കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വാഗ്മിയും ചരിത്രകാരനും എഴുത്തുകാരനുമായിരുന്ന ഷെവലിയര്‍ പ്രഫ. ഏബ്രഹാം അറക്കലിനെ ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി അനുസ്മരിക്കുന്നു.
കേരള നവോത്ഥാന ചരിത്രത്തില്‍ പ്രാദേശികതയുടെയും വംശീയതയുടെയും ഉപാഖ്യാനങ്ങള്‍ പെരുകുമ്പോള്‍ സംഭവിക്കുന്ന മാറ്റിപ്രതിഷ്ഠകളില് നവയുഗശില്പികളായി പുതിയ അവതാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനിടെ, ഭൗതികശാസ്ത്ര അധ്യാപകനായ പ്രഫ. ഏബ്രഹാം അറക്കല്‍ ധിഷണാശാലിയായ ചരിത്രാന്വേഷകനായി, സത്യത്തിന്റെ പോരാളിയായി പൊതുസംവാദമണ്ഡലത്തില് തന്റെ ഉള്‍ക്കാഴ്ചകളുടെ തനിമയും പൊലിമയും കൊണ്ട് ചരിത്രാഖ്യാനങ്ങളെ സമ്പുഷ്ടമാക്കി.
ഗോവയിലെ അഗസ്റ്റീനിയന്‍ ആര്‍ച്ച്ബിഷപ് അലക്സിസ് മെനെസിസ് 1599 ജൂണില്‍ ഉദയംപേരൂരില്‍ വിളിച്ചുകൂട്ടിയ പ്രാദേശിക സഭാ സൂനഹദോസ് മലയാളക്കരയിലെ മാര്‍തോമാ ക്രൈസ്തവര്‍ 15 നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കിയെന്നും കൊളോണിയല്‍ ഭരണക്രമം അടിച്ചേല്‍പ്പിച്ചുവെന്നും ആരോപിക്കുന്നവര്‍ക്കു മറുപടിയായി, വിശ്വാസം, ആരാധനക്രമം, കൂദാശകള്‍ എന്നിവ സംബന്ധിച്ച ഉദയംപേരൂര്‍ സൂനഹദോസിന്റെ 200 കാനോകളും സാമൂഹിക പരിഷ്കരണം സംബന്ധിച്ച 20 കാനോനകളും, സവര്‍ണജാതിയുടെ മേല്‍ക്കുപ്പായമണിഞ്ഞ് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ക്രൈസ്തവവത്കരിക്കാന്‍ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള നവോത്ഥാനത്തിന്റെ പ്രമാണരേഖകള്‍ കൂടിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. പേര്‍ഷ്യന്‍ സഭയുടെ അധീശത്വത്തില്‍, പ്രേഷിതാഭിമുഖ്യമോ സുവിശേഷവത്കരണമോ ഒന്നുമില്ലാതെ, ഒരു പ്രാര്‍ഥന പോലും സ്വന്തം ഭാഷയിലില്ലാത്ത, ഒരു മിഷനറിയെ പോലും അയക്കാത്ത, ഒരു മെത്രാന് പോലും സ്വന്തമായില്ലാത്ത ഒരു ക്രൈസ്തവ സമൂഹത്തെ നവീകരിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസില്ലായിരുന്നുവെങ്കില് ഇന്ന് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കുന്ന കേരളത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭാവിഭാഗം ഉണ്ടാകുമായിരുന്നോ എന്ന് ഷെവലിയര്‍ അറക്കല്‍ ചോദിക്കുമായിരുന്നു.
ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 27 കൊല്ലം മുന്‍പ്, മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിഭേദം ദൈവനിശ്ചയമല്ലെന്നും ജാതിയുടെ പേരില്‍ ചില സാമൂഹിക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്നത് അനീതിയും അധാര്‍മികവും ശിക്ഷാര്‍ഹമായ കൊടിയ തിന്മയും പാപവുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയാത്തിലെ ഒരു ഇന്റരിം വികാരി അപ്പസ്തോലിക്കയെക്കുറിച്ച് – ഇറ്റലിക്കാരനായ ബിഷപ് മൗറീലിയൂസ് സ്തബെല്ലിനി – ഏബ്രഹാം അറക്കല്‍ എഴുതി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വൈദികാര്‍ഥികളെ സെമിനാരിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രബലരായ ഒരുകൂട്ടം വൈദികരുടെയും മറ്റും എതിര്‍പ്പു തുടര്‍ന്ന സാഹചര്യത്തില്‍ വരാപ്പുഴയില്‍ നിന്ന് അര്‍ത്തുങ്കല്‍ സന്താന്ത്രേ മിഷനിലേക്ക് താമസം മാറ്റിയ ബിഷപ് സ്തബെല്ലിനിയാണ് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് കുര്യാക്കോസ് ഏലിയാസ് ചാവറയ്ക്ക് വൈദികപട്ടം നല്‍കിയത്. ജാതിവിരുദ്ധതയാണ് കേരള നവോത്ഥാനത്തിന്റെ കൊടിയടയാളമെങ്കില് സ്തബെല്ലിനിയുടെ ഇടയലേഖനത്തിന്റെ ചരിത്രപ്രാധാന്യം പൊതുസംവാദത്തില്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടെന്ന് ഏബ്രഹാം അറക്കല്‍ വിശ്വസിച്ചു.
തിരുവിതാംകൂര്‍, തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായിരുന്ന അഭിഭാഷകനായ ഈപ്പന് അറക്കലിന്റെയും ആലപ്പുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായിരുന്ന ഏലിയാമ്മ ഈപ്പന്റെയും മൂത്ത മകനാണ് ഷെവലിയര്‍ ഏബ്രഹാം അറക്കല്‍. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഉത്തരവാദഭരണ സമരങ്ങളിലും സര് സിപിയുടെ വിദ്യാഭ്യാസ നയത്തിനെതിരായ പ്രക്ഷോഭങ്ങളിലും ഒറ്റികുടിയാന് കര്‍ഷക സമരത്തിലും മറ്റും നേതൃനിരയിലുണ്ടായിരുന്ന ഈപ്പന് അറക്കല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്റ്റിയന്‍ മഹാജനസഭയുടെ രൂപവത്കരണത്തിലും വലിയ പങ്കുവഹിച്ചു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും പാരമ്പര്യത്തില്‍ വളര്‍ന്ന ഏബ്രഹാം അറക്കല്‍ അധ്യാപനത്തിലും അക്കാദമിക മേഖലയിലും മാത്രമല്ല, അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം കേന്ദ്ര സമിതിയില്‍ നിന്നു തുടങ്ങി, കേരളത്തിലെ ഗവണ്മെന്റ് കോളജ് അധ്യാപകരുടെ സംഘടനകളിലും (അസോസിയേഷന് ഓഫ് ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ജനറല്‍ സെക്രട്ടറി, ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് – കേരള സ്ഥാപക പ്രസിഡന്റ്), കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഉപദേശക സമിതിയിലും, രാജ്യത്തെ കത്തോലിക്കാ കോളജുകളുടെ ദേശീയ മേല്‍നോട്ട സമിതിയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷനിലും, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും, കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആര്എല്സിസിയിലും, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷനിലും മറ്റും തന്റെ സംശുദ്ധമായ നേതൃപാടവവും അര്‍പ്പണബോധവും കൊണ്ട് ശ്രദ്ധേയനായി.
ഒരേസമയം രണ്ടു യൂണിവേഴ്സിറ്റികളുടെ (കേരള, കാലിക്കറ്റ്) സെനറ്റില്‍ അംഗമാകാനുള്ള അപൂര്‍വ നിയോഗമുണ്ടായ പ്രഫ. ഏബ്രഹാം അറക്കല്‍ നേരിന്റെയും നീതിയുടെയും പക്ഷത്തുനിന്ന് രാഷ്ട്രീയത്തിലെ പ്രബല ശക്തികളോട് ഏറ്റുമുട്ടുന്നതില്‍ ഒരു മടിയും കാണിച്ചില്ല. കേരള യൂണിവേഴ്സിറ്റിയുടെ 35 സെന്റ് ഭൂമി എകെജി സെന്ററിനു വിട്ടുകൊടുത്തതിനെതിരെയും 16 സെന്റ് പാര്‍ട്ടി കയ്യേറിയതിനെതിരെയും സെനറ്റില്‍ രേഖാമൂലം നടപടി ആവശ്യപ്പെട്ടത് ഒരംഗം മാത്രമാണ് – ഗവണ്മെന്റ് കോളജ് അധ്യാപകരുടെ പ്രതിനിധിയായ പ്രഫ. അറക്കല്‍.
എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായി സര്‍വീസ് പൂര്‍ത്തിയാക്കിയ പ്രഫ. ഏബ്രഹാം അറക്കലിന്റെ ഫോട്ടോ മാത്രം ആ കലാലയത്തിലെ പ്രിന്‍സിപ്പല്‍മാരുടെ ഗാലറിയില്‍ കാണാനാവുകയില്ല. ക്യാമ്പസ് അടക്കിവാഴുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐക്കാരെ നിലയ്ക്കുനിര്‍ത്താനും ആ രാജകീയ കലാലയത്തിന്റെ അന്തസും അച്ചടക്കവും സമാധാന അന്തരീക്ഷവും നിലനിര്‍ത്താനും കര്‍ശന നിലപാടു സ്വീകരിച്ചതിനുള്ള പ്രതികാരമായി അദ്ദേഹത്തിന്റെ ഫോട്ടോ വിപ്ലവസംഘടന തല്ലിതകര്‍ത്ത് കലിതീര്‍ക്കുകയായിരുന്നു. കോളജിലെ രണ്ടു മുറികള്‍ എസ്എഫ്ഐ കൈയടക്കിയത് ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് രണ്ടു നേതാക്കളെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി സമരവും പാര്‍ട്ടി അനുഭാവികളായ അധ്യാപകരുടെ സമ്മര്ദവുമൊക്കെയുണ്ടായിട്ടും പ്രഫ. അറക്കല്‍ സസ്പെന്ഷന് പിന്‍വലിച്ചില്ല. കോളജ് സൂപ്രണ്ടില്‍ നിന്ന് സസ്പെന്ഷന് ഉത്തരവ് കൈപ്പറ്റുന്നതിനു പകരം കോളജിലെ അറ്റന്‍ഡര്‍ അത് ശിക്ഷാനടപടിക്കു വിധേയരായവരുടെ കൈകളിലെത്തിക്കും എന്ന ഒത്തുതീര്‍പ്പിനു മാത്രമേ പ്രിന്‍സിപ്പല്‍ വഴങ്ങിയുള്ളൂ.
പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിനു കുത്തേറ്റ പശ്ചാത്തലത്തില്‍ അവിടെ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കാന്‍ മറ്റു പലരും വിമുഖത കാട്ടിയപ്പോള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പ്രിന്‍സിപ്പലായി ഡപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയായ ഘട്ടത്തില്‍ പ്രഫ. അറക്കല്‍ പാലക്കാട്ടേക്കു പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒ.വി. വിജയനും എം.ടി. വാസുദേവന്‍ നായരും പഠിച്ചിറങ്ങിയ വിക്ടോറിയ കോളജിന്റെ ശതാബ്ദിയാഘോഷം ഭംഗിയായി സംഘടിപ്പിക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു.
