഷത്തിലെ ഈർപ്പം, പൊടിപടലങ്ങൾ, അൾത്താരയിൽ നടത്തിയ പെയിന്റിങ്ങ് എന്നിവയുടെയും ഫലമായി ചിത്രത്തിനു മങ്ങലേറ്റിരുന്നു. അതിരൂപതാ ആർട്ട് ആൻഡ് കൾച്ചർ കമ്മിഷൻ ഡയറക്ടർ അൽഫോൻസ് പനക്കലച്ചന്റെ നേതൃത്വത്തിലാണ് റെസ്റ്റൊറേഷൻ പദ്ധതി നടപ്പാക്കിയത്. വഡോദരയിലെ എം.എസ് യൂണിവേഴ്സിറ്റിയിൽ മ്യൂസിയോളജി ഗവേഷകനും കൺസർവേഷൻ കൺസൾട്ടന്റുമായ സത്യജിത് ഇബ്ന് വളരെ മനോഹരമായി ആ ദൗത്യം പൂർത്തീകരിച്ചു.
സാങ്ച്വറിയുടെ മേൽത്തട്ടിൽ 1924-ൽ ജോസഫ് ഗൊൺസാൽവസ് എന്ന തദ്ദേശീയ കലാകാരൻ ചെയ്ത ചുമർചിത്രങ്ങളും പുനരുദ്ധരിക്കേണ്ടതുണ്ടായിരുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ ഫൈൻ ആർട്സ് വിഭാഗത്തിന്റെ മേധാവിയായിരുന്ന പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ ആന്റണി കാറൽ – പനക്കലച്ചന്റെ സഹോദരൻ – മാസങ്ങളോളം ആ റെസ്റ്റൊറേഷൻ ദൗത്യത്തിൽ മുഴുകി. മാതാവിന്റെ തിരുചിത്രത്തിന്റെയും സാങ്ച്വറിയുടെയും പഴയ മഹിമ വീണ്ടെടുക്കാനായി. മാതാവിനെ മഹത്വപ്പെടുത്തിയതിന്റെ അനുഗ്രഹമാണ് അച്ചന് കിട്ടിയിരിക്കുന്നതെന്നാണ് ഇടവകക്കാർ എന്നോട് ഇപ്പോൾ പറയുന്നത്.
- വല്ലാർപാടത്തെ പള്ളിയിൽവീട്ടിൽ നായർ തറവാട്ടിലെ മീനാക്ഷിയമ്മയുടെ പഴയ വീട് ഏറ്റെടുത്ത് അത് ഒരു മ്യൂസിയമാക്കാനുള്ള പണി തുടങ്ങിയതും ജൂബിലിക്കു മുന്നോടിയായാണല്ലോ…
വല്ലാർപാടം തീർഥാടനകേന്ദ്രത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മീനാക്ഷിയമ്മ. വേളാങ്കണ്ണി പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട മിക്ക അദ്ഭുത ആഖ്യാനങ്ങളും നടക്കുന്നത് പള്ളി സ്ഥാപിക്കപ്പെടുന്നതിനു മുൻപാണ്. വല്ലാർപാടത്ത് 1524-ൽ ഇടവക സ്ഥാപിക്കപ്പെട്ട് രണ്ടേകാൽ നൂറ്റാണ്ട് കഴിഞ്ഞാണ്, 1752 മേയ് മാസത്തിൽ മീനാക്ഷിയമ്മയും കുഞ്ഞും വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥ്യത്താൽ കായലിനടിയിൽ നിന്ന് മൂന്നാം നാൾ ജീവനോടെ തിരിച്ചുവരുന്ന അദ്ഭുതം നടക്കുന്നത്. അന്ന് വല്ലാർപാടം പള്ളി വികാരിയായിരുന്ന ഫാ. മിഗ്വേൽ കൊറയയ്ക്കുണ്ടായ ദർശനത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദീർഘപാരമ്പര്യമുള്ള, വ്യവസ്ഥാപിതമായ ഒരു ഇടവക സമൂഹത്തിൽ നടന്ന ചരിത്രസംഭവമാണിത്. മീനാക്ഷിയമ്മ മകനോടൊപ്പം പരിശുദ്ധ അമ്മയുടെ ‘അടിമ’ ശുശ്രൂഷ ചെയ്തു ജീവിച്ചുവെന്നാണ് പാരമ്പര്യം. തലമുറകളായി മീനാക്ഷിയമ്മയുടെ കുടുംബക്കാർതന്നെ ഇതു സാക്ഷ്യപ്പെടുത്തി വല്ലാർപാടത്തമ്മയുടെ തിരുനാളിന് വന്നണയുന്ന തീർഥാടകർക്ക് കഞ്ഞിയും സംഭാരവുമൊക്കെ നൽകിവന്നിരുന്നു.
