ചേരനാട്ടിലെ പ്രധാന തുറമുഖമായിരുന്ന മുസ്സിരീസില്‍ (മുച്ചിറികോട്) റോമന്‍ ഈജിപ്തില്‍ നിന്ന് വര്‍ഷത്തില്‍ 120 കപ്പലുകള്‍ വന്നടുത്തിരുന്ന കാലത്ത്, അതിലൊന്നില്‍ തോമസ് ശ്ലീഹായുടെ ആഗമന സാധ്യത തള്ളിക്കളയാനാവില്ല. ജറൂസലേമില്‍ നിന്നുള്ള യഹൂദ സന്ന്യാസസമൂഹമായ എസീന്യരുടെ സംഘത്തോടൊപ്പം തോമാശ്ലീഹാ വന്നതായി ഒരു ഭാഷ്യമുണ്ട്.
അര്മ്മീനിയയില് നിന്ന് മകോതൈപുരത്ത് കുടിയേറിയ ക്നയിത്തൊമ്മന്റെ നേതൃത്വത്തിലുള്ള ഏഴില്ലം എഴുപത്തിരണ്ടു കുടിക്കാര്, ചേരനാട് വാണിരുന്ന വീരരാഘവ ചക്രവര്‍ത്തി നല്കിയ ഇരവികോര്ത്തന് ചെപ്പേട്, പേര്‍ഷ്യയില്‍ നിന്ന് നസ്രാണികളുടെ കുടിയേറ്റം, എഴുന്നൂറ്റിപ്പരിഷകളുടെ നേതാവായിരുന്ന വില്ലാര്‍വെട്ടം തോമാ രാജാവ് പാലിയത്തച്ചന് എഴുതിക്കൊടുത്ത ഒഴിവുമുറി അട്ടിപ്പേറോല, അഞ്ചുവണ്ണം, മണിഗ്രാമം എന്നിങ്ങനെ പഴമയുടെ ആഖ്യാനങ്ങളിലെ ഉള്‍പ്പിരിവുകള്‍ കടന്ന് ആധുനിക യുഗത്തിലെത്തുമ്പോള്‍, മൊസൂളില്‍ നിന്നുള്ള കല്‍ദായ സുറിയാനി മെത്രാന് മാര്‍ യാക്കൂബ് അബൂനയെ കൊടുങ്ങല്ലൂരില്‍ വച്ച് പോര്‍ച്ചുഗീസ് നാവികര്‍ കണ്ടുമുട്ടുന്ന ഒരു ചരിത്രനിമിഷമുണ്ട്. മലങ്കരയിലെ സുറിയാനി-ലത്തീന്‍ സംവാദത്തിന്റെ ആരംഭം. ‘ക്രിസ്താവുസ് ദ് സാവു തൊമേ’ എന്നു പോര്‍ച്ചുഗീസുകാര്‍ വിളിച്ച മാര്തോമ്മാ ക്രൈസ്തവരുടെ പ്രതിനിധികളായ രണ്ടു കത്തനാരന്മാര് – ഫാ. ജോസഫും ഫാ. മത്തിയാസും – കൊടുങ്ങല്ലൂരില്‍ നിന്ന് 1500-ല്‍ പോര്‍ച്ചുഗീസ് കപ്പിത്താന് പെദ്രോ അല്‍വാരെസ് കബ്രാളിന്റെ കപ്പലില്‍ ലിസ്ബണിലേക്കു പുറപ്പെടുന്നുണ്ട്.
