ജനജാഗരം – ജനബോധന പരിപാടിയും
ലത്തീന്‍ സമൂഹവും
പാട്രിക് മൈക്കിള്‍
ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ലത്തീന്‍ രൂപതകളിലും സംഘടിപ്പിച്ച ജനജാഗരം എന്ന ബോധനപരിപാടി 2023 നവംബര്‍ നാലിന് കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും ജനജാഗരം സംഘടിപ്പിക്കുകയും ലത്തീന്‍ ജനസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുകയും ചെയ്തു. സമ്മേളനങ്ങള്‍ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ സാമൂഹിക – രാഷ്ട്രീയ ശക്തിമത്കരണത്തിന്റെ മാര്‍ഗങ്ങളും രൂപപ്പെടുത്തി. ‘പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും’ എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. 2023 ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കിയ കാര്യങ്ങള്‍ ജനജാഗരം ജനബോധന പരിപാടിയുടെ വിലയിരുത്തലായി തന്നെ കണക്കാക്കാം. ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹികനീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുന്ന നിരവധി അനുഭവങ്ങള്‍ സമീപകാലത്തു നേരിട്ടു. സമുദായത്തിന്റെ നിരവധിയായ ജീവല്‍പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍നടപടികള്‍ക്കായും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിച്ചില്ല. തീരത്തും തീരക്കടലിലുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നീലസമ്പദ് വ്യവസ്ഥാ നയവുമായി ബന്ധപ്പെട്ട നടപടികള്‍, തീര നിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങി ഗവണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം ആശങ്കയോടെയാണ് തീരജനത നോക്കികാണുന്നത്.
തീരത്തെ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന തരത്തില്‍ തീരശോഷണം രൂക്ഷമായിരിക്കെ മുതലപ്പൊഴി ഹാര്ബറിലേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തീരദേശ ഹൈവേ നിര്‍മാണം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം എന്നിവയിലൂടെ ജനങ്ങള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങള്‍ക്കു നേരെ ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. കര്‍ഷകര്‍ക്കും ദളിത് ക്രൈസ്തവര്‍ക്കും ആംഗ്ലോ ഇന്ത്യര്‍ക്കും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ അവസരങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കാനാകുന്നില്ല. ദളിത് അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നു. ജെ.ബി കോശി കമ്മീഷനെ നിയമിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കിയെങ്കിലും അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലഹരി വലിയ വിപത്തായി രാജ്യത്ത് വളര്‍ന്നുവരുന്നു. ഇക്കാര്യങ്ങള്‍ ഓരോ രൂപതയിലും ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തുവെന്നത് ജനജാഗരം ജനബോധന പരിപാടിയുടെ വലിയ വിജയമായിതന്നെ വിലയിരുത്താവുന്നതാണ്. ആര്‍ച്ച്ബിഷപ് നെറ്റോ വ്യക്തമാക്കിയതുപോലെ, കേരള സമൂഹത്തില്‍ ലത്തീന്‍ സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകണം. അതിന് നിതാന്ത ജാഗ്രതയും ഒത്തൊരുമയും ആവശ്യമാണ്. എല്ലാ രൂപതകളുടെയും കെആര്‍എല്‍സിസിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടുപോകേണ്ടതുണ്ട്.
ജന്തര്‍ മന്തറില്‍ സമരേതിഹാസം
തീര്‍ത്ത് കെഎല്‍സിഎ
ബിജു ജോസി കരുമാഞ്ചേരി
മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ എന്ന ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ അങ്കണത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പ്രതിഷേധസമരത്തിന്റെ പുതിയ ഇതിഹാസം സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്ത് മണിപ്പുരിലെ സഹോദരങ്ങള്‍ക്കായി കേരളത്തിന്റെ ശബ്ദമുയര്‍ന്നു. 2023 ജൂലൈ 29ന് രാവിലെ 10 മണിക്ക് ജന്തര്‍ മന്തറില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) സംഘടിപ്പിച്ച പ്രതിഷേധ സംഗമം, മണിപ്പുര്‍ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതിനെതിരേ നടപടി സ്വീകരിക്കാത്തവര്‍ക്കും താക്കീതായി. വര്‍ഗീയ-വംശീയ കലാപങ്ങള്‍ക്കെതിരേ ഒരു ക്രൈസ്തവ അല്മായ സംഘടനയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. കേരളത്തിലെ 12 രൂപതകളില്‍ നിന്നും കെഎല്‍സിഎ നേതാക്കളും പ്രതിനിധികളും പുരോഹിതരും ഡല്‍ഹിയിലുള്ള നാനാജാതിമതസ്ഥരുമായ ജനങ്ങളും സമരത്തില്‍ അണിചേര്‍ന്നപ്പോള്‍ ജന്തര്‍ മന്തര്‍ അങ്കണം സമീപകാലത്തു ദര്‍ശിച്ച ഏറ്റവും വലിയ സമരപരിപാടിയായി അതു മാറി. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, സമാധാനം പുനഃസ്ഥാപിക്കുക, നീതി ലഭ്യമാക്കുക, ഞങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങള്‍ ഭരണഘടനയെ വിലമതിക്കുന്നു എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.
രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. ഭരിക്കുന്നവര്‍ ഭരണഘടനയെ സ്നേഹിക്കുന്നില്ല എന്നതാണ് സമകാലീന ഇന്ത്യയുടെ ദുരന്തം. ഭരണഘടനയെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മണിപ്പുരില്‍ കുക്കിവിഭാഗത്തെ, പ്രത്യേകിച്ച് സ്ത്രീകളെ, ആക്രമിക്കുന്നത് ഒരു ആശയത്തിന്റെ ആവിഷ്കാരമാണ്. വിവിധ മാനങ്ങളാണ് ഈ ആക്രമങ്ങളില്‍ കാണുന്നത്. കുക്കികളില്‍ ക്രൈസ്തവരെയാണ് തിരഞ്ഞ് ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വംശീയ സംഘര്‍ഷമല്ല, വര്‍ഗീയ കലാപമാണ്. നിങ്ങള്‍ കുക്കികളാണെങ്കിലും ക്രൈസ്തവരാണെങ്കിലും ലക്ഷ്യം വയ്ക്കപ്പെടും. മണിപ്പുരിലെ കലാപം ആസൂത്രിതമാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
തീരനിയന്ത്രണ വിജ്ഞാപനം: നാലു വര്‍ഷം കഴിഞ്ഞിട്ടും
ഭവനനിര്‍മ്മാണത്തിന് പ്ലാന്‍ (സിഇസെഡ്എംപി) ഇല്ല
അഡ്വ. ഷെറി ജെ. തോമസ്
തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 2019 വിജ്ഞാപനം സംബന്ധിച്ച പ്ലാന്‍ രൂപവത്കരിക്കുന്നതിനുവേണ്ടിയുള്ള കരട് മാപ് പ്രസിദ്ധീകരിച്ച് അതിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കെല്‍ട്രോണിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാപ് സംബന്ധിച്ച് തദ്ദേശവാസികളും മത്സ്യത്തൊഴിലാളി സമൂഹവും എന്താണ് മറുപടി പറയേണ്ടത്, ഏതു രീതിയില്‍ ഈ കരട് മാപ്പിനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് പൊതുനിര്‍ദേശങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഹിയറിങ് തീയതികള്‍ രേഖപ്പെടുത്തിയ നോട്ടീസുകള്‍ സര്‍ക്കാര്‍ തലത്തിലുള്ള വെബ്സൈറ്റിലും പത്രങ്ങളിലും നല്കിയതല്ലാതെ, ഏതൊക്കെ രീതിയില്‍ കരട് മാപ്പിനെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ബോധിപ്പിക്കണമെന്നോ, ഭവനനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാം എന്നോ ജനം അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരണമൊന്നുമുണ്ടായില്ല. എല്ലാത്തിനുമുപരി, തീരവാസികളുടെ ഭൂമിയില്‍ ഇത്തരത്തില്‍ നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം നീതിപൂര്‍വ്വകമാണോ എന്നതുതന്നെ ഇപ്പോഴും പ്രസക്തമായ ഒരു ചോദ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പോസിറ്റീവ ് നടപടികള്‍ ആകാം; പക്ഷെ വികസനം തടയുന്ന നിരോധന നടപടികള്‍ തീരസമൂഹത്തിന് അവരുടെ ഭൂമി ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമല്ലേയെന്നും ചര്‍ച്ചകളുണ്ടാകേണ്ടിയിരിക്കുന്നു.