ഏറെക്കാലമായി മീനാക്ഷിയമ്മയുടെ പുരയിടം പള്ളിക്കുവേണ്ടി വാങ്ങാൻ പലവട്ടം ശ്രമങ്ങൾ നടന്നു. എന്നാൽ പല തടസങ്ങളുണ്ടായി. പതിനെട്ട് സെന്റ് സ്ഥലവും അഞ്ചു സെന്റ് വഴിയും പഴയ വീടും വാങ്ങി അവിടെ മീനാക്ഷിയമ്മയുടെ ജീവിതവും വല്ലാർപാടത്തമ്മയുടെ അദ്ഭുതകരമായ ഇടപെടലിന്റെ സാക്ഷ്യവും മിഴിവോടെ അവതരിപ്പിക്കുന്ന മ്യൂസിയം ഒരുക്കാൻ കഴിഞ്ഞു. ആന്റണി കാറൽ അവിടെ മീനാക്ഷിയമ്മയുടെ ശില്പം ഒരുക്കിയിട്ടുണ്ട്.
- സമുദായ വികസനത്തിനും അജപാലന പരിശീലനത്തിനുമായുള്ള കാർമൽഗിരി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ലത്തീൻസഭാ വിജ്ഞാനകോശ പരമ്പരയിൽ, മിഷനറിമാരുടെ ആത്മീയ സംഭാവനകൾ, മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയഭക്തിയും എന്നീ ഗ്രന്ഥങ്ങൾ രചിച്ച അങ്ങ് വല്ലാർപാടം ജൂബിലിക്കു മുന്നോടിയായി മൂന്നു ചരിത്ര സെമിനാറുകൾ സംഘടിപ്പിച്ചു. അതിരൂപതയുടെയും വല്ലാർപാടത്തിന്റെയും ചരിത്രം ആധികാരികമായി പുനരാഖ്യാനം ചെയ്യാനുള്ള അവസരം കൂടിയായി ജൂബിലിയെ മാറ്റാൻ കഴിഞ്ഞോ?
മലങ്കരയിലെ പൗരസ്ത്യസഭാ പാരമ്പര്യത്തിൽ തദ്ദേശീയർ പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ നിർമിച്ച ഒരു ദേവാലയം വല്ലാർപാടം ദ്വീപിലുണ്ടായിരുന്നു. ഉദയംപേരൂർ സൂനഹദോസിൽ വല്ലാർപാടം ഇടവകയിൽ നിന്നുള്ളവർ പങ്കെടുത്ത ചരിത്രം നാം വായിക്കുന്നുണ്ട്. വല്ലാർപാടം പള്ളിയെക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ പുസ്തകങ്ങളിലൊന്ന് 1947 – 1954 കാലത്ത് വല്ലാർപാടത്ത് വികാർ കോപ്പറേറ്റർ ആയിരുന്ന സെറാഫിൻ ബെനഡിക്റ്റ് അച്ചൻ എഴുതിയ വല്ലാർപാടത്തമ്മ എന്ന പുസ്തകമാണ്. അത് 2022 ജൂലൈയിൽ പുനഃപ്രസിദ്ധീകരിച്ചു. ചരിത്ര സെമിനാറുകളിലെ പ്രബന്ധങ്ങൾ വരുംതലമുറയ്ക്ക് നമ്മുടെ സമൂഹത്തിന്റെ സുകൃതധന്യമായ ചരിത്രപൈതൃകത്തെക്കുറിച്ചുള്ള അവബോധം പകർന്നുനൽകാൻ ഉപകരിക്കും. ദേശീയ മരിയൻ തീർഥാടനകേന്ദ്രമായി അറിയപ്പെടുന്നതിനു മുൻപുതന്നെ വല്ലാർപാടം പള്ളി കേരളസഭയിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു. ചിലപ്പോഴെങ്കിലും മെത്രാപ്പോലീത്ത തന്നെ ഈ പള്ളിയുടെ അജപാലന ചുമതല വഹിച്ചിരുന്നതായി കാണാം. മഞ്ഞുമ്മൽ അമലോത്ഭവ മാതാവിന്റെ ആശ്രമദേവാലയ നിർമാണം 17 വർഷം നീണ്ടുപോയപ്പോൾ ഫണ്ട് ശേഖരത്തിനായി ആരംഭിച്ച ധർമ്മ നറുക്കു കുറിയിൽ വല്ലാർപാടം പള്ളി വികാരിയായിരുന്ന ഫാ. ജോർജ് ദെ റൊസാരിയോ വയലിത്തറ മുൻപന്തിയിലുണ്ടായിരുന്നു. വിജയപുരം മിഷനുവേണ്ടി വർഷം തോറും നെൽകൃഷിയിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം വല്ലാർപാടത്തുനിന്നു നൽകിയിരുന്നതായി നാം വായിക്കുന്നുണ്ട്.
