ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്‍ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ഇലക്ടറല്‍ ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്‍.
മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില്‍ കേസ് വിധിപറയാനായി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ടറല്‍ ബോണ്ട് നിരോധിച്ചുള്ള ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി.
കേസില്‍ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി ഉത്തരം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്‍ക്കാണ് ഉത്തരവിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനയുടെ അനുച്ഛേദം 19 ഉപ വകുപ്പ് ഒന്ന് എ പ്രകാരം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് വിധിയില്‍ പറയുന്നത്.
ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കാന്‍ ജനപ്രാതിനിധ്യ നിയമം 29 സി, കമ്പനീസ് ആക്ട് 183 (3), ഇന്‍കം ടാക്സ് ആക്ട് 13 എ (ബി) എന്നീ ഭേദഗതികള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. ഇതിനു പുറമെ കമ്പനീസ് ആക്ട് 182 (1) ഭേദഗതി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തത്വങ്ങള്‍ക്ക് എതിരെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനായി വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമെന്നും വിധിയിലുണ്ട്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, സിപിഐ (എം), കോണ്‍ഗ്രസ് നേതാവ് ജയാ ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്ന എസ്ബിഐ അത് നിര്‍ത്തി വയ്ക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി ഇടക്കാല ഉത്തരവുണ്ടായ 2019 ഏപ്രില്‍ 12ന് ശേഷം ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കണമെന്നും ആവശ്യപ്പെട്ടു. വാങ്ങിയവരുടെ പേരു വിവരങ്ങള്‍, തീയതി, എത്ര തുകയുടേതെന്നതും കമ്മിഷന് സമര്‍പ്പിക്കണം. ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ എത്ര തുക ലഭിച്ചു, എന്നാണ് ഈ ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയത് ഉള്‍പ്പെടെ ബാങ്ക് എല്ലാ വിവരങ്ങളും കമ്മിഷന് സമര്‍പ്പിക്കണം.
മൂന്നാഴ്ചയ്ക്കുള്ളില്‍ ബോണ്ട് വിവരങ്ങള്‍ ബാങ്ക് കൈമാറുകയും മാര്‍ച്ച് 13 ന് തെരഞ്ഞെടുപ്പു കമ്മിഷന് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 15 ദിവസത്തെ കാലാവധിയില്‍ വിറ്റ ബോണ്ടുകളില്‍, കാലാവധി കഴിഞ്ഞതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ വാങ്ങിയ ആള്‍ക്കു തന്നെ അതിന്റെ പണം മടക്കി നല്‍കണമെന്നും ഉത്തരവിലുണ്ട്.