കബ്രാളിനൊപ്പം പോര്‍ച്ചുഗലില്‍ നിന്നു വന്ന ഫ്രാന്‍സിസ്കന്‍ മിഷനറിമാര്‍ക്കും ഇന്ത്യയുടെ രണ്ടാമത്തെ അപ്പസ്തോലന് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനും ഏറെ പ്രിയങ്കരനായി മാറിയ കല്‍ദായ മെത്രാന് മാര്‍ യാക്കൂബ് അബൂന മാര്തോമ്മാ വൈദികാര്‍ഥികളെ കൊച്ചിയില്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസി വിന്സെന്തെ ദെ ലേഗോസ് ആരംഭിച്ച സെന്റ് ആന്റണീസ് കോളജിലും പിന്നീട് കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച സന്തിയാഗോ സെമിനാരിയിലും പരിശീലനത്തിനു കൊണ്ടുവന്ന് ചേര്‍ക്കാന്‍ മുന്‍കൈയെടുത്തു. ‘തോമ്മായുടെ മാര്‍ഗവും വഴിപാടും’ പിന്തുടരുന്നവരെ റോമന്‍ കത്തോലിക്ക വിശ്വാസപ്രമാണങ്ങളിലേക്കും ആരാധനക്രമത്തിലേക്കും ആകര്‍ഷിക്കുന്നതില്‍ യാക്കൂബ് അബൂന വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചിരുന്നു. ആ കല്‍ദായ മെത്രാന് ലത്തീന്‍ റീത്തില്‍ കൂദാശകള്‍ പരികര്‍മം ചെയ്യാനും സന്നദ്ധനായിരുന്നു. ലത്തീനും പോര്‍ച്ചുഗീസും പഠിച്ച സുറിയാനി വൈദികരും, പോര്‍ച്ചുഗീസുകാര്‍ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ സന്നദ്ധരായ നസ്രാണി പടയാളികളും, പോര്‍ച്ചുഗീസുകാര്‍ക്കായി കുരുമുളക് കൃഷിചെയ്യാനും സുഗന്ധദ്രവ്യ കച്ചവടത്തിനും ഉടമ്പടി ചെയ്തവരും, തദ്ദേശീയ സ്ത്രീകളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട പോര്‍ച്ചുഗീസുകാരുടെ സന്തതിപരമ്പരയുമൊക്കെയായി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.
ഫ്രാന്‍സിസ് സേവ്യര്‍ തന്റെ പ്രേഷിതയാത്രകള്‍ക്കിടയില്‍ 11 തവണയായി 120 ദിവസത്തിലേറെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചിട്ടുണ്ട്. ഇതിനിടെ മൂന്നുതവണയെങ്കിലും വിശുദ്ധന് കോട്ടപ്പുറത്ത് എത്തി. പരിശുദ്ധ പാപ്പയ്ക്കും വിശുദ്ധ ഇഗ്നേഷ്യസ് ലയോളക്കും പോര്‍ച്ചുഗീസ് രാജാവിനും മറ്റുമായി ഫ്രാന്‍സിസ് സേവ്യര്‍ എഴുതിയ 29 കത്തുകളില്‍ പലതിലും കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നുണ്ട്. 1549 ജനുവരി 12ന് അയച്ച കത്തില്‍, കൊച്ചിയില്‍ നിന്ന് അഞ്ചു ലീഗ് മാറി വിന്സെന്തെ ദെ ലാഗോസ് ആരംഭിച്ച കോളജില്‍ നാട്ടുകാരായ 100 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നതായി പറയുന്നു. ഈ കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളിലുമായി 60 ഗ്രാമങ്ങളില്‍ മാര്തോമ്മാ ക്രിസ്ത്യാനികള്‍ അധിവസിച്ചിരുന്നതായി ഫ്രാന്‍സിസ് സേവ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടപ്പുറത്തെ സെന്റ് ജെയിംസ് പള്ളിയിലും സെന്റ് തോമസ് പള്ളിയിലും മധ്യസ്ഥതിരുനാളിന് എട്ടു ദിവസം വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം അനുവദിക്കണമെന്ന വിന്സെന്തെ ലാഗോസിന്റെ അഭ്യര്‍ഥനയെക്കുറിച്ച് ഇഗ്നേഷ്യസ് ലയോളക്ക് 1549 ജനുവരി 12ന് അയച്ച കത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍ പ്രതിപാദിക്കുന്നുണ്ട്. 1551 ഒക്ടോബറില്‍ വിശുദ്ധ തോമാശ്ലീഹയുടെ ദൈവാലയത്തിന് ദണ്ഡവിമോചനം പ്രഖ്യാപിച്ചതായി രേഖകളുണ്ട്.