2019ല്‍ പുറത്തിറക്കിയ തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ ഇളവുകള്‍ 2023 കഴിഞ്ഞിട്ടും ജനങ്ങള്‍ക്കു ലഭ്യമാകാത്തത് അതിന്റെ പ്ലാന്‍ (സിഇസെഡ്എംപി) തയ്യാറാകാത്തതുകൊണ്ടാണ്. ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. യഥാര്‍ഥത്തില്‍ തീരനിയന്ത്രണദൂരപരിധിയില് വന്നിട്ടുള്ള കുറവ്, സ്ലൂയിസ് ബണ്ട് ഗേറ്റ് സംബന്ധിച്ച ഭേദഗതി എന്നിവയുടെ ഗുണം ആവശ്യമെങ്കില്‍ ജനങ്ങള്‍ക്കു നല്‍കാം. ഭേദഗതികള്‍ പ്രകാരം അകലം പരിഗണിക്കണമെന്ന് കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുപോലും സംസ്ഥാന തലത്തില്‍ തീരുമാനമെടുത്ത് അത് ദേശീയതലത്തില്‍ അംഗീകാരത്തിനായി അയച്ച് വീണ്ടും കാലതാമസം ഉണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.
നിയമത്തിലെ ഇളവുകള്‍ ലഭ്യമാവുക എന്നത് പൗരന്റെ അവകാശമാണ്. അത്തരത്തിലുള്ള വിവിധ കോടതി വിധികള്‍ ഉള്ളതുമാണ് എന്ന ബോധ്യത്തില്‍ വിജ്ഞാപനത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ജനോപകാരപ്രദമായ തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി കാണിക്കണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പ് വിജ്ഞാപനത്തിന്റെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ ആളുകളുടെ ഭവനനിര്‍മ്മാണം നിഷേധിക്കാം എന്നല്ല, എങ്ങനെ അനുവദിക്കാം എന്ന തരത്തില്‍ ചിന്തിക്കാന്‍ തയ്യാറാകണം.
സിഇസെഡ്എംപി കരട് പ്രസിദ്ധീകരിച്ച് ഹിയറിങ് നടന്നുവെങ്കിലും 1,416 ഉള്‍നാടന്‍ ദ്വീപുകളുടെ പരിപാലന പ്ലാന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും തയ്യാറാക്കിയിട്ടില്ലെന്ന് നിലവിലുള്ള കേസുകളിലൊന്നില്‍ കേരള ഹൈക്കോടതിയില്‍ തീരപരിപാലന അതോറിറ്റി വ്യക്തമാക്കിയിരുന്നു. മതിയായ ഉദ്യോഗസ്ഥര്‍ ഇല്ല എന്ന പരാതിയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നല്കാന് മുന്‍പേതന്നെ ഹൈക്കോടതി വിധിയും ഉള്ളതാണ്.
ഇതിനൊക്കെ പുറമേ, ഇപ്പോള്‍ കരടില്‍ പൊതുജനങ്ങള്‍ നല്‍കിയിട്ടുള്ള മറുപടിയും അതിനോട് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ആധികാരികമായി നല്‍കിയിട്ടുള്ള മറുപടിയും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ എല്ലാ പ്രദേശത്തും നേരിട്ട് ഇറങ്ങിയതും കാലതാമസം ഉണ്ടാക്കുന്നു. സാറ്റലൈറ്റ് മാപ്പിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്ള ഇക്കാലത്ത് തദ്ദേശ ഭരണകൂടങ്ങള്‍ ആധികാരികമായി സീല്‍ വച്ച് നല്കിയ രേഖകള്‍ സത്യമാണോ എന്നു പരിശോധിക്കാന്‍ പിന്നെയും ഇറങ്ങേണ്ട കാര്യമുണ്ടോ എന്നത് ന്യായമായ സംശയമാണ്. ഇങ്ങനെ പല കാരണങ്ങളാല്‍ 2019 വിജ്ഞാപനത്തിന്റെ പ്ലാന്‍ അനന്തമായി നീണ്ടുപോകുന്നത് തീരവാസികളുടെ മൗലികാവകാശലംഘനമാണ്.
വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രവും
പാരിസ്ഥിതിക റിപ്പോര്‍ട്ടും
ജോസഫ് ജൂഡ്
2022 ജൂലൈ 20നാണ് ഐതിഹാസികമായ വിഴിഞ്ഞം സമരം ആരംഭിക്കുന്നത്. നവംബര്‍ 26, 27 തീയതികളില്‍ വിഴിഞ്ഞത്ത് നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും വിഴിഞ്ഞം സമരത്തെ അപ്രതീക്ഷിത അന്ത്യത്തിലേക്ക് എത്തിക്കുകയായിരുന്നു. 2023ലും ലത്തീന്‍ ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം സമരവും അതിന്റെ പ്രത്യാഘാതങ്ങളും തുടര്‍ച്ചയായി വേട്ടയാടുകയായിരുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഗുരുതരമായ വീഴ്ച തന്നെയാണ് 2023ലും തീരദേശ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണമായിതീര്ന്നത്. വിഴിഞ്ഞം സമരം നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് എന്ന ഗവേഷണ സ്ഥാപനത്തെ മുതലപ്പൊഴിയിലെ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തുന്നത്. എന്നാല്‍ 2003ലും മുതലപ്പൊഴിയിലെ അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള് കണ്ടത്. സര്‍ക്കാരിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതിഷേധം പ്രതികാര സ്വഭാവമുള്ള നടപടികള്‍ക്കും കാരണമായി. അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രിസംഘം നല്കിയ വാഗ്ദാനങ്ങളും നടപടികളും ഇപ്പോഴും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഉയര്‍ത്തിയിരുന്ന ആവശ്യങ്ങള്‍ ഒന്നൊഴികെ ബാക്കിയെല്ലാം അംഗീകരിച്ചാണ് ഈ സമരം അവസാനിപ്പിച്ചത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. വിഴിഞ്ഞം വാണിജ്യതുറമുഖത്തിന്റെ നിര്‍മ്മാണം അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരു വിദഗ്ധനെ ഉള്‍പ്പെടുത്തി തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക എന്നതായിരുന്നു സമരത്തില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന ആവശ്യം. എന്നാല്‍, സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഒരു തന്ത്രം എന്ന നിലയില്‍ സമരസമിതിയുടെ ആവശ്യത്തെ നിരാകരിച്ചുകൊണ്ട് ഏകപക്ഷീയമായിതന്നെ പുനെയിലെ സിഡബ്ല്യുപിആര്‍എസ് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്ന എം.ഡി കുദാലയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധസംഘത്തെ തുറമുഖനിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇടപെടലുകളുണ്ടായിട്ടും ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല; പഠനം നടന്നോ എന്നു പോലും വ്യക്തതയില്ല.
സമരസമിതിയുടെ ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ട സാഹചര്യത്തിലാണ് ഒരു ജനകീയ പഠനസമിതിയെ നിയോഗിക്കുകയും ഒരു സ്വതന്ത്ര അന്വേഷണം സമരസമിതി പ്രഖ്യാപിക്കുകയും ചെയ്തത്. 2023 നവംബര്‍ 21ന് ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ ജനകീയ പഠനസമിതിയുടെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. 200 പേജ് വരുന്ന ഈ സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേരള ഫിഷറീസ് സര്‍വകലാശാലയുടെ മുന്‍ ഡീനും ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ.വി തോമസിന്റെ നേതൃത്വത്തിലാണ്. പ്രൊബീര്‍ ബാനര്‍ജി, സരിത ഫെര്‍ണാണ്ടസ്, ഡോ. ജോണ്‍ കുര്യന്, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി താര, ഡോ. ജോണ്സണ് ജാമെറ്റ് എന്നിവരായിരുന്നു പഠന സമിതിയിലെ അംഗങ്ങള്‍.