1958-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ഓണേഴ്സ് ഡിഗ്രി കരസ്ഥമാക്കിയതിനുശേഷം മദ്രാസ് ലയോള കോളജിലും പിന്നീട് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലും അധ്യാപകനായ അദ്ദേഹം 1959ലാണ് കേരള ഗവണ്മെന്റ് സര്‍വീസില്‍ ചേരുന്നത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ്, തൃപ്പൂണിത്തുറ സംസ്കൃത കോളജ്, കാസര്‍കോട് ഗവണ്മെന്റ് കോളജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. അധ്യാപക സംഘടനാ നേതാവ് എന്ന നിലയില്‍ യുജിസി സേവന വേതന വ്യവസ്ഥയ്ക്കായും, പിജി അധ്വാനഭാരത്തിന് ആനുകൂല്യം ആവശ്യപ്പെട്ടതിന് പുറത്താക്കപ്പെട്ട 18 അധ്യാപകരുടെ പുനഃസ്ഥാപനത്തിനായും മറ്റുമുള്ള സമരങ്ങള്‍ക്ക് ശക്തമായ നേതൃത്വം വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 1991 മുതല്‍ 95 വരെ സിന്‍ഡിക്കേറ്റ് അംഗം, കേരള-കാലിക്കറ്റ് ഏകീകൃത ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, പരീക്ഷാ ബോര്‍ഡ് ചെയര്മാന്, പഞ്ചവത്സരപദ്ധതിക്കായുള്ള ഹയര്‍ എഡ്യുക്കേഷന്‍ ടാസ്ക് ഫോഴ്സ് അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, ആലപ്പുഴ സെന്റ് ജോസഫ് കോളജ് ഫോര്‍ വിമന്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജ് എന്നിവിടങ്ങളില്‍ ഗവേണിങ് ബോഡി അംഗമായിരുന്നു. കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റായും സേവനം ചെയ്തു.
ഇന്ത്യയിലെ കത്തോലിക്കാ മെത്രാന് സമിതി ഉപദേശക സമിതി എന്ന നിലയില്‍ സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ മെത്രാന്മാരെ അഭിസംബോധന ചെയ്യാന്‍ അല്മായ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
മൂന്നാം സഹസ്രാബ്ദത്തിനു മുന്നോടിയായി ‘ഏഷ്യ 2000’ എന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി തന്റെ സംഘടാന മികവ് അദ്ദേഹം തെളിയിച്ചു. ഇന്ത്യയുടെ അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്ജി, അസ്ഘര്‍ അലി എന്‍ജിനിയര്‍, രാമകൃഷ്ണ മിഷനിലെ ആചാര്യപ്രമുഖന് തുടങ്ങിയവര്‍ സംബന്ധിച്ച ആ സമ്മേളനത്തില്‍ ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.
തീക്ഷ്ണമായ ധൈഷണികപ്രതിഭയും പ്രതിജ്ഞാബദ്ധതയും പ്രകടപ്പിക്കാന്‍ മാധ്യമ മേഖലയിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. കൊച്ചി രൂപതയില്‍ നിന്ന് 1993-ല്‍ ആരംഭിച്ച രണ്ട് ദിനപത്രങ്ങളില്‍, സദ്വാര്ത്ത എന്ന മലയാളം പത്രത്തിന്റെ പത്രാധിപര്‍ പ്രഫ. ഏബ്രഹാം അറക്കലായിരുന്നു. ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ എന്ന ഇംഗ്ലീഷ് പത്രത്തിലും അദ്ദേഹം എഴുതി. വേറിട്ട ചിന്തയുടെയും ആലോചനയുടെയും ശ്രദ്ധേയമായ ചില പംക്തികള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ആലപ്പുഴ രൂപതയിലെ മുഖരേഖയിലെ പാര്‍ശ്വവീക്ഷണവും ജീവനാദം വാരികയില്‍ ‘ആല്‍ഫ ആല്‍ഫ’ (ഏബ്രഹാം അറക്കല്‍ എന്ന പേരിന്റെ ചുരുക്കപ്പേരിലെ രണ്ട് ‘എ’കളെ സൂചിപ്പിക്കുന്നത്) എന്ന പേരില്‍ ഇടയ്ക്ക് എഴുതിയിരുന്ന കോളവും സമകാലീന സമൂഹത്തെയും രാഷ്ട്രീയത്തെയും പൂര്‍വകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ആസ്വാദ്യകരമായ നിരീക്ഷണങ്ങളായിരുന്നു. വോക്സ് നോവ എന്ന ചരിത്രമാസികയുടെ എഡിറ്ററായിരുന്നു.
സഭയ്ക്കും സമൂഹത്തിനും നല്കിയ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2007-ല്‍ ഷെവലിയര്‍ പദവി നല്കി ആദരിച്ചു. കെആര്‍എല്‍സിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരവും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.