- ലിവ്റമെന്തോമാതാവ്, ബന്ധമോചകിയായ ദൈവമാതാവ്, ഔവർ ലേഡി ഓഫ് റാൻസം, മനോഗുണമാതാവ്, കാരുണ്യമാതാവ് എന്നീ പേരുകളിൽ വിശ്വാസികൾ വണങ്ങുന്ന വല്ലാർപാടത്തമ്മയുടെ പുരാതന ദേവാലയത്തിന് മേർസഡേറിയൻ സമൂഹവുമായി ചരിത്രപരമായുള്ള ബന്ധം എന്താണ്?
സ്പെയിനിലെ ക്രൈസ്തവ ജനതയെ കീഴടക്കിയ വടക്കൻ ആഫ്രിക്കയിലെ ഇസ് ലാമിക മൂർവർഗക്കാർ പിടിച്ചുകൊണ്ടുപോയി അടിമകളാക്കിയിരുന്ന ആയിരകണക്കിന് ക്രൈസ്തവരെ മോചനദ്രവ്യം നൽകി വീണ്ടെടുക്കുന്നതിനായി വിശുദ്ധ പീറ്റർ നൊലാസ്കോ, വിശുദ്ധ റെയ്മുന്തോ പെഞ്ഞ്യഫോർട്ട്, ആരൊഗണിലെ ജെയിംസ് ഒന്നാമൻ രാജാവ് എന്നിവർ ചേർന്നു സ്ഥാപിച്ച മേർസഡേറിയൻ പ്രേഷിത സമൂഹവുമായി വല്ലാർപാടം ഇടവകയ്ക്ക് പണ്ടുമുതലേ ബന്ധമുണ്ട്. അടിമകളെ വീണ്ടെടുക്കുന്നതിനുള്ള ദൈവമാതാവിന്റെ ഭ്രാതൃസഖ്യം ഇവിടെ പ്രവർത്തിച്ചിരുന്നതിന്റെ രേഖകളുണ്ട്. കേരളത്തിൽ മറ്റൊരിടത്തും കാണാത്ത വിശുദ്ധ പീറ്റർ നൊലാസ്കോയുടെ തിരുസ്വരൂപം വല്ലാർപാടത്ത് പണ്ടേയുണ്ട്. ഓർഡർ ഓഫ് ദ് ബ്ലെസെഡ് വെർജിൻ മേരി ഓഫ് മേഴ്സി സമൂഹത്തിലെ വൈദികർ വല്ലാർപാടത്ത് ശുശ്രൂഷ ചെയ്യുന്നുണ്ട്.
- ജൂബിലിയോടനുബന്ധിച്ച് പിൽഗ്രിം സെന്റർ ഉൾപ്പെടെ തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ബസിലിക്കയോടു ചേർന്ന് ‘കണക്റ്റിവിറ്റിക്ക്’ ആവശ്യമായ ഭൂമി വാങ്ങുകയും, വർഷങ്ങളായി പ്രതിബന്ധങ്ങളിൽ കുടുങ്ങികിടന്ന പല കാര്യങ്ങളിലും ചുരുങ്ങിയ കാലം കൊണ്ട് തീർപ്പുണ്ടാക്കുകയും ചെയ്തത് ഇടവകക്കാർ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഇതൊക്കെ എങ്ങനെ സാധിച്ചു?
കാരുണ്യമാതാവിന്റെ മാധ്യസ്ഥശക്തി കൊണ്ട്! എന്റെ എല്ലാ ആകുലതകൾക്കും വ്യാകുലതകൾക്കും ആശ്വാസം പകരാൻ പരിശുദ്ധ അമ്മ എന്നും ഒപ്പമുണ്ടായിരുന്നു. രണ്ടാം ശനിയാഴ്ചകളിലെ അഖണ്ഡ ജപമാലയിൽ സമർപ്പിക്കുന്ന യാചനകൾക്ക് എപ്പോഴും എനിക്ക് വ്യക്തമായ മറുപടി ലഭിച്ചിരുന്നു. ബസിലിക്കയുടെ തെക്കുവശത്തായി 43 സെന്റ് സ്ഥലം വാങ്ങാനുള്ള നീക്കങ്ങൾ 1994-ൽ ആരംഭിച്ചതാണ്. അത് ഇപ്പോൾ മാതാവ് നടത്തിതന്നു.
