പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റും പ്രതിഷേധമില്ലാത്ത തെരുവുകളും ജനാധിപത്യത്തിന്റെ നല്ല ലക്ഷണങ്ങളല്ല. സമഗ്രാധിപത്യത്തിന്റെ അടയാളങ്ങളാണവ. ‘തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യം’ എന്ന് മോദിയുടെ ഇന്ത്യയെ ചില രാജ്യാന്തര പഠനകേന്ദ്രങ്ങള്‍ മുദ്രകുത്തുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അന്ത്യപാദത്തില്‍ 141 പ്രതിപക്ഷ എംപിമാരെ – ലോക്സഭയില്‍ നിന്ന് 95 പേരെയും രാജ്യസഭയില്‍ നിന്ന് 46 പേരെയും – കൂട്ടത്തോടെ നീക്കംചെയ്ത തീക്ഷ്ണദണ്ഡനീതിയില് നിന്നു സ്പഷ്ടമാകും. അത്യപൂര്‍വമായ രാഷ്ട്രീയ ഉച്ചാടനമാണ് ഈ അത്യാചാരം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രക്തച്ചൊരിച്ചിലില്ലാത്ത കശാപ്പിന്റെ ഒരങ്കം.
ഇന്ത്യയുടെ അതിനൂതന പാര്‍ലമെന്റ് മന്ദിരത്തില്‍ മോദിയുടെ ചെങ്കോല്‍ പ്രതിഷ്ഠയുള്ള ലോക്സഭാ ചേംബറില്‍ സഭാനടപടികള്‍ക്കിടെ, മഞ്ഞപുകക്കുറ്റിയുമായി രണ്ടുപേര്‍ മിന്നലാക്രമണം നടത്തിയ സംഭവത്തിന്റെ – 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് ഈ പ്രതീകാത്മക ഭീകര നാടകം അരങ്ങേറുന്നതെന്ന് ഓര്‍ക്കുക – പശ്ചാത്തലത്തില്‍, ഗുരുതരമായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയില്‍ പ്രസ്താവന നടത്തുകയും വിഷയം പാര്‍ലമെന്റ് ചര്‍ച്ചചെയ്യുകയും വേണമെന്ന ആവശ്യം ഭരണകൂടം നിരാകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഒച്ചവയ്ക്കുകയും ചിലര്‍ നടുത്തളത്തില്‍ ഇറങ്ങുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് മൂന്നു ദിവസങ്ങളിലായി രാജ്യത്തെ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്പെന്ഷന്. സഭയില്‍ ഇല്ലാതിരുന്ന അംഗത്തെ പോലും പേരുവിളിച്ച് സസ്പെന്‍ഡ് ചെയ്തതായി പറയുന്നുണ്ട്.
ലോക്സഭയിലെ 142 പ്രതിപക്ഷ എംപിമാരില്‍ 67% പേരും പുറത്താക്കപ്പെട്ടു; 47 പേര് മാത്രമാണ് പ്രതിപക്ഷനിരയില്‍ ബാക്കിയുള്ളത്. രാജ്യസഭയില്‍ 81 പേരും. ബിജെപിയുമായി സഹകരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളില്‍ നിന്നുള്ളവരാണ് അവരില്‍ ചിലര്‍. ഫലത്തില്‍ യഥാര്‍ഥ പ്രതിപക്ഷമായി ലോക്സഭയില്‍ 13 പേരും രാജ്യസഭയില്‍ 63 പേരുമാണ് അവശേഷിക്കുന്നത്. ശൈത്യകാല സമ്മേളനം അവസാനിക്കുന്ന 22-ാം തീയതി വരെയാണ് ഭൂരിപക്ഷം പേരെയു സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ മൂന്നു ലോക്സഭാംഗങ്ങളുടെയും 11 രാജ്യസഭാംഗങ്ങളുടെയും കാര്യത്തില്‍ പാര്‍ലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് ഇടക്കാല ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് സെഷന് ഫെബ്രുവരി ആദ്യം ചേരുമ്പോള്‍ ഈ അംഗങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുകയില്ല.
തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് ജനപ്രതിനിധികളുടെ പ്രാഥമിക ചുമതല. ജനാധിപത്യ റിപ്പബ്ലിക്കിന്റെ, രാജ്യത്തെ ഭരണഘടനാ സംവിധാനത്തിന്റെ ഹൃദയമായ പാര്‍ലമെന്റിനു നേരെയുണ്ടായ അതിക്രമം – ജീവഹാനിയോ വലിയ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും – ദേശീയ സുരക്ഷയെ സംബന്ധിച്ച് അതീവ ഗുരുതരമായ സംഗതിയാണ്. ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെ വിശദീകരണം ആരായാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവകാശവും ബാധ്യതയുമുണ്ട്. രാജ്യത്തെ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട നിഗൂഢ രഹസ്യമൊന്നുമല്ല അത്. സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിനു സമാധാനം ചോദിക്കേണ്ടത് പ്രതിപക്ഷമാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട 95 ലോക്സഭാമണ്ഡലങ്ങളിലെ 14.51 കോടി വോട്ടര്‍മാരുടെ ശബ്ദമാണ് ഭരണകൂടം അമിതാധികാര പ്രയോഗത്തിലൂടെ പാര്‍ലമെന്റില്‍ തടയുന്നത്. സസ്പെന്‍ഷനിലൂടെ ലോക്സഭയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന അംഗബലം നാലിലൊന്നു മാത്രമായി (11 പേര്). ഡിഎംകെ, ടിഎംസി, ജെഡിയു എന്നിവയുടെ പ്രാതിനിധ്യം 60 ശതമാനത്തിലേറെ കുറഞ്ഞു. മുസ്ലിം ലീഗ്, ആര്‍എസ്പി, എഎപി, തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈകള്‍ കച്ചി എന്നിവയ്ക്ക് ലോക്സഭയില്‍ തത്കാലം പ്രാതിനിധ്യമില്ലാതായി. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങളില്‍ രാഹുല്‍ ഗാന്ധിയടക്കം നാലുപേരും രാജ്യസഭാംഗങ്ങളില്‍ രണ്ടുപേരും മാത്രമാണ് ഇക്കുറി സസ്പെന്ഷനിലാകാതെയുള്ളത്.
സസ്പെന്‍ഷനിലായവര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പാര്‍ലമെന്റ് ചേംബറിലോ ലോബിയിലോ ഗാലറിയിലോ അവര്‍ പ്രവേശിക്കുന്നതു വിലക്കി പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കി. പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗങ്ങളായവര്‍ക്ക് അവയുടെ രേഖകളൊന്നും നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. ഈ എംപിമാര്‍ മന്ത്രിമാരില്‍ നിന്നു മറുപടിക്കായി സമര്‍പ്പിച്ചിട്ടുള്ള 71 ചോദ്യങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കി. പ്രതിപക്ഷസ്വരത്തോട് ഇത്രയ്ക്ക് അസഹിഷ്ണുത കാട്ടേണ്ടതുണ്ടോ?
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്നത് മോദി സര്‍ക്കാരിന്റെ രീതിയാണ്. ഈ ലോക്സഭയില്‍ മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ അലോസരം സൃഷ്ടിച്ച എംപിമാരില്‍ ഒരാളായ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയെ ഡിസംബര്‍ എട്ടിന് പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയത് എത്ര പ്രതികാരദാഹത്തോടെയായിരുന്നു! അദാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിന് പ്രവാസി ഇന്ത്യന്‍ ബിസിനസുകാരനായ ദര്ശന് ഹിരാനന്ദാനിയുമായി മഹുവാ മൊയ്ത്ര ലോഗിന്‍ വിവരങ്ങള്‍ പങ്കുവച്ചു എന്ന ആരോപണത്തില്‍ നിന്നാണ് നടപടിയുടെ തുടക്കം. മഹുവയുമായി വേര്‍പിരിഞ്ഞ പങ്കാളിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഒരു ബിജെപി എംപി ഉയര്‍ത്തിയ ആരോപണം, പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങി എന്ന ഗുരുതരമായ കേസാവുകയായിരുന്നു. എംപി എന്ന നിലയിലുള്ള ലോഗിന്‍ വിവരങ്ങള്‍ കൈമാറി എന്നതും ഹിരാനന്ദാനി ദുബായ് ഡ്യൂട്ടിഫ്രീയില്‍ നിന്നു വാങ്ങിയ ഒരു സ്കാര്‍ഫും കുറച്ചു ലിപ്സ്റ്റിക്കും മെയ്ക്കപ്പും താന്‍ സമ്മാനമായി കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ തുറന്നുപറഞ്ഞിരുന്നു. മഹുവ പണം വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി കണ്ടെത്തിയെങ്കിലും അധാര്‍മികമായ പെരുമാറ്റം, പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എംപി സ്ഥാനത്തു നിന്നു മഹുവയെ പുറത്താക്കാനാണ് 6:4 ഭൂരിപക്ഷത്തിന് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. 495 പേജുള്ള എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുകയും അതു വായിച്ചുനോക്കാനോ ചര്‍ച്ച ചെയ്യാനോ സമയം അനുവദിക്കാതെ അന്നുതന്നെ ശബ്ദവോട്ടോടെ പുറത്താക്കല്‍ നടപടി ശരിവയ്ക്കുകയാണുണ്ടായത്.
