മോദിസര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കികാണുന്ന ഒരാളാണു ഞാന്‍. അതിന്റെ പേരില്‍ത്തന്നെ ധാരാളം പഴികേട്ടിട്ടുമുണ്ട്. അന്ധമായി ആരേയും അകറ്റിനിര്‍ത്തേണ്ടതില്ല എന്നതുകൊണ്ടാണ് മോദിസര്‍ക്കാരിനെ ശ്രദ്ധിക്കുന്നത്. എന്നാലും രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞ വിദ്വേഷ പ്രസംഗത്തെ അംഗീകരിക്കാനാവില്ല. മുസ്ലിങ്ങള്‍ക്കു കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്നും അവര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും മറ്റുമുള്ള പ്രസംഗം ഒരു പ്രധാനമന്ത്രിക്കു ചേരുന്നതല്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം ഇവരുടെ പക്കല്‍ എത്തിച്ചേരുമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്ന നുഴഞ്ഞുകയറ്റക്കാരായ ഇവരിലേക്ക് നിങ്ങളുടെ സ്വത്തും രാജ്യത്തിന്റെ സ്വത്തും പോകുന്നത് നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ വിദ്വേഷം പരത്തി വോട്ടുകള്‍ സമാഹരിക്കാനാണ് മുസ്ലിം ജനവിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത്. മോദിയുടെ വാക്കുകള്‍ക്കെതിരേ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിച്ചു. ഇലക്ഷന് കമ്മിഷന് പരാതി നല്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് ഒരോ പൗരനും ഊറ്റംകൊള്ളുന്ന നമ്മുടെ ഇന്ത്യയിലാണ് നമ്മുടെ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തി ഒരു ജനവിഭാഗത്തെയാകെ അധിക്ഷേപിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. മോദിതന്നെ വീണ്ടും അധികാരത്തിലേറിയില്ലെങ്കില്‍ പ്രസംഗം ശ്രവിക്കുന്നവരുടെ മംഗളസൂത്രമടക്കം സമ്പത്തും ഭൂമിയും കോണ്‍ഗ്രസും കൂട്ടരും മുസ് ലിങ്ങള്‍ക്കു നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. 2014 വരെ 10 വര്‍ഷക്കാലം അധികാരത്തിലിരുന്ന ഡോ. മന്മോഹന് സിങ്ങ് രാജ്യത്തിന്റെ സമ്പത്തിന്റെ ഒന്നാമത്തെ അവകാശികള്‍ മുസ്ലിങ്ങളാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനര്‍ത്ഥം ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ സമ്പത്തു പിടിച്ചെടുത്ത് കൂടുതല്‍ കുഞ്ഞുങ്ങളുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കുക എന്നാണെന്നും മോദി പറയുന്നു. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്കാന് നിങ്ങള്‍ അനുവദിക്കുമോ? രാജ്യത്തെ അമ്പരപ്പിച്ച പ്രസംഗം. ഈ പ്രസംഗം വളരെ അപകടകരമായ അവസ്ഥയിലേക്ക് ഇന്ത്യാ രാജ്യത്തെ കൊണ്ടെത്തിച്ചേക്കാവുന്നതാണ്.
ഇതു പറഞ്ഞത് ഏതെങ്കിലും ബിജെപിക്കാരല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും രക്ഷകനാകേണ്ട പ്രധാനമന്ത്രി ഈ തരത്തില്‍ തരംതാണതില്‍ ദുഃഖം തോന്നുന്നു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മാപ്പുപറയേണ്ടതാണ്. ഇതു കേട്ടപാടേ പ്രതിപക്ഷ കക്ഷികള്‍ ഇത് പരാജയഭീതിയില്‍ നിന്നുരുത്തിരിഞ്ഞ പ്രസംഗമാണെന്ന് ആക്ഷേപിക്കുകയുണ്ടായി. എന്തിന്റെ പേരിലാണെങ്കിലും ഇത് ഒരു പ്രധാനമന്ത്രിക്കു ചേരുന്ന പ്രസംഗമല്ല.
എന്തായാലും രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ഷന് കമ്മിഷനു പരാതി നല്കി. ആദ്യം പരാതി ശ്രദ്ധിക്കാതിരുന്ന ഇലക്ഷന് കമ്മിഷന്, പ്രതിഷേധം വര്‍ദ്ധിച്ചപ്പോള്‍ പരിഗണിച്ചു തുടങ്ങി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്കാന് തിരഞ്ഞെടുപ്പു കമ്മിഷന് പിന്നീട് ആവശ്യപ്പെട്ടു. പ്രംഗത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാനും പറഞ്ഞിട്ടുണ്ട്. നടപടികളുണ്ടാകേണ്ടതാണ്.
കമ്മിഷന് ഇപ്പോള്‍ പറയുന്നത് അവര്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമം 123/ 3എ അനുച്ഛേദപ്രകാരം കുറ്റകരമായ വാചകങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. ശിക്ഷിക്കപ്പെടാവുന്നതുമാണ്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുന്നു എന്നു വ്യക്തമാണ്.
പ്രചാരണ റാലിയില്‍ മേലില്‍ പങ്കെടുക്കുന്നതില്‍നിന്നു വിലക്കുക തുടങ്ങിയ ശിക്ഷ ലഭിക്കാവുന്നതാണ്. മാത്രമല്ല, നമ്മുടെ ഭരണഘടനയിലെ അനുച്ഛേദം 14-ല്‍ പറഞ്ഞിരിക്കുന്ന സമത്വ സങ്കല്പത്തെ തകിടം മറിക്കുന്നു. കൂടാതെ ഭരണഘടനയുടെ ബെസിക് സ്ട്രകച്ചറില്പ്പെടുന്ന മതേതരത്വത്തിനെതിരായ പ്രസ്താവനയുമാണ്. തിരഞ്ഞടുപ്പു പ്രചാരണത്തിനു പോലും പ്രധാനമന്ത്രി ഇത്തരം കാര്യങ്ങള്‍ മറന്നു സംസാരിക്കരുതായിരുന്നു.