- വൈപ്പിൻകരയിലെ കർത്തേടത്ത് സെന്റ് ജോർജ് ഇടവകയിൽ ഇന്നു കാണുന്ന പുതിയ പള്ളി പണിതീർത്ത വികാരിയച്ചൻ എന്ന നിലയിൽ നാട്ടുകാർ ഇപ്പോഴും അങ്ങയെ അദ്ഭുതാദരങ്ങളോടെ ഓർക്കുന്നത്, അതിരൂപതയിലെ അതിപ്രഗത്ഭരായ മൂന്ന് വൈദികർക്ക് കൈയൊഴിയേണ്ടിവന്ന ആ പദ്ധതി ജനപങ്കാളിത്തത്തോടെ വളരെ കൂളായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതിനാലാണ്. അവിടെ എന്തു മാജിക്കാണ് കാണിച്ചത്?
കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ഞാൻ വൈസ് റെക്ടറായിരുന്നപ്പോൾ എന്റെ റെക്ടറച്ചനായിരുന്ന അഭിവന്ദ്യ ജോസഫ് കാരിക്കശേരി പിതാവിന്റെ സ്വന്തം ഇടവകയാണ് കർത്തേടം. അവിടെ പുതിയ പള്ളിയുടെ തറ പൂർത്തിയാകും മുൻപ് പണി നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. പ്ലാൻ, പണിയുടെ മേൽനോട്ടം, സാങ്കേതിക വൈദഗ്ധ്യം എന്നങ്ങനെ പല വിഷയങ്ങളെ സംബന്ധിച്ച് ഇടവകയിൽ അഭിപ്രായഭിന്നതകളുണ്ടായതാണ് അടിസ്ഥാന പ്രശ്നം. ആദ്യമേ, ഇടവകയിലെ ദൈവജനത്തിന്റെ പൊതുയോഗം വിളിച്ചുകൂട്ടി, പള്ളിക്കു തറക്കല്ലിട്ടിട്ട് അവിടെ പാരിഷ് ഹാൾ പണിയാനാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഞാൻ അവരോടു ചോദിച്ചു. പള്ളി വേണം എന്നുതന്നെയായിരുന്നു അവരുടെ നിലപാട്. അനുരഞ്ജനവും ഐക്യവും ഉണ്ടാകാനുള്ള ഏക മാർഗം പ്രാർഥനയാണെന്ന തിരിച്ചറിവിൽ, ഇടവക സമൂഹത്തെ ഒന്നടങ്കം ദിവ്യകാരുണ്യ സന്നിധിയിലേക്കു നയിക്കാനാണ് ഞാൻ ശ്രമിച്ചത്. അവിടെ 900 കുടുംബങ്ങളുണ്ടായിരുന്നു. മൂന്നു കുടുംബങ്ങൾ വീതം ദിവസവും ആരാധനയ്ക്ക് പള്ളിയിലെത്തണമെന്ന ധാരണയായി. ഒരു വർഷം മുടങ്ങാതെ അനുദിന ആരാധന തുടർന്നു. പിന്നെ പള്ളിപണിക്ക് ഒരു തടസവുമുണ്ടായില്ല.
- കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി വൈസ് റെക്ടർ, വിയാനി ഹോം സ്ഥാപക ഡയറക്ടർ, ജോൺ പോൾ ഭവൻ ഡയറക്ടർ എന്നിങ്ങനെ മൈനർ സെമിനാരിയിൽ ഒൻപതു വർഷം, പിന്നീട് കാർമൽഗിരി മേജർ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറും പ്രൊഫസറുമായി ഒൻപതു വർഷം കൂടി. വൈദിക രൂപീകരണത്തിൽ അങ്ങ് പരമപ്രധാനമായി കണ്ടത് എന്താണ്?
പെറ്റി സെമിനാരിയിൽ വച്ച് ഒരു ദിവസം കൊർണേലിയൂസ് പിതാവ് ഞങ്ങളെ കാണാൻ വന്നത് ഞാൻ ഓർക്കുന്നു. പിതാവ് ഞങ്ങളോടു ചോദിച്ചു: ”മക്കളേ, നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?” ആ ചോദ്യത്തിന് ശരിയായ ഉത്തരം പറയാൻ ഞങ്ങൾ കൊച്ചു ബ്രദേഴ്സിന് ആർക്കും കഴിഞ്ഞില്ല. സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, ഈശോയുടെ പടം കണ്ടിട്ടുണ്ട് എന്നും മറ്റും ആരൊക്കെയോ പറഞ്ഞു. ഒടുവിൽ പിതാവ് ഞങ്ങളെ പഠിപ്പിച്ചു: ”മക്കളേ, പരിശുദ്ധ കുർബാനയിൽ തിരുവോസ്തിയിലും വീഞ്ഞിലും നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ട്.” പരിശുദ്ധ കുർബാന പരികർമം ചെയ്യുന്ന പുരോഹിതന്റെ മഹിമയും വിശുദ്ധിയും പരിപോഷിപ്പിക്കപ്പെടുന്നത് സക്രാരിയിലെ യേശുവിന്റെ സാമീപ്യം കൊണ്ടാണെന്ന ബോധ്യം പങ്കുവയ്ക്കാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്.