ഡിസംബര്‍ 13ന് ലോക്സഭാ ചേംബറിലുണ്ടായ അതിക്രമം രാജ്യത്തിനു വലിയ നാണക്കേടാണ്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ലോക്സഭാംഗം മുഖേന ലഭിച്ച സന്ദര്ശകഗാലറി പാസ് ഉപയോഗിച്ചാണ് അക്രമികള്‍ ലോക്സഭാ ചേംബറില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്നത് തുറന്നുസമ്മതിക്കുന്നതും, കാര്‍മേഘങ്ങളുടെ മറയില്‍ പോര്‍വിമാനങ്ങളെ റഡാറുകളില്‍ നിന്ന് ഒളിപ്പിച്ച് ബാലാകോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ വ്യോമസേനയ്ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പോലും കഴിവുള്ള പ്രധാനമന്ത്രിക്ക്, ലോകോത്തര അതികല്പനകളുടെ സങ്കേതമായ ന്യൂഡല്‍ഹി സെന്‍ട്രല്‍ വിസ്തയിലെ മഹാദ്ഭുത ലാന്‍ഡ്മാര്‍ക്കായ പുതുപുത്തന്‍ പാര്‍ലമെന്റ് ഹൗസിന്റെ സെക്യുരിറ്റി, സര്‍വെയ്ലന്‍സ് സംവിധാനം ഒരുക്കുന്നതില്‍ എന്തെങ്കിലും നോട്ടക്കുറവ് സംഭവിച്ചിട്ടുണ്ടാകുമോ, അമിത് ഷായുടെ ആഭ്യന്തര വകുപ്പിന്റെ ഇന്റലിജന്‍സ് കോട്ടയില്‍ വിള്ളലുണ്ടായോ തുടങ്ങിയ ചോദ്യങ്ങളെ നേരിടുന്നതും തീവ്രദേശഭക്തഭാവനയ്ക്ക് പോരായ്കയാകുമെന്ന ആശങ്ക കൊണ്ടാകാം ഇരുവരും സഭയില്‍ ഹാജരാകാതെ പ്രത്യേക മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതികരണങ്ങള്‍ പങ്കുവച്ചത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാന കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ വെളിയില്‍ പ്രസ്താവന നടത്തുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണ്, ജനാധിപത്യ കീഴ് വഴക്കങ്ങള്‍ക്ക് എതിരാണ്.
ലോക്സഭയിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് സംസാരിക്കേണ്ടത് സ്പീക്കറാണെന്ന വാദമാണ് ആഭ്യന്തരമന്ത്രി ആദ്യം ഉന്നയിച്ചത്. രാജ്യസുരക്ഷയുടെ കാര്യമായതിനാല്‍ ചര്‍ച്ചകള്‍ക്കല്ല, വിദഗ്ധ ഏജന്‍സികളുടെ സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പുറത്ത് വിശദീകരിച്ചു. സഭയില്‍ തുടര്‍ച്ചയായി ഇക്കാര്യത്തില്‍ വിശദീകരണം തേടിയ പ്രതിപക്ഷ എംപിമാരുടെ ആവശ്യം അംഗീകരിച്ച് ഉത്തരവാദിത്തപ്പെട്ടവരോട് സഭയില്‍ ഹാജരായി പ്രസ്താവന നടത്താന്‍ നിര്‍ദേശിക്കുകയാണ് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും ചെയ്യേണ്ടിയിരുന്നത്. പ്രതിപക്ഷം ബഹളം കൂട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുമ്പോള്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് സ്പീക്കറുടെ ചേംബറില്‍ കക്ഷിനേതാക്കളെ വിളിച്ചുവരുത്തി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് ജനാധിപത്യ മര്യാദ. ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ നിര്‍ദേശിച്ചതിനു വിരുദ്ധമായി പ്ലക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടുവന്നു എന്നത് വലിയ ക്രിമിനല്‍ കുറ്റമായി ചിത്രീകരിക്കേണ്ട ഒന്നല്ല. പ്രതിഷേധത്തിന്റെ ഒരു പതിവുരീതി മാത്രമാണത്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു പറഞ്ഞ് സന്സദിനു മുന്പില് സാഷ്ടാംഗപ്രണാമം അര്‍പ്പിക്കുമെങ്കിലും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ മുടക്കം കൂടാതെ ഹാജരാകുന്നതിലോ രാജ്യത്തെ ബാധിക്കുന്ന പ്രധാന സംഭവങ്ങളില്‍ പോലും പാര്‍ലമെന്റിനെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് നയം വ്യക്തമാക്കുന്നതിലോ പ്രധാനമന്ത്രി മോദി വിശേഷ താല്പര്യം കാണിക്കാറില്ല. മണിപ്പുരിലെ വംശീയ കലാപത്തെക്കുറിച്ച് അദ്ദേഹത്തെക്കൊണ്ട് ഒരു വാക്കു പറയിപ്പിക്കാന്‍ പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടിവന്നു.