അനേകം പൗരാണിക ക്രൈസ്തവ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോട്ടപ്പുറം രൂപത. 1507ല്‍ വൈപ്പിന്‍ ദ്വീപിലെ ആദ്യത്തെ പ്രാര്‍ഥനാലയം (കപ്പേള) ഫ്രാന്‍സിസ്കന്‍ മിഷനറിമാര്‍ സ്ഥാപിക്കുന്നത് പള്ളിപ്പുറത്താണ്, ആദ്യത്തെ ലത്തീന്‍ ഇടവകയായി 1531ല്‍ പ്രഖ്യാപിക്കുന്നത് തുരുത്തിപ്പുറവും. കോട്ടപ്പുറം രൂപതയുടെ ഭാഗമായ സമ്പാളൂരിനും നിസ്തുലമായ ഒരു ചരിത്രമുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പുണ്യപാദങ്ങള്‍ പതിഞ്ഞ സ്ഥലമാണിത്. കൊടുങ്ങല്ലൂരും കൊച്ചിയും ഡച്ചുകാരുടെ പിടിയില്‍ അമര്ന്നപ്പോള്, പുറത്താക്കപ്പെട്ട കത്തോലിക്കാ മിഷനറിമാര്‍ ഉള്‍നാടുകളിലേക്ക് നീങ്ങി. പെരിയാറും ചാലക്കുടി പുഴയും ചേര്‍ന്ന ജലപാത സമ്പാളൂരിന് അനുഗ്രഹമായി. ഈശോസഭാ വൈദികര്‍ അവിടെ ആശ്രമവും സെമിനാരിയും വിശുദ്ധ പൗലോസിന്റെ നാമത്തില്‍ അച്ചുകൂടവും സ്ഥാപിച്ചു. വിശുദ്ധ ജോണ്‍ ബ്രിട്ടോയും, തമിഴ് സാഹിത്യത്തിലെ കുലപതി ഫാ. ജോസഫ് കോണ്സ്റ്റന്റയിന് ബസ്കിയും സമ്പാളൂര്‍ ആശ്രമത്തില്‍ കഴിഞ്ഞിട്ടുണ്ട്. അര്‍ണോസ് പാതിരി ഇവിടെ സെമിനാരി വിദ്യാര്‍ഥിയായിരുന്നു. സാംസ്കാരിക അനുരൂപണത്തിന്റെ വക്താവായിരുന്ന റോബര്‍ട്ട് ഡിനോബിലിയുടെ പുസ്തകങ്ങള്‍ സമ്പാളൂരിലെ പ്രസ്സില്‍ അച്ചടിച്ചിട്ടുണ്ട്.
മാര്തോമ്മാ ക്രൈസ്തവരുടെമേല്‍ പേര്‍ഷ്യന്‍ സഭയുടെ അധീശത്വം അവസാനിപ്പിക്കാനും റോമന്‍ കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രവും പൗരോഹിത്യശുശ്രൂഷയും സാമൂഹിക ദര്‍ശനവും വ്യവസ്ഥാപിത ഭരണരീതിയും അവതരിപ്പിച്ചുകൊണ്ട് അവരെ ക്രൈസ്തവവത്കരിക്കാനുമായി ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസ് ഉദയംപേരൂര്‍ സൂനഹദോസിനായുള്ള കാനോനകള്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയുണ്ടാക്കിയത് കൊടുങ്ങല്ലൂരില്‍ താമസിച്ചുകൊണ്ടാണ്. സഭയില്‍ സമൂല പരിവര്‍ത്തനം കൊണ്ടുവന്ന ഉദയംപേരൂര്‍ സൂനഹദോസിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട അങ്കമാലി സുറിയാനി പ്രവിശ്യയുടെ ആദ്യത്തെ ലത്തീന്‍ മെത്രാപ്പോലീത്ത ഈശോസഭാംഗമായ സുറിയാനി പണ്ഡിതന് ഫ്രാന്‍സിസ് റോസ് കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷചെയ്തത് മാര്തോമ്മാ സമൂഹത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളെ പരിരക്ഷിക്കാന്‍ പരമാവധി ശ്രദ്ധിച്ചുകൊണ്ടാണ്. എന്നാല്‍ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ്കോ ഗാര്‍സിയ മെന്‍ഡെസിന്റെ കാലമാകുമ്പോഴേക്കും ഭിന്നതകള്‍ രൂക്ഷമായി 1653ലെ കൂനന്‍ കുരിശു ശപഥത്തോടെ സുറിയാനികള്‍ ഈശോസഭാ മേലധ്യക്ഷന്മാരെ അംഗീകരിക്കുകയില്ല എന്ന പ്രഖ്യാപനം നടത്തി കേരളസഭയില്‍ ആദ്യത്തെ പിളര്‍പ്പിന് വഴിതെളിഞ്ഞു.
