തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി എസ്എഫ്ഐ. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ, ക്യാംപസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വ്യക്തമാക്കി. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ എല്ലാ നിർദ്ദേശങ്ങളും ലംഘിച്ച് ഏകപക്ഷീയമായി ആർഎസ്എസ് ഓഫിസിൽനിന്നു നൽകിയ പട്ടികയിലുള്ളവരെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതായും ആർഷോ ആരോപിച്ചു.
സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ ഗവർണർ ഏകപക്ഷീയമായി നാമനിർദേശം ചെയ്യുകയാണ്. ചാൻസലറായ ഗവർണർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചു. യോഗ്യതകളെ മറികടന്നാണ് ഈ തീരുമാനം. ഗവർണർക്ക് പാദസേവ ചെയ്യുകയാണ് കോൺഗ്രസ് നേതൃത്വം ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരും.
സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. ക്യാംപസുകളിൽ സമരം വ്യാപിപ്പിക്കും. അക്രമം ഉണ്ടാക്കുന്നു എന്നു വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം. ഗവർണർ എസ്എഫ്ഐക്കാരെ ചീത്തവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.