ഭരണഘടനയുടെ 93-ാം അനുച്ഛേദപ്രകാരം ലോക്സഭയില്‍ ഒരു ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മുഖ്യ പ്രതിപക്ഷ കക്ഷിയില്‍ നിന്ന് ഒരാളെ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കുന്ന ഒരു കീഴ് വഴക്കമുണ്ട്. 2019 മേയ് മുതല്‍ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പതിനേഴാം ലോക്സഭയുടെ കാലാവധി കഴിയാറാകുമ്പോഴും ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യമില്ല എന്ന നിലപാടിലാണ് സഭയില്‍ മഹാഭൂരിപക്ഷമുള്ള ബിജെപി ഭരണനേതൃത്വം. പ്രവര്‍ത്തനക്ഷമമായ ജനാധിപത്യത്തിന്റെ മുഖമുദ്ര പര്യാലോചനയാണ്. സംവാദങ്ങള്‍, പാര്‍ലമെന്ററി സമിതികളും സ്ഥിരം സമിതികളും നടത്തുന്ന വിശകലനങ്ങള്‍, സമഗ്രമായ ചര്‍ച്ച എന്നിവ നിയമനിര്‍മാണപ്രക്രിയയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ പാര്‍ലമെന്ററി സമിതികളെ മാറ്റിനിര്‍ത്തിയും പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ അവഗണിച്ചും വേണ്ടത്ര ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കുന്ന സമ്പ്രദായമാണ് മോദി ഭരണകൂടത്തിന്റേത്. പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേരെ പുറത്താക്കി ഒരു ചര്‍ച്ചയും കൂടാതെയാണ് ഐപിസി, സിആര്‍പിസി, തെളിവുനിയമം എന്നിവയ്ക്കു പകരമായുള്ള മൂന്നു സുപ്രധാന ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതിക്കായി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സക്ഷ്യ നിയമം എന്നീ ബില്ലുകളും, 1885-ലെ ബ്രിട്ടീഷ് ഇന്ത്യയിലെ ടെലിഗ്രാഫ് ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ടെലികമ്യൂണിക്കേഷന്‍സ് നിയമഭേദഗതി ബില്ലും മറ്റും ദ്രുതഗതിയില്‍ പാസാക്കിയെടുക്കുന്നത്. രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ സമൂല മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നു പറയുന്ന പുതിയ നിയമം സര്‍വെയ്ലന്‍സ്, ഉപയോക്താക്കളുടെ ബയോമെട്രിക് ഐഡി, നെറ്റ് വര്‍ക്കുകളുടെ മേലുള്ള പൂര്‍ണ നിയന്ത്രണം, പിടിച്ചെടുക്കല്‍, സ്പെക്ട്രം മാര്‍ഗരേഖ തുടങ്ങി ഏറെ പ്രശ്നസങ്കീര്‍ണമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ചു സമയം സമ്മേളിച്ച് കാലാവധി തികയ്ക്കുന്ന ലോക്സഭയാണ് പതിനേഴാമത്തേത്. ബജറ്റിനായി ഏറ്റവും കുറച്ചു സമയം വിനിയോഗിച്ചതും ഈ ലോക്സഭയാണ്. ഏറ്റവും ഒടുവിലത്തെ ഈ സമ്പൂര്‍ണ ശൈത്യകാല സെഷനില്‍ നിര്‍ണായക നേരത്ത് നേരിട്ട് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ വിലയിരുത്തി പ്രതിപക്ഷ മുക്തമായ പാര്‍ലമെന്റ് എന്ന തന്റെ സ്വപ്നം 2024-ല്‍ സാക്ഷാത്കരിക്കപ്പെടും എന്ന് പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ സന്‍സദ് തന്റെ സര്‍ക്കസ് കൂടാരമാകുമെന്ന് ആ മഹാ റിങ്മാസ്റ്റര്‍ കണക്കുകൂട്ടുന്നുണ്ടാകും.