മൈനർ സെമിനാരിയിൽ കാരിക്കശേരി പിതാവിനോടൊപ്പം വൈസ് റെക്ടറായി പ്രവർത്തിച്ച നാളുകളിൽ, ഓരോ വൈദികവിദ്യാർഥിയുടെയും വീടുകളിൽ പോകാനും കുട്ടികളുടെ ഏതു പ്രശ്നത്തിലും സ്നേഹാർദ്രമായി, ക്ഷമയോടെ, മനുഷ്യത്വത്തോടെ ഇടപെടാനുമുള്ള അദ്ദേഹത്തിന്റെ സ്വാഭാവിക സിദ്ധിയും ലാളിത്യവും ഏറെ പ്രചോദനം നൽകിയിരുന്നു. പല രീതിയിൽ മുറിവേറ്റ കുട്ടികൾ സെമിനാരിയിൽ പ്രവേശിക്കുന്നുണ്ട്. അവരുടെ നൊമ്പരങ്ങൾ മനസിലാക്കാനും മുറിവുണക്കാനും ശ്രദ്ധയോടെയുള്ള പരിപാലനവും കരുതലും ആവശ്യമാണ്.
മംഗലപ്പുഴ സെമിനാരിയിൽ ഞാൻ ദൈവശാസ്ത്ര വിദ്യാർഥിയായിരിക്കുമ്പോൾ ഞങ്ങളുടെ വൈസ് റെക്ടറായിരുന്ന ജോർജ് മാനാടൻ അച്ചനെ – അദ്ദേഹം തൃശൂർ രൂപതക്കാരനാണ് – ഞാൻ എന്നും ഓർക്കും. അദ്ദേഹത്തെ എന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷനു ക്ഷണിക്കാനായി പീച്ചിയിൽ അദ്ദേഹത്തിന്റെ വിശ്രമസങ്കേതത്തിലേക്കു ഞാൻ പോകുന്നുണ്ട്. ഞാൻ ഡീക്കനായിരിക്കെ, അമ്മച്ചി അത്യാസന്നനിലയിൽ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. സെമിനാരിയിൽ നിന്ന് എന്നെ വിളിച്ചുകൊണ്ടുപോകാൻ ആളുവന്നു. എന്നാൽ അച്ചടക്കത്തിൽ കാർക്കശ്യക്കാരനായിരുന്ന റെക്ടറച്ചന്റെ അനുമതി ലഭിച്ചില്ല. ഒടുവിൽ മാനാടനച്ചൻ ഇടപെട്ടാണ് അമ്മയുടെ അടുക്കലെത്താൻ കഴിഞ്ഞത്. മാനാടനച്ചന്റെ കാരുണ്യവും കരുതലും നമുക്കൊരു മാതൃകയാണ്.
- മെത്രാൻ പ്രഖ്യാപനത്തിനു ശേഷവും ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസർ എന്ന നിലയിൽ ക്ലാസ് എടുക്കുന്നത് അങ്ങ് തുടരുകയായിരുന്നുവല്ലോ? സെമിനാരി വിട്ടുപോരാൻ മനസ് അനുവദിക്കുന്നില്ലെന്നുണ്ടോ?
കാർമൽഗിരി സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായി എഴുപതു വയസുവരെ കഴിയാം എന്നാണ് ഞാൻ കരുതിയിരുന്നത്. എനിക്ക് കാർമൽഗിരിയിലെ ജീവിതം വളരെ ഇഷ്ടമായിരുന്നു, അവിടത്തെ നിശബ്ദതയും പ്രാർഥനയുമെല്ലാം. സെമിനാരിയിലെ മറ്റു പ്രഫസർമാർ നേരത്തെ വിരമിക്കുമെങ്കിലും സ്പിരിച്വൽ ഡയറക്ടർക്ക് 70 വയസുവരെ തുടരാൻ വ്യവസ്ഥയുണ്ട്! ഒട്ടും പ്രതീക്ഷിക്കാതെയാണ് വല്ലാർപാടം ഇടവകയിലേക്കുള്ള നിയോഗം. മാതാവിന്റെ ഇടപെടൽ അവിടെയുമുണ്ടായി.