അനുരഞ്ജന ദൗത്യത്തിന് റോമില്‍ നിന്നു നിയോഗിക്കപ്പെട്ട കര്‍മലീത്താ കമ്മിസാരി ജുസെപ്പെ മരിയ സെബസ്ത്യാനിയെ മലബാര്‍ വികാരി അപ്പസ്തോലിക്കയായി 1659 ഡിസംബര്‍ 15ന് റോമില്‍ വച്ച് മെത്രാനായി അഭിഷേകം ചെയ്തത് കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല കൂടി നല്കിയിട്ടാണ്. ഡച്ചുകാര്‍ കൊടുങ്ങല്ലൂരും കൊച്ചിയും പിടിച്ചടക്കിയതിനെ തുടര്‍ന്ന് ബിഷപ് സെബസ്ത്യാനിക്ക് രാജ്യം വിട്ടുപോകേണ്ടിവന്നപ്പോള് തദ്ദേശീയനായ അലക്സാണ്ടര്‍ ദെ കാംപോയെ (പറമ്പില്‍ ചാണ്ടി) കൊടുങ്ങല്ലൂര്‍ മെത്രാനായി വാഴിക്കുകയുണ്ടായി.
വരാപ്പുഴ ദ്വീപിലെ കര്‍മലീത്താ ആശ്രമത്തില്‍ താമസമുറപ്പിച്ച് മലബാര്‍ വികാരി അപ്പസ്തോലിക്കയായി ശുശ്രൂഷ ആരംഭിച്ച ബിഷപ് ആഞ്ചലോ ഫ്രാന്‍സിസിന് അഞ്ചുവര്‍ഷം കഴിഞ്ഞ് വരാപ്പുഴ വികാരിയാത്ത് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട അപ്പസ്തോലിക വികാരിയത്തിനൊപ്പം കൊച്ചി, കൊടുങ്ങല്ലൂര്‍ രൂപതകളുടെ കൂടി ചുമതല ഏറ്റെടുക്കേണ്ടിവന്നു.
1886 സെപ്റ്റംബര്‍ ഒന്നിന് ലിയോ പതിമൂന്നാമന്‍ പാപ്പാ ഇന്ത്യന്‍ ഹൈരാര്‍ക്കി സ്ഥാപിച്ചപ്പോള്‍ വരാപ്പുഴ വികാരിയത്ത് വരാപ്പുഴ അതിരൂപതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. പിന്നീട് 1887 മേയ് 20ന് സുറിയാനിക്കാരെ വരാപ്പുഴയില്‍ നിന്ന് വേര്‍പെടുത്തി തൃശ്ശൂര്‍, കോട്ടയം വികാരിയത്തുകള്‍ സ്ഥാപിക്കപ്പെട്ടു. തൃശൂര്‍ വികാരിയത്തിന്റെ വികാര്‍ അപ്പസ്തോലിക്ക ബിഷപ് അഡോള്‍ഫ് എഡ്വിന് മെഡ്ലിക്കോട്ടിന്റെ ആവശ്യപ്രകാരം വരാപ്പുഴ മെത്രാപ്പോലീത്ത ലെയോണാര്‍ഡ് മെല്ലാനൊ 1891 ജൂലൈ 11ന് അന്ന് ലത്തീന്‍കാരുടെ കൈവശമുണ്ടായിരുന്ന വലിയ ലൂര്‍ദ്ദ്പള്ളി സുറിയാനിക്കാര്‍ക്കു വിട്ടുകൊടുത്ത് അതിനു പകരമായി സുറിയാനിക്കാരുടെ ചെറിയ തിരുഹൃദയ കപ്പേള സ്വീകരിക്കുകയും ചെയ്ത ത്യാഗചരിത്രവും വരാപ്പുഴ രൂപതയ്ക്കുണ്ട്.
