ഷാജി ജോര്‍ജ്
ഭൂമിയെ പ്രകാശഭരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ കാലങ്ങള്ക്കുമേല് മുഴങ്ങിയ പ്രഭാഷണങ്ങള്‍.
കേരളത്തിലെ ക്രൈസ്തവരില്‍ ആഴമാര്‍ന്ന സ്വാധീനം ചെലുത്തിയിട്ടുള്ള വിശുദ്ധനാണ് പാദുവായിലെ അന്തോണീസ്. ലത്തീനില്‍ യുളീസസ് എന്നു വിളിക്കപ്പെടുന്ന ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഒഡിസി യുസിനാല് സ്ഥാപിക്കപ്പെട്ടുവെന്ന് ഐതീഹ്യമുള്ള പോര്‍ച്ചുഗീസ് നഗരമായ ലിസ്ബണിലാണ് 1195 ഓഗസ്റ്റ് 15 ന് അന്തോണീസ് ജനിച്ചത്. ഫെര്‍ണാന്‍ഡോ മാര്‍ട്ടിന്‍സ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. മാതാപിതാക്കള്‍ വിന്‍സന്റ് മാര്‍ട്ടിനും തെരേസ പയ്സും. ഋഷിതുല്യമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത് എന്ന് ജീവചരിത്രകാരന്മാര് പറയുന്നു. യൗവ്വനാരംഭത്തില്‍ അഗസ്തീനിയന്‍ സഭയില്‍ സന്ന്യാസിയായി ചേര്‍ന്ന ഫെര്‍ണാന്‍ഡോ വിശുദ്ധ ഗ്രന്ഥത്തില്‍ അസാമാന്യമായ അവഗാഹം നേടി. എന്നാല്‍ അക്കാലത്തെ സഭാധികാരികളുടെ, മെത്രാന്മാരുടെ ജീര്‍ണ്ണതയിലൂന്നിയ ലൗകീകജീവിതം അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.
ആയിടെ സ്ഥാപിതമായ ഫ്രാന്‍സിസ്കന്‍ സന്ന്യാസസഭയിലേക്ക് അദ്ദേഹം ആകൃഷ്ടനായത് അങ്ങനെയാണ്. കൂടുതല്‍ കഠിനമായ തപശ്ചര്യകളും രക്തസാക്ഷിത്വത്തിനുള്ള സാധ്യതകളും ഫാ. ഫെര്‍ണാന്‍ഡോയെ പ്രചോദിപ്പിച്ചു. അങ്ങനെ ആ സഭയില്‍ ചേര്‍ന്ന് അന്തോണി എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് ഫ്രാന്‍സിസ് അസ്സീസി തന്നെയാണ്. തുടര്‍ന്ന്, അറിയപ്പെടുന്ന പ്രഘോഷകനും ദൈവശാസ്ത്ര അധ്യാപകനുമായി അദ്ദേഹം മാറി. പകല്‍ മുഴുവന്‍ സുവിശേഷ പ്രചാരണവും കുമ്പസാരിപ്പിക്കലും രാത്രി ഉറക്കമിളച്ചിരുന്ന് പഠനവും എഴുത്തും. ധാരാളം ദൈവശാസ്ത്രലേഖനങ്ങളും കവിതകളും അന്തോണി രചിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ കൂടെ സഞ്ചരിക്കുന്ന തുണസഹോദരന്മാര് രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്.
ഉത്തരാഫ്രിക്കയില്‍ മിഷനറിയായി പ്രവര്‍ത്തിക്കുവാനായി പുറപ്പെട്ട അന്തോണീസിനെ കൊടുങ്കാറ്റില്‍പ്പെട്ട കപ്പല്‍ കൊണ്ടെത്തിച്ചത് ഇറ്റലിയുടെ തീരത്താണ്. ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായി അദ്ദേഹം ഇറ്റലിയിലും ഫ്രാന്‍സിലും സുവിശേഷ പ്രഘോഷണം നടത്തി. മുപ്പത്താറാമത്തെ വയസ്സില്‍ (1231) അന്തരിച്ചപ്പോള്‍ അന്തോണീസ് പ്രസിദ്ധനായ വചനപ്രഘോഷകനായി മാറിയിരുന്നു. അദ്ഭുതപ്രവര്‍ത്തകനായി അറിയപ്പെടുന്ന അദ്ദേഹം മരിച്ച് ഒരു വര്‍ഷത്തിനകം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു (മേയ് 20, 1232). അന്തോണീസിന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്ന വചനവ്യാഖ്യാന ചാതുരിയും ധ്യാന ചിന്തകളും കണക്കിലെടുത്ത് 1946-ല്‍ 12-ാം പിയൂസ് പാപ്പാ അദ്ദേഹത്തെ സുവിശേഷക-വേദപാരംഗതന് (Evangelical Doctor) എന്ന് വിളിച്ചു.