- തൃപ്പൂണിത്തുറയ്ക്കടുത്ത് എരൂരിൽ സെന്റ് ജോർജ് പള്ളിക്ക് തൊട്ടടുത്തായുള്ള വീട്ടിൽ, ബിൽഡിങ് കോൺട്രാക്റ്ററായിരുന്ന മൈക്കളിന്റെയും ഫിലോമിനയുടെയും എട്ടുമക്കളിൽ ആറാമനായി ജനിച്ചു. ദൈവവിളിക്കുള്ള ആദ്യ പ്രേരണ ലഭിച്ചത് എവിടെ നിന്നാണ്?
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പള്ളിയിൽ ഞായറാഴ്ച രാവിലെ ഒൻപതരയ്ക്കു മാത്രമാണ് ആഴ്ചയിൽ ഒരു കുർബാന. കാക്കനാട് സെന്റ് മൈക്കൾസ് പള്ളിയിൽ നിന്ന് വെസ്പാ സ്കൂട്ടറിൽ ഡേവിഡ് വടശേരിയച്ചൻ കുർബാന അർപ്പിക്കാനെത്തും. അച്ചനെ എനിക്ക് ഇഷ്ടമായിരുന്നു. അച്ചൻ എന്നെ ‘ആന്റിബോയ്’ എന്നാണ് വിളിച്ചിരുന്നത് – അച്ചന്റെ പട്ടിയുടെ പേരും ആന്റിബോയ് എന്നായിരുന്നു! അച്ചന് സ്ഥലംമാറ്റം ആയപ്പോൾ എടുത്ത ഗ്രൂപ്പ്ഫോട്ടോയിൽ ഏറ്റവും ചെറിയ കുട്ടിയായ എന്നെ അച്ചൻ തൊട്ടടുത്ത് പിടിച്ചിരുത്തിയത് ഓർക്കുന്നു.
- മൂന്നു സഹോദരിമാരിൽ ഒരു ചേച്ചി, സിസ്റ്റർ ജാൻസി, കോൺഗ്രിഗേഷൻ ഓഫ് ദ് സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് കാർമൽ (ഐഎൻഎസ് സി) സമൂഹത്തിന്റെ ഇന്ത്യയിലെ ഡെലഗേറ്റ് സുപ്പീരിയർ ആണല്ലോ. അങ്ങയുടെ ദൈവവിളിയെ ചേച്ചി സ്വാധീനിച്ചിട്ടുണ്ടോ?
തിരിച്ചാണെന്നു പറയാം. ഞാൻ സെമിനാരിയിൽ ചേർന്നതിനുശേഷമാണ് ചേച്ചി സമർപ്പിത ജീവിതത്തിന് ആഗ്രഹം പ്രകടിപ്പിച്ചത്. ഡിഗ്രിക്കു പഠിക്കുന്ന ചേച്ചി കന്യാസ്ത്രീയാകണമെന്നു പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് ആദ്യം എതിർപ്പുണ്ടായി. കളമശേരിയിൽ സെമിനാരിക്കടുത്തുള്ള കോൺവെന്റിലെ സിസ്റ്റർ സെലിന്റെ സഹായത്തോടെ ഞാൻ ചേച്ചിയെ മഠത്തിൽ കൊണ്ടുവന്നു ചേർക്കുകയായിരുന്നു.
- ഹൈസ്കൂൾ പഠനത്തിന് അങ്ങ് പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളിൽ ചേർന്നത് എങ്ങനെയാണ്?
പള്ളിക്ക് അടുത്തുള്ള സ്കൂളിൽ ചേരണമെന്ന ആഗ്രഹമാണ് എന്നെ അവിടെ എത്തിച്ചത്. പൊന്നുരുന്നിയിൽ ദൈവദാസൻ ഫാ. തിയോഫിൻ കപ്പുച്ചിൻ സ്ഥാപിച്ച സെന്റ് ബൊനവെഞ്ചർ ആശ്രമവും വിശുദ്ധ പത്താം പീയൂസിന്റെ ആശ്രമദേവാലയവുമുണ്ട്. അതു കണ്ടാണ് പൊന്നുരുന്നിയിൽ പഠിക്കണമെന്ന് നിർബന്ധം പിടിച്ചത്. എരൂരിൽ നിന്ന് കണിയാമ്പുഴ പാലം കടന്ന് റെയിൽപാളത്തിലൂടെ നടന്നാണ് പൊന്നുരുന്നി സ്കൂളിൽ എത്തിയിരുന്നത്. ക്ലാസിൽ നിന്നിറങ്ങാൻ സമയം കിട്ടുമ്പോൾ കൂട്ടുകാരെയും കൂട്ടി പൊന്നുരുന്നി ആശ്രമത്തിലേക്കു പോകും, പ്രാർഥിക്കും. എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കു കിട്ടാൻ തിയോഫിനച്ചന്റെ കബറിടത്തിൽ ഞങ്ങൾ അപേക്ഷ എഴുതിയിട്ടിരുന്നു. 400 മാർക്കോടെ ഫസ്റ്റ് ക്ലാസിൽ പാസായതിന് കൃതജ്ഞതയർപ്പിക്കാനും റെയിൽപാളത്തിലൂടെ നടന്ന് പൊന്നുരുന്നി ആശ്രമത്തിലെത്തി. അവിടത്തെ പ്രാർഥനയുടെ അന്തരീക്ഷം എനിക്ക് ഇഷ്ടമായിരുന്നു.