തീരങ്ങള്‍, തീരക്കടല്‍, ജൈവവൈവിധ്യം, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയില്‍ തിരുവനന്തപുരം മത്സ്യബന്ധന സമൂഹങ്ങളുടെമേല്‍ അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ച ആഘാതം വളരെ വിശദമായി പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പരിസ്ഥിതിയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന മൂലധന നിക്ഷേപങ്ങളെക്കുറിച്ചള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തെ ഒരു നിര്‍ണായക പ്രശ്നം ഈ റിപ്പോര്‍ട്ട് ആധികാരിമായി തന്നെ വിശദീകരിക്കുന്നു. തീരശോഷണം, ഭവനനഷ്ടം, മത്സ്യബന്ധന ഉപജീവനമാര്‍ഗങ്ങളുടെ നാശം എന്നിവ ഉള്‍പ്പെടെ പാരിസ്ഥിതികമായും സാമൂഹികമായും വിപുലമായ ദോഷം വരുത്തുന്ന ഒരു വന്‍ തുറമുഖ പദ്ധതി കേരളത്തില്‍ ഉണ്ടാക്കുന്ന ദുരിതപൂര്‍ണമായ ഒരു പശ്ചാത്തല സാഹചര്യത്തെകുറിച്ചാണ് ഈ റിപ്പോര്‍ട്ട്.
ഇത്തരം നിര്‍മ്മാണങ്ങള്‍ ഉയര്‍ത്തുന്ന ഗൗരവമേറിയ പ്രശ്നങ്ങള്‍ക്ക് ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കാരണമായി ചൂണ്ടിക്കാട്ടുകയും പ്രശ്നങ്ങള്‍ വഷളാക്കുന്ന പരിഹാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അധികാരത്തിലുള്ളവരുടെ പ്രതികരണങ്ങള്‍ തീര്‍ച്ചയായും ഒരു പ്രശ്നമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ തദ്ദേശീയ സമുദായങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നത് പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സാംസ്കാരിക സ്വത്വത്തിനും അത്യന്താപേക്ഷിതമായ ജൈവവൈവിധ്യത്തെയും വിനോദസഞ്ചാരത്തെയും ബാധിക്കുന്ന വിധത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ തദ്ദേശീയ സമുദായങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പശ്ചാത്തലചരിത്രവും കരാര്‍ നിശ്ചയിക്കുന്നതിലെ ഉള്‍പ്പിരിവുകളും അട്ടിമറികളും നിഗൂഢതകളും, നിര്‍മ്മാണം തുടങ്ങിയതിനുശേഷം ഉണ്ടായ തീരനഷ്ടത്തെപറ്റിയുള്ള ശാസ്ത്രീയമായ വിലയിരുത്തലുകളും ഈ റിപ്പോര്‍ട്ടിന്റെ സമഗ്രതയെ വ്യക്തമാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് തീരദേശ ജനസമൂഹവും മത്സ്യത്തൊഴിലാളികളും സര്‍ക്കാരിന്റെ അവഗണയ്ക്കും പീഡനങ്ങള്‍ക്കും കാരണമാവുന്നതെന്ന് ലത്തീന്‍ കത്തോലിക്കര്‍ തിരിച്ചറിയണമെന്നതാണ് 2024ലെ പ്രധാന ചിന്താവിഷയമാകേണ്ടത്.
ഇലയിട്ടു; പക്ഷേ ഊണില്ല
തോമസ് കെ. സ്റ്റീഫന്‍
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ന് ക്രൈസ്തവ ജനസമൂഹത്തിന്റെ ആത്മഗതമാണ് ഇലയിട്ടു; പക്ഷേ ഊണില്ലായെന്നത്. ക്രൈസ്തവ സമൂഹത്തിന് ആകമാനം വലിയ പ്രതീക്ഷ നല്‍കിയാണ് 2020 ല്‍ കേരള സര്‍ക്കാര്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലേക്കായി ജെ.ബി കോശി കമ്മീഷനെ നിയോഗിച്ചത്. 2023 മെയ് മാസം 18ന് കമ്മീഷന് തങ്ങളുടെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പക്ഷേ നാളിതുവരെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല അതിന്മേല് ചര്‍ച്ചകളോ നടപടികളോ കൈകൊണ്ടിട്ടില്ല. ചുരുക്കത്തില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കിയശേഷം അവരെ നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ് കേരള സര്‍ക്കാര്‍.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നിവ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. 4.87 ലക്ഷം നിവേദനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചിരുന്നു. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉറപ്പു വരുത്തി. ലത്തീന്‍ കത്തോലിക്കാ ക്രൈസ്തവരുടെ ജീവിത നിലവാരം സംബന്ധിച്ച് ആധികാരികമായ പഠനം സ്വതന്ത്രമായി നടത്തിയാണ് ബഹുമാനപ്പെട്ട കമ്മിഷന് നിവേദനം സമര്‍പ്പിച്ചത്. കെആര്‍എല്‍സിസി യും രൂപതകളും സംഘടനകളും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ കമ്മീഷന് വലിയ ഒരു അളവില്‍ സഹായമായി തീര്‍ന്നിട്ടുണ്ട് എന്നാണ് നമ്മള് വിലയിരുത്തുന്നത്. എന്തു തന്നെയായാലും ഇന്നലെകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒറ്റ ഗണമായി കണ്ട് നയപരിപാടികള്‍ ആവിഷ്കരിച്ചിരുന്ന സ്ഥാനത്ത് മുന്നാക്ക ക്രൈസ്തവര്‍, പിന്നാക്ക ക്രൈസ്തവര്‍, ദളിത് ക്രൈസ്തവര്‍ എന്ന കൃത്യമായ ഒരു വേര്‍തിരിവ് കമ്മിഷന്റെ കാഴ്ചപ്പാടില്‍ പ്രകടമായിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷ നല്കുന്ന കാര്യമാണ്.