‘പൊന്‍നാവ്’ എന്ന ശീര്‍ഷകത്തില്‍ വിശുദ്ധ അന്തോണീസിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം മലയാളത്തിലുണ്ട്. പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.വി.ആല്‍ബിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതും വിവര്‍ത്തനം ചെയ്തിട്ടുള്ളതും.
ആല്‍ബി പറയുന്നു: പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ വിപുലമായ രചനകളുടെ ഒരു ഭാഗമെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കുക എന്ന എന്റെ ആഗ്രഹത്തിന് കാല്‍നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പാദുവായില്‍ നിന്നു പ്രസിദ്ധീകരിച്ച വിശുദ്ധന്റെ നല്ലൊരു ജീവചരിത്രഗ്രന്ഥം വായിച്ചപ്പോള്‍ തുടങ്ങിയതാണീ ആഗ്രഹം.
പൊതുവെ ഒരു അദ്ഭുതപ്രവര്ത്തകനായിട്ടാണല്ലോ അന്തോണീസു പുണ്യവാളന് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം മികച്ചൊരു കവിയും എഴുത്തുകാരനും പ്രഭാഷകനും സഹനദാസനുമൊക്കെ ആയിരുന്നുവെന്ന് അറിഞ്ഞത് ആ പുസ്തകത്തിലൂടെയായിരുന്നു. അന്നു മുതല്‍ വിശുദ്ധന്റെ രചനകള്‍ തേടിപ്പിടിക്കാന്‍ ശ്രമം തുടങ്ങി. പക്ഷേ, ഇംഗ്ലീഷില്‍ ഒന്നും ലഭ്യമായില്ല; എല്ലാം പഴയ ലത്തീനില്‍ മാത്രം. ഏതാനും വര്‍ഷം മുന്‍പ് ഒന്നുരണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ കൈയില്ക്കിട്ടിയെങ്കിലും പകര്‍പ്പവകാശം സമ്പാദിക്കാന്‍ പ്രയാസമായി.
അങ്ങനെയാണ് ലത്തീനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് സഹായിക്കാന്‍ സന്നദ്ധരായവരെ തേടുന്നത്. അവസാനം 2015 ല്‍ അയര്‍ലന്‍ഡിലെ ഒരു സുഹൃത്തായ ജോവാന് ഗല്ലഗര്വഴി പുരാതന ലത്തീനില്‍ പണ്ഡിതനായ ബ്രദര്‍ ഗ്രിഗറി മക്ഗിന്നസിനെ പരിചയപ്പെട്ടു. കനത്ത പ്രതിഫലമൊന്നും ആവശ്യപ്പെടാതെ ചെറിയൊരു നിരക്കിന് കുറേശ്ശേ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുതരാന്‍ അദ്ദേഹം സന്നദ്ധനായി. ഞാനത് കിട്ടുന്നമുറയ്ക്ക് മലയാളത്തിലേക്ക് മൊഴി മാറ്റിക്കൊണ്ടിരുന്നു. അങ്ങനെയാണ് ഈ പുസ്തകം തയാറായത്.
പാദുവ റിസര്‍ച്ച് ആര്‍ക്കൈവിലെ ഡിജിറ്റല്‍ റിപ്പോസിറ്ററീസില് നിന്നും ‘സെര്മോണെസ് ഡെ സാന്‍ അന്റോണിയോ’ എന്ന പഴയ ലത്തീന്‍ കൃതിയുടെ കോപ്പി സമ്പാദിക്കുകയും ചെയ്തു. അതിന്റെ കൃത്യത ആര്‍ക്കൈവിലെ രേഖകകളുമായി ഒത്തുനോക്കി ഉറപ്പു വരുത്തുകയുമുണ്ടായി. ഇതില്‍നിന്നും തിരഞ്ഞെടുത്ത പ്രഭാഷണങ്ങളാണ് പുസ്തകത്തിലുള്ളത്. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതന് റവ. ഡോ. ജേക്കബ് പ്രസാദിന്റെ അതിഗഹനമായ അവതാരിക പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.