തദ്ദേശീയനായ ദൈവദാസന് ഡോ. ജോസഫ് അട്ടിപ്പേറ്റി 1932 നവംബര്‍ 29ന് വരാപ്പുഴ അതിരൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിക്കപ്പെട്ടു. സ്പെയിന്‍കാരനായ അവസാനത്തെ കര്‍മലീത്താ മിഷനറി ഏയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്ത രാജ്യത്തോടു വിടചൊല്ലിയപ്പോള്‍ അട്ടിപ്പേറ്റി പിതാവ് സ്ഥാനമേറ്റു. രൂപതയിലെ എല്ലാ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 1970 ജനുവരി 21ന് ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത കാലം ചെയ്തതിനെതുടര്‍ന്ന് ഡോ. ജോസഫ് കേളന്തറ പുതിയ മെത്രാപ്പോലീത്തയായി നിയമതിനായി. കേളന്തറ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാര സ്വദേശി ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ 1987 മാര്‍ച്ച് 19ന് അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തു. ഇക്കാലത്താണ് വരാപ്പുഴ അതിരൂപത വിഭജിച്ച് കോട്ടപ്പുറം രൂപത നിലവില്‍ വന്നത്.
എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുകയാണ് രൂപതാ പ്രദേശങ്ങള്‍. 1987 ജൂലൈ മൂന്നിന് ‘ക്വേ ആപ്തിയൂസ്’ എന്ന തിരുവെഴുത്തു വഴി കോട്ടപ്പുറം രൂപത സംസ്ഥാപിതമായി. 1987 ഓഗസ്റ്റ് ഒന്നിന് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഫ്രാന്‍സിസ് കല്ലറക്കല്‍ 1987 ജൂലൈ മൂന്നിലെ ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന തിരുവെഴുത്തു വഴി പുതിയ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ മെത്രാന്റെ അഭിഷേകവും 1987 ഒക്ടോബര്‍ നാലിന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തില്‍ കോട്ടപ്പുറത്ത് സാഘോഷം നടന്നു. രൂപതയില്‍ 96,950 കത്തോലിക്കരാണുള്ളത്.
സ്ഥാപിതമാകുമ്പോള്‍ എടുത്തുപറയത്തക്ക സ്ഥാപനങ്ങളോ ആസ്തിയോ കോട്ടപ്പുറം രൂപതക്ക് ഇല്ലായിരുന്നു. 23 വര്‍ഷം വികസനത്തിന്റെ പാതയിലൂടെ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ രൂപതയെ നയിച്ചു. പറവൂരില്‍ ഡോണ്‍ബോസ്കോ ആശുപത്രിയും ഡോണ്‍ബോസ്കോ നഴ്സിംഗ് സ്കൂളും, മാനാഞ്ചേരിക്കുന്നില് പ്രസന്റേഷന് കോളജും മണലിക്കാടും കുറ്റിക്കാടുമായി രൂപതയുടെ രണ്ടു മൈനര്‍ സെമിനാരികളും അദ്ദേഹം നിര്‍മ്മിച്ചു. ദേശീയ ശ്രദ്ധ നേടിയ രൂപതയുടെ സാമൂഹികസേവന വിഭാഗമായ കിഡ്സ്, ശില്പലാവണ്യം നിറഞ്ഞ കത്തീഡ്രലും മെത്രാസനമന്ദിരവും, വികാസ് ആല്‍ബര്‍ടൈന്‍ അനിമേഷന്‍ സെന്റര്‍ എന്നിവ അദ്ദേഹത്തിന്റെ അനശ്വര സംഭാവനകളാണ്. രൂപതയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ആത്മീയ ഭൗതിക വികസനത്തിന് നേതൃത്വം നല്കിയ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിനെ 2010 ഫെബ്രുവരി 20ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ നിയമിച്ചു.