- എറണാകുളത്തെ പെറ്റി സെമിനാരിയിലേക്ക് തിരഞ്ഞെടുത്തത് ആർച്ച്ബിഷപ് ജോസഫ് കേളന്തറയാണല്ലോ. സെമിനാരിയെക്കുറിച്ചുള്ള സങ്കല്പം എന്തായിരുന്നു?
സെമിനാരിയിൽ ചേരുന്നതിനു മുന്നോടിയായി ദൈവവിളി ക്യാംപിൽ പങ്കെടുത്തത് ഹൃദ്യമായ അനുഭവമായിരുന്നു. ക്യാംപിൽ ഞങ്ങൾ പരിചയപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ സെമിനേരിയൻ കോട്ടപ്പുറത്തെ ഇപ്പോഴത്തെ മെത്രാൻ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിലാണ്, ഏറ്റവും മുതിർന്ന ബ്രദർ അന്ന് പുനെയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി എത്തിയിരുന്ന ഡീക്കൻ, ഇപ്പോൾ കണ്ണൂർ മെത്രാനായ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവും. ഒറ്റനോട്ടത്തിൽ ആരും ഇഷ്ടപ്പെട്ടുപോകുന്ന ആ രണ്ടു മിടുമിടുക്കന്മാർ ഞങ്ങൾക്ക് വലിയ ആവേശം പകർന്നുതന്നു. ഞാൻ ആദ്യമായി കാണുന്ന തിരുപ്പട്ട സ്വീകരണം അലക്സ് പിതാവിന്റേതാണ്. പൗരോഹിത്യത്തിന്റെ അനുപമ സൗന്ദര്യം എന്തെന്നു തിരിച്ചറിഞ്ഞത് അന്നാണ്.
- മൈനർ സെമിനാരിയിൽ ഫോർമേറ്ററായും ഒരു ഇടവകയിൽ വികാരിയായും ശുശ്രൂഷ ചെയ്ത്, നാല്പതാം വയസിലാണ് ഇന്ത്യയിൽ തന്നെ ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനും പഠിക്കുന്നത്. അതൊരു സവിശേഷ നിയോഗമായിരുന്നില്ലേ?
ബാംഗളൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽ മാസ്റ്റേഴ്സും സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറേറ്റും ചെയ്തു. മിസ്റ്റിക്കൽ ഡൈമെൻഷൻ ഓഫ് പ്രീസ്റ്റ്ലി ഫോർമേഷൻ എന്ന
പുസ്തകം ഡോക്ടറൽ തീസിസിനെ ആധാരമാക്കിയുള്ളതാണ്. ആധ്യാത്മിക പരിശീലനത്തിൽ മിസ്റ്റിസിസത്തിന്റെ പ്രാധാന്യം വീണ്ടെടുക്കുന്നതിനെക്കുറിച്ചായിരുന്നു ആ പഠനം. വൈദികവിദ്യാർഥികളുടെ രൂപീകരണത്തിൽ കാൾ റാഹ്നർ പറയുന്ന ‘ഓർഡിനറി മിസ്റ്റിസിസം’ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. അയൽപക്കത്തെ വിശുദ്ധരെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നത് നമ്മുടെയെല്ലാം അനുദിന ജീവിതം ദൈവികാനുഭവം കൊണ്ടു നിറയുന്ന അവസ്ഥയെക്കുറിച്ചു കൂടിയാണ്.
- വൈദികശുശ്രൂഷയിൽ ആദ്യത്തെ നിയോഗം പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ഇടവകയിലും പിന്നെ വാടേൽ സെന്റ് ജോർജ് ഇടവകയിലും സഹവികാരി എന്ന നിലയിലാണ്. രണ്ടിടങ്ങളിലെയും മറക്കാനാവാത്ത അനുഭവങ്ങൾ എന്താണ്?
