കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77) ആണ് മരിച്ചത്.
പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച കണ്ണൂരിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82)യാണ് മരിച്ചത്.. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഏറെയും കേരളത്തിലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ സംസ്ഥാനത്ത് 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 14 വരെ 1039 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,296 ആണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ 1 ആണ് കേസുകൾ ഉയരാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.