അതുപോലെ ന്യൂനപക്ഷം എന്ന പേരില്‍ മുഴുവന്‍ ക്ഷേമപദ്ധതികളും ഏകപക്ഷീയമായി ഒരു ന്യൂനപക്ഷം മാത്രം സ്വന്തമാക്കുന്നു എന്ന ആക്ഷേപത്തെ അടിവരയിട്ട് ഉറപ്പിക്കുവാന്‍ കമ്മീഷന് പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ക്രൈസ്തവരും തീരദേശ ക്രൈസ്തവരുമാണ് ഏറ്റവും പിന്നാക്കം നില്ക്കുന്ന ജനതതി എന്ന സത്യം വളരെ കൃത്യമായി കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ദളിത് ക്രൈസ്തവര്‍ക്ക് നിലവില്‍ അനുവദിച്ചു വരുന്ന വിദ്യാഭ്യാസ – ഉദ്യോഗ സംവരണങ്ങള്‍ നീതിയുക്തമല്ല എന്ന നിരീക്ഷണവും ക്രൈസ്തവ ദേവാലയങ്ങളിലെ മതബോധന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സഭാ ജീവനകാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന അഭിപ്രായവും കമ്മിഷന് നടത്തിയിട്ടുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ പൊതുവേ മലയോര മേഖലയിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന സര്‍ട്ടിഫിക്കറ്റ് പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടാന്‍ ആവശ്യമായ ശുപാര്‍ശകളും കമ്മീഷന് നടത്തിയിരിക്കുന്നു. മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായി ആരംഭിക്കണമെന്ന ആശയവും കമ്മീഷന് മുന്നോട്ടുവയ്ക്കുന്നു.
ലത്തീന്‍ കത്തോലിക്ക / ദലിത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്കുന്ന ഈ കമ്മീഷന് റിപ്പോര്‍ട്ട് ഫയലുകള്‍ക്കിടയില്‍ ആഴ്ന്ന് പോകുമോ എന്ന് ആശങ്ക ഇന്ന് വളരെ ശക്തമാണ്. ഈ റിപ്പോര്‍ട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും നടപ്പിലാക്കണമെന്നും ഉള്ള ആവശ്യം 2023 ല്‍ ലത്തീന്‍ കത്തോലിക്കര്‍ ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. അഖില കേരള അടിസ്ഥാനത്തില്‍ വിവിധ രൂപത കേന്ദ്രങ്ങളില്‍ കെആര്‍എല്‍സിസി സംഘടിപ്പിച്ച ജനജാഗരം ഈ വിഷയത്തെ ഒരു വികാരമായി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതേസമയം കമ്മീഷനെ നിയോഗിക്കുവാന്‍ വേണ്ടി ശക്തമായ നിലകൊണ്ട മുന്നാക്ക ക്രൈസ്തവ സഹോദരങ്ങളുടെ മൗനം നമ്മെ ഏറെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എങ്കിലും 2024 കമ്മീഷനുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ നല്‍കുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.