വരാപ്പുഴ അതിരൂപത സഹായമെത്രാനായിരുന്ന ഡോ. ജോസഫ് കാരിക്കശ്ശേരിയെ 2010 ഡിസംബര്‍ 18ന് കോട്ടപ്പുറം രൂപതയുടെ മെത്രാനായി ബെനഡിക്റ്റ് പാപ്പാ നിയമിച്ചു. 2011 ഫെബ്രുവരി 13ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അദ്ദേഹം കോട്ടപ്പുറം രൂപതയുടെ മെത്രാനായി സ്ഥാനമേറ്റു. രൂപതയുടെ രജത ജൂബിലിയോടനുബന്ധിച്ച് പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി. ജൂബിലി സ്മാരകമായി താണിയത്ത് ട്രസ്റ്റുമായി ചേര്‍ന്ന് 50 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും പിതാവിനു കഴിഞ്ഞു. രൂപതയുടെ വടക്കന്‍ മിഷന് മേഖലയ്ക്കുവേണ്ടി എപ്പിസ്കോപ്പല്‍ വികാരിയെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മിഷന് മേഖലയില്‍ പുതിയ പള്ളികള്‍ ആരംഭിച്ചു. രൂപതയിലെ എല്ലാ കുടുംബ യൂണിറ്റുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. 2018ലെ പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിലും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. അജപാലകന്റെ മഹിത ദൗത്യത്തില്‍ പൂര്‍ണമായി ശോഭിച്ച അദ്ദേഹം 75-ാം വയസ്സില്‍ വിരമിക്കാനൊരുങ്ങി; പുതിയ മെത്രാനെ നിയമിക്കുന്നതുവരെ തുടരാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ കല്പനയ്ക്കു വഴങ്ങി 2023 മെയ് ഒന്നു വരെ എപ്പിസ്കോപ്പല്‍ ശുശ്രൂഷ തുടര്‍ന്നു. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായപ്പോള്‍ ബിഷപ് കാരിക്കശ്ശേരി പറവൂരിലെ ജൂബിലി ഹോമില്‍ വിശ്രമജീവിതം ആരംഭിച്ചു.
ദൈവജനത്തെ ഒരുമിപ്പിക്കാനും അനുരഞ്ജിപ്പിക്കാനും വഴിനടത്താനും ശക്തിപ്പെടുത്താനുമുള്ള പ്രവാചകസമാനമായ നിയോഗം ഏറ്റെടുക്കാനായി രൂപതയുടെ മൂന്നാമത്തെ മെത്രാനായി മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍ 2024 ജനുവരി 20ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന തിരുകര്‍മത്തില്‍ അഭിഷിക്തനാകുന്നു. ”എന്റെ ജനത്തെ സ്നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും” എന്ന എപ്പിസ്കോപ്പല്‍ സമര്പ്പണവാക്യത്തില് തന്റെ അജപാലനശുശ്രൂഷയുടെ ആഭിമുഖ്യം അദ്ദേഹം വെളിപ്പെടുത്തുന്നു. സിനഡാത്മക ചൈതന്യത്തില്‍ സമൂഹത്തിലെ തിരസ്കൃതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വ്രണിതരും നിരാലംബരും ഉള്‍പ്പെടെ ഏവരെയും കരുണാര്‍ദ്രതയോടെ ആശ്ലേഷിക്കാനും ശ്രവിക്കാനും അവരോടൊപ്പം നടക്കാനും ആത്മാവിന്റെ നിറവില്‍ സ്വയാര്‍പ്പണം നടത്തുന്ന അജപാലകന് കരുത്തുപകരുന്ന ദൈവജനത്തോടൊപ്പം പ്രാര്ഥനാശംസകള് നേരുന്നു.
കേരളസഭയ്ക്കും സമൂഹത്തിനും ഭാരതസഭയ്ക്കും ഈ അംബ്രോസിയന്‍ സാന്ത്വനശുശ്രൂഷ ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണ്.
ഭാരതസഭാചരിത്രത്തിലും കേരളസഭാചരിത്രത്തിലും അനന്യമായ സ്ഥാനമാണ് കൊടുങ്ങല്ലൂര്‍-കോട്ടപ്പുറത്തിനുള്ളത്. ഈ ദേശത്തെ ഒഴിവാക്കി സഭാചരിത്രരചന അസാധ്യമാണ്. ഈ ചരിത്രഭൂമികയുടെ പ്രാധാന്യം തന്നെയാണ് പലരും ഇടക്കിടെ ഇതിനായി അവകാശവാദം ഉന്നയിക്കാനുള്ള കാരണവും. ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ കോട്ടപ്പുറം രൂപതയുടെ ഭദ്രാസന ദൈവാലയവും മെത്രാസനമന്ദിരവും വലിയൊരു ലത്തീന്‍ ജനതതിയും നിലകൊള്ളുമ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണിന്റെ അവകാശം മറ്റാരും സ്വന്തമാക്കാതിരിക്കാന്‍ ജാഗ്രതയുള്ളവരാകാം.