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ചരമശതാബ്ദി വേളയിലായിരുന്നു പൊറ്റക്കുഴി പള്ളിയിലെ ആദ്യ നിയോഗം. ചെറിയ കാര്യങ്ങൾ ഏറ്റവും സ്നേഹത്തോടെയും ഹൃദയപൂർവവും ചെയ്യുന്നതിലെ വിശുദ്ധിയാണ് ചെറുപുഷ്പത്തിന്റെ മിസ്റ്റിസിസം. എന്റെ വികാരിയായിരുന്ന റാഫേൽ തറമേൽ അച്ചൻ ഏറെ കരുതലും വാത്സല്യവും കാട്ടി എന്നെ പരിശീലിപ്പിച്ചു.
വൈപ്പിൻകരയിലെ നായരമ്പത്ത് മാനാട്ടുപറമ്പിൽ തിരുഹൃദയ ദേവാലയത്തിന്റെ ആശീർവാദത്തിനുള്ള ഒരുക്കങ്ങളിൽ പങ്കുചേരാനുള്ള നിയോഗം എനിക്കുണ്ടായി. ജേക്കബ് പട്ടരുമഠത്തിലച്ചൻ നല്ല വഴികാട്ടിയായിരുന്നു. അദ്ദേഹത്തിനു സ്ഥലംമാറ്റമായപ്പോൾ, തിരുഹൃദയ നൊവേനയുടെ പ്രാർഥനകളും ഗീതങ്ങളും ചിട്ടപ്പെടുത്തുന്നതിനും തിരുകർമങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള ചുമതലയും എനിക്കായി. കൃപയുടെ വലിയ അനുഭവമായിലുന്നു അത്.
- വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ലെയൊനാർദ് മെല്ലാനോയുടെ സഹായമെത്രാൻ മർസെലീനസ് ബെരാർദി ഓഫ് സെന്റ് തെരേസ പുത്തൻപള്ളി സെമിനാരി റെക്ടറായിരുന്നു. തദ്ദേശീയ സഭാമേലധ്യക്ഷരുടെ ശ്രേണിയിൽ ആധുനിക കാലത്ത്, ആർച്ച്ബിഷപ് ജോസഫ് കേളന്തറ പിതാവിന്റെ സഹായമെത്രാനായിരുന്ന ആന്റണി തണ്ണിക്കോട്ട് പിതാവ് മംഗലപ്പുഴ സെമിനാരി റെക്ടറും ദൈവശാസ്ത്ര വിദ്യാപീഠം പ്രസിഡന്റുമായിരുന്നു. ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ സഹായമെത്രാൻ ജോസഫ് കാരിക്കശേരി മൈനർ സെമിനാരി റെക്ടറായിരുന്നു. അഭിവന്ദ്യ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഇപ്പോൾ സഹായമെത്രാനായി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങും വൈദികരൂപീകരണത്തിലെ ആധ്യാത്മിക ഉപദേഷ്ടാവിന്റെ അനുഭവസമ്പത്തുമായാണ് വരുന്നത്. ഈ നൈരന്തര്യത്തിനു പിന്നിലെന്താകാം?
പരിശുദ്ധാരൂപിയുടെ ഇടപെടൽ തന്നെ! ദൈവജനത്തെ ശുശ്രൂഷിക്കാനും വിശുദ്ധീകരിക്കാനും വഴിനടത്താനും ഓരോ കാലഘട്ടത്തിനും ആവശ്യമായവരെ സഭാധികാരികൾ വിവേചിച്ചറിഞ്ഞ് തിരഞ്ഞെടുക്കുന്നു. ഇവിടെ സഹായമെത്രാന്മാരായ എന്റെ മുൻഗാമികളിൽ കാരിക്കശേരി പിതാവിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും മനുഷ്യപ്പറ്റും പ്രാർഥനാചൈതന്യവും എനിക്കെന്നും വലിയ പ്രചോദനമാണ്. പൗരോഹിത്യത്തിന്റെ പൂർണതയിലേക്കു കൈവയ്പു ശുശ്രൂഷയ്ക്കായി ഒരുങ്ങുമ്പോൾ പരിശുദ്ധാത്മാവിന്റെ നിറവ് എന്നിലുണ്ടാകണമേ എന്നാണ് ഹൃദയത്തിലെ പ്രാർഥന. അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവിനെ അജപാലന കാര്യങ്ങളിൽ സഹായിക്കുകയാണ് എന്റെ പ്രധാന ചുമതല. അതിരൂപതയിലെ ശുശ്രൂഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, എല്ലാത്തരം ആളുകളെയും ചേർത്തുപിടിക്കാനും അവരോടൊരുമിച്ച് നടക്കാനും ഞാൻ ശ്രമിക്കും. വിളിച്ചവൻ എന്നെ വഴിനടത്തും എന്ന പ്രത്യാശ എനിക്കുണ്ട്.